ഈ പെണ്‍കുട്ടിയുടെ അനുഭവ കഥ വായിക്കാതെ പോകരുത്.
രണ്ട് പട്ടികൾ അടുക്കളയുടെ പിന്നാമ്പുറത്ത് ഇണ ചേരുന്ന കാഴ്ചയിലേക്കാണ് തങ്കമണി ഇങ്ങനെ പിറുപിറുത്തിട്ടത്.തങ്കമണിയുടെ പിറുപിറുക്കൽ തങ്ങളിലേക്ക് വന്നു വീണത് തിരിച്ചറിഞ്ഞ പട്ടി.
” എന്റെ തങ്കമണി ഞങ്ങളെ വെറുതെ ശല്യപ്പെടുത്താതെ വേറെ വല്ല പണിയും നോക്ക് ”
എന്ന ചോദ്യമുള്ള പാതി കൂമ്പിയടഞ്ഞ കണ്ണുകളാൽ അവളെ നോക്കി.
“എന്താണ് തങ്കു അവറ്റകളെ നോക്കി നീ പിറുപിറുക്കുന്നത്..?”
തലയിലൊരു മുഴുത്ത ചക്കയും ഈ ചോദ്യവുമായ് അയൽക്കാരി സുബൈദ അവിടെക്ക് വന്നു.
”ദേ കണ്ടില്ലെ സുബു ഇവറ്റകൾ കാണിക്കുന്നത്. ”
ചക്ക താഴെ വെച്ച് അവളെയും പട്ടികളുടെ ചേഷ്ടകളും നോക്കി സുബൈദ ചിരിയോടെ പറഞ്ഞു.
”എന്റെ തങ്കു ഇത് കന്നിമാസമല്ലെ ഇപ്പോ അവരുടെ സമയമാണ്. ഇതു പോലെ പല കാഴ്ചകളും കാണും.”
“എന്നാലും ഇങ്ങനെയുണ്ടോ പരിസരം പോലും നോക്കാതെ..!”
“പരിസരം നോക്കി പിഞ്ചുകുട്ടികളെ പോലും പീഡിപ്പിക്കുന്ന മനുഷ്യരേക്കാൾ ഭേദമാണ്.!
പിന്നെ തങ്കു എന്റെ കന്നിമാസവും തീർന്നടീ. എന്റെ കെട്ടിയോൻ നാളെ ദുബായ്ക്ക് തിരിച്ചു പോകും..”
അവളുടെ കണ്ണുകളിൽ തിളക്കം കെട്ടുപോകുന്നതും വിഷാദം ഓടി കയറുന്നതും തങ്കമണി കണ്ടു..
”സുബുവെ ജബ്ബാറിന്റെ അവധി തീർന്നോ..?”
സുബൈദയുടെ വിഷമം തട്ടിയ തട്ടം താഴെക്ക് വീണത് അവൾ നേരേയാക്കി കൊണ്ട് പറഞ്ഞു.
“ഉം.. ഞാനും നാളെ തന്നെ തറവാട്ടിലേക്ക് പോകും.ഇക്കാടെ മണമുള്ള മുറിയിൽ എനിക്ക് തനിച്ച് കിടക്കാൻ വയ്യാ.. ”
“അയ്യോ സുബു നീ പോയാൽ ഞാൻ തനിച്ചാവുല്ലോ.”
“ഇടക്ക് വരാം തങ്കു ഞാൻ ”
അവർക്കിടയിലേക്ക് കാറ്റ് ഏതോ ഒരു പക്ഷിയുടെ തൂവൽ കൊണ്ടിട്ടു.അത് തങ്കുവിനെയും സുബൈദയെയും നോക്കി കിടന്നു..
”ഡി സുബുവെ… ”
സുബൈദ തിരിഞ്ഞു നടക്കുമ്പോൾ തങ്കമണിയുടെ വിളി അവളെ പിറകിൽ നിന്നും തോണ്ടി വിളിച്ചു.
“എന്താ തങ്കു..?”
”നീ പോയാൽ ഞാൻ ഒറ്റക്കാവും പിന്നെ ഒരു രസവുമില്ലാതാകുമെടി.”
“ഞാൻ വരാം പെണ്ണേ ഇടക്ക്.നീ ഈ ചക്ക വെട്ടി തിന്ന്.. ”
എന്തോ ഓർത്തിട്ടെന്നവണ്ണം സുബൈദ പിന്നെയും പറഞ്ഞു.
