‘മോനെ എനിക്കു പേടിയാണ്,’ പതിനാലുകാരന്റെ ഉപദ്രവം സഹിക്കാൻ പറ്റാതെ അമ്മ കരഞ്ഞു. ‘എന്തെങ്കിലും അരുതെന്നു പറഞ്ഞാൽ അക്രമാസക്തനാകും. എനിക്കുനേരെ പലവട്ടം കൈ ഉയർത്തി. അവന്റെ അമ്മയെ അടിച്ചു’, അച്ഛന്റെ വേദന.
അമിത മൊബൈൽ ഫോൺ ഉപയോഗമായിരുന്നു മകന്റെ പ്രശ്നം. അവൻ അശ്ലീല വെബ്സൈറ്റുകൾക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞപ്പോൾ വൈകി. ചില ദിവസങ്ങളിൽ സ്കൂളിൽ പോകാതെ മുറിയടച്ചിരുന്നു ഫോൺകാഴ്ചകളിൽ മുഴുകിയതോടെ കാര്യങ്ങൾ കൈവിട്ടുപോയിത്തുടങ്ങി.
മറ്റൊരു പയ്യനാണു നിങ്ങളുടെ ഭാര്യയെ അടിക്കുന്നതെങ്കിലോ എന്നു മനോരോഗവിദഗ്ധൻ അച്ഛനോടു ചോദിച്ചു.
‘പൊലീസിൽ പരാതിപ്പെടും, അല്ലെങ്കിൽ തിരിച്ചു രണ്ടു കൊടുക്കും,’ എന്നു മറുപടി.
‘അതുപിന്നെ മകനല്ലേ സർ…’ എന്ന് അച്ഛന്റെ നിസ്സഹായത.
നാലഞ്ചു വർഷം മുൻപ് എടത്വയിലെ സ്കൂളിൽ വിദ്യാർഥി സഹപാഠിയെ കൊലപ്പെടുത്തി. ഷൂവിൽ കത്തിയൊളിപ്പിച്ചാണ് അവൻ സ്കൂൾ തുറന്ന ദിവസം ക്ലാസിലെത്തിയത്.
ഈയിടെ, പ്ലസ് വൺ വിദ്യാർഥി മുഖംമൂടി ധരിച്ചെത്തി ഒരാളെ ആക്രമിച്ച കേസുണ്ടായി. സിനിമയെ അനുകരിക്കുകയായിരുന്നത്രേ. കൊല നടത്തിയ കുട്ടി പറഞ്ഞതും ഇംഗ്ലിഷ് സിനിമയിൽ കണ്ടതുപോലെ ചെയ്തെന്നാണ്.വിവേചനശേഷി കുറയുന്നതുമൂലമാണ് അമിതമായ അനുകരണപ്രവണതയിലേക്കും മാനസികവൈകല്യങ്ങളിലേക്കും കുട്ടികൾ നീങ്ങുന്നതെന്നതാണു വാസ്തവം.
ഡോക്ടർമാർ പറയുന്നു: കൗമാരപ്രായക്കാർ മാതാപിതാക്കളെ, പ്രത്യേകിച്ച് അമ്മമാരെ ഉപദ്രവിക്കുന്ന സംഭവങ്ങൾ കൂടിയിട്ടുണ്ട്. ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുക്കാത്തതാണു മുഖ്യകാരണം. സംശയങ്ങളാണു മറ്റൊരു കാരണം. യുക്തിസഹമായി ചിന്തിക്കുന്നതിനുപകരം ആരോപണങ്ങളും സംശയങ്ങളും അടിസ്ഥാനമാക്കി പ്രവർത്തിക്കുകയാണു മിക്ക കുട്ടികളും. ലഹരിവസ്തുക്കൾ സുലഭമായതും ആക്രമണോത്സുകത പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകൾ വ്യാപകമായതും കുട്ടികളെ പ്രശ്നങ്ങളിലേക്കു തള്ളിവിടുകയാണ്.
