അതെന്താ പെൺപിള്ളേർക്ക് പ്രേമിച്ചൂടെ??
=================================
നാട്ടിലെ തട്ടുപൊളിപ്പൻ ക്ലബ്ബിന്റെ വാർഷികാഘോഷം…. നാട്ടിലെ ഏക ഫ്രീക്കിയും തട്ടു പൊളിപ്പു സംഘത്തിന്റെ പ്രധാനിയും ഞാൻ ആയതു കൊണ്ടും, സ്പോൺസെറ് സ്വന്തം അച്ഛൻ ആയതിനാലും അവരെന്റെ എല്ലാ പ്രകടനങ്ങൾക്കും വമ്പിച്ച സപ്പോർട് തന്നു.. അങ്ങിനെ ആ ക്ലബ്ബിലെ കെ എസ് ചിത്രയും, പത്മ സുബ്രഹ്മണ്യവും ഒക്കെയായി വിലസി നടക്കുന്ന കാലം… ഒടുക്കത്തെ പടിപ്പായോണ്ട് സീറ്റ് കിട്ടിയത് ബി എ മലയാളത്തിന് ….അന്ന് തൊട്ടു വല്യ സാഹിത്യകാരിയാണെന്ന ഭാവത്തിലെ നടക്കാറുള്ളൂ…. നാട്ടിലെ സ്ഥിരം തട്ടുപൊളിപ്പൻ ചർച്ചകളിലൊക്കെ കേറി സാഹിത്യം വിളംബലായിരുന്നു പ്രധാന പണി…
ന്റെ ഒടുക്കത്തെ അഹങ്കാരം… ചുമ്മ ഒരു പോസിന് തട്ടി വിട്ടതാണ് ഞാൻ, കലാമത്സരങ്ങളുടെ കൂടെ എഴുത്തു മത്സരങ്ങളും കൂടി വേണം ന്ന്…അപ്പൊ എല്ലാരും കൂടെ കൈയടിച്ചതങ്ങു പാസ്സാക്കേം ചെയ്തു… അങ്ങിനെ വേലിയേൽ കിടന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ച അവസ്ഥയിലായി…
ഈ ഇട്ടാവട്ടത്തെ ക്ലബ്ബില് എന്നെക്കാളും വല്യ സാഹിത്യക്കാര് ആരൂല്യ….. അതോണ്ട് പ്രൈസ് ഞാൻ തന്നെ ഉറപ്പിച്ചു.. മത്സരത്തിന്റെ തലേന്ന് ,അത് വരെ നിവർത്തി നോക്കാത്ത ബുക്ക് വരെ തപ്പിയെടുത്ത് കടിച്ചാ പൊട്ടാത്ത കുറെ മലയാളം വാക്കുകളും പഠിച്ചു വെച്ചു…..
പിറ്റേന്ന് മ്മടെ കൃഷ്ണന്റെ അമ്പലത്തില് പോയി കൈക്കൂലിയായി സ്പെഷ്യൽ പാല്പായസോം കഴിപ്പിച്ച്, മൽസരത്തിന്റെ അവിടേക്ക് ചെന്നു.. വിചാരിചന്ത്യേ അല്ല.. സകലമാന തെണ്ടികളും വന്നിട്ടുണ്ട്.. ഇവന്മാരൊക്കെ എന്ത് കൂത്ത് കാണാന് ഇവിടെ വന്നിരിക്കണേ ന്നു ആലോചിക്കുമ്പോ ണ്ട് ക്ലബ്ബിന്റെ പ്രസിഡന്റ് വാര്യർ മാമ അനൗൺസ് ചെയ്യുന്നു ഇത്തവണ സ്പോൺസർമാരിലൊരാളായ അനിൽ നാട്ടിലുണ്ട്…അവനാണ് ജഡ്ജ് ത്രെ….. മലയാളത്തിൽ എം എ എടുത്തിട്ടുള്ള ആളാണ് പോലും… ഏതാപ്പാ മ്മളറിയാത്ത ഒരു അനില്.. അതും എം എ ക്കാരൻ… പണി കിട്ടോ ന്നു ആലോജിക്കുമ്പോഴാണ് പുള്ളിക്കാരന്റെ എൻട്രി.. നല്ല സൂപ്പർ നീല ഷർട്ടും നല്ല കസവു മുണ്ടും… ദൈവമേ!!😇 ലുക്ക് ന്ന് പറഞ്ഞാ ഒടുക്കത്തെ ലുക്ക്.. ന്റെ തലേന്ന് അഞ്ചാറു കിളികള് ഒരുമിച്ചങ്ങു പറന്നു പോയി..
