മലയാള സിനിമയുടെ നാഴിക കല്ലുകളിൽ ഒന്നായി മാറിയ ചിത്രമാണ് ദൃശ്യം. 2013 വർഷത്തിലായിരുന്നു ദൃശ്യം പുറത്തിറങ്ങിയത്. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരുന്നു ചിത്രം നിർമ്മിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു ജോർജുകുട്ടി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാള സിനിമയുടെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ഇത്.
അഞ്ചു ഭാഷകളിലേക്ക് ചിത്രം പിന്നീട് റീമേക്ക് ചെയ്യപ്പെട്ടു. തെന്നിന്ത്യയിലെ മൂന്നു ഭാഷകളിലേക്കും ഹിന്ദിയിലേക്കും ഇന്ത്യക്ക് പുറത്ത് സിംഹള, ചൈനീസ് എന്നീ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ആദ്യമായി ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ദൃശ്യത്തിന് ഉണ്ട്. കഴിഞ്ഞവാരം ആയിരുന്നു ചിത്രത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ഫെബ്രുവരി 19ന് ആയിരുന്നു ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ചെയ്തത്.
റിലീസ് ചെയ്ത നിമിഷം മുതൽ ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.പാൻ ഇന്ത്യൻ ലെവലിൽ ഇത്രയും ശ്രദ്ധിക്കപ്പെട്ട മറ്റൊരു മലയാള ചിത്രം ഇല്ല എന്ന് തന്നെ പറയാം. ഇപ്പോളിതാ മണാലിയിലും എത്തിയിരിക്കുകയാണ് ദൃശ്യം 2 മഹിമ. മണാലിയിലെ മഞ്ഞിൽ നിന്നും ദൃശ്യം 2 വിജയം ആഘോഷിക്കുകയാണ് കുറച്ച് മോഹൻലാൽ ആരാധകർ. സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ച ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
ദൃശ്യം 2 പോസ്റ്റർ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സിനിമയുടെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ആശിർവാദ് പ്രൊഡക്ഷൻസ് അറിയിച്ചു കഴിഞ്ഞു. എന്നാൽ അത് എപ്പോൾ ആയിരിക്കും എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ദൃശ്യം മൂന്ന് തിരക്കഥ ഇപ്പോൾ മനസ്സിലില്ല എങ്കിലും സിനിമയുടെ ക്ലൈമാക്സ് താൻ ഇപ്പോഴേ റെഡി ആക്കി വെച്ചിട്ടുണ്ട് എന്നാണ് ജിത്തു ജോസഫ് അവകാശപ്പെടുന്നത്. ദൃശ്യം മൂന്നാംഭാഗം ക്ലൈമാക്സ് മോഹൻലാലിനോട് പറഞ്ഞു എന്നും അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു എന്നുമായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തിൽ ജിത്തുജോസഫ് വെളിപ്പെടുത്തിയത്.