തുരുതുരാ മൊബൈലിലേക്ക് വന്നുകൊണ്ടിരിക്കുന്ന മിസ്ഡ് കോളുകൾ കണ്ടാണ് സലീം ഉറക്കമുണർന്നത്..
അല്പം നീരസത്തോടെയാണ് ഫോൺ
എടുത്തു നോക്കിയത്…
നാട്ടിൽ നിന്നും ഭാര്യയാണ്..
തലേദിവസം രാത്രിയിലെ കടയിലെ തിരക്ക് കാരണം ഒരുപോള കണ്ണടയ്ക്കാൻ കഴിയാത്തതിന്റെ ക്ഷീണവും ഉറങ്ങാൻ കിട്ടിയ കുറഞ്ഞ സമയത്തിനിടയിൽ മിസ്ഡ് കോൾ അടിച്ച് ശല്യം ചെയ്തതിലുള്ള ദേഷ്യവും
മനസ്സിൽ വെച്ചുകൊണ്ടാണ് സലീം
വീട്ടിലേക്ക് തിരിച്ചുവിളിച്ചത്..
എന്താടീ…. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ…? എന്താണ് കാര്യം…?
ഒന്നൂല്ല ഇക്കാ… വെറുതെ വിളിച്ചതാ….
പെരുന്നാൾ അല്ലേ …
ഞങ്ങൾ ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലാണ് . അതിനു മുമ്പ് ഇക്കയെ
ഒന്നു വിളിക്കാമെന്ന് കരുതി..
മക്കൾ പുതിയ ഡ്രസ്സൊക്കെ ഇട്ട് ഫോട്ടോയെടുത്ത് വാട്സാപ്പിൽ വിട്ടിട്ടുണ്ട്.. കണ്ടോ..?
ഇല്ല ഞാൻ നോക്കിയിട്ടില്ല ..
നോക്കിക്കോളാം .. പിന്നേയ്..നിങ്ങൾ ഭക്ഷണം എന്താണ് ഉണ്ടാക്കിയത്..?
എല്ലാം ഉണ്ടാക്കിയിട്ടുണ്ട് ഇക്കാ..
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചെമ്മീൻ ബിരിയാണി വരെ.. ഒന്നും കുറവില്ല.
ഇവിടെ നിങ്ങൾ ഇല്ലല്ലോ എന്ന ഒരു കുറവ് മാത്രമേ ഉള്ളൂ..
ഇക്ക അവിടെ എന്താണ് ഉണ്ടാക്കിയത്..?
ഇവിടെ എന്തുണ്ടാക്കാനാ കുഞ്ഞോളേ …
ഇന്നലത്തെ കോഴിക്കറി ബാക്കിയുള്ളത് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്.. അത് ചൂടാക്കണം.
കുബ്ബൂസും ഇരിപ്പുണ്ട്..
ഇന്ന് പെരുന്നാൾ ആയതുകൊണ്ട് ഇന്നലെ
രാത്രി കട അടച്ചിട്ടുണ്ടായിരുന്നില്ല.
ഉറങ്ങാൻ പറ്റിയിട്ടില്ല..
ഉച്ചയ്ക്കുശേഷം കട തുറക്കാൻ ഉള്ളതാണ്..
ഭക്ഷണം ഉണ്ടാക്കാൻ മെനക്കെട്ടാൽ ഇന്നും ഉറങ്ങാൻ കഴിയില്ല..
ഉച്ചക്ക് ശേഷം കട തുറക്കാൻ ഉള്ളതാണ്..
ഞാൻ പിന്നെ വിളിക്കാം.
നിങ്ങൾ അടിച്ചുപൊളിക്കൂ…
എല്ലാം ഫോട്ടോയെടുത്ത് അയക്കണേ..
നിങ്ങളവിടെ സന്തോഷമായി ഇരുന്നാൽ അതുതന്നെയാണ് ഇവിടെ ഞങ്ങളുടെ പെരുന്നാൾ..
എന്നാല്‍ വെക്കട്ടേ..
അസ്സലാമു അലൈകും ..
സലാം പറഞ്ഞിട്ടും മടക്കാതെ ഒന്നും തിരിച്ചു പറയാതെ മിണ്ടാതിരിക്കുന്ന ഭാര്യയെ ഫോൺ കട്ട് ചെയ്തോ എന്ന സംശയത്തോടെയാണ്
സലീം വിളിച്ചത്.
കുഞ്ഞോളേ…
മ്….. എന്ന മൂളലിലെ ഇടർച്ചയും കൂടെ
ഒരു തേങ്ങലും കേട്ടപ്പോൾ സലീം ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു..
കിടന്നിട്ട് ഉറക്കം വരാതെ സലിം തിരിഞ്ഞും മറിഞ്ഞും കിടന്നു.
മനസ്സിൽ എവിടെയോ ഒരു നീറ്റൽ..
വേണ്ടിയിരുന്നില്ല..
ഒന്നും പറയണ്ടായിരുന്നു..
നമ്മുടെ കഷ്ടപ്പാടുകൾ അവരോടുകൂടി പറഞ്ഞ് അവരെയും സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല..
പഴയകാല ഓർമ്മകളിൽ മാത്രം പെരുന്നാൾ ആഘോഷിക്കുന്ന അനേകം പ്രവാസികളിൽ ഒരാൾ മാത്രമാണ് താനെന്ന് ഒാര്‍ക്കേണ്ടിയിരുന്നു…
സലിം നെടുവീര്‍പ്പിട്ടു..
ഈസമയം ഭര്‍ത്താവിന്റെ അവസ്ഥയോര്‍ത്ത് വായിൽ വെച്ച ഭക്ഷണം തൊണ്ടയിൽ കൂടി ഇറക്കാൻ കഴിയാതെ ചോറ്റുപാത്രം മുന്നിൽനിന്നും തള്ളിമാറ്റി ടേബിളിൽ നിന്നും എഴുന്നേറ്റ് പോകുമ്പോൾ തന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തന്റെ മക്കൾ കാണാതിരിക്കാൻ വേണ്ടി
പാടുപെട്ടു ശ്രമിക്കുന്നുണ്ടായിരുന്നു
കുഞ്ഞോൾ..
ശിഹാ കിഴിശ്ശേരി ….