ഇടറിവീഴുന്ന ബന്ധങ്ങൾ
രക്തബന്ധം പോലും മറന്നു തെറ്റായ വഴികളിലേക്കു കൂപ്പുകുത്തുകയാണു ചില വീടുകൾ. ലഹരി ഉപയോഗം, മാനസിക പ്രശ്നങ്ങൾ, ചെറുപ്പത്തിലേ ഉണ്ടായ ലൈംഗിക ചൂഷണങ്ങൾ, ഇന്റർനെറ്റ് അടിമത്തം എന്നിങ്ങനെ കാരണങ്ങൾ പലത്.
അവൾക്കു മനസ്സിലായില്ല, പിതാവ് ചെയ്തത് തെറ്റാണെന്നുപോലും
മലപ്പുറം ജില്ലയിൽ പത്താംക്ലാസിലെ മിടുക്കിക്കുട്ടി സ്കൂളിൽ വരുന്നില്ലെന്നും മഞ്ഞപ്പിത്തമാണെന്നു പിതാവു പറയുന്നതിൽ സംശയമുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ചാണു ചൈൽഡ്‌ലൈൻ പ്രവർത്തകർ വീടന്വേഷിച്ചുപോയത്. രണ്ടുതവണ പോയപ്പോഴും വീട് തുറന്നുകൊടുത്തില്ല. ഒടുവിൽ സഹായത്തിനു പൊലീസിനെ വിളിക്കേണ്ടിവന്നു.
കുട്ടി ആറുമാസം ഗർഭിണിയാണ്. പിതാവുതന്നെയാണു പ്രതി. മാതാവു മരിച്ചതിനെത്തുടർന്നു കുട്ടികൾക്കു തന്നോടുണ്ടായ ആത്മബന്ധം അയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു. പിതാവു ചെയ്തതു തെറ്റാണെന്നു കുട്ടിക്കറിയില്ല. അവളുടെ രണ്ട് ഇളയ സഹോദരിമാർക്കും അറിയില്ല. കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു പ്രസവമല്ലാതെ പോംവഴിയില്ലായിരുന്നു. നവജാതശിശു മരിച്ചു.
ചൈൽഡ്‌ലൈൻ പ്രവർത്തകരുടെയും ജുവനൈൽ ഹോമിലെ മാനസികാരോഗ്യവിദഗ്ധന്റെയും സഹായത്തോടെ അവൾ വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവരികയാണ്. ഇപ്പോൾ പ്ലസ് ടു പരീക്ഷയ്ക്കൊരുങ്ങുന്നു. പിതാവ് ജയിലിൽ. ലഹരി ഉപയോഗമാണ് ഇയാളെ അരുതായ്കകളിലേക്കു നയിച്ചത്. ഭാര്യയുടെ മരണത്തെക്കുറിച്ചും സംശയങ്ങളുണ്ട്. രോഗബാധിതയായ അവരെ ചികിൽസിക്കാതെ മരണത്തിലേക്കു തള്ളിവിടുകയായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.
അമ്മയാണെന്ന് അവൻ മറന്നുപോയതാകും
മകന്റെ മൊബൈൽ ഫോണിൽ തന്റെ കുളി വിഡിയോ കണ്ടതിന്റെ ഞെട്ടലിലായിരുന്നു അമ്മ. പതിനാറുകാരനായ മകനെയും കൂട്ടി അമ്മയും അച്ഛനും മനോരോഗ വിദഗ്ധനെ കണ്ടു, ‘അമ്മയാണെന്ന് അവൻ മറന്നുപോയതാണോ? ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു ഞങ്ങൾക്കറിയില്ല’.
ചെയ്തതു തെറ്റല്ലേ എന്ന ഡോക്ടറുടെ ചോദ്യത്തിന് അവനു മറുപടിയില്ല., പക്ഷേ മറ്റൊന്നു പറഞ്ഞു: ‘‘കൂട്ടുകാരിൽ പലരും ഇത്തരം വിഡിയോകൾ രഹസ്യമായി ചിത്രീകരിക്കാറുണ്ട്. അമ്മയുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും ഒക്കെ’’. പിന്നെ ഞാൻ ചെയ്തതിൽ എന്താണു തെറ്റ് എന്നു ചോദിക്കുന്നതുപോലെയായിരുന്നു പ്രതികരണം.
