സ്നേഹത്തിൽ പൊതിഞ്ഞ ഉച്ചഭക്ഷണവും കുടിവെള്ളവും, മാതൃകയായി അബ്ദുൾ ഖാദർ.. തൃശൂരിൽ വിശക്കുന്നവർക്ക്, കൈയിൽ പണം ഇല്ലങ്കിൽ ഭക്ഷണത്തിനായി ഒരു അത്താണി അതാണ് കൊടുങ്ങല്ലൂര്‍ ഞാവേലിപറമ്പിൽ അബ്ദുൾ ഖാദർ. കൊടുങ്ങല്ലൂര്‍ റൂട്ടിൽ ഞാവേലിപറമ്പിൽ എന്ന വീടിന്റെ മതിൽ പൊളിച്ച് വലിയൊരു അലമാര പണിതിരിയ്ക്കുന്നു.
അതിൽ ഉച്ച ഭക്ഷണ പൊതികളാണ്. വിശക്കുന്നവർക്ക് ഇവിടെ വന്ന് ഭക്ഷണം എടുക്കാം.ഭക്ഷണ പൊതി കാലിയാകുന്നതിന് അനുസരിച്ച് അലമാരയിൽ പൊതികൾ വീണ്ടും നിറയും. വിശക്കുന്നവര്ക്കായിട്ടാണ് അബ്ദുൾ ഖാദറിന്റെ ഈ ചെറിയ സംരംഭം. കൊവിഡിന് മുമ്പ് ദിവസേന അൻപതു പേര് വരെയൊക്കെ ഇവിടെ നിന്ന് ഇങ്ങനെ ഭക്ഷണം കഴിച്ചിരുന്നു.
38 വര്‍ഷത്തോളം ഒമാനിൽ ഓട്ടോമൊബൈൽ ബിസിനസ് ചെയ്തിരുന്ന അബ്ദുൾ ഖാദര്‍ നാട്ടിലെത്തിയത് ഏതാനും വര്‍ഷം മുമ്പാണ്. വിശപ്പിൻെറ വില നല്ലത് പോലെ അറിഞ്ഞിട്ടുള്ളതുകൊണ്ടാണ് വിശക്കുന്നവരെ അന്നമൂട്ടാൻ അദ്ദേഹത്തിന് പ്രചോദനമായത്. സംരംഭത്തിന് പൂര്‍ണ പിന്തുണയുമായി ഭാര്യ സുനിത കൂടെയുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതും സുനിത തന്നെ. ഒരാൾക്ക് ഒരു പൊതിയാണ് തീര്‍ത്തും സൗജന്യമായി നൽകുന്നത്.
വൈകിട്ടും ആവശ്യമെങ്കിൽ കഴിയ്ക്കാൻ കഴിയുന്ന രീതിയിലാണ് ഇത്. ചോറും കറിയും അച്ചാറും ഒക്കെ അടങ്ങുന്നതാണ് ഓരോ പൊതിയും. കൊവിഡ് ആയതിനാൽ കുറച്ചു നാളായി സേവനം നിര്‍ത്തി വെച്ചിരിയ്ക്കുകയായിരുന്നു. ഈ ഫൂഡ് ബാങ്കിന് എല്ലാ പിന്തുണയുമായി കുടുംബാംഗങ്ങളും അദ്ദേഹത്തിന് ഒപ്പമുണ്ട്. ആരും അറിയാതെ ചെയ്തതാണെങ്കിലും ഇതോടകം ഈ മാതൃക പ്രശസ്തമായി കഴിഞ്ഞു…
കടപ്പാട്