Breaking News
Home / Uncategorized / ആക്രിയില്‍ നിന്ന് ബൈക്കുണ്ടാക്കിയ ഒരു കൊച്ചു പയ്യൻ മലയാളിക്ക് അഭിമാനമായി ഒരു പയ്യൻ

ആക്രിയില്‍ നിന്ന് ബൈക്കുണ്ടാക്കിയ ഒരു കൊച്ചു പയ്യൻ മലയാളിക്ക് അഭിമാനമായി ഒരു പയ്യൻ

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക്കിലെ ഇലക്ട്രോണിക്‌സ് ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് കെ ഡി ആദര്‍ശ്. പഠിക്കുന്നത് ഇലക്ട്രോണിക്‌സ് ആണെങ്കിലും കണ്ണുമുഴുവന്‍ ബൈക്കിലും കാറിലുമൊക്കെയാണ്.

ഒരു പതിനേഴുകാരന്‍റെ കൗതുകം എന്ന് തള്ളിക്കളയാന്‍ വരട്ടെ. എത് പാടത്തും പറമ്പിലും ചളിയിലും കയറ്റിയിറക്കാവുന്ന ഓള്‍ ടെറെയ്ന്‍ വെഹിക്കിള്‍ (എ ടി വി) സ്വന്തമായി ഉണ്ടാക്കിയെടുത്തിരിക്കുകയാണ് വിദ്യാര്‍ത്ഥി, അതും വെറും മൂവ്വായിരം രൂപ ചെലവില്‍.

ഏതുബൈക്ക് കണ്ടാലും അതോടിച്ച് ബഹുദൂരം പോകണമെന്ന ആഗ്രഹം ഈ പ്രായത്തില്‍ ഏതുവിദ്യാര്‍ഥിയിലുമുണ്ടാകും. എന്നാല്‍ ബൈക്കിനെ തന്‍റെ സൗകര്യത്തിനൊത്ത് മാറ്റിപ്പണിയാന്‍ ചിന്തിക്കുന്നവര്‍ അപൂര്‍വ്വമാണ്. ‘ഈ ഭൂമി എന്‍റെ കയ്യില്‍ കിട്ടിയാല്‍ ഞാനിതിന് എന്‍റെ രൂപത്തിനനുസരിച്ച് പരിണാമപ്പെടുത്തു’മെന്ന് പറഞ്ഞ ഒമര്‍ ഖയാമിനെപോലെ ചിന്തിക്കുകയായിരുന്നു ബിരിക്കുളത്തെ കെ ഡി ആദര്‍ശ്. പാഴ്വസ്തുക്കളില്‍നിന്ന് ഈ വിദ്യാര്‍ത്ഥി ഉണ്ടാക്കിയത് ഏതുപ്രതലത്തിലും ഓടിക്കാവുന്ന എ ടി വി ക്വാഡ് ബൈക്ക്.

രസകരമാണ് ആദര്‍ശ് ഈ എ ടി വി ഉണ്ടാക്കിയ കഥ. ‘എല്ലാദിവസവും സ്‌കൂളിലേക്ക് പോകുമ്പോള്‍ വഴിയരികില്‍ ചപ്പിലും ചവറിലും പകുതി മൂടിയ നിലയിലുള്ള ഒരു ഹീറോഹോണ്ട ബൈക്ക് കാണാറുണ്ടായിരുന്നു. ദിവസങ്ങളുടെ അന്വേഷണത്തിനിടയില്‍ ഇതിന്‍റെ ഉടമസ്ഥനെ കണ്ടെത്തി,’ ആദര്‍ശ് പറയുന്നു. ബൈക്ക് വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഈ പഴയബൈക്ക് നിനക്ക് എന്തിനാണെന്ന മറുചോദ്യം വന്നു. ഇതിന്‍റെ ഉപകരണങ്ങള്‍ കൊണ്ട് പുതിയൊരു വാഹനം ഉണ്ടാക്കാന്‍ പറ്റുമോ എന്ന് നോക്കാനാണ് എന്ന് പറഞ്ഞപ്പോള്‍ അയല്‍വാസി ആ പഴയ ബൈക്ക് സൗജന്യമായി നല്‍കി.

