Breaking News
Home / Lifestyle / ഇതാ കരയാത്ത, കരുത്തുറ്റ നീനു; അവള്‍ പറയുന്നു, ‘ഇനി കെവിന്‍ ചേട്ടന്റെ സ്ഥാനത്ത് ഞാനുണ്ട്! ഞാന്‍ പഠിക്കും, ജോലി വാങ്ങും..!!

ഇതാ കരയാത്ത, കരുത്തുറ്റ നീനു; അവള്‍ പറയുന്നു, ‘ഇനി കെവിന്‍ ചേട്ടന്റെ സ്ഥാനത്ത് ഞാനുണ്ട്! ഞാന്‍ പഠിക്കും, ജോലി വാങ്ങും..!!

വാക്കുകള്‍ മുറിഞ്ഞുപോകുമ്പോഴും അവള്‍ കരഞ്ഞില്ല. കരയാന്‍ കണ്ണീര് ബാക്കിയില്ലാതായിരിക്കുന്നു ഈ പെണ്‍കുട്ടിക്ക്. അല്ലെങ്കില്‍ കെവിന്റെ അച്ഛന്‍ ജോസഫ് പകര്‍ന്ന കരുത്തിന്‍റെ പാഠം അവളും പഠിച്ചതാകാം. കാരണം എതു കാറ്റിലും ഉലയാത്ത ആ ആല്‍മരത്തിന് തണലിലാണ് അവളിപ്പോള്‍. പ്രണയത്തിന് ഇടയില്‍ സംഭവിച്ച മഹാദുരന്തത്തെ കുറിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ അഭിലാഷ് പി. ജോണിനോട് നീനു ആ കഥ പറഞ്ഞു, കെവിന്റെ കഥ.

എല്ലാവരെ പോലെയും സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി അവര്‍ ജീവിതം കിനാവ് കണ്ട കാലം. അവര്‍ക്കു മുന്നില്‍ സ്നേഹമാണ് എല്ലാം എന്നതായിരുന്നു വേദവാക്യം. ‘ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ ലോകം മുഴുവനും കൂടെനില്‍ക്കും അത് സ്വന്തമാക്കാന്‍’ എന്ന എഴുത്തുകാരന്‍റെ വാചകമായിരുന്നു അവർ മുറുകെപ്പിടിച്ചത്. നീനു എന്ന സമ്പന്ന കുടുംബത്തിലെ യുവതിക്ക് കെവിന്‍ എന്ന സാധാരണക്കാരനോട് തോന്നിയ വികാരത്തിനും പ്രണയം എന്നുതന്നെയാണ് പേര്.

അച്ഛന്റെ പൊന്നും പണവും ഒന്നും വേണ്ട, എനിക്ക് അയാളോടൊപ്പം ജീവിച്ചാല്‍ മതി എന്ന തീരുമാനത്തില്‍ അവള്‍ വീടുവിട്ടിറങ്ങി. മനസ് നിറയെ കെവിനോടുള്ള ഇഷ്ടം നിറച്ച് വച്ച് മറ്റൊരാള്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ തയാറായിരുന്നില്ല നീനു എന്ന പ്രണയിനി.

പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീക്കും നിയമം നല്‍കുന്ന പരിരക്ഷ. അവര്‍ രജിസ്റ്റര്‍ മാരേജ് ചെയ്യാന്‍ തീരുമാനിക്കുന്നു. അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ മകളെ തേടിയെത്തി ആ അച്ഛന്റെ ഫോണ്‍. ’എനിക്ക് നിങ്ങളെ ഒന്നു കാണണം, കണ്ടാല്‍ മതി…’ അങ്ങനെ ആ കൂടിക്കാഴ്ചയ്ക്ക് പൊലീസ് സ്റ്റേഷന്‍ വേദിയായി.

പക്ഷേ പിന്നീടും നീനുവിന് ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തേണ്ടി വന്നു. കാരണം കെവിനെ കാണാനില്ല. വിളിച്ചിട്ട് കിട്ടുന്നില്ല. എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട്.. പക്ഷേ അവിടെയും അവള്‍ക്കൊപ്പം നില്‍ക്കാന്‍ ആരും ഇല്ലായിരുന്നു. ഒടുവില്‍ കേരളം ആ കണ്ണീര് കണ്ടു. ജനമറിഞ്ഞപ്പോള്‍ കാവലന്‍മാര്‍ ഉണര്‍ന്നു. നടപടി എവിടെ എവിടെ എന്ന് അലമുറയിട്ടു. പക്ഷേ കൃത്യസമയത്ത് ഉണര്‍ന്നിരുന്നെങ്കില്‍ മരണത്തിനും ജിവിതത്തിനുമിടയിലെ ആ 130 കിലോമീറ്ററിനുള്ളില്‍ കെവിനെ നീനുവില്‍ ഏല്‍പ്പിക്കാമായിരുന്നു.

ഇരുപത്തിയൊന്നുകാരിയുടെ വാക്കുകള്‍ക്കപ്പുറം അവളില്‍ പ്രകടമാകുന്നത് ജീവിതത്തിന്റെ ചൂളയില്‍ പാകപ്പെട്ട കരുത്താണ്. ഇനി ജീവിതത്തിനും വിധിക്കും ഇതിനപ്പുറം തന്നില്‍ ക്ഷതമേല്‍പ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിന്റെ കരുത്ത്.

About Intensive Promo

Leave a Reply

Your email address will not be published.