Breaking News
Home / Uncategorized / കസേരയെടുക്കാമെന്ന് പറഞ്ഞപ്പോള്‍ വേണ്ട മോനേ, നമുക്ക് താഴെയിരുന്ന് കഴിക്കാമെന്ന് പറഞ്ഞു; ഇന്ദ്രന്‍സിനെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ് വൈറല്‍..!!

കസേരയെടുക്കാമെന്ന് പറഞ്ഞപ്പോള്‍ വേണ്ട മോനേ, നമുക്ക് താഴെയിരുന്ന് കഴിക്കാമെന്ന് പറഞ്ഞു; ഇന്ദ്രന്‍സിനെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ് വൈറല്‍..!!

തിരുവനന്തപുരം: ആര്‍ക്ക് ഉയര്‍ച്ചയുണ്ടാകുന്നോ, അപ്പോഴൊക്കെ അവര്‍ക്കെതിരെ ഉപജാപങ്ങളും മോശം കഥകളും പ്രചരിക്കുന്ന ലോകമാണ് സിനിമ. അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞാലുടന്‍ ഇത്തരം വിഴുപ്പലക്കലുകള്‍ ഉയരുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇക്കുറി അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം കാണുന്നത്.മലയാളത്തില്‍ ഇതിനകം 250ല്‍പരം ചിത്രങ്ങളില്‍ ചെറുതുംവലുതുമായ വേഷമിട്ട, എറെ സിനിമകളിലും ആസ്വാദകരെ കുടുകുടെ ചിരിപ്പിച്ച ഇന്ദ്രന്‍സ് എന്ന കൊച്ചു നടന്‍ ഇത്തവണത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

ആളൊരുക്കം എന്ന ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുവാശാന്റെ വേഷം കയ്യടക്കത്തോടെ കൈകാര്യം ചെയ്താണ് ഇന്ദ്രന്‍സ് അവാര്‍ഡ് നേടുന്നത്.ഇക്കുറി അവാര്‍ഡ് നേടിയ മറ്റു പലര്‍ക്ക് എതിരെയും കുശുകുശുപ്പുകള്‍ ഉണ്ടാവുകയും ഫാന്‍സുകാരും മറ്റും കമന്റുകളുമായി എത്തുകയും ചെയ്തിട്ടും ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിച്ചത് സിനിമാ പ്രേക്ഷകര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം വലിയ സന്തോഷമായി. എല്ലാവരും കയ്യടികളോടെ സ്വാഗതം ചെയ്ത പ്രഖ്യാപനമായി മലയാളസിനിമയില്‍ ഇത്രയും കാലം അഭിനയരംഗത്തും വസ്ത്രാലങ്കാര രംഗത്തും നിറഞ്ഞുനിന്ന ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്റേത്.അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ വേളയില്‍ കാണാനെത്തിവരോടെല്ലാം ഒട്ടും തലക്കനമില്ലാതെ.. വാക്കുകളില്‍ അഹങ്കാരമില്ലാതെ..

സ്വീകരിച്ചു ഇന്ദ്രന്‍സ്. തന്റെ ഒറ്റയ്ക്കുള്ള പ്രയത്‌നമല്ല, മറിച്ച് അഭിലാഷ് എന്ന സംവിധായകന്റെയും മറ്റ് പ്രവര്‍ത്തകരുടേയും വലിയ സഹകരണവും ഉപദേശവും സ്വീകരിച്ചാണ് കഥാപാത്രത്തെ ഉള്‍ക്കൊണ്ടതെന്നും എളിമയോടെ പറഞ്ഞ നടന്റെ മഹത്വത്തിന് സിനിമലോകം കയ്യടിച്ചു.ഇപ്പോഴിതാ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാനിരുന്ന വേളയിലെ അനുഭവം പങ്കുവച്ച് ഒരു സംവിധായകന്‍ ആ കൊച്ചു നടന്റെ വലിയ മനസ്സ് ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നു.

ഇന്ദ്രന്‍സ് അഭിനയിച്ച ഒരു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ സെബിന്‍ മറിയംകുട്ടി ആന്റണി നല്‍കിയ ഒരു ചിത്രവും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇമ്മാനുവല്‍ സംവിധാനം ചെയ്ത കെന്നി എന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ എടുത്ത ചിത്രമാണ് കഴിഞ്ഞദിവസം സെബിന്‍ പങ്കുവച്ചത്.

37 കൊല്ലം ആയി ഇന്ദ്രന്‍സ് ഏട്ടന്‍ സിനിമയില്‍ വന്നിട്ട്… 1981ല്‍ ചൂതാട്ടം എന്ന സിനിമയില്‍ കോസ്റ്റുമറായി അവതരിച്ച അദ്ദേഹം… പിന്നീട് ഒരു കോമഡി താരം ആയി മുന്നേറി… പക്ഷെ അദ്ദേഹത്തെ മലയാള സിനിമ ശരിക്കും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷം ഏറെ ഒന്നുമായിട്ടില്ല…ഇത് 2017 ഡിസംബറില്‍ ഞങ്ങളുടെ കെന്നി എന്ന ഷോര്‍ട് ഫിലിം ലൊക്കേഷനില്‍ വച്ചു എടുത്ത ഒരു ചിത്രം ആണ്… ചേട്ടാ ഒരു മിനിറ്റ് കസേര എടുക്കാം; എന്ന് പറഞ്ഞ അസിസ്റ്റന്റ് ഡയറക്ടറോടു ”വേണ്ട മോനേ നമ്മുക്ക് എല്ലാവര്‍ക്കും കൂടെ നിലത്തു ഇരുന്നു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു.

ഞങ്ങള്‍ക്കൊപ്പം തറയില്‍ ഇരിക്കാന്‍ കാണിച്ച ആ മനസ്സ് തന്നെ ആണ് അദ്ദേഹത്തെ ഇന്ന് കേരളത്തിലെ മികച്ച നടനുള്ള സിംഹാസനത്തില്‍ പ്രതിഷ്ടിച്ചതു.(സിനിമ: ആളൊരുക്കം).(NB: നിക്കോളാസ് എന്നൊരു ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രമായാണ് ഇന്ദ്രന്‍സ് ഏട്ടന്‍ കെന്നിയില്‍ പ്രത്യക്ഷപ്പെടുന്നത്… ഈ സന്തോഷ വേളയില്‍ ഇന്ദ്രന്‍സ് ഏട്ടന് ഞങ്ങള്‍ കെന്നി ടീമിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍).

About Intensive Promo

Leave a Reply

Your email address will not be published.