പ്രണയത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ മലയാളികള്‍ക്കെപ്പോഴും കേരളത്തിന് പുറത്തുനിന്നുള്ള വാര്‍ത്തകളായിരുന്നു. എന്നാല്‍ നീതു കൊലക്കേസ്, കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു. 2014 ഡിസംബര്‍ 18 ന് നീതുവിന്റെ പ്രണയം തന്നെ അവളുടെ ജീവനെടുത്ത വാര്‍ത്ത കേട്ടാണ് കേരളം ഉണര്‍ന്നത്
നൊന്തുപെറ്റ പെണ്‍കുഞ്ഞ് വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു മരിച്ചതിന്റെ ആഘാതത്തില്‍ നിന്ന് പുഷ്പയും ബാബുവും കരകയറിയത് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്താന്‍ തുടങ്ങിയ ശേഷമാണ്. ലാളിച്ചു കൊതിതീരും മുന്‍പേ നഷ്ടപ്പെട്ട പെണ്‍കുഞ്ഞിന്റെ അതേ പേരിട്ട് സ്വന്തം കുഞ്ഞിനെ പോലെ അവര്‍ വളര്‍ത്തി.
മാങ്ങ പറിക്കാന്‍ ശ്രമിക്കുമ്പോഴാണു മതില് ഇടിഞ്ഞു വീണ് ഇവരുടെ നാലുവയസുകാരിയായ എലിസബത്ത് എന്ന നീതു മരിച്ചത്. ആ ദുഃഖത്തില്‍ നിന്ന് അവരെ കരകയറ്റിയ ദത്തുപുത്രി കൊല്ലപ്പെട്ടതോടെ പുഷ്പയും ഭര്‍ത്താവ് ബാബുവും തീര്‍ത്തും തകര്‍ന്നുപോയി.
നീതു ദത്തുപുത്രിയാണെന്നു സമീപവാസികള്‍ പോലും അറിയാതിരിക്കാനാണു ഇവര്‍ ചമ്പക്കരയിലെ വീടും സ്ഥലവും വിറ്റ് ഉദയംപേരൂര്‍ മീന്‍കടവില്‍ താമസം തുടങ്ങിയത്. മകളെ ദത്തെടുത്തതാണെന്ന വിവരം അടുത്ത ബന്ധുക്കള്‍ക്കു മാത്രം അറിയാവുന്ന രഹസ്യമായിരുന്നു.
നീതു പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു അയല്‍വാസിയായ ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂര്‍ത്തിയാകാത്ത ദത്തുപുത്രി ഇതര മതത്തില്‍ പെട്ട ഏറെ മുതിര്‍ന്ന ആളെ പ്രണയിക്കുന്നതു വീട്ടുകാര്‍ വിലക്കി. ബിനുരാജും നീതുവും ഒന്നിച്ചു ജീവിക്കാന്‍ ശ്രമിച്ചതോടെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഉദയംപേരൂര്‍ സ്റ്റേഷനില്‍ രണ്ടു പേരെയും വിളിച്ചുവരുത്തി.
പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ തയാറാണെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു. പോലീസും അയല്‍ക്കാരും അപ്പോള്‍ മാത്രമാണു വിവരം അറിഞ്ഞത്. വിവാഹപ്രായം പൂര്‍ത്തിയാവാത്തതിനാല്‍ കാമുകനെ വിവാഹം കഴിക്കുന്നതു കുറ്റമാണെന്നു പോലീസ് നീതുവിനെ അറിയിച്ചു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ പിരിയുകയായിരുന്നു.
പ്രണയത്തിന്റെ താല്‍ക്കാലിക വിജയത്തിനായി സത്യം വെളിപ്പെടുത്തിയ നീതു അവര്‍ക്കൊപ്പം മടങ്ങാന്‍ വിസമ്മതിച്ചു. ഇതോടെയാണു വനിതാ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ പോലീസ് നിശ്ചയിച്ചത്. പിന്നീട് ചില ബന്ധുവീടുകളിലും താമസിച്ചു. ഇതിനിടെ വീട്ടുകാരുടെ പ്രയാസം തിരിച്ചറിഞ്ഞ നീതു വീട്ടുകാര്‍ പറയുന്ന വിവാഹം മതിയെന്ന തീരുമാനത്തിലെത്തി. മകളെ പിരിഞ്ഞിരിക്കാന്‍ ബുദ്ധിമുട്ടായിരുന്ന പുഷ്പയെയും ബാബുവിനെയും ഏറെ സന്തോഷിപ്പിച്ച് മകള്‍ വീട്ടില്‍ മടങ്ങിയെത്തി.
ബിനുരാജുമായുള്ള ബന്ധം മാതാപിതാക്കള്‍ക്കു വേണ്ടി അവസാനിപ്പിക്കാന്‍ തയാറായ നീതു ഇക്കാര്യം അയാളെ അറിയിച്ചു. ഇതോടെ ബിനുരാജ് പ്രതികാരദാഹിയായി. അവസരം ഒത്തുവന്നപ്പോള്‍ കൈവശം കരുതിയ കൊടുവാള് ഉപയോഗിച്ചു നീതുവിനെ വെട്ടിവീഴ്ത്തി. കഴുത്തിനു പിന്നിലേറ്റ മാരകമായ വെട്ടിനെ തുടര്‍ന്നു തല കഴുത്തില്‍നിന്നു തൂങ്ങികിടക്കുന്ന നിലയിലായിരുന്നു. താഴെ വീണു പിടഞ്ഞ നീതുവിനെ പലതവണ ബിനുരാജ് മുഖത്തും തലയ്ക്കും വെട്ടി.
വര്‍ഷങ്ങള്‍ നാല് പിന്നിടുമ്പോഴും കേരളത്തിന്റെ കണ്ണീര്‍പൊട്ടായി നീതു കൊലക്കേസ് ബാക്കിയുണ്ട്. നീതുവിനെ ദാരുണമായി കൊല ചെയ്ത പ്രതി ബിനുരാജ് തൂങ്ങിമരിച്ചെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും നീതുവിനെ ദത്തെടുത്ത് വളര്‍ത്തിയ രക്ഷിതാക്കളുടെ കണ്ണീര് ഓര്‍മ്മകളില്‍ തിരിച്ചെത്തുന്നു. അന്ന് നെഞ്ചുപൊട്ടുന്ന വേദനയില്‍ അവര്‍
പറയുന്നു: ‘നീതുമോള്‍ ഞങ്ങള്‍ക്കു മകളായിരുന്നു, ദയവു ചെയ്തു ദത്തുപുത്രിയെന്നു പറയല്ലേ’.