Breaking News
Home / Lifestyle / ഇതൊരു ഭാര്യയുടെ തുറന്നെഴുത്താണ് ….വിധിവിലക്കുകളെ പൊട്ടിച്ചെറിയാനാവാതെ സ്വയം എരിഞ്ഞടങ്ങിയ പതിവ്രതയുടെ എഴുത്തു …!!

ഇതൊരു ഭാര്യയുടെ തുറന്നെഴുത്താണ് ….വിധിവിലക്കുകളെ പൊട്ടിച്ചെറിയാനാവാതെ സ്വയം എരിഞ്ഞടങ്ങിയ പതിവ്രതയുടെ എഴുത്തു …!!

ഇതൊരു ഭാര്യയുടെ തുറന്നെഴുത്താണ് ….വിധിവിലക്കുകളെ പൊട്ടിച്ചെറിയാനാവാതെ സ്വയം എരിഞ്ഞടങ്ങിയ പതിവ്രതയുടെ എഴുത്തു …

ഇതിലെന്തിരിക്കുന്നു എന്ന്‌ മുഖം ചുളിക്കുകയോ ഇതിലും വലുത് നാമെത്ര കണ്ടിരിക്കുന്നു എന്ന്‌ പുശ്ചിക്കുകയോ ആവാം …

ഭാര്യ എന്ന പദത്തെ ഉൾക്കൊള്ളുന്നതിനു മുൻപ് തന്നേ വിവാഹിത ആയതിനാലാവാം പൊരുത്ത കേടുകൾ തുടക്കത്തിലേ ഉണ്ടായത് … എങ്കിലും പ്രിയപ്പെട്ടവനേ നിനക്കറിയാമായിരുന്നു എന്റെ പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണെന്ന് ….

എന്നിലേക്ക് നിനക്ക് ഇറങ്ങി വരാമായിരുന്നു …പക്ഷേ നിന്റെ പ്രായത്തിന്റെ പക്വതയിലേക്ക് ഞാൻ എത്തണമെന്ന് നീ ശഠിച്ചു …

വെറുത്തു കൊണ്ട് ഞാൻ നിങ്ങളെ സ്നേഹിച്ചു …. പരിഹസിച്ചു കൊണ്ട് നിങ്ങളും …

മറ്റുള്ളവരുടെ മുൻപിൽ ജയിക്കാനായി ജീവിച്ചപ്പോൾ നാം രണ്ട് പേരും ഒരേ പോലെ തോൽക്കുകയായിരുന്നു ….

പിന്നെന്നോ നിങ്ങളെനിക്ക് ചാർത്തി തന്ന പട്ടമായിരുന്നു …അനുസരണയില്ലാത്തവൾ ..പഠിക്കണമെന്ന വാശി എങ്ങിനെ വന്നെന്നെനിക്കറിയില്ല …ജീവിത കഥ എഴുതിയ തമ്പുരാന്റെ തീരുമാനമായിരിക്കാം …

പരിഹാസങ്ങളിലും കുത്തുവാക്കുകളിലും ഞാൻ തളരാത്തതെന്തേ എന്ന്‌ ഇന്നെനിക്ക് അത്ഭുതം തോന്നുന്നു …വഴി കാട്ടാനോ കൂടെ നടക്കാനോ ആരുമുണ്ടായില്ല …പ്രവാസത്തിലേക്ക് നിങ്ങൾ പോകുമ്പോഴും എനിക്ക് വിഷമം തോന്നിയതേയില്ല …നിങ്ങൾക്കും …കാരണം നിങ്ങളുടെ ബന്ധങ്ങളിൽ ഞാൻ തഴയപ്പെട്ടവളായിരുന്നു അല്ലെങ്കിൽ വിഷമിക്കാൻ തക്കവണ്ണം ഒന്നും സമ്മാനിക്കാത്തവളാകാം ….

മൂന്ന് വർഷത്തെ പ്രവാസത്തിനിടക്ക് 30 ദിവസത്തെ അവധിയുമായെത്തുന്ന നിങ്ങൾ എന്റെ കുറ്റങ്ങൾ കണ്ടുപിടിച്ചു പാടിക്കൊണ്ടേ ഇരുന്നു …

ചീപ്പിലെ മുടിയും …കറി യുടെ രുചിയും തുണിയുടെ ചുളിവുമെല്ലാം …കല്യാണ വീട്ടിലും മരണ വീട്ടിലെയും ചർച്ചകളായി …

കൂട്ടുകാരെന്നു നീ കൂടെ കൊണ്ട് നടന്നവർ ഒളികണ്ണിട്ടെന്നെ അളന്നു മുറിച്ചു … അത്‌ തിരിച്ചറിയാതെ നീയും …പറയാനാവാതെ ഞാനും …

ഇരുണ്ട മുറികളിലെ ചുടു നിശ്വാസം ഉയർന്നു താണപ്പോൾ ഇറുകെ കണ്ണ് പൂട്ടിയ എന്നെ നീ കണ്ടില്ല …ഒലിച്ചിറങ്ങിയ കണ്ണുനീരും… നീ സുഷുപ്തിയിൽ ദീർഘമായ ശ്വാസോച്‌വാസം കൊണ്ടെന്റെ കണ്ണുനീരിനെ പുറത്തെടുത്തു …പാതി വഴിയിലുപേക്ഷിക്കപ്പെട്ട കീറിയ പട്ടം പോലെ …ഞാൻ ആടിയുലഞ്ഞു …..