” ഞാനില്ലാന്നു കരുതി നീ തനിച്ച് സർപ്പകാവിലേ ഗന്ധർവൻ പാലക്കരികിൽ പോകരുത് ട്ടാ.നിനക്ക് വട്ടാണ് അവിടെ ഗന്ധർവ്വനൊന്നുമില്ല. സർപ്പങ്ങൾ ഇണചേരുന്ന സമയമാണ്.. ”
അവൾ പോയി മറയുന്നതു വരെ തങ്കമണിയുടെ കണ്ണുകൾ അവൾക്കു കൂട്ടുപോയി.നാല് മാസമാകുന്നതെയുള്ളു തങ്കമണിയും ഭർത്താവ് ശിവരാമനും ഈ വീട് വാങ്ങിയിട്ട്.നഗരത്തിലെ തറവാട്ടിൽ നിന്നും ഭാഗം മേടിച്ച് ഗവൺമെന്റ് ജോലിക്കാരൻ ശിവരാമൻ ചുളുവിലക്ക് വാങ്ങിയതാണ്. പിറകിലൊരു ആൾ താമസമില്ലാത്ത ഇടിഞ്ഞ മനയും ഒരു സർപ്പക്കാവുമുണ്ട്. ഭർത്താവ് ഈ വീട് വാങ്ങുമ്പോൾ തങ്കമണിക്ക് വല്ലാത്ത സന്തോഷം തോന്നി. കാരണം ആ വീടിരിക്കുന്ന സ്ഥലത്തെയും ഗന്ധർവ്വൻ പാലയെ കുറിച്ചും അറിഞ്ഞ നിമിഷം.ഇതുപോലൊരു സ്ഥലം അവൾ കൊതിച്ചിരുന്നു.ചെറുപ്പംതൊട്ട് അവൾ മുത്തശ്ശിയിൽ നിന്നും കേട്ട ഗന്ധർവ്വ കഥകൾ അത്രയ്ക്കവളുടെ ഹൃദയത്തെ തൊട്ടിരുന്നു.
അധികമാരും താമസമില്ലാത്ത അവിടെ തങ്കമണിക്ക് കൂട്ട് സുബൈദയാണ്.പലപ്പോഴും സുബൈദ കാണാതെ ആ സർപ്പക്കാവിലെ ഗന്ധർവൻപ്പാലക്കരികിൽ തങ്കമണി പോയിട്ടുണ്ട്.. രാത്രി കറങ്ങുന്ന ഫാനിലേക്ക് ഉറക്കം വരാതെ നോക്കി കിടക്കുമ്പോൾ ശിവരാമന്റെ കൂർക്കം വലി തങ്കമണിയുടെ ചെവിയുടെ വാതിലിൽ മുട്ടി വിളിച്ചു കൊണ്ടിരുന്നു.
പിറ്റെന്ന് ഭർത്താവ് ജോലിക്കു പോയതിനു ശേഷം അവൾ കാവിനകത്തേക്ക് ചെന്നു.
ഗന്ധർവൻ പാലക്കരികിൽ തങ്കമണി മിഴികളടച്ച് പ്രാർത്ഥിച്ചു.
“ഗന്ധർവ്വാ എനിക്ക് നിങ്ങളെയൊന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്. അത് സാധിക്കുമോ?”
സുബൈദയുടെ കണ്ണും വെട്ടിച്ച് ഇത് നാലമത്തെ തവണയാണ് തങ്കമണിയുടെ ഈ പ്രാർത്ഥന.. നിരാശയോടെ തങ്കമണി പിറുപിറുത്തു.
”വെറുതെ പറയുന്നതാ ഗന്ധർവ്വമാരുണ്ടെന്ന്. ഇപ്പോ എനിക്ക് മനസ്സിലായി ഇതൊക്കെ കെട്ടുകഥകളാണെന്ന് ”
സിൽക്കാര ശബ്ദത്തോടെ സർപ്പങ്ങൾ ഇണചേരുന്നത് കണ്ടപ്പോൾ അവളത് നോക്കി നിന്നു. കാറ്റ് ശക്തിയായി വീശുന്നു. കാറ്റിന് നല്ല തണുപ്പ്.തങ്കമണി തിരിഞ്ഞു നടന്നതും പിറകിൽ നിന്നൊരു ചോദ്യം.
“തങ്കമണി പോകുകയാണോ ”
ചോദ്യം കേട്ട് അൽഭുതത്തോടെ തിരിഞ്ഞു നോക്കി. ഇല്ലാ ആരുമില്ലാ. തനിക്ക് തോന്നിയതാണോ. അവളുടെ ചിന്തകളിലേക്ക് ഗന്ധർവൻപ്പാലക്കു മറവിൽ നിന്നൊരു ശബ്ദം വന്നു വീണു.
“തങ്കമണി….!”
തങ്കമണി അത് കേട്ട് ചെറിയൊരു ഭയത്തോടെ ഉച്ചത്തിൽ ചോദിച്ചു.
”ആരാ ആരാന്ന ചോദിച്ചേ…”
അപ്പുറത്തൊരു ചിരിയുടെ ശബ്ദമാണ് ആ ചോദ്യത്തിനുത്തരമായ് വന്നത്..
ഇണചേരുന്ന ആ സർപ്പങ്ങളുടെ സിൽക്കാരത്തിനൊപ്പം ആ ചിരിയും നിറഞ്ഞു നിന്നു. കാറ്റ് തട്ടി പറിക്കാൻ ശ്രമിക്കുന്ന മുടിയിഴകൾ ഒതുക്കിവെയ്ക്കുമ്പോഴാണ് തങ്കമണി കണ്ടത്. ഗന്ധർവ്വൻപാലക്കു മറവിൽ നിന്നൊരാൾ പുഞ്ചിരി തൂകി കൊണ്ട് വെളിയിലേക്ക് വന്നു.. പാലമരത്തിൽ നിന്നും പൂക്കൾ താഴെക്ക് കൊഴിഞ്ഞു വീഴുന്നു..
