ഞാന്‍ നേരിട്ട ലൈംഗികാതിക്രമം
കുറിപ്പ് ഒന്ന്..
ഇക്കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടക്കുന്നത്.
ചേട്ടന്‍ കൈയ്യിലെ പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് റെസ്റ്റിലായിരുന്നു..
അത്യാവശ്യമായി കരുനാഗപ്പള്ളിയിലെ എന്റെ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പോകേണ്ടി വന്നു, വേറൊന്നിനുമല്ല എന്റെ കുറച്ച് സാധനങ്ങള്‍ വീട്ടില്‍ നിന്നും എടുക്കാനുണ്ടായിരുന്നു.
സാധനങ്ങളൊക്കെയെടുത്ത് കൈയ്യില്‍ വലിയൊരു ലഗേജുമായി വൈകുന്നേരം നാല് മണിയോടെ കരുനാഗപ്പള്ളിയില്‍ നിന്നും ഞാന്‍ ബസില്‍ കയറി.
ട്രാഫിക് കാരണം ബസ് തമ്പാനൂരിലെത്തിയപ്പോള്‍ ഏഴുമണിയായിരുന്നു.
അവിടെ നിന്നും അടുത്ത ബസില്‍ കയറി ചേട്ടന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും സമയം എട്ടേകാലായിരുന്നു..
ആരെയെങ്കിലും വിളിക്കാമെന്ന് വെച്ചപ്പോള്‍ ഫോണാണേല്‍ സ്വച്ച് ഓഫും.
ആകെ പെട്ടുപോയ അവസ്ഥ, ആ സമയത്ത് ആ പ്രദേശത്താണേല്‍ ഒറ്റ ഓട്ടോ പോലും ഉണ്ടായിരുന്നതുമല്ല.
ഇരുണ്ട റോഡരികിലൂടെ രണ്ടും കല്പിച്ച് വീട്ടിലേക്ക് നടന്ന് തുടങ്ങി, വീടെത്തണമെങ്കില്‍ ഒരു കിലോമീറ്ററോളം നടക്കണം .
ഏകദേശം പകുതി വഴിയെത്തിയപ്പോഴേക്കും കറുത്ത ഒരു സ്കോര്‍പിയോ എന്റെ തൊട്ടടുത്ത് നിറുത്തിയതും എന്റെ മുഖത്തേക്ക് ആരോ എന്തോ സാധനം സ്പ്രേ ചെയ്തതും മാത്രമേ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ.
ബോധം വരുമ്പോള്‍ ഞാനേതോ വിജനമായ പ്രദേശത്തെ വീട്ടിലെ കസേരയില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു.
കുറച്ച് മാറി സുരേഷ് ഗോപിയെ പോലെ തടിയന്മാരായ മൂന്നുപേര്‍ എന്നെത്തന്നെ തുറിച്ച് നോക്കി ഇരിപ്പുണ്ടായിരുന്നു.
അവരിലൊരാള്‍ വന്ന് എന്റെ കെട്ടുകളഴിച്ച് സ്വതന്ത്രയാക്കി.
” ഇന്നത്തേക്കുള്ളതായി, മോളെ നീ സഹകരിച്ചാല്‍ എവിടുന്ന് നിന്നെ പൊക്കിയോ അവിടെ കൊണ്ട് വിടും, അതല്ലേല്‍ കാര്യം കഴിഞ്ഞ് കൊത്തി നുറുക്കി വല്ല കടലിലും കൊണ്ട് മീനിന് തിന്നാനിട്ട് കൊടുക്കും ”
കൂട്ടത്തിലെ ഒരു തടിയന്‍ പറഞ്ഞു.
മറ്റൊരുത്തന്‍ വന്ന് എന്റെ ചുമലില്‍ കൈവെച്ചു , ആ കൈ താഴേക്ക് വരുന്നതറിഞ്ഞ ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് അയാളുടെ മര്‍മ്മം നോക്കി ഒരു തൊഴി വെച്ചുകൊടുത്തു.
