Breaking News
Home / Uncategorized / സൂക്ഷിക്കുക; നിങ്ങളുടെ വീട്ടിലുമെത്താം ഈ ‘ആയുര്‍വേദ ഡോക്ടര്‍’ പോലീസ് പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ !!

സൂക്ഷിക്കുക; നിങ്ങളുടെ വീട്ടിലുമെത്താം ഈ ‘ആയുര്‍വേദ ഡോക്ടര്‍’ പോലീസ് പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ !!

തൃശൂര്‍: നാട്ടിലെ അറിയപ്പെടുന്ന കെട്ടിട നിര്‍മാണ തൊഴിലാളി; മൂന്ന് വര്‍ഷത്തോളമായി തൊഴിലിനൊന്നും പോകുന്നുമില്ല. ആളാകട്ടെ ധൂര്‍ത്തടിച്ചും ആഡംഭരമായും ജീവിക്കുന്നുമുണ്ട്. നാട് തൃശൂരിനടുത്ത് ചെന്ത്രാപ്പിന്നിയിലെ ചാമക്കാല. നാട്ടിന്‍പുറത്തല്ല, നഗരത്തിലായാലും ആര്‍ക്കും ചില്ലറ സംശയങ്ങളൊക്കെയുണ്ടാവും. നാട്ടുകാരിലെ ചില സംശയമാണ് ചാമക്കാലയിലെ അല്ലപ്പുഴ വീട്ടില്‍ ഷണ്‍മുഖന്‍ മകന്‍ ഷൈന്‍ എന്ന മുപ്പത്തിനാലുകാരനിലേക്ക് പോലീസിന്റെ നോട്ടമെത്തിയത്.

ആ കുരുക്ക് ഒന്നൊന്നര കുരുക്കായി. ആള് കേമന്‍ തന്നെ. പോകുന്നിടത്തെല്ലാം മികച്ച ‘ആയൂര്‍വേദ ഡോക്ടറാണ്’. മുന്‍കൂട്ടി ബുക്കുചെയ്യണമെന്നില്ല രോഗികളെ വീട്ടിലെത്തി കാണും. രോഗങ്ങള്‍ കൂട്ടിനുള്ള വൃദ്ധകളെയാണ് ‘ഡോ.ഷൈന്‍’ തേടിയലയുന്നത്. പരിശോധനയും പരിചരണവും കഴിഞ്ഞ് സൗജന്യ മരുന്നുകൂടി വാങ്ങി ഡോക്ടറെ യാത്രയാക്കി കഴിഞ്ഞാലാണറിയുക, കഴുത്തിലും കൈയ്യിലുമൊക്കെ കിടന്നിരുന്ന സ്വര്‍ണാഭരണങ്ങളും പോയ്ക്കഴിഞ്ഞെന്ന്. അതിവിദഗ്ധനായ ഈ ഡോക്ടറിപ്പോള്‍ ഇരുമ്പഴിക്കുള്ളിലാണ്. ഇത്തരം ‘ഡോക്ടര്‍മാര്‍’ ഇനിയും കാണും വീടുകളിലെ വയസായ സ്ത്രീകളാണ് ഇരകള്‍.

വരവ് ആരോഗ്യ വകുപ്പില്‍ നിന്നെന്ന് പറഞ്ഞും

വയസ്സായ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണ്ണം കവരുന്ന കേസില്‍ അറസ്റ്റിലായ തട്ടിപ്പുവീരന്‍ വീടുകളിലെത്തുന്നത് ആരോഗ്യ വകുപ്പില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ്. ആയുര്‍വേദ ഡോക്ടറാണെന്നും സര്‍ക്കാരിന്റെ സൗജന്യ പരിശോധനയുണ്ടെന്നും പറഞ്ഞ് വയസായവരുടെ സുഖവിവരങ്ങള്‍ ആരാഞ്ഞ് വിശ്വസം നേടിയെടുക്കും. പിന്നീടാണ് പരിശോധനയ്ക്കാണെന്ന വ്യാജേന ദേഹപരിശോധന നടത്തി സ്ത്രീകള്‍ ധരിച്ചിരിക്കുന്ന സ്വര്‍ണ്ണമാലകള്‍ കവരുന്നത്. സാഹചര്യങ്ങള്‍ക്കനുസൃതമായ മോഷണ രീതികളാണ് ഷൈന്‍ നടത്തിയിരുന്നത്.

