ആലപ്പുഴ: കുട്ടിത്തം വിട്ടുമാറാത്ത റിഫാനക്കും ഹനീഷിനും ഒരിക്കലും വേര്‍പിരിയാനാകില്ല. അവരെ വേര്‍പിരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമപോരാട്ടം നടത്തിയത് ചരിത്രമായിക്കഴിഞ്ഞു.
വിവാഹം പ്രായം എത്തിയില്ലെങ്കിലും പ്രായപൂര്‍ത്തിയായ കമിതാക്കള്‍ക്ക് കൂടിത്താമസിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രണയിതാക്കളുടെ മാഗ്നാകാര്‍ട്ടയായി മാറുന്നു. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണ്ണായകമായ ഈ വിധി പുറപ്പെടുവിച്ചത്.
പ്രണയത്തിന്റെ പേരില്‍ കോളിളക്കം സൃഷ്ടിച്ച ആലപ്പുഴക്കാരായ റിഫാന റിയാദിന്റെയും (19 വയസ്സ്), എച്ച്. ഹനീഷിന്റെയും (18 വയസ്സ്) കഥ ഒരു ബോളിവുഡ് സിനിമയേക്കാള്‍ ത്രില്ലുള്ളതാണ്. കോടതിവിധി ഞങ്ങളുടെ സ്‌നേഹത്തിനുള്ള അംഗീകാരമാണെന്ന് ഹനീഷ് ന്യൂസ് സ്‌കൂപ്പ് ഡോട്ട്‌കോമിനോട് പറഞ്ഞു. ഞങ്ങള്‍ക്ക് ധാരാളം പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും നേരിടേണ്ടിവന്നു. രണ്ട് കുടുംബക്കാരുടെയും ഭീഷണിയും ഉണ്ടായിരുന്നു.
പിന്നീട് വിവാഹം കഴിക്കാം എന്നായിരുന്നു ഞങ്ങളെ എല്ലാവരും ഉപദേശിച്ചിരുന്നത്. പക്ഷേ ആര്‍ക്കും ഞങ്ങളെ വേര്‍പിരിക്കാന്‍ ആയില്ല. ഞങ്ങള്‍ യോജിച്ചെടുത്ത തീരുമാനം ആണ്. വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ് ഞങ്ങള്‍ ഒളിച്ചോടിപ്പോയത്. റിഫാനയുടെ വീട്ടുകാരാണ് അവളെ കാണാന്‍ ഇല്ലെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തത്.
ഹനീഷിന്റെ വീട് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്ത് പതിയന്‍കാമുറി തീരദേശ ഗ്രാമത്തിലാണ്. റിഫാനയുടേത് ആലപ്പുഴ നഗരത്തിലുള്ള സക്കറിയ ബസാറിലും. രണ്ടുപേരും തമ്മില്‍ പ്രണയത്തിലായത് ആലപ്പുഴ നഗരത്തിലുള്ള സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന കാലത്താണ്. തീവ്രമായ പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞെങ്കിലും എല്ലാവരും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.