തെന്നിന്ത്യൻ സിനിമാ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നന്ദിനി. ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി സിനിമയിലേയ്ക്ക് കടന്നു വന്നത്. പതിനാറു വയസ്സുമാത്രം പ്രായമായിരുന്നു അന്ന് നന്ദിനിയ്ക്ക്.
ബാലചന്ദ്രമേനോൻ ആയിരുന്നു ഏപ്രിൽ 19 ന്റെ സംവിധായകൻ. ഏപ്രിൽ 19 ൽ അഭിനയിക്കാനെത്തിയ നന്ദിനിയ്ക്കു മുന്നിൽ ബാലചന്ദ്രമേനോൻ ഉൾപ്പെടെയുള്ള സംഘം മുന്നോട്ടു വച്ച കരാറാണ് സിനിമയിലെ ആദ്യകാലങ്ങളിൽ കാമറയ്ക്കു മുന്നിൽ എത്തുന്നതിൽ നിന്നും വിലക്കിയതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നന്ദിനി വ്യക്തമാക്കിയത്.
ആദ്യസിനിമയിൽ അഭിനയിക്കുന്നത്തിനു മുൻപ് തന്നെ കരാറിൽ ഒപ്പുവയ്‌ക്കേണ്ടി വന്നു. അവരുടെ സമ്മതമില്ലാതെ അഞ്ചു വർഷം മറ്റൊരു സിനിമയിലും അഭിനയിക്കാൻ പാടില്ല എന്നതായിരുന്നു കരാർ. അതെങ്ങനെ പറ്റുമെന്ന സംശയം മുന്നോട്ട് വച്ചിരുന്നു. പുതിയ ഓഫറുകൾ വരുമ്പോൾ പറഞ്ഞാൽ മതി ശരിയാക്കാം എന്നായിരുന്നു അന്ന് സംവിധായകൻ ഉൾപ്പെടെയുള്ളവർ നന്ദിനിയോട് പറഞ്ഞത്.
ആദ്യ സിനിമയിൽ അഭിനയിച്ചതിന് ശേഷം ശോഭനയ്ക്കൊപ്പം ഒരു പരസ്യ ചിത്രത്തിലേക്ക് അവസരം കിട്ടിയെങ്കിലും അതിൽ അഭിനയിക്കരുത് എന്നാണ് ബാലചന്ദ്രമേനോൻ പറഞ്ഞതെന്നും പിന്നീട് ചില ഓഫറുകൾ വന്നപ്പോൾ ഏപ്രിൽ 19 ന്റെ നിർമ്മാതാവിനോട് ആണ് അനുവാദം വാങ്ങിയതെന്നും ബാലചന്ദ്രമേനോനെ കാര്യം പറഞ്ഞു മനസിലാക്കാമെന്ന് നിർമാതാവ് ഉറപ്പു നൽകിയതിന് ശേഷമായിരുന്നു ആ അവസരം സ്വീകരിച്ചതെന്നും നന്ദിനി തുറന്നു പറഞ്ഞു.