കൂസലില്ലാതെ മകൾ, മനോനില തെറ്റി അമ്മ
അമ്മയും അച്ഛനും ഡിഗ്രി വിദ്യാർഥിനിയായ മകളുമുള്ള വീട്. ഒരു രാത്രി മകളുടെ മുറിയിൽ അമ്മ കണ്ടത്, അവളുടെ കാമുകനെ. അവളുടെ അച്ഛനെക്കാൾ പ്രായമുള്ള ആൾ. മകൾക്ക് ഒരു കൂസലുമില്ല. ബഹളം വയ്ക്കരുത്, താനിവിടെ നിത്യസന്ദർശകനാണെന്നു കാമുകൻ. ആ ഷോക്കിൽ ഉറക്കമില്ലാതെ മനോനില തെറ്റിയ അമ്മ മനഃശാസ്ത്രജ്ഞന്റെ മുന്നിലെത്തി. ഒച്ചവയ്ക്കാൻ ശ്രമിക്കാതിരുന്നതു നന്നായി, അല്ലെങ്കിൽ അമ്മയെ ആക്രമിക്കുന്ന നിലയിലേക്കു മാറിയേനെ എന്നാണു ഡോക്ടർ പറഞ്ഞത്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്കു ഗുരുതര പരുക്കേൽക്കുന്ന സംഭവങ്ങൾ ഒട്ടേറെയാണെന്നു ഡോക്ടർമാരുടെ കേസ് ഡയറികൾ സാക്ഷ്യപ്പെടുത്തും. മക്കളുടെ ഭാവിയോർത്തു പല കേസുകളും പൊലീസ് സ്റ്റേഷനിലെത്തുന്നില്ലെന്നു മാത്രം.
അവൾക്കു രോഗമല്ല, ബാധ കയറിയതാണ്
കണ്ണൂർ ജില്ലയിലെ വീട്ടമ്മ ആറുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ടു പുഴയിൽ ചാടി മരിച്ചു. ഇതിന് ഏതാനും നാൾ മുൻപ് ഭർത്താവിനൊപ്പം അവർ പരിയാരം മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ഭാര്യയുടെ സ്വഭാവം ശരിയല്ലെന്നായിരുന്നു അയാളുടെ പരാതി. അമിത ദേഷ്യം, കുഞ്ഞിനോട് അവഗണന എന്നിങ്ങനെ കുറെ കുറ്റങ്ങൾ. പ്രസവശേഷം ചില സ്ത്രീകളിൽ ഉണ്ടാകുന്ന വിഷാദരോഗം (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) ആണിതെന്നു ഡോക്ടർ പറഞ്ഞെങ്കിലും ഭർത്താവും കുടുംബവും വിശ്വസിച്ചില്ല. തുടർചികിൽസയ്ക്കായി വീണ്ടും എത്തണമെന്നും അല്ലെങ്കിൽ ഗുരുതര അപകടങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പു നൽകിയപ്പോൾ, ‘ അവൾക്കു ബാധ കയറിയതാണ്’ എന്നായിരുന്നു പ്രതികരണം.
മക്കളെയുമെടുത്തു പെട്ടെന്നുള്ള പ്രകോപനത്തിൽ മരിക്കാൻ ഒരുങ്ങുന്ന മിക്ക സ്ത്രീകളുടെയും യഥാർഥ പ്രശ്നം ഇത്തരത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്ന മനോരോഗമാണെന്നു തിരിച്ചറിയുന്നില്ല. ജോലി, കുട്ടികൾ, വീട് എന്നിങ്ങനെ പല തിരക്കുകൾക്കിടയിൽ ഓരോ സ്ത്രീയുടെയും ജീവിതം സംഘർഷഭരിതമാകുന്ന കാലമാണ്. ഇതിനിടെ വിഷാദരോഗവും കൂടി പിടിപെട്ടാൽ പിന്നെ പറയേണ്ടല്ലോ. സന്തോഷകരമല്ലാത്ത ദാമ്പത്യത്തിൽ ജനിക്കുന്ന കുട്ടികളോടു ചില അമ്മമാർക്കു ദേഷ്യം തോന്നുക സ്വാഭാവികമാണെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു.
