അറബി കടലിനു മുകളിലൂടെ ഗള്‍ഫിലേക്കും തിരിച്ചും പറക്കുന്ന എല്ലാ വിമാനത്തിലും പദ്മശ്രീ യൂസഫലിയോടു കടപ്പെട്ട ഒരാളെങ്കിലും ഉണ്ടാകുമെന്ന് പ്രശസ്‌തനായ ഒരു പത്രപ്രവര്‍ത്തകന്‍ എഴുതിയത് അതിശയോക്തിയല്ല. ലുലു ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളിലൂടെ ഏകദേശം 32,000 പേര്‍ക്കാണ് യുസഫലി തൊഴില്‍ നല്‍കുന്നത്. ഇതില്‍ 25,000 ത്തിലേറെ പേരും മലയാളികളാണെന്നതാണ് പ്രസക്തം. സ്വന്തം നാടായ നാട്ടികയിലെ ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്‍കുക എന്നത് യൂസഫലിയുടെ തീരുമാനമാണ്.
മലബാറില്‍ നിന്നും മണലാരണ്യത്തിലേക്ക് സ്വപ്‌നങ്ങളുമായി എത്തിപ്പെട്ട ഒരു യുവാവ്. ഗള്‍ഫ് ജീവിതത്തിന്റെ അപരിചിതത്വത്തിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പെത്തിയ ആ പത്തൊന്‍പതുകാരന്റെ പേരിനൊപ്പം ഇന്നു ചേരുന്ന വിശേഷണങ്ങള്‍ നിരവധി. ഐക്യ അറബ് എമിറേറ്റ്‌സിലെ ഏറ്റവും സ്വാധീനമുള്ള മലയാളി വ്യവസായി, ആറു ഗള്‍ഫ് രാജ്യങ്ങളടങ്ങിയ ജിസിസിയിലെ 4-ാമത്തെ ധനാഢ്യന്‍.
രാജ്യത്തു നിന്ന് ആദ്യമായി പത്മ പുരസ്‌കാരം നേടിയ പ്രവാസി. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്‌ട്രിയുടെ ഭരണസമിതിയില്‍ അംഗത്വം ലഭിച്ച ആദ്യ വിദേശി, സര്‍ക്കാര്‍ മേഖലയ്‌ക്കു പുറത്ത് ഏറ്റവുമധികം മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യക്തി… ഇങ്ങനെ തൃശൂര്‍ നാട്ടിക എം കെ മാന്‍ഷനിലെ എം എ യൂസഫലി എത്തിപ്പെടാത്ത ഉയരങ്ങള്‍ വളരെക്കുറവ്.
ലുലു ഗ്രൂപ്പിലൂടെ വ്യവസായ പ്രതാപത്തിന്റെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും, കുലീനവും ഹൃദ്യവുമായ പെരുമാറ്റത്തിലൂടെ സംരംഭകരുടെ ഇടയില്‍ വ്യത്യസ്‌തനാകുകയാണ് യൂസഫലി… ഇതെല്ലാം കണക്കിലെടുത്തായിരിക്കാം ഗള്‍ഫ് നാടുകളിലെ മലയാളിയുടെ അംബാസിഡര്‍ എന്ന വിശേഷണവും ഇദ്ദേഹത്തിനു സ്വന്തമായത്.
ബോള്‍ഗാട്ടിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററാണ് കേരളത്തിലെ അടുത്ത പ്രോജക്ട്. നേരിട്ടും അല്ലാതെയും 20,000 പുതിയ തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രധാനപ്രശ്‌നമാണെങ്കിലും മികച്ച മാനവവിഭവശേഷി, വിമാനത്താവളം, ക്രമസമാധാനം, തുറമുഖങ്ങള്‍ തുടങ്ങിയവ കേരളത്തിന് ഗുണകരമാണെന്ന് അദ്ദേഹം കരുതുന്നു. പൊതു, സ്വകാര്യ പങ്കാളിത്തമുളള വികസനമാണ് അനുയോജ്യമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷത്തെപോലെ തന്നെ ഇത്തവണയും ഈ മാസം 27, 28 തീയതികളില്‍ സമാന രീതിയില്‍ നാട്ടികയില്‍ റിക്രൂട്ട്മെന്റ് നടത്താൻ ഒരുങ്ങുകയാണ് യൂസഫലി. കഴിഞ്ഞ വര്‍ഷം ജോലി അന്വേഷിച്ചെത്തിയ യുവാക്കള്‍ തിക്കും തിരക്കും കൂട്ടുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
ഇത്തവണ ബുച്ചര്‍, ബേക്കര്‍, ഫിഷ് ക്ലീനര്‍, കുക്ക്, ടെയിലര്‍, ആര്‍ട്ടിസ്റ്റ്, ഡ്രൈവര്‍, ഇലക്‌ട്രീഷ്യന്‍, പ്ലംബര്‍, സെക്യൂരിറ്റി തുടങ്ങി ജോലിക്കാണ് റിക്രൂട്ട്മെന്റ്. രാവിലെ ഒമ്ബത് മണിക്ക് തുടങ്ങും. എച്ച് ആര്‍ നാട്ടികയില്‍ നടത്തുന്ന സ്ക്രീനിങ് ഇന്റര്‍വ്യൂവിന് പ്രവര്‍ത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി 35 വയസും. സെയില്‍സ് മാന്മാര്‍ക്കും ഇന്റര്‍വ്യൂ ഉണ്ട്.
സ്ക്രീനിങ് ഇന്‍ര്‍വ്യൂ കഴിഞ്ഞ് തെരഞ്ഞെടുക്കപ്പെടുന്നവരെ മാനേജിങ് ഡയറക്ടറായ എംഎ യൂസഫലി നേരിട്ടു കാണും. ഇതിനുള്ള തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിക്കുന്നു. വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് പുതിയ സംവിധാനമെന്നും വിമര്‍ശിക്കുന്നു. ജോലി ലഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാന്യമായ വസ്ത്ര ധാരണത്തോടു കൂടി നാട്ടികയിലുള്ള എമ്മേ പ്രോജക്‌ട്സ് പരിസരത്ത് രാവിലെ എത്തണമെന്നാണ് നിര്‍ദ്ദേശം.
പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്തരം റിക്രൂട്ട്മെന്റ് ശൈലി നടത്തുന്നത്. എന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും ഇടയില്‍ ആരും കയറി വരരുത് എന്നതു കൊണ്ടാണ് ഞാന്‍ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതെന്നും യൂസഫലി വ്യക്തമാക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ലോക കേരള സഭയിൽ എത്തിയ അദ്ദേഹം രണ്ടു മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന മറ്റൊരു വമ്പന്‍ വാഗ്ദാനവും നൽകിയാണ് മടങ്ങിയത്. ഐടി മേഖലയിലാണ് യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ചത്. ഇതിനായി ലുലു സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി വ്യക്തമാക്കിയിരുന്നു.