തട്ടിപ്പിനിരയായ ചെറുവത്തേരി സ്വദേശിനി അറുപത്തഞ്ചുകാരിയായ രാധ പറയുന്നതിങ്ങിനെ:

മാര്‍ച്ച് 19ന് ഉച്ചക്ക് ശേഷം വീട്ടിലേക്ക് ഒരു യുവാവ് സ്‌കൂട്ടറില്‍ എത്തി. ആരോഗ്യ വകുപ്പില്‍നിന്നുള്ള ആളാണെന്ന് പരിചയപ്പെടുത്തി. വയസ്സായ സ്ത്രീകള്‍ക്ക് സൗജന്യമായി മരുന്നുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അതിനുമുമ്പ് രോഗപരിശോധ നടത്തണമെന്ന് പറഞ്ഞു. പരിശോധന നടത്തുന്നതിനിടെ കഴുത്തിലെ സ്വര്‍ണ്ണമാല ഊരിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. പരിശോധന കഴിഞ്ഞ് മരുന്നുകള്‍ സ്‌കൂട്ടറില്‍നിന്ന് എടുത്തുവരാമെന്നും പറഞ്ഞ് യുവാവ് വീടിന് പുറത്തേക്ക് പോയി.

പുറത്ത് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ വണ്ടിയില്‍ കയറി പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഉടനെ ഊരിവെച്ച സ്വര്‍ണ്ണമാല അന്വേഷിച്ചപ്പോണാഴാണ് തട്ടിപ്പ് മനസിലായത്. ഉടനെ ബഹളം കൂട്ടി അയല്‍ക്കാരോട് കാര്യം പറഞ്ഞു. പിന്നെ പോലീസിനെയും വിവരം അറിയിച്ചു. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറേറ്റിന് കീഴിലെ ഷാഡോ ടീമാണ് ഇയാളെ പിന്നീട് പിടികൂടിയത്. സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ് ഷൈന്‍.

ധനസഹായം, ചികില്‍സ, സൗജന്യമരുന്ന്;
അടവ് പതിനെട്ടും പയറ്റി തട്ടിപ്പ്

അറസ്റ്റിലായ മോഷ്ടാവിനെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് തട്ടിപ്പുകള്‍ക്ക് പല രീതികള്‍ പയറ്റിയെന്ന് മനസിലാകുന്നത്. ‘ഡോ.ഷൈന്‍’ – ന്റെ തട്ടിപ്പുകളെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

വയസായ സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെത്തി സാഹചര്യം പോലെ ആരോഗ്യ വകുപ്പില്‍നിന്ന് ചികില്‍സ ധനസഹായമായി 30,000 രൂപ പാസായെന്ന് പറയും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ പരിശോധിക്കാനായി ആവശ്യപ്പെടും. അതിനുമുമ്പ് അസുഖത്തിന്റെ വിവരങ്ങള്‍ എഴുതിയെടുക്കും. ഇതിനായി ദേഹപരിശോധനയും നടത്തും. കഴുത്തിലെ എല്ലു തേയ്മാനം പരിശോധന നടത്തുന്നതിനായി ഇട്ടിരിക്കുന്ന മാല ഊരിവെപ്പിക്കും. മാല ഊരിവെച്ചതിനുശേഷം പരിശോധന തുടരും.

കണ്ണടച്ച് തിരിഞ്ഞ് കിടക്കാന്‍ പറഞ്ഞതിനുശേഷം സ്ത്രീകള്‍ അറിയാതെ സ്വര്‍ണ്ണമാല തന്റെ വസ്ത്രങ്ങളിലേക്കോ ബാഗിലേക്കോ മാറ്റും. പരിശോധനയ്ക്ക് വിധേയയായി കിടക്കുന്ന ആളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ചിലപ്പോ മാലയുമായി പെട്ടെന്ന് അവിടെനിന്ന് കടന്നുകളയുകയും.

സൗജന്യ ചികില്‍സക്കായി പഞ്ചായത്ത് അയച്ചു തന്ന ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉള്‍പ്പെട്ടിടുണ്ടെന്ന് പറഞ്ഞാണ് ചിലയിടത്ത് കയറുക. വയസായവരോട് രോഗവിവരങ്ങള്‍ ചോദിക്കുകയും കൈയ്യില്‍ കരുതിയിരിക്കുന്ന ഡയറിയില്‍ രോഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. ആരോഗ്യവകുപ്പില്‍ നിന്നുള്ള സൗജന്യ മരുന്ന് വിതരണത്തിനെത്തിയതാണെന്നാവും ചിലയിടത്ത് പറയുകയെന്ന് പോലീസ് പറഞ്ഞു.

