മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. മലപ്പുറം വെട്ടിച്ചിറ സ്വദേശി ഷഫ്നനയാണ് മരിച്ചത്. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബി.പി നിലച്ചതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ രക്ഷപ്പെടുത്താനായില്ല.
ചൊവ്വാഴ്ച ജില്ല മെഡിക്കല്‍ ഓഫിസില്‍ വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അശാസ്‌ത്രീയമായ രീതിയിലെ പ്രസവമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ അധികൃതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. മരിച്ച ഷഫ്നയുടെ ബന്ധുക്കളും ഭര്‍ത്താവിന്റെ ബന്ധുക്കളും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ചികിത്സയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ആശുപത്രിയിലെ ഒരു മുറി നാച്ചുറോപ്പതി ചികിത്സക്കായി ആബിര്‍ എന്നയാള്‍ക്കും ഭാര്യക്കും കൂടി വാടകക്ക് വിട്ടുകൊടുത്തതാണെന്നുമാണ് ആശുപത്രി അധികൃതരുടെ പറയുന്നു.
എന്നാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രസവ മുറി അടച്ചുപൂട്ടുകയും ചെയ്തു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രകൃതിചികിത്സക്ക് ദീര്‍ഘനാളായി സൗകര്യം നല്‍കുന്നുണ്ട്. കുഞ്ഞിന് കുഴപ്പമില്ല.