തിരുവനന്തപുരം: പഴയ കിതക്കുന്ന കെഎസ്ആര്‍ടിസിഅല്ല ഇപ്പോള്‍. മാസവരുമാനം 200 കോടിയും കടന്ന് റെക്കോര്‍ഡിട്ടാണ് മലയാളികളെ ഏറെ സന്തോഷിപ്പിച്ചു കൊണ്ട് കെഎസ്ആര്‍ടിസി കുതിക്കുന്നത്. നമ്മുടെ എംഡി തച്ചങ്കരി സൂപ്പറാ എന്ന് ആളുകള്‍ പറയുന്നിടത്തേക്ക് എത്തി കാര്യങ്ങള്‍.
മേയ് മാസത്തില്‍ 207.35 കോടി രൂപയാണു കോര്‍പറേഷന്റെ വരുമാനം. 2017 മെയ് മാസത്തില്‍ 185.61 കോടി രൂപയായിരുന്നു. 2017 ഡിസംബറില്‍ 195.21 കോടിയും 2018 ജനുവരിയില്‍ 195.24 കോടിയും ആയിരുന്നു ഇതിനു മുന്‍പുള്ള കൂടിയ മാസവരുമാനങ്ങള്‍. ഈ മാസങ്ങളില്‍ ശബരിമല സ്‌പെഷല്‍ സര്‍വീസുകളും വരുമാന വര്‍ധനവിനു കാരണമായി.
കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയതും ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചു ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ചതുമാണു വരുമാന വര്‍ധനയ്ക്കു സഹായിച്ചതെന്നാണു വിലയിരുത്തല്‍.
അവധി ദിവസങ്ങളില്‍ ബസുകള്‍ റദ്ദാക്കുന്നതിനു പകരം നോണ്‍-നോട്ടിഫൈഡ് റൂട്ടുകളിലടക്കം ഓടിച്ചു വരുമാനമുണ്ടാക്കാന്‍ കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നു. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും കുറവുള്ള ഡിപ്പോകളിലേക്കു വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ സ്ഥലം മാറ്റാന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശം നല്‍കി കഴിഞ്ഞു.
എല്ലാ ഡിപ്പോകളിലും എല്ലാ മാസവും യൂണിയന്‍ നേതാക്കള്‍ ചേരുന്ന അവലോകന യോഗം ഇനി വേണ്ടെന്ന് എം ഡി ഉത്തരവിറക്കി കഴിഞ്ഞു. ഇനി യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആ ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലന്നും ഉത്തരവില്‍ പറയുന്നു
പ്രാരാബ്ദങ്ങളും പ്രതി സന്ധികളും കടന്ന് കുതിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രയും ഇന്ധന വില വര്‍ദ്ധനവും എങ്ങനെ നേരിടും എന്നറിയാതെ കെഎസ്ആര്‍ടിസി കുഴങ്ങുന്നുണ്ട്.
നിലവില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സൗജന്യയാത്രയാണു കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. അതു കൊണ്ട് തന്നെ
വിദ്യാര്‍ഥികള്‍ സ്വകാര്യബസുകളെക്കാള്‍ കെഎസ്ആര്‍ടിസിയെ കൂടുതല്‍ ആശ്രയിക്കുന്നുണ്ട് ഇപ്പോള്‍. അത് മറ്റു യാത്രക്കാരുടെ കുറവ് വരുത്തുമെന്ന് ഇവര്‍ പരാതിപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്കു സൗജന്യയാത്ര നല്‍കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു സര്‍ക്കാര്‍ ടിക്കറ്റിന് 12,000 രൂപ വര്‍ഷം സബ്‌സിഡി നല്‍കുന്നുണ്ടെന്നും കെഎസ്ആര്‍ടിസിക്കും അതുപോലെ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇത് വരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല.
എന്നാലും ചുരുങ്ങിയ സമയം കൊണ്ട് കെഎസ്ആര്‍ടിസിയുടെ മുഖം മാറ്റിയ എംഡി ടോമിന്‍ ജെ തച്ചങ്കരിക്ക് കയ്യടിക്കുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടിയെ സ്‌നേഹിക്കുന്നവര്‍.