‘ഡോക്ടറുടെ’ തട്ടിപ്പിനിരയായത് മുപ്പതോളം വൃദ്ധകള്‍

തൃശൂര്‍ ജില്ലയിലെ തന്നെ മുപ്പതോളം വസയായ സ്ത്രീകളെയാണ് അറസ്റ്റിലായ ഷൈന്‍ തട്ടിപ്പിനിരയാക്കിയത്. ഇവരില്‍ നിന്നെല്ലാമായി ഏകദേശം 60 പവനോളം സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. രണ്ടര വര്‍ഷത്തെ കാലയളവിനുള്ളിലാണ് ഇത്രയും തട്ടിപ്പ് നടത്തിയത്. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം വിവിധ സ്റ്റേഷനുകളിലെ പരാതികള്‍ കൂടി പരിശോധിച്ച് നടത്തിയ അന്വേഷണങ്ങളില്‍ ഇരകളുടെ വിവരം കിട്ടിതുടങ്ങി.

2017 ഏപ്രില്‍ മാസത്തില്‍ തൃശൂര്‍ അത്താണി സില്‍ക്ക് നഗറിലെ ബന്ധുവീട്ടിലെത്തിയ അന്തിക്കാട് കാരമുക്ക് സ്വദേശിനി വേലത്ത് വീട്ടില്‍ പത്മിനിയെ (61) കബളിപ്പിച്ച് മൂന്ന് പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷണം നടത്തിയത് ഇയാളാണ്. 2018 ജനുവരി തൃശൂര്‍ മണലിത്തറയിലുള്ള കാര്യാട് സ്വദേശിനി ചക്കരത്തു വീട്ടില്‍ തങ്ക (72)യുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു.

2017 ഫെബ്രുവരി വെള്ളാനിക്കര തെക്കേപുറത്ത് വീട്ടില്‍ ദാക്ഷായണിയുടെ (76) ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ചു. 2017 ഫെബ്രുവരി കടങ്ങോട് കിഴക്കുമുറി ആറാട്ടിവീട്ടില്‍ ആമിനയുടെ (69) രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷണം നടത്തി. 2017 ഫെബ്രുവരി ഒല്ലൂര്‍ വലക്കാവ് കാരാട്ടുവളപ്പില്‍ സരോജിനിയെ (76) തട്ടിപ്പിനിരയാക്കി മൂന്ന് പവന്‍ കവര്‍ന്നു.

2017 ജനുവരി കിരാലൂരിലുള്ള കുറ്റിക്കാട്ടുവീട്ടില്‍ അമ്മിണി (72) കബളിപ്പിച്ച് രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷണം നടത്തി. 2017 ജനുവരി കുന്നംകുളം പെങ്ങാമുക്കിലുള്ള കണ്ടിരുത്തി വീട്ടില്‍ ജാനകിയെ (65) എന്ന സ്ത്രീയെ കബളിപ്പിച്ച് രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു. 2017 സെപ്റ്റംബറില്‍ നെല്ലുവായിലുള്ള തെക്കേകളിക്കാട്ടുവീട്ടില്‍ സരോജിനിയുടെ (65) മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ചു.

2016 സെപ്റ്റംബറില്‍ കൂര്‍ക്കഞ്ചേരി വടൂക്കരയിലുള്ള ചിന്നവീട്ടില്‍ ജമീല ബീവിയെ (82) കബളിപ്പിച്ച് രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു. 2016 സെപ്റ്റംബറില്‍ കാറളം ചെമ്മണ്ടയിലെ ഒരു വീട്ടില്‍ വയസ്സായ സ്ത്രീയെ തട്ടിപ്പുനടത്തി രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷണം നടത്തിയതായും 2016 മാര്‍ച്ചില്‍ അന്തിക്കാട് വന്നേരിമുക്കിലെ വയസ്സായ സ്ത്രീയുടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷണം നടത്തിയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.

2016 ഏപ്രില്‍ മാസത്തില്‍ കാഞ്ഞാണി കനാല്‍ പാലത്തിനടുത്തുള്ള വീട്ടില്‍ വയസ്സായ സ്ത്രീയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷണം നടത്തിയിട്ടുണ്ട്. 2016 ജൂലായയില്‍ വെങ്കിടങ്ങ് കണ്ണോത്തിലുള്ള വീട്ടില്‍ ലൂസി ഡേവിസ് എന്ന വയസ്സായ സ്ത്രീയെ കബളിപ്പിച്ച് രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷണം നടത്തിയതായും ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പിടിക്കപെടാതിരിക്കാനും അടവുകള്‍ നിരവധി

പോലീസിന് പിടികൊടുക്കാതെ രണ്ടരവര്‍ഷമായി തട്ടിപ്പ് തുടരുന്ന ഷൈന്‍ കഴിഞ്ഞുപോന്നതും സൂത്രങ്ങളിലൂടെ. ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറിയ കൈവഴികളിലൂടെ പോയാണ് ഇയാള്‍ ഇരകളെ കണ്ടെത്തുന്നത്. മറ്റുള്ളവരുടെ ശ്രദ്ധപതിക്കാത്ത സ്ഥലങ്ങള്‍ കണ്ടെത്താനുള്ള കഴിവ് പ്രകടമാക്കിയാണ് തട്ടിപ്പേറെയും. വീടുകളിലും പരിസരങ്ങളിലും റോഡുകളിലും ആളുകള്‍ കുറവായ ഉച്ച സമയമാണ് തട്ടിപ്പിന് തെരഞ്ഞെടുക്കുന്നത്. ഈ സമയം പോലീസ് പട്രോളിങും കുറവാകും.