കാലത്തിന്റെ വേഗത ആയിരിക്കാം നമ്മുടെ കുഞ്ഞിനെ സമ്മാനിച്ചത് …. അവൾക്ക് വേണ്ടി നീണ്ട രണ്ട് വർഷം ആശുപത്രിയുടെ പടികൾ ഒറ്റക്ക് കേറി ഇറങ്ങുമ്പോഴും നീ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്ക് പോലും പറഞ്ഞില്ല …. പകരം കിട്ടിയത് നിനക്ക് മടുത്തെന്ന വാക്കും …

അതായിരുന്നെന്നെ ഞാനാക്കിയ ആദ്യത്തെ ഘട്ടം …ഒരിക്കലും ബാധ്യത ആകരുതെന്ന ചിന്ത എന്റെ ഉറക്കം കളഞ്ഞു ….അതാണെന്നെ ഒരു ഉദ്യോഗസ്ഥ ആക്കിയത് …അപ്പോഴേക്കും നീയെന്നെ അഹങ്കാരിയാക്കി …. ജീവിത ഭാരം എന്റെ തലയിലേക്ക് ആരുമറിയാതെ വെച്ചു തന്ന നീ എല്ലാപേർക്കും നല്ലവനായി ….ഞാനോ …

ജീവിക്കാനായി നെട്ടോട്ടമോടുമ്പോഴും ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടായിരുന്നു …കാരണം ഞാൻ വിശ്വസിച്ചു …നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് …. ഒന്നും പങ്കു വെക്കാതെ പരസ്പരം സ്നേഹിക്കാതെ കാലം നമ്മൾ ആർക്കൊക്കെയോ വേണ്ടി തള്ളി നീക്കി …

ഒറ്റക്ക് ഇരുകാലിൽ നിവർന്നു നിന്നപ്പോഴാണ് വേരുകൾ പടർത്തി അർബുദമെന്നിൽ പന്തലിട്ടത് …ആരോടും പറയാൻ തോന്നിയില്ല …മക്കളെ ഓർത്തു മാത്രം ഞാൻ ചികിത്സ നേടി … എന്തിനും ഏതിനും ആരെയും ആശ്രയിക്കാത്തതിനാൽ നീ തന്ന പേര് തന്റേടി …

കരഞ്ഞു കൊണ്ട് നിന്നോട് കാര്യം പറഞ്ഞ എന്റെ കുടെപിറപ്പിനോട് മറുപടി പറയാതെ നീ ph വെച്ചപ്പോൾ അവൾ പറഞ്ഞു ..നിനക്ക് വിഷമം ആയെന്നു ….
ഞാനും എവിടെയോ തളർന്നു പോകുമായിരുന്നു …ചാഞ്ഞിരിക്കാൻ ഒരു തോളും …മുഖംഅമർത്താൻ ഒരു നെഞ്ചും ഞാൻ കാത്തിരുന്നു …പക്ഷേ മരിക്കും വരെ അധ്വാനിച്ചു ജീവിക്കണം എന്ന നിന്റെ ഉപദേശം ….ഒരു പുഞ്ചിരിയോടെ തന്നെ ഞാൻ സ്വീകരിച്ചു …. മൂന്നാം നാൾ ജോലിക്ക് പോയി ഞാനെന്നോടു പകരം വീട്ടി ….

എന്നെ എല്ലാപേരുമിന്നു പ്രശംസിക്കുന്നു …ജീവിത വിജയം നേടിയ കുടുംബിനി എന്ന്‌ …കൂടെ ഉള്ളവർ പ്രാർത്ഥിക്കുന്നു ഇതുപോലൊരു ഇണയെ കിട്ടാൻ ….എന്നെ ഇങ്ങനെ ആക്കിയത് നീയാണ് ….

സ്നേഹിക്കാതെ …ചേർത്ത് നിർത്താതെ …
ചുണ്ട് കൊണ്ട് ചിരിച്ചു ഉള്ളു കൊണ്ട് കരയാൻ പഠിപ്പിച്ചതിനു…തളർന്നു പോയപ്പോഴൊക്കെയും താങ്ങാവാതെ മാറിനിന്നതിന് …. കരയണമെന്നു തോന്നിയപ്പോൾ വീറു പിടിപ്പിച്ചതിനു …എല്ലാത്തിനും …

ഇന്ന് നമ്മുടെ മകളുടെ വിവാഹമായിരുന്നല്ലോ …ഏറ്റവും സന്തോഷത്തോടെ അവൾ പടിയിറങ്ങി …അവനും സ്വന്തം കാലിൽ നിൽക്കാറായി ….ഇനി എനിക്ക് പോണം എല്ലാ ബന്ധങ്ങളെയും പൊട്ടിച്ചെറിഞ്ഞു …കുറച്ചെങ്കിലും എന്റെ ഇഷ്ടങ്ങളോടൊപ്പം ജീവിക്കണം …തിരയരുത് …ഇനി ഒരു മടക്കമില്ല …….
കുത്തി നോവിക്കാനോ വിഷമിപ്പിക്കാനോ അല്ല …ഇതെഴുതുന്നത് …ഇനിയും ഇവിടെ നിന്നാൽ …എനിക്ക് ഭ്രാന്ത് പിടിക്കും …

എനിക്ക് സന്തോഷിക്കാനോ മറ്റൊരാളെ സന്തോഷിപ്പിക്കാനോ കഴിയാത്ത ഈ ജീവിതം ഇനിയെന്റെ ഇഷ്ടത്തിന് എനിക്ക് ജീവിച്ചു തീർക്കണം …. പുതിയൊരാളായി …അജ്ഞാതയായി ….

== Ami Jeeba==

About Intensive Promo

Leave a Reply

Your email address will not be published.