‘ഒരാഴ്ച ഉറക്കമില്ലാതെ പണിയെടുത്ത് ഇഗ്്നീഷന്‍ സിസ്റ്റം മാറ്റിയെടുത്തു. പിന്നീട് വയറിങും പുതുതായി രൂപകല്‍പന ചെയ്തു. പുതുതായി എന്‍ജിന്‍ രൂപകല്‍പന ചെയ്തു,’ ആദര്‍ശ് വിശദീകരിക്കുന്നു. ഉറക്കംപോലും മറന്ന് ബൈക്കുണ്ടാക്കാനുള്ള പരിശ്രമം കണ്ട് ദേഷ്യം പിടിച്ച അമ്മ ഒരു ദിവസം തന്നെ വീട്ടില്‍ നിന്ന് അടിച്ചിറക്കിയെന്ന് പറഞ്ഞ് ആദര്‍ശ് ചിരിക്കുന്നു.

ഒരു വിധത്തില്‍ ആ പഴയ ബൈക്കിന്‍റെ വാഹനത്തിന്‍റെ എന്‍ജിന് ജീവന്‍ വെപ്പിച്ചുവെങ്കിലും വാഹനം ചലിപ്പിക്കാന്‍ നാല് ടയറുകള്‍ വേണമായിരുന്നു. ഇതിനായി പല സ്ഥലങ്ങളിലും അലഞ്ഞു. ഒടുവില്‍ സ്‌കൂട്ടിയുടെ രണ്ട് ടയറുകളും രണ്ട് ഓട്ടോ ടയറുകളും സംഘടിപ്പിച്ചു. അതുപയോഗിച്ചാണ് ആദര്‍ശ് എ ടി വി ഉണ്ടാക്കിയെടുത്തത്. സ്‌കൂട്ടിയുടെ ടയറുകള്‍ മുന്‍ഭാഗത്തും ഓട്ടോയുടേത് പിറകുവശത്തുമാണ് ഘടിപ്പിച്ചത്. വാഹനത്തിന് വേണ്ടി ആകെ ചെലവഴിച്ചത് 3,000 രൂപ മാത്രമായിരുന്നു എന്ന് ആദര്‍ശ് പറയുന്നു.

ഹോണ്ടയുടെ എടിവി ബൈക്കുകളാണ് പ്രധാനമായും വിപണിയിലുള്ളത്. അത് മുച്ചക്രവാഹനമാണ്. എന്നാല്‍ നാല് ചക്രമുള്ള ആര്‍ശിന്‍റെ എടിവി സ്‌കൂട്ടി വയലിലും പുല്‍മേട്ടിലും റോഡിലും ഒരുപോലെ ഓടും. സ്‌കൂള്‍ വിദ്യാര്‍ഥിയായ 17 കാരന്‍റെ പുതിയ വാഹനം മടിക്കൈക്കാര്‍ക്ക് ഇന്നൊരു കൗതുകമാണ്.

രാത്രിയും പകലും ഒരുപോലെ ആക്രിസാധനങ്ങളുമായി വണ്ടി ഉണ്ടാക്കാന്‍ നടക്കുന്ന ആദര്‍ശിന് അല്‍പം നൊസ്സുണ്ടോ എന്ന് രഹസ്യമായും തെല്ലുറക്കെയുമൊക്കെ ചോദിച്ച അയല്‍ക്കാരോട് അച്ഛന്‍ കെ ദാമോദരന്‍ ഇന്ന് അഭിമാനത്തോടെ പറയും, അവന്‍ നല്ല മെക്കാനിക്കാകുമെന്ന്.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സ്‌കൂട്ടര്‍ യാത്ര ഏറെ ഇഷ്ടമായിരുന്നു. ചെറുവത്തൂര്‍ ഗവ. ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു ആദര്‍ശ്.

പുതിയ കണ്ടുപിടിത്തങ്ങളോടും യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളോടും ഏറെ അടുപ്പം കാണിച്ചിരുന്ന ആദര്‍ശ് പോളിടെക്നിക്കില്‍ ഇലക്ട്രോണിക്സാണ് എടുത്തിരുന്നതെങ്കിലും തന്‍റെ ഇഷ്ടവിഷയമായിരുന്ന ഓട്ടോമൊബൈല്‍ മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു. സ്വന്തമായി വരച്ചുണ്ടാക്കിയ മാതൃക അനുസരിച്ചാണ് ആദര്‍ശ് എ ടി വി നിര്‍മ്മിച്ചത്. അഞ്ചു മാസത്തെ പരിശ്രമത്തിനൊടുവിലാണ് വിജയം കണ്ടത് എന്ന് ആ വിദ്യാര്‍ത്ഥി പറയുന്നു.

