കെവിന്‍ കേസന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തട്ടിക്കൊണ്ടുപോയ കെവിനെ രണ്ടുദിവസം കഴിയുമ്പോള്‍ വിട്ടയക്കുമെന്ന് ഉന്നതതലത്തില്‍ നിന്ന് കിട്ടിയ ഉറപ്പാണ് പരാതി ലഭിച്ചിട്ടും കേസന്വേഷിക്കുന്നതില്‍ നിന്ന് പോലീസിനെ പിന്നോട്ട് വലിച്ചതെന്ന് വ്യക്തമാകുന്നത്.
കൊല്ലത്തെ ഒരു പ്രമുഖ നേതാവിന്റെ വിളിയുടെ അടിസ്ഥാനത്തിലായിരുന്നു ജില്ലയിലെ ഒരു ഉന്നതന്റെ നിര്‍ദേശം. ഇതോടെ പോലീസ് പൂര്‍ണമായും മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
‘കൂടുതല്‍ അന്വേഷണം വേണ്ട, രണ്ട് ദിവസം കഴിയുമ്പോള്‍ കെവിനെ അവര്‍ വിട്ടുകൊള്ളും’, ഇതായിരുന്നു ഗാന്ധിനഗര്‍ എസ്‌ഐക്ക് ഉന്നതതലത്തില്‍ നിന്നും ലഭിച്ച സന്ദേശം. സസ്‌പെന്‍ഷനിലായ എസ്‌ഐ തന്നെയാണ് ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. കെവിന്റെ മരണത്തിനു വരെ കാരണമായ ഈ സന്ദേശം നല്‍കിയത് രാഷ്ട്രീയ നേതാവോ ഉന്നത പോലീസ് ഉദ്യോഗസ്ഥനോ എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ കെവിനെയും ബന്ധുവായ അനീഷിനെയും തടങ്കലില്‍ വെച്ച് നീനു എവിടെയുണ്ടെന്ന് പറയിക്കാനായിരുന്നു പ്രതികളുടെ ശ്രമം. തെന്മലയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് അവരെ കൊണ്ടു വരണമെന്ന് ഫോണില്‍ പറയുന്നത് കേട്ടെന്ന് പ്രതികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട അനീഷ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മര്‍ദിച്ചിട്ടും നീനു എവിടെയാണെന്ന് കെവിന്‍ വെളിപ്പെടുത്താതിരുന്നത് സംഘത്തെ കൂടുതല്‍ പ്രകോപിപ്പിക്കുകയായിരുന്നു.
അതെസമയം കെവിന്‍കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കം നടന്നതായും വ്യക്തമായി. ഇവരുടെ വീഴ്ച വ്യക്തമായിട്ടും നടപടി വൈകുന്നുവെന്നാണ് ആക്ഷേപം. ഇതിന് പുറമെ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നടന്ന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മറച്ചുവെച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
നീനുവിന്റെ അമ്മ രഹ്നയൊഴികെയുള്ള പ്രതികളെയെല്ലാം പോലീസ് പിടികൂടിയിരുന്നു. കെവിന്‍ തോട്ടില്‍ വീഴുകയായിരുന്നുവെന്ന മൊഴിയാണ് ഇവരെല്ലാം പോലീസിന് നല്‍കിയത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.