എന്റെ മക്കളെവിടെ, അവർക്ക് എന്തുപറ്റി ?
രണ്ടുമക്കൾക്കും ഐസ്ക്രീമിൽ വിഷംചേർത്തു നൽകിയ ശേഷം അമ്മയും അതു കഴിച്ചു. മക്കൾ മരിച്ചു. അമ്മ രക്ഷപ്പെട്ടു. അബോധാവസ്ഥയിൽ നിന്നു കൺതുറന്നപ്പോൾ മുതൽ അവർ മക്കളെ ചോദിച്ചുകൊണ്ടിരുന്നു. കുട്ടികൾ മരിച്ചെന്ന് ഉൾക്കൊള്ളാനാകാതെ മനോനില തെറ്റി. ചികിൽസയ്ക്കിടെ അവർ പറഞ്ഞു, ‘മക്കളുടെ ഗുണത്തിനു വേണ്ടിയാണ് അവർക്കു വിഷം നൽകിയത്. മദ്യപാനിയായ ഭർത്താവിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നു. ഭർത്താവിൽ നിന്നോ കുടുംബത്തിൽ നിന്നോ സ്നേഹമോ പരിഗണനയോ ഉണ്ടായില്ല. ഞാൻ ഇല്ലാതായാൽ കുട്ടികളെ ആരു നോക്കും, അവരുടെ ഭാവി എന്താകും’. ജീവിതം വഴിമുട്ടിയപ്പോൾ നിരാശയും വിഷാദരോഗവും അവരെ പിടിമുറുക്കിയിരുന്നു. അതു തിരിച്ചറിയാനോ ചികിൽസിക്കാനോ കഴിയാത്തതാണു ദുരന്തത്തിലേക്കു നയിച്ചത്. കുഞ്ഞുങ്ങളെ കൊന്ന് ജീവനൊടുക്കുന്ന പലരുടെയും മനസ്സിന്റെ താളം െതറ്റിയിട്ടുണ്ടാകാം. നേരത്തേ കണ്ടുപിടിച്ച് ചികിൽസിച്ചാൽ എത്രയോ ജീവനുകൾ രക്ഷിച്ചെടുക്കാം.
ഇരകളിൽ കൂടുതൽ ആൺകുട്ടികൾ
സംസ്ഥാനത്ത് ലൈംഗിക ചൂഷണത്തിനിരയാകുന്നവരിൽ പെൺകുട്ടികളെക്കാൾ കൂടുതൽ ആൺകുട്ടികൾ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മാനസികാരോഗ്യ വിഭാഗം അസി. പ്രഫ. അരുൺ ബി.നായരും ഡോ. ജെ.ദേവികയും 2014ൽ ഹൈസ്കൂൾ കുട്ടികൾക്കിടയിൽ നടത്തിയ സർവേയിലാണു കണ്ടെത്തൽ. ആൺകുട്ടികളിൽ 38.6 ശതമാനവും പെൺകുട്ടികളിൽ 37.7 ശതമാനവും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്. ഏറെപ്പേരും ആക്രമിക്കപ്പെട്ടതു സ്വന്തം കുടുംബങ്ങളിൽ തന്നെ.
ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുത്താൽ….
വിഷാദം, ഡെല്യൂഷൻ, ഹാലൂസിനേഷൻ എന്നിവയാണ് അച്ഛനമ്മമാരിൽ അക്രമാസക്തിക്കു പ്രധാനകാരണങ്ങൾ. ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുത്ത്, ഒടുവിൽ, നടപ്പാക്കാനാവാത്ത ഒരു ആവശ്യം വരുമ്പോഴാണു മിക്ക കുട്ടികളും നിലവിട്ടു പെരുമാറുന്നത്.
ഡിപ്രഷൻ (വിഷാദം)
ജീവിതസാഹചര്യങ്ങളും പാരമ്പര്യഘടകങ്ങളും തലച്ചോറിലെ രാസമാറ്റങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് വിഷാദം വരാം. ഹോർമോൺ വ്യതിയാനം കൊണ്ടും ഉണ്ടാകാം. സ്വയം ജീവൻ അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ കുട്ടികളെക്കൂടി കൊല്ലാൻ തീരുമാനിക്കുന്നത് (എക്സ്റ്റൻഡഡ് സൂയിസൈഡ്) വിഷാദത്തിന്റെ ഫലങ്ങളിലൊന്നാണ്.
