കേരള മന:സ്സാക്ഷിയെ ഞെട്ടിപ്പിച്ച തീയ്യേറ്ററിലെ ബാലികാ പീഡനത്തിന്റെ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചതിന് കയ്യടി കൊടുക്കേണ്ടത് ധന്യ ആബിദിനും ഷിഹാബിനും.
മാറഞ്ചേരി സ്‌കൂള്‍ കൗണ്‍സിലറും ഒഎസ്ഡ്യുസി (Organisation of Social Workers and Counselsor)
സെക്രട്ടറിയുമായ ധന്യ ആബിദിന്റെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബിന്റെയും നിര്‍ണായക ഇടപെടലിലൂടെയാണ്
ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത പുറത്തു വന്നത്.
തിയ്യേറ്റര്‍ ഉടമകളെ അനുമോദിക്കാന്‍ പോകും മുന്‍പേ സംഭവം നടന്ന് ദിവസങ്ങളോളം അവരത് പുറത്തു പറഞ്ഞിരുന്നില്ല എന്ന സത്യം കൂടി നമ്മള്‍ മനസ്സിലാക്കണം.
തിയ്യേറ്ററില്‍ ഇങ്ങനെ ഒരു സംഭവം നടന്നത് ഒരു ബന്ധു വഴി അറിഞ്ഞ സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് സംസ്ഥാന സെക്രട്ടറി ധന്യ ആബിദ്, പൊന്നാനി ചൈല്‍ഡ് ലൈന്‍ ഓഫീസിന്റെ സഹായം തേടി.
ഏപ്രില്‍ 21 ാം തിയ്യതി ശനിയാഴ്ചയാണ് എടപ്പാളിലെ ശാരദാ തീയ്യേറ്ററില്‍ പോയാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടതെന്ന് സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് സംഘടനയുടെ സെക്രട്ടറി ധന്യ ആബിദ് ബന്ധു ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞു. ഏപ്രില്‍ 18ന് ആണ് പത്തു വയസ്സുകാരി തിയ്യേറ്ററില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്നത്.
ധന്യ ചൈല്‍ഡ് ലൈന്‍ പൊന്നാനി സബ് ഓഫീസ് കോര്‍ഡിനേറ്റര്‍ ഷിഹാബിനെ കൂട്ടി ഉച്ചയ്ക്ക് മൂന്നുമണിയോടെ തീയ്യേറ്ററില്‍ പോയി ദൃശ്യങ്ങള്‍ കാണുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കണ്ട് തരിച്ചു പോയ ഇവര്‍ ഇത് കയ്യോടെ പെന്‍ഡ്രൈവില്‍ വാങ്ങുകയും ചെയ്തു. ദൃശ്യങ്ങള്‍ വിട്ടു നല്‍കാന്‍ തിയ്യേറ്റര്‍ ഉടമകള്‍ ആദ്യം സമ്മതിച്ചിട്ടില്ലായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ തിയ്യേറ്റര്‍ ബിസിനസിനെ മോശമായി ബാധിക്കുമെന്ന നിലപാടിലായിരുന്നു. തുടര്‍ന്ന് തിയ്യേറ്റര്‍ ഉടമകളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കി പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ധന്യയും സുഹൃത്തുക്കളും.
പോലീസില്‍ പരാതിപ്പെടും മുന്‍പേ കുട്ടി അയാളുടെ കൈയ്യില്‍ അകപ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യതകള്‍ അന്വേഷിച്ചു. കുട്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമമായിരുന്നു മൂന്നുദിവസം. പല വഴിക്ക് ശ്രമിച്ചെങ്കിലും ഇവര്‍ക്ക് കുട്ടിയെയോ അമ്മയെയോ കണ്ടെത്താന്‍ ആയില്ല. തുടര്‍ന്നാണ് ഏപ്രില്‍ 26ന് ബുധനാഴ്ച ഷിഹാബ് ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോക്‌സോ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടും ജാഗ്രതയോടു കൂടി ഇടപെടാതിരുന്നതിനാല്‍ ചങ്ങരംകുളം എസ്ഐയെ നിലവില്‍ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയിട്ടുണ്ട്.