അവിടെ കഥാ മത്സരത്തിന് പകരം ഒരു വായ് നോക്കൽ മത്സരം നടന്നിരുന്നെങ്കി ഫസ്റ്റ് എനിക്കായിരുന്നേനെ… കഥാമൽസരത്തില് തോറ്റു തൊപ്പിയിട്ടു മാനം പോയിന്നു പറഞ്ഞാ മതിലോ……. അങ്ങേർടെ ഒടുക്കത്തെ ഒരു ജഡ്ജിങ്….😑
എന്തായാലും കഥാമത്സരം കൈയ്യിന്ന് പോയെങ്കിലും ആള് കേറി ന്റെ മനസ്സിലങ് സെറ്റായി.. ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ന്നൊക്കെ പറയുന്നത് ഇതിനാണ്… ആള് ചില്ലറ പുള്ളിയൊന്നുമല്ല.. അവിടുത്തെ ഓൾ ഇൻ ഓൾ ആയിരുന്നു ത്രേ.. നാട്ടുകാരുടെ കണ്ണിലുണ്ണി.. സൽസ്വഭാവി.. സുമുഖൻ.. സുന്ദരൻ… വേറെന്ത് വേണം ഒന്ന് പ്രേമിക്കാൻ… അങ്ങിനെ ഒരു കുഴപോം ഇല്യാണ്ട് തിന്നും കുടിച്ചും ഉറങ്ങിയും കഴിഞ്ഞിരുന്ന ഞാൻ കൂട്ടിലിട്ട വെരുകിനെ പോലെ ഉലാത്താൻ തുടങ്ങി……
എവിടെ പോയാലും കക്ഷി മാത്രം.. അമ്പലത്തില് പോയ അവിടെ, വായനശാലേല് പോയ ദവിടെ, കടേല് പോയ ദാണ്ടേ അവിടേം.. മൊത്തത്തി പൊറത്തിറങ്ങിയ ആള് മാത്രേള്ളൂ… പുള്ളിക്കാരൻ വല്ലോം അറിയുന്നുണ്ടോ!! ഇവിടെ ഒരുത്തി അങ്ങേരേം ധ്യാനിച്ച് പട്ടിണി കിടക്കുവാണെന്ന്…. പുള്ളിക്കാരൻ വന്നേ പിന്നെ ക്ലബുകാർക്കൊക്കെ ഒടുക്കത്തെ അഹങ്കാരം.. മുന്നെ എന്റടുത്തു ചോക്കാണ്ട് ഒരു കാര്യോം ചെയ്തിരുന്നില്ല.. ആ അവർക്കിപ്പോ എല്ലാറ്റിനും ഒരു അനിലേട്ടൻ മതി.. അങ്ങേരാണെങ്കി ഒടുക്കത്തെ പൊലിവ്… തിരുവാതിരക്കളിം ഗ്രൂപ് ഡാൻസും എന്ന് വേണ്ട നാട്ടിലുള്ള അണ്ടനേം അടകോടനേം പിടിച് നാടകം വരെ സെറ്റ് ആക്കി..
അങ്ങനെ ആസ്ഥാന കലാതിലകപട്ടം തലയിലേറ്റിയിരുന്ന ഞാൻ ക്ളബിന്റെ ഒരു മൂലേല് പോസ്റ്റായി കുത്തിയിരിക്കാൻ തുടങ്ങി.. പെൺപിള്ളേരാണെങ്കി അനിയേട്ടാ അനിയേട്ടാ ന്നും പറഞ്ഞ് അങ്ങേർടെ പിന്നാലേന്നു മാറുന്നും ല്യാ….. ന്നാ അങ്ങേർക്ക് മ്മളേ വല്ല മൈൻഡും ണ്ടോ… അതുംല്യാ.. കൂട്ടത്തി കാണാൻ കൊള്ളാവുന്നത് ഞാൻ തന്നെയാണല്ലോ…
അങ്ങേരോന്നു നോക്കാൻ വേണ്ടി ഷാജഹാനിക്കാടെ കടയിൽ കിട്ടാവുന്ന എല്ലാ മേക്ക് അപ് സാധനങ്ങളും വാങ്ങി മോത്ത് തേച്ചാണ് പോവാറ്.. ഓരോ ദിവസോം എത്രത്തോളം സുന്ദരിയാവാൻ പറ്റോ അത്രത്തോളം സുന്ദരി ആയിട്ടാ നടക്കാറ്….. എവടെ…. അങ്ങേർടെ കണ്ണിലെന്താ കുരുവാണോ?? ദേഷ്യം അണ പൊട്ടിയൊഴുകുന്നുണ്ട്.. എന്താ കാര്യം…
അതിന്റെ എടേല് ഒരു ദിവസം നാടകം റിഹേഴ്സൽ തുടങ്ങുന്ന അന്ന്, മ്മടെ സ്വന്തം ചന്തു ഏട്ടൻ (ഖജാൻജി ആണ് ട്ടോ… അതെന്താന്നു അങ്ങേർക്കും വല്യ പിടിയില്ല മ്മക്കും😊) എന്നെ നായികയാക്കാൻ വേണ്ടി പുള്ളിക്കാരന്റെ അടുത്ത് ചെന്ന് പരിചയപ്പെടുത്തി..
