ആലപ്പുഴ: അയല്‍വാസിയായ വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങള്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച പത്താം ക്ലാസുകാരനെ പിടികൂടി. ആലപ്പുഴ, എടത്വയിലാണ് സംഭവം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 15 ലക്ഷം രൂപയാണ് വിദ്യാര്‍ത്ഥി വീട്ടമ്മയോട് ആവശ്യപ്പെട്ടത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ ബുധനാഴ്ച്ച എടത്വ സ്വദേശിയും വിവാഹിതയുമായ 30 കാരിയുടെ വീട്ടില്‍ കത്തിനോടൊപ്പെം, ഒരു മെമ്മറി കാര്‍ഡും ലഭിക്കുന്നു. മെമ്മറി കാര്‍ഡില്‍ വീട്ടമ്മയുടെ കുളിക്കുന്ന വീഡിയോയാണുള്ളതെന്നും ഇത് പ്രചരിപ്പിക്കാതിരിക്കാന്‍ 15 ലക്ഷം ഉടന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വീഡിയോ പകര്‍ത്തിയതിന് പിന്നില്‍ അയല്‍വാസിയായ വിദ്യാര്‍ത്ഥി തന്നെയായിരിക്കുമെന്ന് സംശയമുണ്ടായിരുന്ന വീട്ടമ്മ പിന്നീട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് വിദ്യാര്‍ത്ഥിയെ പിടികൂടി. താന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും, കൂട്ടുകാര്‍ക്കൊപ്പം അടിച്ച് പൊളിക്കാനാണ് ഇത്രയും പണം ആവശ്യപ്പെട്ടതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. വീട്ടമ്മ കുളിക്കാന്‍ കയറിയപ്പോള്‍ ഓണ്‍ ആക്കിയ ക്യാമറ സണ്‍ഷെയ്ഡില്‍ സ്ഥാപിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. ചോദ്യം ചെയ്ത ശേഷം വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയിച്ചു. കുട്ടിക്ക് ഉടന്‍ കൗണ്‍സിലിംഗ് നല്‍കും.