കഷ്ടകാലത്തിന് അയാളുടെ തലയടിച്ച് പൊളിക്കാന്‍ എന്റെ കൈവശം ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല, അവരുടെ കൈയ്യിലും ഹെല്‍മറ്റ് ഇല്ലായിരുന്നു.. ( ഉണ്ടെങ്കില്‍ മൂന്നെണ്ണത്തിന്റെയും തല ഞാന്‍ തല്ലി തകര്‍ത്തേനെ )
മൂവരും പകച്ച് നിന്ന നിമിഷത്തെ മുതലെടുത്ത് ഞാന്‍ പുറത്തേക്ക് കുതിച്ചു.
വാതില്‍ പുറത്ത് നിന്ന് പൂട്ടിയിട്ട് വേഗം അടുക്കള വാതിലിനരികിലെത്തി അതും പുറത്ത് നിന്നും പൂട്ടി.
അതിന് ശേഷം ഓടി വന്ന് സ്കോര്‍പിയോയില്‍ കയറി. ഭാഗ്യത്തിന് വണ്ടിയില്‍ താക്കോലുണ്ടായിരുന്നു.
നൂറ്റി നാല്പത് കിലോമീറ്റര്‍ സ്പീഡില്‍ വണ്ടി പിന്നീടങ്ങോട്ട് പറക്കുകയായിരുന്നു.
മുപ്പത് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ അഞ്ച് മിനിട്ടില്‍ വണ്ടി കൊണ്ട് വട്ടം കറക്കി നിറുത്തി.
പിന്നെ പോലീസുകാരെയും കൂട്ടി ആ വീട്ടിലെത്തി മൂവരെയും അറസ്റ്റ് ചെയ്യിപ്പിച്ചു.
തലകുനിച്ച് മുന്നിലൂടെ നടന്ന അവരെ കണ്ട് വീണ്ടും എന്റെ കലിയിരട്ടിച്ചു..
മുഖമടച്ച് ഒറ്റയടികൂടെ ഞാന്‍ അതിലൊരുത്തന് കൊടുത്തു..
” എടീ നായിന്റെ മോളെ എന്തൂട്ട് തേങ്ങയാണെടീ നീ കാണിക്കുന്നത് ”
പരിചയമുള്ള ശബ്ദത്തില്‍ ഒരു ആക്രോശം ഞാന്‍ കേട്ടു.
ആരാണെന്ന് നോക്കിയപ്പോള്‍ റൂമിലെ ലൈറ്റുമിട്ട് കട്ടിലില്‍ നിന്ന് താഴെ ഞാന്‍ തള്ളിയിട്ടതിന്റെ ദേഷ്യത്തില്‍ ചേട്ടന്‍ കലിതുള്ളി പുളിച്ച തെറിയുമായി നില്കുന്നു..
അബോധമണ്ഠലത്തിന്റെ ഈ കൊടും ക്രൂരകൃത്യത്തിനെതിരെ ബോധമണ്ഠലത്തില്‍ കേസ് കൊടുത്തു,
ബോധമണ്ഠലക്കോടതിയില്‍ ജഡ്ജിയായ ചേട്ടന്‍ അബോധമണ്ഠലത്തിനെതിരെ ശക്തമായ നടപടിയുമെടുത്തു..
ആ നടപടിയുടെ പാട് കവിളില്‍ നിന്നും മാറാന്‍ ഒരാഴ്ചയെടുത്തു.
ഇതുപോലെയൊരു അതിക്രമം ഇനിയൊരു പെണ്ണിനും സംഭവിക്കാതിരിക്കാന്‍ പരമാവധി ഇതെല്ലാവരും ഷെയര്‍ ചെയ്യുക :p :p
നബി : ആ സമയത്ത് പത്രങ്ങളൊക്കെ വേറെ വാര്‍ത്ത നേരത്തെ അച്ചടിച്ചതിനാല്‍ എന്റെ ദുരനുഭവത്തിന്റെ വാര്‍ത്ത വരാത്തതില്‍ അതിയായ കുണ്ഠിതമുണ്ട്. ഇനി പത്രങ്ങള്‍ക്കെതിരെയും കേസ് കൊടുക്കണം ..