തിരുവനന്തപുരം: പ്രസവം നടക്കേണ്ട ദിവസം എസ്എടി ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്ന് കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ വൈദ്യ പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തിരിച്ചറിഞ്ഞു. മൂന്നു ദിവസമായി യുവതിയെ തിരഞ്ഞ് നെട്ടോട്ടമോടിയ പൊലീസിനെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നതാണ് ഈ കണ്ടെത്തല്‍.
ഭര്‍ത്താവിനൊപ്പം എസ്എടി ആശുപത്രിയില്‍ എത്തിയ മടവൂര്‍ സ്വദേശിനിയായ യുവതിയെ ചൊവ്വാഴ്ചയാണു കാണാതായത്. വ്യാഴാഴ്ച കരുനാഗപ്പള്ളിയി അവശനിലയില്‍ അലഞ്ഞുതിരിയുകയായിരുന്ന യുവതിയെ കണ്ടു സംശയിച്ച ടാക്‌സി ഡ്രൈവര്‍മാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്‌ഐ ഉമര്‍ ഫറൂഖ് പറഞ്ഞു.
യുവതി ചെങ്ങന്നൂരിലെത്തിയതായി രാവിലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇന്നലെ വെല്ലൂരുണ്ടെന്നും സൂചന ലഭിച്ചിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണു യുവതിയെ കാണാതായതെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവതി ഗര്‍ഭിണിയായി അഭിനയിച്ചതെന്തിനെന്നും വീട്ടുകാരെ ഉപേക്ഷിച്ചു പോയതെന്തിനാണെന്നും ഇപ്പോഴും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.