“അനിയേട്ടാ, ഇത് മ്മടെ സ്വന്തം വീണ, മ്മടെ ക്ലബിൽത്തെ ഒരേയൊരു പാട്ടുകാരി, ഡാൻസ്കാരി ,സകലകലാവല്ലഭി.. മ്മടെ ശിവൻ സാറിന്റെ മോളാ.. സ്ഥലം മാറി വന്ന, വില്ലേജില് ജോലി ചെയ്യുന്ന, മ്മടെ മണിക്കലെ രാജേട്ടന്റെ വീടും പറമ്പും എടുത്ത ആൾക്കാരില്ലേ… അവരുടെ ഒറ്റ മോളാ.. നാടകത്തിലെ നായിക ഈ കുട്ടി ആവും.. ”
അത്യാവശ്യം ജാഡ കാണിച് അങ്ങേർടെ മോന്ത നോക്കാണ്ട് ഞാൻ പറഞ്ഞു..
” ചന്തു ഏട്ടൻ നിർബന്ധിച്ചോണ്ടാ, കഥ കേട്ടിട്ട് തീരുമാനിക്കാം”…
“ടാ ,ചന്തു… നിന്നോട് ആരു പറഞ്ഞു ഈ കൊച്ചു മതി നായിക ന്ന്… എന്റെ നായിക ഇങ്ങിനെ എല്ലും തോലും ഉന്തിയ ഒരു വെള്ളപ്പാറ്റയല്ല… ലേശം തടിയൊക്കെ ഉള്ള ശ്രീത്വം ഉള്ള ഒരു കൊച്…….”
“ഓ, ഇതാണോ നിങ്ങള് പറഞ്ഞ വല്യ ഡാൻസിസ്റ്… മോള് ട്രെയിൻ ചെയ്ത ഗ്രൂപ് ഡാൻസ് തീരെ പോരാ ട്ടോ.. ഒരു ഒരു ഗപ്പ് ല്യാ….”
“എന്തില്ല്യാന്ന്??”
“എന്തോ ഒരു പോരായ്മ ണ്ട് ന്നെ ഉദ്ദേശിച്ചുള്ളൂ”…..
ചന്തുവേട്ടനെ കൊല്ലാനുള്ള ഒരു നോട്ടോം നോക്കി ഞാൻ തിരിച്ചു നടന്നു…
ഈ സ്ലിം ബ്യൂട്ടി കോൺസെപ്റ് ഒക്കെ പോയോ ഈശ്വര…. 🤔
അപ്പോ പുറകിന്ന് പറയുന്നതു കേട്ടു..
“ശ്രീക്കുട്ടി വരും,അവളോട് വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ”…
“ഓ,മുറപെണ്ണിനെ തന്നെ നായികയാക്കാൻ ആണല്ലേ, ന്നാലും വീണയോട് അങ്ങിനെ പറയണ്ടായിരുന്നു.. അവളിന്ന് ന്നെ കൊല്ലും ഏട്ടാ..”…
“പിന്നെ പോവാൻ പറയെടാ”….