ഏതെങ്കിലും കാരണത്താല്‍ ആളുകളും പോലീസും അറിഞ്ഞ് തിരയുമ്പോഴേക്കും സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാനുള്ള കുറക്കുവഴികളെല്ലാം കണ്ടെത്തിയാണ് മോഷണശ്രമങ്ങളെല്ലാം നടത്തുന്നത്. മോഷ്ടാവിനെപ്പറ്റിയുള്ള ശരിയായ അടയാളവിവരങ്ങള്‍ പോലീസിനോ, ആളുകള്‍ക്കോ പറഞ്ഞുകൊടുക്കുവാന്‍

കബളിപ്പിക്കലിന്റെ ഇരകള്‍ വയസായ സ്ത്രീകള്‍ക്കാവില്ലെന്ന വിശ്വാസമാണ് ഇയാളുടെ മറ്റൊരു കണ്ടെത്തല്‍. പിടിക്കപ്പെടാതിരിക്കാനും ഇത് സഹായമായിട്ടുണ്ട്. പല സ്റ്റേഷനുകളിലും പരാതിക്കാരിയായ സ്ത്രീകള്‍ പറഞ്ഞുതരുന്ന അടയാള വിവരങ്ങള്‍വച്ച് മോഷ്ടാവിന്റെ രേഖാചിത്രങ്ങള്‍ വരച്ചിരുന്നുവെങ്കിലും പ്രതിയെ പിടികൂടുവാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസും സമ്മതിക്കുന്നു.

നാട്ടില്‍ പറഞ്ഞിരുന്നത് റിയല്‍ എസ്റ്റേറ്റ് ബിസിനസെന്ന്

അറസ്റ്റിലായ ഷൈന്‍ വിദഗ്ദ്ധനായ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. എന്നാല്‍ ഏകദേശം മൂന്നുവര്‍ഷമായി ഇയാള്‍ യാതൊരു ജോലിക്കും പോയിരുന്നില്ല. യാതൊരു ജോലിക്കും പോകാതെ ധൂര്‍ത്തടിച്ചിട്ടുള്ള ജീവിത ശൈലിയും ആഢംബര ജീവിതവുമാണ് ഇയാള്‍ നയിച്ചിരുന്നത്. ജോലിക്കൊന്നും പോകാതിരുന്ന ഇയാളില്‍ സംശയം തോന്നി ചോദിച്ചവരോടെല്ലാം റിയല്‍ എസ്റ്റേറ്റിന്റെ ബിസ്നസ്സ് എന്നാണ് പറഞ്ഞത്.

എന്നാല്‍ ഇതുവരെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളൊന്നും ഇയാള്‍ ചെയ്തിട്ടില്ല എന്ന് നാട്ടുകാരുടെ അന്വേഷണത്തില്‍ വ്യക്തവുമായി. എന്നാല്‍, ഇയാള്‍ മോഷണം നടത്തി കിട്ടിയിരുന്ന സ്വര്‍ണ്ണം വിറ്റുകിട്ടുന്ന പണംകൊണ്ട് ബിനാമി ആളുകളെ ഉപയോഗിച്ച് അമിത പലിശക്ക് പണം കൊടുത്തിരുന്നതായും സംശയിക്കുന്നുണ്ട്.

ധൂര്‍ത്തടിച്ചും ആഢംബരമായിട്ടും ജീവിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ ആഴ്ചകളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഷൈന്‍ ഷാഡോ പോലീസിന്റെ വലയിലാകുന്നത്. ഇതുവരെ ഒരു ക്രിമിനല്‍ കേസിലും പ്രതിയാകാത്ത ഇയാള്‍ ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്.

മോഷ്ടിച്ചെടുത്ത സ്വര്‍ണ്ണാഭരണങ്ങളില്‍ ഇരുപത് പവനോളം ഇയാള്‍ വിറ്റഴിച്ച സ്ഥലങ്ങളില്‍നിന്ന് പോലീസ് കണ്ടെടുത്തു. റിമാന്റിലുള്ള ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ഇത്തരത്തിലുള്ള കൂടുതല്‍ കേസുകള്‍ക്ക് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇയാള്‍ മോഷ്ടിച്ച് വിറ്റഴിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുക്കാനും പോലീസ് കസ്റ്റഡി വേണമെന്നാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍ പറയുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.