കരയിലെ ഏത് പ്രതലത്തിലും ഓടിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഭിന്നശേഷിക്കാര്‍ക്കും സുഗമമായി ഇതോടിക്കാമെന്ന് ആദര്‍ശ്. കൂടുതല്‍ പ്രോത്സാഹനങ്ങളും സഹായങ്ങളും ലഭിച്ചാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഈ ചെറുപ്രായക്കാരനുണ്ട്.

ഇതുകൊണ്ടു നിര്‍ത്താനൊന്നും ആദര്‍ശിനെക്കൊണ്ടാവില്ല. കാരണം, ഓ്‌ട്ടോമൊബൈല്‍ മെക്കാനിസം മനസ്സില്‍ കയറിക്കൂടിയിട്ട് നാളേറെയായി. ഒരേ സമയം പല തരം ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടിക്കാന്‍ പറ്റുന്ന വാഹനം നിര്‍മിക്കുക എന്നതാണ് തൃക്കരിപ്പൂര്‍ ഇ.കെ. നായനാര്‍ മോഡല്‍ ഗവ.പോളിടെക്നിക് കോളജിലെ ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാര്‍ഥി കൂടിയായ ആദര്‍ശിന്‍റെ അടുത്ത ലക്ഷ്യം.

പഠന വിഷയം ഇലക്ട്രോണിക്സാണെങ്കിലും ഓട്ടോമൊബൈലിലുള്ള കമ്പമാണ് ആദര്‍ശിനെ ഇത്തരമൊരു ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ചെറുപ്പം മുതലേ മരത്തിലും ലോഹങ്ങളിലുമായി വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുക എന്നത് ആദര്‍ശിന്‍റെ ശീലമായിരുന്നു.

എയര്‍ഗണ്‍, കാര്‍ബേഡ് ഗണ്‍, ബ്ലൂടൂത്ത് കണ്‍ട്രോള്‍ഡ് ഓഡിയോ പ്ലെയര്‍ തുടങ്ങിയവും ആദര്‍ശ് നിര്‍മിച്ചിട്ടുണ്ട്. ബിരിക്കുളം എ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ യു.പി വിഭാഗം പ്രവര്‍ത്തിപരിചയ മേളയില്‍ ജില്ലാതല വിജയി കൂടിയായിരുന്നു ആദര്‍ശ് .

അച്ഛനും അമ്മയും അനുജന്‍ അനുരാഗും മുഴുവന്‍ സമയവും പ്രോത്സാഹനവുമായി ആദര്‍ശിനോടൊപ്പമുണ്ട്. ഇന്ന് നാട്ടുകാര്‍ക്കും ഈ 17 കാരനില്‍ പ്രതീക്ഷയുണ്ട്. കൃഷിയിടങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാനും മഴക്കാലത്ത് വെള്ളം കെട്ടി നിന്ന സ്ഥലങ്ങളില്‍ ഓടിക്കാന്‍ പറ്റുന്ന ഈ വാഹനം ആദര്‍ശിന്‍റെ ഒരു പരീക്ഷണം മാത്രമല്ല. ഇത് പരീക്ഷണത്തിന്‍റെ തുടക്കമാണ്.

ഭിന്നശേഷിക്കാര്‍ക്ക് റോഡിലൂടെ പോകാന്‍ പറ്റിയ വാഹനങ്ങളില്‍പെട്ടതാണ് ഇന്ന് പ്രചാരത്തിലുള്ളത്. മലമുകളിലോ വയല്‍ക്കരയിലോ താമസിക്കുന്നവര്‍ക്ക് ഇത്തരം വാഹനങ്ങള്‍ അവരുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റുന്നില്ല. അതുകൊണ്ടുതന്നെ കുന്നും മലയും കയറാന്‍ പറ്റുന്ന ഇതുപോലുള്ള വാഹനങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തന്‍റെ ഇലക്ട്രോണിക്സ് പഠനത്തിന് ശേഷം തന്‍റെ ഓട്ടോമൊബൈലില്‍ വിജ്ഞാനം തേടുമെന്ന് ആദര്‍ശ് പറഞ്ഞു.

വിനോദ് എ പി ബെറ്റർ ഇന്ത്യ മലയാളത്തിൽ എഴുതിയ ‘കുന്നിലും പാടത്തും ഓടുന്ന നാലുചക്ര വാഹനം 3,000 രൂപയ്ക്ക്: ആക്രിയില്‍ നിന്ന് ബൈക്കുണ്ടാക്കിയ 17-കാരന്‍’ ലേഖനം ഷെയർ ചെയ്യുന്നു…

About Intensive Promo

Leave a Reply

Your email address will not be published.