അപ്പൊ അതാണ് കാര്യം, മ്മള് വെള്ളപ്പാറ്റ… അല്ലേലും ഏതേലും ഒരു കോന്തനെ കേറി ഒന്ന് പ്രേമിക്കാം ന്ന് വിചാരിച്ച അപ്പൊ വന്നോളും ഈ മുറപെണ്ണോള്… അതും ഇതേ പോലത്തെ ഓരോ പേരും ശ്രീക്കുട്ടി,മണികുട്ടി,അനുകുട്ടി… ഹും… 😕
അങ്ങിനെ മൂപ്പരോട് ള്ള കട്ട പ്രേമോം വെച്ച് മൂപ്പരും മുറപെണ്ണും അഭിനയിക്കുന്നതും നോക്കി വെള്ളമിറക്കി ഇരിക്കാൻ തുടങ്ങി ഞാൻ.. ഫൂ…!!! വല്യ നാട്യ മയൂരിയെ കൊണ്ട് വന്നിരിക്കുന്നു…..ഇതാപ്പോ വല്യ അഫിനയം… കരയുന്നത് കണ്ടാ ചിരിക്കാന്ന് തോന്നും, ശ്രിങ്കാരം കണ്ടാ ഭയാനകം പോലേം.. ഇങ്ങേർക്ക് തലക്ക് ഓളം തന്നെ.. രണ്ടും കൂടി ഏതു നേരോം കളീം ചിരിം… രണ്ടിനേം കുത്തി കൊന്നാലോന്നു വരെ ആലോചിച്ചു… സഹിക്കുന്നില്ല ന്നെ…
ന്റെ മേക് അപ് സാധനങ്ങളുടെ വാങ്ങല് കമ്മിയായതൊണ്ട് ഷാജഹാനിക്ക കണ്ടാ ചിരിക്കാണ്ടായി.. മൊത്തത്തില് അയാളുടെ ഒരു പൊന്മുട്ടയിടുന്ന താറാവായിരുന്നു ഞാൻ… അല്ലേലും ഇനിയിപ്പോ ആർക്കു വേണ്ടി ഒരുങ്ങണം.. അങ്ങേർക്ക് വേറെ സെറ്റ് അപ്പ് ഉണ്ടല്ലോ… അല്ലേലും അയാളെ കുറ്റം പറയുന്നത് എന്തിനാ.. എനിക്ക് ഇഷ്ട്ടാന്ന് ആ പൊട്ടന് മനസ്സിലാവുന്നില്ലല്ലോ….. എത്ര ഒരുങ്ങി പോയി നിന്നു, ഇടക്കിടക്ക് ഇടം കണ്ണിട്ട് നോക്കുന്നത് പുള്ളികാരനെ കാണിക്കാൻ തന്നെയായിരുന്നു.. എന്നിട്ടും ആ സാധനത്തിനു മാത്രം മനസ്സിലാവുന്നില്ലല്ലോ !!! ഹോ ഇങ്ങനേം ണ്ടോ ആണുങ്ങള്….
അങ്ങിനെ പറഞ്ഞു പറഞ്ഞു ആ ദിവസം വന്നെത്തി.. വാർഷികാഘോഷം… പുള്ളിക്കാരൻ ന്റെ മെലിച്ചിലൊന്നും കാണുന്നില്ല ന്നു തോന്നുന്നു.. മൂന്നാഴ്ച്ച കൊണ്ട് ഞാൻ ഉണങ്ങി വരണ്ടു…. അങ്ങേരും അവളും പൂത്തുലഞ്ഞു തന്നെ….ഹും!! അങ്ങേരേം അവളേം ഒരുമിച്ചു കാണുമ്പോ നെഞ്ചിനുള്ളിൽ ഒരായിരം കത്തി ഒരുമിച്ചു കുത്തിയെറക്കുന്ന പോലൊരു ഫീല്… ദൈവമേ!! നിക്ക് വട്ടാവോ?🙄
നല്ല അസ്സലൊരു പട്ടുസാരി ഉടുത്തോണ്ട് അങ്ങേർടെ മുന്നിക്കൂടെ ഒരു പത്തു വട്ടമെങ്കിലും ഉലാത്തിക്കാണും… ആ മനുഷ്യന്റെ ഒരു നോട്ടം കിട്ടാൻ.. എവിടുന്ന്….
ഈ കോന്തനെ തന്നെയാണല്ലോ കൃഷ്ണ നിക്ക് പ്രേമിക്കാൻ തോന്നിയെ… ഇങ്ങേരുടെ കൂടെ മഴ നനയുന്നതും , ആ മഴയത്തൂടെ ഇങ്ങേരേം കെട്ടിപ്പിടിച് ബുള്ളറ്റിൽ പോണതും, കൃഷ്ണന്റെ അമ്പലത്തില് പോയി ഇങ്ങേർടെ പേരിലുള്ള പാല്പായസോം വാങ്ങിച്ച് ആലിന്റെ ചോട്ടിലിരുന്നു കൈകോർത്തു പിടിച്ചു കാറ്റു കൊള്ളുന്നതും സ്വപ്നം കണ്ട ഞാൻ ഇനിയിപ്പോ ഇതെല്ലാം അങ്ങേരും മറ്റവളും കൂടി ചെയ്യുന്നത് കാണേണ്ടി വരുമല്ലോ ദൈവമേ!!!
