കാമുകനെ അല്ലെങ്കില്‍ കാമുകിയെ സ്വന്തമാക്കാന്‍ പ്രണയിതാക്കള്‍ ഏതറ്റം വരെയും പോകാറാണ് പതിവ്. വീട്ടുകാരുടെ എതിര്‍പ്പിനെയൊന്നും കമിതാക്കള്‍ വകവെച്ച് കൊടുക്കാറില്ല. ഭോപ്പാലിലെ പന്നയില്‍ കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ ചെയ്തത് കേട്ടാല്‍ അന്തം വിട്ട് പോകും.
പോലീസുകാരുടെ തുണി പോലും അടിച്ചെടുത്ത് കൊണ്ട് പോയിട്ടായിരുന്നു കാമുകന്റെ വേലത്തരം. കൂട്ടുകാരും സഹായത്തിനുണ്ടായിരുന്നു. സംഭവം ഇങ്ങനെയാണ്.പന്നയിലെ ഉള്‍ഗ്രാമത്തിലെ പെണ്‍കുട്ടിയും ദേവരാജ് സിംഗ് എന്ന യുവാവും നാളുകളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് ഒട്ടും തന്നെ താല്‍പര്യം ഇല്ലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവനാകട്ടെ അവളെ ശാസിക്കുകയും ചെയ്തു.ഇതോടെ പെണ്‍കുട്ടി അമ്മാവന് എതിരെ പോലീസില്‍ ലൈംഗികാതിക്രമത്തിന് പരാതി നല്‍കി.
പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിയോട് അമ്മാവന്‍ ആവശ്യപ്പെട്ടിരിക്കേയാണ് കാമുകനും കൂട്ടരും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ തന്ത്രം മെനഞ്ഞത്.ഗ്രാമത്തില്‍ ഒരു സംഘം ആളുകള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്നറിയിച്ച് ഇവര്‍ പോലീസിനെ വിളിച്ച് വരുത്തി. അഞ്ചംഗ പോലീസ് സംഘമാണ് ജീപ്പില്‍ സ്ഥലത്ത് എത്തിയത്. റോഡില്‍ ഒരാള്‍ കമിഴ്ന്ന് കിടക്കുന്നത് കണ്ട് പോലീസ് വാഹനം നിര്‍ത്തി. ഇയാള്‍ക്ക് അടുത്തേക്ക് ചെന്നു.പോലീസുകാര്‍ അടുത്ത് എത്തിയതോടെ ഇയാള്‍ ചാടിയെഴുന്നേറ്റ് തോക്ക് ചൂണ്ടി.
സംഘത്തിലെ മറ്റുള്ളവര്‍ ചാടിവീഴുകയും പോലീസിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. പോലീസുകാരെ കയ്യും കാലും കെട്ടി മറ്റൊരു വാഹനത്തില്‍ തള്ളി. തീര്‍ന്നില്ല അവരുടെ യൂണിഫോം അഴിച്ചെടുക്കുകയും ചെയ്തു.ദേവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പോലീസ് യൂണിഫോം ധരിക്കുകയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോലീസ് വാഹനവുമായി പോവുകയും ചെയ്തു.
അമ്മാവനെതിരെ പെണ്‍കുട്ടി നല്‍കിയ കേസില്‍ മൊഴി എടുക്കണമെന്നും പെണ്‍കുട്ടിക്കൊപ്പം സ്റ്റേഷനിലെത്തണമെന്നും അച്ഛനെ അറിയിച്ചു.ഇത് വിശ്വസിച്ച പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും പോലീസ് ജീപ്പില്‍ കയറാനൊരുങ്ങി. എന്നാല്‍ ഇരുവരേയും ഇറക്കിവിട്ട് സംഘം പെണ്‍കുട്ടിയുമായി കടന്ന് കളയുകയായിരുന്നു. ദേവരാജ് സിംഗിനും സംഘത്തിനുമൊപ്പം പെണ്‍കുട്ടി ഉണ്ടെന്ന് കരുതുന്നതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.