അവളൊന്ന് പതറിയെങ്കിലും ചോദിച്ചു.
“ഗന്ധർവ്വനാണോ……??? ”
പുഞ്ചിരിച്ചു കൊണ്ട് തന്നെ അയാൾ പറഞ്ഞു.
“അതെ…ഇയാളുടെ പ്രാർത്ഥനയിൽ ഞാൻ വീണുപ്പോയ്.”
തങ്കമണി ഒരു പൂമരം പോലെ പൂത്തുലഞ്ഞു.
പാല പൂവിന്റെ ഗന്ധത്തോടെ ഗന്ധർവ്വൻ തങ്കമണിക്കരികിലേക്ക് ചെന്നപ്പോൾ അവൾ പിറകിലേക്ക് തെന്നിമാറി..
വീട്ടിലെത്തി കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോഴും അവൾക്ക് വിശ്വാസിക്കാനായില്ല. സുബൈദയോടെങ്കില്ലും അവൾക്ക് ഈ കാര്യം പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഗന്ധർവ്വൻ പ്രത്യേകം പറഞ്ഞിരുന്നു. ഇതൊരു രഹസ്യമായി വെയ്ക്കണമെന്ന്..
അന്നൊരു മഴപെയ്തു തോർന്ന ദിവസം. തണുത്ത മണ്ണിലേക്ക് ഗന്ധർവ്വൻ തങ്കമണിയെ കിടത്തി.അവളുടെ ചൂടുപിടിച്ച ശരിരത്തിലേക്ക് പടർന്നു കയറുമ്പോൾ അവൾക്കൊരു കുറ്റബോധവും തോന്നാതിരുന്നത് തന്നെ മറന്നുപ്പോയ എപ്പോഴും തന്നെ മന്ദബുദ്ധിയെന്നു വിളിക്കുന്ന ഭർത്താവിന്റെ ചിന്തകളായിരുന്നു.കന്നിമാസത്തിലെ പട്ടികളും ഇണചേരാൻ നിന്ന സർപ്പങ്ങളും ആ കാഴ്ചയിൽ അമ്പരന്നു നിന്നു..
പിന്നീട് സുബൈദ വന്നു പോയതൊന്നും തങ്കമണി അറിഞ്ഞില്ല. അവൾ ഏതോ ഒരു ലോകത്തായിരുന്നു. പഴയതിലും സൗന്ദര്യവും പ്രസരിപ്പും കൂടി വന്നു തങ്കമണിക്ക്. എന്തിനോടും പ്രതികരിക്കാനുള്ള ആത്മവിശ്വാസവും കൈവന്നു..
കുറച്ചു ദിവസമായിട്ട് ഗന്ധർവനെ കാണുന്നില്ല. പലപ്പോഴും നിരാശയായിട്ടാണ് തങ്കമണി ഗന്ധർവ്വൻ പാലക്കരികിൽ നിന്ന് മടങ്ങിയത്. ഊണും ഉറക്കവുമില്ലാതെയായി..
വെയിൽ പുഞ്ചിരിച്ചു നിന്നൊരു പകലിൽ തങ്കമണി കവലയിൽ നിന്നും പച്ചക്കറി വാങ്ങി തിരികെ വരുമ്പോൾ അടുത്തുള്ള ആൽമരത്തിനു ചുറ്റുമൊരാൾക്കൂട്ടം.
ആരോ ഒരാൾ വിളിച്ചു കൂവുന്നതും കേട്ടു.
“കള്ളൻ ഗോപാലനെ പിടിച്ചേ..!!”
ആൽമരത്തിൽ കെട്ടിയിട്ടിരിക്കുന്ന ചെറുപ്പക്കാരനേ കണ്ട് തങ്കമണിയുടെ കയ്യിലെ പച്ചക്കറി കവർ താഴേക്ക് വീണു.
“”ദൈവമേ എന്റെ ഗന്ധർവ്വൻ..!!”
അവസാനമായ് ഗന്ധർവനെ കണ്ട ദിവസം തങ്കമണി ഓർത്തുപ്പോയ്.. ഗന്ധർവ്വലോകം വരയൊന്നു പോയി വരാൻ തന്റെ സ്വർണ്ണഭരണങ്ങൾ വേണമെന്നും തിരിച്ചു വരുമ്പോൾ തരാമെന്ന് പറഞ്ഞപ്പോൾ സകലതും ഊരി കൊടുത്തത്..
പൊട്ടിയ കവറിൽ നിന്നും ചിതറി വീണ ഒരു പടവലങ്ങയും രണ്ട് മുരിങ്ങാക്കോലും മൂന്ന് പാവക്കയും ഈ ദുരന്തത്തിലേക്ക് ഉറ്റുനോക്കി നിലത്തു കിടക്കുന്നു…