പ്രേമിച്ച പെണ്ണിനെ നാട് മുഴുവൻ എതിർത്തിട്ടും സ്വന്താക്കിയ ഒരച്ഛന്റെ മോളായോണ്ട് തോറ്റു കൊടുക്കാൻ ഞാനുദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല… അല്ല പിന്നെ!!ഈ ആണുങ്ങൾക്ക് മാത്രേ പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടണം ന്നുണ്ടാവൂ…. മ്മള് പെണ്ണുങ്ങൾക്ക് അങ്ങനൊന്നും പാടില്ലേ??😏
അങ്ങേരുടെ ഒലിപ്പിക്കല് കണ്ടു സഹിക്കാണ്ട് രണ്ടും കല്പിച്ചു ഞാൻ അടുത്തെത്തി….
“അതെ, നിങ്ങള് തമ്മില് പ്രേമാണോ??”…
എന്റെ എടുത്തടിച്ച ചോദ്യം കേട്ട് കൂടി നിക്കുന്നവരെല്ലാം ഒന്ന് ഞെട്ടി….ശ്രീകുട്ടിയാണെങ്കി നിന്ന് വിറക്കുന്നു…
“എന്താ വീണ ഇങ്ങനൊക്കെ ചോക്കണേ?? ഇതെന്റെ ഏട്ടനെ പോലെയാ”‘
” എന്ന ഓക്കേ….അല്ല,ഫുൾ ടൈം ഇയാള് തന്റെ പിന്നിൽ നിന്ന് മാറുന്നില്ല, അതോണ്ട് ചോദിക്കുവാ??”…
“ഇനീപ്പോ അങ്ങിനെ ആണെങ്കി തന്നെ നിനക്കെന്താ കൊച്ചേ??”…
“എനിക്കെന്താ കൊച്ചെ ന്നോ?? നിങ്ങടെ കൊച്ചുങ്ങടെ അമ്മയാവണം ന്നു വിചാരിക്കുന്ന, നിങ്ങളെ പ്രേമിക്കുന്ന, നിങ്ങളെ തന്നെ കെട്ടണം ന്നു വിചാരിക്കുന്ന എനിക്കേ ,നിങ്ങള് വേറൊരുത്തിടെ കൂടെ ഇങ്ങിനെ ഒലിപ്പിക്കുന്നത് പിടിക്കുന്നില്ല…
ഇത്തവണ കിളി പോയത് ആശാന്റെ ആയിരുന്നു … ഒട്ടും പ്രതീക്ഷിക്കാതെ ഒരു മുട്ടൻ പണിയല്ലേ ഞാൻ കൊടുത്തെ… ഫ്യൂസ് അടിച്ച ബൾബ് പോലെ എന്നെ തന്നെ നോക്കി നിന്ന അങ്ങേരോട് പറഞ്ഞു
” അതെ, മനുഷ്യനായാൽ ഇച്ചിരി കോമൺ സെൻസ് വേണം… ഞാനിങ്ങേരുടെ പിന്നാലേം മുന്നിലും മൂന്നാഴ്ചയായില്ലേ നടക്കാൻ തുടങ്ങീട്ട്… ഒന്ന് നോക്കിയോ… അത് വിട്… സീരിയസ് കാര്യത്തിലേക്ക് വരാം… ഇവളുമായിട്ട് വേറെ കണക്ഷൻ ഒന്നൂല്യെങ്കി വീട്ടില് വന്ന് അച്ഛനോട് എന്നെ കെട്ടിച്ചു തരാൻ പറഞ്ഞേക്കണം…… ”
“ടി!!! നീയൊരു പെണ്ണല്ലേ?? ഇങ്ങനെ ഒക്കെ പറയാമോ…. ” അങ്ങേര് ദയനീയമായി ചോച്ചു…
