തിരുവനന്തപുരം: ആവശ്യപ്പെട്ട നോക്കു കൂലി നല്‍കാത്തതിന് പ്രസവശേഷം വിശ്രമത്തിലായിരുന്ന ടെക്നോപാര്‍ക് ജീവനക്കാരിയോടു ചുമട്ടുതൊഴിലാളികളുടെ പ്രതികാരം. ഗാര്‍ഡനിങ്ങിനായി എത്തിച്ച കരിങ്കല്‍ പാളിയും മറ്റും യുവതിയെ കൊണ്ട് തന്നെ ഇറക്കിച്ചു. യുവതിയെ സഹായിക്കാന്‍ എത്തിയവര്‍ക്കു നേരെ തൊഴിലാളികള്‍ കയ്യേറ്റത്തിനും മുതിര്‍ന്നു. പരസഹായമില്ലാതെ ലോഡിറക്കിയ യുവതി അവശയായിട്ടും തൊഴിലാളികളുടെ മനസ്സലിഞ്ഞില്ല.
അമിത കൂലി നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു തൊഴിലാളികളുടെ ക്രൂരത. കഴക്കൂട്ടം മേനംകുളം കല്പനയ്ക്കു സമീപം തമിഴ്നാട് സ്വദേശികളായ പ്രസാദ്-മീര ദമ്പതികളോടായിരുന്നു ക്രൂരത.
സംഭവം ഇങ്ങനെ: ലാന്‍ഡ് സ്കേപ്പിങ് സാധനങ്ങളുമായി രാവിലെ വണ്ടി വന്നയുടന്‍ ഒരു കൂട്ടം ചുമട്ടുതൊഴിലാളികള്‍ പാഞ്ഞെത്തി. വാഹനത്തിനുള്ളിലെ ലോഡ് കാണുന്നതിനു മുന്‍പേ ഇറക്കുകൂലി നാലായിരം രൂപയെന്ന് അവര്‍ നിശ്ചയിച്ചു. ഇത് അമിതമാണെന്നു മീര പറഞ്ഞപ്പോള്‍ തൊഴിലാളികള്‍ പൊട്ടിത്തെറിച്ചു. സാധനങ്ങള്‍ എത്തിച്ച കഴക്കൂട്ടം സ്വദേശി റീമയും മീരയ്ക്കു പിന്തുണയുമായി രംഗത്തുവന്നു.
കൂലി കുറയ്ക്കണമെന്ന് ഇവര്‍ രണ്ടുപേരും തൊഴിലാളികളോടു പലവട്ടം അഭ്യര്‍ഥിച്ചു. എന്നാല്‍ നാലായിരം രൂപയില്‍ കുറഞ്ഞ് ഒരു വിലപേശലും വേണ്ടെന്നു തൊഴിലാളികള്‍ തര്‍ക്കിച്ചു. വീട്ടുടമ അല്ലാതെ വേറെ ആരെങ്കിലും ലോഡില്‍ തൊട്ടാല്‍ വിവരമറിയുമെന്നു മുന്നറിയിപ്പും വന്നു.
ശേഷം മീരയും റീമയും ചേര്‍ന്നു സാധനങ്ങള്‍ ഇറക്കാന്‍ തുടങ്ങിയതും തൊഴിലാളികള്‍ വീണ്ടും പ്രശ്നമുണ്ടാക്കി. റീമയെ ഭീഷണിപ്പെടുത്തി മാറ്റി നിര്‍ത്തി. മുഴുവന്‍ ലോഡും വീട്ടുടമ തന്നെ ഇറക്കണമെന്നായിരുന്നു തൊഴിലാളികളുടെ വാശി. കരിങ്കല്‍ പാളി ഉള്‍പ്പെടെയുള്ളവ മീര പരസഹായം കൂടാതെ ഇറക്കിവച്ചു.
കുറച്ചുനേരം കഴിഞ്ഞതും അവര്‍ അവശയായി. ഇതു കണ്ട് മനസ്സലിവു തോന്നിയ ഡ്രൈവര്‍ ഒരു കൈ സഹായവുമായി അടുത്തുചെന്നു. അതോടെ ഡ്രൈവര്‍ക്കു നേരെ തൊഴിലാളികള്‍ തിരിഞ്ഞു. അസഭ്യം വിളിച്ചു ബഹളമുണ്ടാക്കിയ അവര്‍ വാഹനം കത്തിക്കുമെന്നും ഭീഷണി മുഴക്കി.
ഇതോടെ ഡ്രൈവര്‍ സ്ഥലം വിട്ടു. തൊഴിലാളികള്‍ നോക്കിനില്‍ക്കെ വാശിയോടെ തന്നെ മീര ലോഡിറക്കി. വിവരമറിഞ്ഞു ടെക്നോപാര്‍ക്കില്‍ നിന്നു ഭര്‍ത്താവ് എത്തുമ്പോഴേക്കും മുഴുവന്‍ സാധനങ്ങളും യുവതി ഇറക്കിയിരുന്നു. സമീപവാസികള്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. ലാന്‍ഡ് സ്കേപ്പിങ് സാധനങ്ങള്‍ എത്തിച്ച റീമയാണു സംഭവം ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത്.
മൂന്നു സംസ്ഥാനങ്ങളില്‍ താമസിച്ചിട്ടുണ്ടെന്നും പക്ഷേ, കേരളത്തില്‍ മാത്രമാണ് ഇത്തരം പ്രശ്നമെന്നും മീരയുടെ ഭര്‍ത്താവ് പ്രസാദ് പറഞ്ഞു. ന്യായമായ കൂലിയാണെങ്കില്‍ കൊടുക്കാം. പക്ഷേ, ഇത് അന്യായമാണ്. അഞ്ചു മാസം മുന്‍പാണു ഭാര്യ പ്രസവിച്ചത്. വിശ്രമത്തിലാണെന്നു പറഞ്ഞിട്ടും അവര്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
ലോഡ് ഇറക്കുന്നതിനിടെ ക്ഷീണിതയായ അവള് ഭക്ഷണം കഴിക്കാനായി വാഹനത്തില്‍ നിന്ന് ഇറങ്ങി. ഇതു തടയാനും അവര്‍ ശ്രമിച്ചു. 30 ലക്ഷം രൂപ കടം വാങ്ങിയാണ് ഇവിടെ വീട് വാങ്ങിയത്. ആവശ്യത്തിനു പണം ഉണ്ടായിരുന്നെങ്കില്‍ അവര്‍ ചോദിക്കുന്നതു കൊടുക്കാം. ഇവിടെ തുടര്‍ന്നും ജീവിക്കണം അതുകൊണ്ട് പരാതി നല്‍കിയില്ല അദ്ദേഹം പറഞ്ഞു.