മനോരമ ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് അബദ്ധങ്ങളും മണ്ടത്തരങ്ങളും പറഞ്ഞ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. ഹിന്ദി പഠിച്ച് വേണം ചര്‍ച്ചയ്ക്കെത്താന്‍ എന്ന ശോഭയുടെ പ്രസ്താവനയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷാനി പ്രഭാകരന്‍ നയിച്ച കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലെ ശോഭാ സുരേന്ദ്രന്റെ വാദങ്ങളാണ് ട്രോളുകളായി പിറവി എടുത്തിരിക്കുന്നത്.
കര്‍ണാടകയിലെ ബിദാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭഗത് സിംഗിനെക്കുറിച്ച് പരാമര്‍ശിച്ചതാണ് ഇന്നലെ കൗണ്ടര്‍ പോയിന്റില്‍ ചര്‍ച്ച ചെയ്തത്. വിചിത്രവാദവുമായാണ് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്. വസ്തുതകള്‍ നിരത്തി തര്‍ക്കിച്ച അവതാരകയെ ഭീഷണിപ്പെടുത്തുന്നതുവരെയെത്തിയിരുന്നു.
ലാഹോര്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ ഭഗത് സിംഗിനെ കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നാണ് മോദി റാലിയില്‍ സംസാരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ കഴിയുന്ന അഴിമതിക്കാരെ മാത്രമെ സന്ദര്‍ശിക്കാറുള്ളുവെന്ന് ലാലുപ്രസാദ് യാദവിനെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഭഗത് സിംഗിനെ സവര്‍ക്കര്‍ ജയിലിലെത്തി സന്ദര്‍ശിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഈ വിഷയമാണ് ഷാനി പ്രഭാകരന്‍ അവതാരകയായെത്തിയ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയ്ക്കെടുത്തത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, സിപിഐ നേതാവ് ആനി രാജ, കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ വാക്കുകളെ അനുകൂലിച്ച്, ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഭഗത് സിംഗിനെ സന്ദര്‍ശിച്ചി്ട്ടുണ്ടോയെന്നു വെല്ലുവിളിച്ച ശോഭ സുരേന്ദ്രന്, വെങ്കിടേഷ് രാമകൃഷ്ണന്‍ മറുപടി കൊടുത്തു.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഭഗത് സിംഗിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഷാനി പ്രഭാകര്‍, ശോഭയെ അറിയിച്ചതിന് പിന്നാലെ ആത്മകഥ പോലും വിശ്വസിക്കാനാവില്ലെന്ന തരത്തിലുള്ള പ്രസ്താവനയുമായി ശോഭ എത്തി. എന്നാല്‍ ലാഹോര്‍ ജയില്‍ ആര്‍ക്കൈവ്സിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം ശോഭയ്ക്ക് മനസ്സിലാക്കാവുന്നതേയുള്ളുവെന്ന് വെങ്കിടേഷ് വ്യക്തമാക്കി.
തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗഭാഗം ശോഭ സുരേന്ദ്രനെ ഷാനി പ്രഭാകരന്‍
കാണിച്ചു. ഹിന്ദിയിലുള്ള മോദിയുടെ വാക്കുകള്‍ കേട്ട ശോഭ പൊടുന്നനെ നേരത്തെ പറഞ്ഞ നിലപാട് മാറ്റി. ശഹീദായ ഭഗത് സിംഗ് എന്നാല്‍ രക്തസാക്ഷിയായ ഭഗത് സിംഗിനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നാണ് മോദി റാലിയില്‍ ചോദിച്ചതെന്നായി ശോഭയുടെ വാദം. ഹിന്ദി അറിയാവുന്ന ശോഭ പ്രസംഗം കേട്ടിട്ടില്ലെങ്കില്‍ ദയവ് ചെയ്ത് അപകടകരമായി വ്യാഖ്യാനിച്ച് ചര്‍ച്ചയുടെ മെറിറ്റ് കളയരുതെന്ന് ഷാനി പറഞ്ഞു. തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ അവതാരകയ്ക്ക് നേരെ ഭീഷണിയുമായി മുന്നോട്ട് പോകുകയായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി കളവ് പറയുന്നുവെന്നാരോപിച്ചല്ലെ ഈ ചര്‍ച്ച. ഷാനിയുടെ എല്ലാ ചര്‍ച്ചകളും ഞങ്ങള്‍ നോക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരു വാക്കെടുത്തല്ലേ ചര്‍ച്ച നടത്തുന്നത്. മോദിയുടെ പ്രസംഗത്തിന്റെ മുഴുവനും ഈ നാട്ടിലെ ജനങ്ങളെ കാണിക്കാനായി ബിജെപി തയ്യാറാകും.