വീട്ടുകാരുടെ കരുതൽ ഏറെ ലഭിച്ച കുട്ടിക്കാലമായിരുന്നു ലൊസാഞ്ചലസിലാണ് എറിക ഗാർസയുടേത്. പക്ഷേ പന്ത്രണ്ടാം വയസ്സിൽ അവൾക്ക് സ്ക്ലോറിയോസിസ് സ്ഥിരീകരിച്ചു. നട്ടെല്ലിനു വളവുണ്ടാകുന്ന അവസ്ഥയാണത്. ഒരു ‘ബാക്ക് ബ്രേസ്’ ബെൽറ്റിട്ടാൽ കാര്യമായ വളവില്ലാതെ സംരക്ഷിച്ചെടുക്കാനാകും. എന്നാലും പൂർണമായും പരിഹരിക്കാനാകില്ല. അരയ്ക്കും ചുറ്റും ബെൽറ്റിട്ടതോടെ കൂട്ടുകാർ കളിയാക്കാൻ തുടങ്ങി. അതോടെ എറിക എല്ലാവരിൽ നിന്നുമകന്നു.
അങ്ങനെയിരിക്കെയാണ് ഇന്റർനെറ്റ്‌ലോകത്തേക്കു തിരിയുന്നത്.
അവിടെയാകട്ടെ പോണോഗ്രാഫിയുടെ വിളനിലവും. പലതരം ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തായിരുന്നു തുടക്കം. പിന്നെ സോഫ്റ്റ്പോണിലേക്കു തിരിഞ്ഞു. അതിനിടെ അതിഗംഭീരമായി രതിമൂർച്ഛയുണ്ടാകുന്നതിനെപ്പറ്റി ഒരു യുവതി സംസാരിക്കുന്നത് യാദൃശ്ചികമായി കേട്ടു. അതോടെ സ്വയംഭോഗം ചെയ്യുന്നതു പതിവായി.
മതപരമായി ഏറെ നിബന്ധനകളുള്ള കുടുംബമായിരുന്നു എറിക്കയുടേത്. അതിനാൽത്തന്നെ ലൈംഗികതയെപ്പറ്റി ഒരാളു പോലും വീട്ടിൽ സംസാരിച്ചിരുന്നില്ല. സ്കൂളിലാകട്ടെ ബാത്ത്റൂമായിരുന്നു തന്റെ അഭയസ്ഥാനമെന്നു പറയുന്നു എറിക. അവിടെയും ആരും സെക്സിനെപ്പറ്റി സംസാരിക്കുന്നില്ല. മറ്റുള്ള കുട്ടികളും തന്നെപ്പോലെയാണോയെന്നു ചോദിക്കണമെന്നുണ്ട്. ആരോടെങ്കിലും തുറന്നുസംസാരിക്കാനായെങ്കിൽ താനിങ്ങനെ ലൈംഗികതയ്ക്ക് ‘അടിമ’യായിപ്പോകില്ലായിരുന്നെന്നും എറികയുടെ വാക്കുകൾ. ഒരു തരം രക്ഷപ്പെടലായിരുന്നു അത്.
വൈകാരിക പ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം.പതിയെപ്പതിയെ സോഫ്റ്റ്പോൺ മാറി ഹാർഡ്കോറിലേക്കു തിരിഞ്ഞു. പതിനേഴാം വയസ്സിൽ കന്യകാത്വവും നഷ്ടപ്പെട്ടു. പോണോഗ്രഫിയിൽ നിന്ന് അപ്പോഴേക്കും സെക്സ് അഡിക്‌ഷനിലേക്കു മാറിയിരുന്നു എറികയുടെ ജീവിതം. ആരോടും സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. സംസാരിച്ചാൽ അതൊടുവിൽ ലൈംഗികബന്ധത്തിലായിരിക്കുമോ അവസാനിക്കുക എന്ന സംശയായിരുന്നു തനിക്കെപ്പോഴെന്നും എറിക പറയുന്നു.
കൃത്യമായൊരു പ്രണയബന്ധം പോലും തുടരാനായില്ല. എല്ലായിപ്പോഴും ചിന്ത സ്വയംഭോഗത്തെയും രതിമൂർച്ഛയെയും പറ്റി മാത്രം.അതിനായി നേരത്തേ പോൺ സൈറ്റുകളെയായിരുന്നു ആശ്രയിച്ചതെങ്കിൽ ഇപ്പോൾ പുതുവഴികളായി. അതിനുവേണ്ടി അപകടം പിടിച്ചയിടങ്ങളിലേക്കു വരെ പോയിത്തുടങ്ങി. പല അപകടങ്ങളും നേരിടേണ്ടിയും വന്നു.
ഇരുപതാം വയസ്സായപ്പോഴേക്കും എല്ലാം കൈവിട്ടുപോകുകയാണെന്ന തോന്നലുണ്ടായിത്തുടങ്ങി. ഇനി മാറണമെന്നു തന്നെ തോന്നി. കാരണം ലൈംഗികതയോടുള്ള അമിതാഭിനിവേശം കാരണം അത്രയേറെ നല്ല ബന്ധങ്ങള്‍ വരെ തകർത്തു കളയേണ്ടി വന്നിരുന്നു.
അങ്ങനെയാണ് ഒരു ഡോക്ടറെ കാണുന്നത്. കൗൺസലിങ്ങും സ്പെഷൽ തെറപ്പിയും യോഗയും വരെ ചെയ്ത് പതിയെപ്പതിയെ പ്രശ്നം മാറ്റിയെടുത്തു. തന്റേത് പ്രശ്നം തന്നെയായിരുന്നുവെന്നു തിരിച്ചറിഞ്ഞതോടെ ആ അനുഭവം പങ്കുവയ്ക്കാനായി ഒരു പുസ്തകവും എറിക എഴുതി– ‘ഗെറ്റിങ് ഓഫ്: വൺ വുമൺസ് ജേണി ത്രൂ സെക്സ് ആൻഡ് പോൺ അഡിക്‌ഷൻ’ എന്ന ആ പുസ്തകത്തിൽ തന്റെ പന്ത്രണ്ടാം വയസ്സു മുതൽ വിവാഹജീവിതം വരെ വിവരിക്കുന്നുണ്ട് എറിക.
ഇപ്പോൾ 35 വയസ്സായി എറികയ്ക്ക്. ബാലിയിലേക്കുള്ള ഒരു യാത്രയിലാണ് എറിക ഭർത്താവിനെ കണ്ടെത്തുന്നത്. ആ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്. ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കണമെന്നു മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്ന തരം ക്യാംപെയ്നുകളിലും ഇപ്പോൾ സജീവ പങ്കാളിയാണ് എറിക.