“അതെന്താ മാഷെ നിങ്ങള് ആണുങ്ങൾക്ക് മാത്രേ ഒറ്റ നോട്ടത്തില് കണ്ടാ ഇഷ്ട്ടാവാനും പിന്നാലെ നടക്കാനും ഒരു സുപ്രഭാതത്തില് പെട്ടെന്ന് വന്നു ഇഷ്ട്ടാന്നു പറയാനും വയ്ക്കൂ ന്ന് വിചാരിച്ചോ…. പെൺപിള്ളേർക്കും അങ്ങിനെയൊക്കെ തോന്നിക്കൂടെ… പെങ്കുട്ട്യോൾക് ന്താ ലവ് അറ്റ് സൈറ്റ് പുളിക്കോ?? ആലോചിച്ചു പറഞ്ഞാ മതി… ”
“ടി കാന്താരി!!,അവിടെ നിന്നേ…. നീ ചുമ്മ ആളെ വട്ടാക്കാണോ?? ”
“അതെ നിക്ക് പിന്നേം പിന്നേം ഒരേ കാര്യം തന്നെ പറയണത് ഇഷ്ട്ടല്ല… ന്നാലും പറയാം…. നിക്ക് നിങ്ങടെ ഈ മരമോന്തേം ആ ബുള്ളറ്റിലുള്ള വരവും പിന്നെ ഒടുക്കത്തെ ജാഡേം ഒത്തിരിയൊത്തിരി ഇഷ്ട്ടയിന്ന്… ”
അങ്ങേരവിടെ പോസ്റ്റായി നിക്കുന്നതും നോക്കി ഞാൻ അവിടുന്ന് പോന്നു… എന്റമ്മോ!!!പിന്നുണ്ടായ പുകിലോള്… നാട്ടുകാര് മുഴോനും ഞാനെന്തോ വല്യ കൊലക്കുറ്റം ചെയ്ത കൂട്ട് ന്നെ ക്രൂശിക്കാൻ തുടങ്ങി…. അന്നത് വല്യ വിഷയായെങ്കിലും, അതോണ്ട് ഇന്നിപ്പോ അങ്ങേരുടെ ബുള്ളറ്റിന്റെ ബാക്കിലിരുന്ന് ഈ മഴയത്ത് അങ്ങേരേം കെട്ടിപ്പിടിച് പോവാറായല്ലോ…
“ടി വെള്ളപ്പാറ്റെ…. എന്നാലും നിനക്കെങ്ങനെ അന്ന് ഇത്ര ധൈര്യം കിട്ടി….??”
“എനിക്കന്ന് പ്രേമരോഗമായിരുന്നല്ലോ കോന്തുണ്ണിരാമാ !! തനി വട്ട്… ആ വട്ടല്ലേ ഈ കിഴങ്ങനെ ന്റെ തലേല് കെട്ടിവെച്ചത്….
“പോടീ,പുല്ലേ….. വെറുതെ ഇരുന്നവനെ പിടിച് പ്രേമോം പിണ്ണാക്കും ആണെന്ന് പറഞ്ഞ്….
“ടാ മുന്നില് നോക്കി വണ്ടിയോടിക്ക്… എനിക്ക് നിന്റെ കൂടെ ഈ ജന്മം മുഴുവൻ ഇങ്ങിനെ ചേർന്നിരുന്നു പോണം”…..
അവനെ ഒന്നൂടെ ചേർത്ത് പിടിച്ചു മഴ ആസ്വദിക്കുമ്പോൾ ഞാനറിയുകയായിരുന്നു പ്രണയം ശരിക്കും ഭ്രാന്താണെന്ന്.. ചികിൽസിച്ചു മാറ്റാൻ കഴിയാത്ത ഭ്രാന്ത്… ഈ യാത്ര ഒരിക്കലും അവസാനിക്കല്ലെന്നു പ്രാർത്ഥിച്ചോണ്ട് അവന്റെ കവിളിലൊരു കുഞ്ഞു മുത്തം നൽകി…
“ടി, ന്റെ കൺട്രോൾ കളയാണ്ട് അടങ്ങി ഇരുന്നോണം”….
“നീ പോടാ പുല്ലേ!!!!” ന്നും പറഞ്ഞോണ്ട് അവന്റെ ദേഹത്തേക്ക് പറ്റി ചേർന്നിരിക്കുമ്പോൾ ഞാൻ മനസ്സിലോർത്തു ചിരിക്കുകയായിരുന്നു…..
ഈ പെൺപിള്ളേർക്കും പ്രേമിച്ച ചെറുക്കനെ തന്നെ കെട്ടണം ന്നു കാണത്തില്ലേ…. അല്ല പിന്നെ…..!!!😉😉
ശുഭം
രോഹിത……