ഡെല്യൂഷൻ (മിഥ്യാഭ്രമം)
യുക്തിരഹിതമായ സംശയങ്ങൾ മനസ്സിനെ കീഴടക്കുന്ന അവസ്ഥ. കുഞ്ഞുങ്ങളെയോ അച്ഛനമ്മമാരെയോ സംബന്ധിച്ച സംശയങ്ങൾ വളർന്നുവളർന്ന് അക്രമത്തിനു കാരണമാകാം. സംശയങ്ങളെ നിലയ്ക്കു നിർത്താൻ കഴിഞ്ഞില്ലെങ്കിൽ നിയന്ത്രിക്കാനാവാത്ത ദേഷ്യവും നിസ്സഹായതയും ആക്രമണോത്സുകതയും വളർന്നുവരും.
ഹാലൂസിനേഷൻ (മതിഭ്രമം)
തോന്നലിൽ മാത്രമുള്ള ശബ്ദങ്ങൾ മനസ്സിനെയും അതുവഴി ശരീരത്തെയും നിയന്ത്രിച്ചുതുടങ്ങാം. പങ്കാളിയോ കുട്ടിയോ, തന്നെ അപായപ്പെടുത്തുമെന്നോ ഭാവിയിൽ ഭീഷണിയാകുമെന്നോ ഉള്ള ചിന്ത സദാ ശബ്ദമായി മുഴങ്ങിക്കേൾക്കുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. ഇത്തരം ശബ്ദങ്ങളും കാഴ്ചകളും മുഖവിലയ്ക്കെടുക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വലുതായിരിക്കും.
ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ (പിടിവാശി)
കുട്ടികൾക്ക് എല്ലാ ആഗ്രഹങ്ങളും ഉടനടി സാധിച്ചുകൊടുക്കുന്നതിനെ ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ എന്നു വിളിക്കും. ചില കാര്യങ്ങൾക്കെങ്കിലും ‘ഇല്ല’ എന്ന മറുപടി കേൾക്കാൻ അവരെ സജ്ജരാക്കണം. ഇല്ലെങ്കിൽ, ഭാവിയിൽ എപ്പോഴെങ്കിലും പ്രതികൂല മറുപടി കേൾക്കുന്നതു വലിയ പ്രശ്നങ്ങൾക്കു വഴിതെളിക്കും. അത് വാശിയും േദഷ്യവുമുണ്ടാക്കുകയും സ്വയം പീഡിപ്പിക്കുന്നതിലോ മറ്റുള്ളവരെ ആക്രമിക്കുന്നതിലോ എത്തുകയും ചെയ്യും.
വിവരങ്ങൾ: ഡോ. വർഗീസ് പുന്നൂസ് (മാനസികാരോഗ്യവിഭാഗം മേധാവി, ആലപ്പുഴ മെഡിക്കൽ കോളജ്), ഡോ. സി.ജെ. ജോൺ (മനോരോഗ വിദഗ്ധൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി), ഡോ. അരുൺ ബി. നായർ (മാനസികാരോഗ്യവിഭാഗം അസി. പ്രഫസർ, തിരുവനന്തപുരം മെഡിക്കൽ കോളജ്), ഡോ.എ.വി. ധ്രുവിൻ (മനഃശാസ്ത്രവിഭാഗം പ്രഫസർ, പരിയാരം മെഡിക്കൽ കോളജ്), ഡോ. ഷാഹുൽ അമീൻ (മനോരോഗവിദഗ്ധൻ, ചങ്ങനാശേരി), ഡോ. ടി. സാഗർ (സൂപ്രണ്ട്, മാനസികാരോഗ്യ കേന്ദ്രം, പേരൂർക്കട), ഡോ. ബഷീർകുട്ടി (സൈക്കോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളജ്), മുഹ്സിൻ പരി (ചൈൽഡ്‌ലൈൻ കൗൺസലർ മലപ്പുറം)