പെണ്‍കുട്ടിയെ കണ്ടെത്തിയ ശേഷം കുട്ടിയുടെ മൊഴിയുടെ സാന്നിധ്യത്തില്‍ പോലീസില്‍ നല്‍കാനായിരുന്നു ശ്രമം. പലപ്പോഴും ഇത്തരം കേസുകളില്‍ നേരിട്ട് പോലീസില്‍ അറിയിച്ചാല്‍ കുട്ടിയുടെ മൊഴി മാറ്റുന്ന സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. അത് കൊണ്ടാണ് കുട്ടിയുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും ഒരുമിച്ച് പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്.
പ്രതിയുടെ കാര്‍ നമ്പര്‍ വച്ച് പ്രതിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ കണ്ടെത്തിയിരുന്നു. അതില്‍ നിന്നും പ്രതി സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ള ആളാണെന്ന് മനസ്സിലായി. എല്ലാ കേസുകളെപോലെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസ് ഇല്ലാതാക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടു, ഒരു പെണ്‍കുട്ടിയുടെ ഭാവി കൂടി ഇല്ലാതാക്കരുതെന്ന ചിന്തയില്‍ കുട്ടിയെ കണ്ടെത്താന്‍ തന്നെ പ്രഥമ പരിഗണന നല്‍കി.
വിഷയം അറിഞ്ഞ ഉടന്‍ തന്റെ പഞ്ചായത്തിന്റെയോ സ്‌കൂളിന്റെയോ പരിധിയില്‍ പെടാതിരുന്നിട്ടും മാറഞ്ചേരി ഹൈസ്‌കൂളിലെ കൗണ്‍സിലറായ ധന്യ ആബിദ് തന്റെ വിഷയത്തില്‍ ഗൗരവമായി ഇടപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ കൗണ്‍സിലര്‍ ദീപ്തിയുടെ ശ്രദ്ധയില്‍ സംഭവം അറിയിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ കണ്ടുപിടിക്കാനുളള ശ്രമം ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്ററുടെ സഹായത്തോടെ ഇരുവരും കൂടിയാണ് നടത്തിയത്.
രണ്ടാഴ്ചയോളം പോലീസ് സംഭവം ഗൗരവമാക്കിയില്ല. പ്രതിയുടെ സ്വാധീനത്തില്‍പ്പെട്ട് അന്വേഷണം മന്ദഗതിയിലാക്കി. പോലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്ന് തിരിച്ചറിഞ്ഞതോടെ, മാധ്യമങ്ങളുടെ സഹായം തേടുകയായിരുന്നെന്നും ധന്യ ബിഗ് ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച സംഭവം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പ്രതിയെ അടിയന്തിരമായി പിടികൂടുകയായിരുന്നു.
തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ ശനിയാഴ്ച വൈകിട്ടോടെയാണ് പോലീസ് പിടികൂടുകയും പോക്സോ ചുമത്തി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു പോക്സോ പ്രകാരം കേസെടുത്തുകയും ചെയ്തു. പീഡിപ്പിക്കപ്പെടുമ്പോള്‍ കുട്ടിയുടെ അമ്മ കൂടി ഒപ്പം ഉണ്ടായിരുന്നു എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാതെ ഞെട്ടലില്‍ ആണ് കേരളീയ സമൂഹം.
എന്നാല്‍, പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും തമ്മിലുള്ള സഭ്യമല്ലാത്ത രീതിയിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. തങ്ങളുടെ കേളികള്‍ കാണാതിരിക്കാനുള്ള ഉദ്ദേശത്തിലാണ് കുട്ടിയെ അമ്മ അയാള്‍ക്കടുത്ത് ഇരുത്തിയത്, കുട്ടിയെ അയാള്‍ ഉപയോഗിക്കുന്നത് അമ്മ അറിയുന്നില്ലെന്നും ധന്യ പറയുന്നു.
ഒരു പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാനായതിന്റെ സംതൃപ്തിയുണ്ടെന്ന് ധന്യ പറഞ്ഞു. കൗന്‍സിലര്‍മാരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വര്‍ഷങ്ങളായി ഇത്തരം വിഷയങ്ങളില്‍ ഇടപെടാറുണ്ടെങ്കിലും പോലീസിന്റെ ഭാഗത്തു നിന്ന് പലപ്പോഴും നിസ്സഹകരണം അനുഭവപ്പെടാറുണ്ട് എന്നും ധന്യ കൂട്ടിച്ചേര്‍ത്തു.