കോട്ടയം∙ കെവിന്‍ വധക്കേസിൽ അധികാരകേന്ദ്രങ്ങളില്‍നിന്ന് പ്രതികള്‍ക്കു പിന്തുണ കിട്ടിയെന്ന് ഏറ്റുമാനൂര്‍ മജിസ്ട്രേട്ട് കോടതി. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നീങ്ങുന്ന ആരോ ഒരാള്‍ ഈ സംഭവത്തിലുണ്ട്. കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. മൂന്നുപ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുളള ഉത്തരവിലാണു കോടതി ഈ പരാമര്‍ശങ്ങൾ നടത്തിയത്.
അതേസമയം, കെവിന്‍ വധക്കേസില്‍ എഎസ്ഐ അടക്കം രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിനു സര്‍വപിന്തുണയും നല്‍കിയെന്നു വ്യക്തമായതോടെയാണു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ ബിജുവിനെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടുപോകാന്‍ അക്രമിസംഘത്തിനു പൊലീസ് പട്രോളിങ് സംഘം സഹായം ചെയ്തെന്നും സൂചനയുണ്ട്. കുറ്റകൃത്യം അറിഞ്ഞിട്ടും ഗാന്ധിനഗര്‍ എസ്ഐ എം.എസ്.ഷിബു മറച്ചുവച്ചതായും ഐജിയുടെ അന്വേഷണത്തില്‍ വ്യക്തമായി.
നടപടികളിലെ വീഴ്ച എന്നതിനപ്പുറം തട്ടിക്കൊണ്ടുപോകല്‍, മർദ്ദിക്കല്‍, കാണാതാകല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്കെല്ലാം ഒത്താശ ചെയ്ത് പൊലീസ് പ്രതികളെ സഹായിച്ചെന്നാണ് ഐജി വിജയ് സാഖറയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു മുന്‍പുതന്നെ സാനുവിന്റെ നേതൃത്വത്തിലെ സംഘം ഈ വിവരം എഎസ്ഐ ബിജുവിനെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം രണ്ട് തവണ ഫോണ്‍വിളിച്ചു. കെവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതും അറിയിച്ചു.
കെവിനെ പിടിക്കാനും പൊലീസ് പെട്രോളിങ് സംഘത്തിന്റെ സഹായമുണ്ടായെന്നാണു സൂചനകള്‍. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി വരെ കെവിന്‍റെ താമസസ്ഥലത്ത് സുഹൃത്തുക്കളുണ്ടായിരുന്നു. ഇവർ മടങ്ങിയ വിവരം അക്രമിസംഘത്തെ അറിയിച്ചതു പൊലീസ് പട്രോളിങ് സംഘമാണെന്നാണു വിവരം. അക്രമം കഴിഞ്ഞ് മടങ്ങും വരെ പട്രോളിങ് സംഘം കാവല്‍ നിന്നെന്നാണു സൂചന. കെവിനെ കാണാതായ വിവരം ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെ എസ്ഐ എം.എസ്.ഷിബു അറിഞ്ഞിരുന്നു. ഇതറിഞ്ഞുകൊണ്ടാണ് നീനുവിന്റെ പരാതി എസ്ഐ അവഗണിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ, കെവിന്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. നിഷാദ്, ഷെഫിന്‍, ടിറ്റോ ജെറോം എന്നിവരാണു പിടിയിലായത്്. നിഷാദും ഷെഫിനും ഏറ്റുമാനൂര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റിലായത്. ടിറ്റൊ ജെറോം പീരുമേട് കോടതിയില്‍ കീഴടങ്ങി. ഇതോടെ ആകെ എട്ടുപേര്‍ പിടിയിലായി. ആറുപേര്‍ കൂടി ഒളിവിലുണ്ട്. മുഖ്യപ്രതി സാനുവിനെ ചോദ്യം ചെയ്യാനായി കോട്ടയം ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിതാവ് ചാക്കോ, പുനലൂര്‍ സ്വദേശി മനു എന്നിവരെ കോട്ടയത്തെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മൂന്നുവാഹനങ്ങളും കണ്ടെത്തി. സാനുവിന്റെ കാര്‍ പുനലൂരില്‍ നിന്നും ടിറ്റുവിന്റെ കാര്‍ പുനലൂരിലെ ഇളമ്പലില്‍ നിന്നുമാണു കണ്ടെത്തിയത്. ഫൊറന്‍സിക് സംഘം കാറുകള്‍ പരിശോധിക്കുകയാണ്. ടിറ്റുവിന്റെ കാര്‍ തെളിവ് നശിപ്പിക്കാനായി കഴുകിയതായി സംശയമുണ്ട്. മൂന്നു കാറുകളിലൊന്നു ഞായറാഴ്ച കണ്ടെത്തിയിരുന്നു.