മിനിമം ബാലൻസില്ലെന്ന പേരിൽ എസ് ബി ഐ നടത്തുന്ന കൊള്ളക്ക് കടിഞ്ഞാൺ. ആലപ്പുഴ എറിവുകാട് സ്വദേശിനി ആമിന എന്ന വിദ്യാർത്ഥിനിക്ക് മുന്നിലാണ് എസ് ബി ഐ എന്ന ആഗോള ഭീമൻ മുട്ടുകുത്തി നമസ്കരിച്ചത്. ആമിനക്ക് ആലപ്പുഴ എസ് ബി ഐ എൻ എച്ച് 47 ശാഖയിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ആമിനക്ക് പിന്നാക്ക സ്കോളർഷിപ്പായി കേരള സർക്കാർ 1000 രൂപ അനുവദിച്ചിരുന്നു.
സ്കോളർഷിപ്പ് തുക ഇപ്പോൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടാണ് വരുന്നത്. തുക ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് സർക്കാർ ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയത്. ഇതനുസരിച്ച് 2013 മാർച്ച് 26 മുതൽ ആമിനക്ക് എൻഎച്ച് ശാഖയിൽ അക്കൗണ്ടുണ്ട്.
പിന്നാക്ക സ്കോളർഷിപ്പിന്റെ തുക വന്ന വിവരമറിഞ്ഞ് ബാങ്കിലെത്തിയ ആമിന ആയിരം രൂപ പിൻവലിക്കാൻ എഴുതി കൊടുത്തു. എന്നാൽ 500 രൂപ മാത്രമേ നൽകുകയുള്ളുവെന്ന് ബാങ്ക് പറഞ്ഞു. കാരണം തിരക്കിയപ്പോൾ മിനിമം ബാലൻസ് 3000 രുപയാണെന്നും അതില്ലെങ്കിൽ 3000 രൂപ പിടിക്കുമെന്നും ബാങ്ക് പറഞ്ഞു.
വിദ്യാർത്ഥിനിയോടുള്ള ദയ കരുതിയാണത്രേ 500 രൂപ നൽകുന്നത്. ആമിന നിസഹായയായി. സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് ആമിന വരുന്നത്. വീട്ടിലെത്തി രക്ഷകർത്താക്കളെ ബാങ്കിൽ കൊണ്ടുവന്നു സംസാരിച്ചു. അപ്പോഴും 468 രൂപ പിഴയായി ഈടാക്കുമെന്ന് ബാങ്കിന് വാശിയായി. ഒടുവിൽ 500 രൂപയും വാങ്ങി ആമിന മടങ്ങി.
പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പ് നൽകുന്നത് അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകാതിരിക്കാനാണ്. അങ്ങനെ ലഭിക്കുന്ന തുഛമായ തുകയിൽ നിന്നും പിഴ ഈടാക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എന്നാൽ എസ് സി റ്റി, എസ് ബി ഐ യായതോടെ ബാങ്കിന്റെ സ്വഭാവം മാറി. ബാങ്കിന് ഉപഭോക്താക്കൾ എന്നാൽ ശത്രുക്കളാണെന്ന മനോഭാവമാണ് ഇപ്പോഴുള്ളതെന്ന് ഉപഭോക്താക്കൾ പറയുന്നു.
എന്നാൽ ഇതിനെതിരെ ആമിന നടത്തിയത് വലിയൊരു തെരുവ് യുദ്ധമാണ്. വിദ്യാർത്ഥിനി തന്റെ അനുഭവം ദൃശ്യ- പത്രമാധ്യമങ്ങളെ അറിയിച്ചു. ഏഷ്യാനെറ്റും മാത്യഭൂമി പത്രവും ആമിനയെ പൂണ്ടടക്കം പിടിച്ചു. ഇതേ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇത്തരം ദ്രോഹങ്ങൾ ഈ തലമുറയെ മാത്രമല്ല അടുത്ത തലമുറയെയും ബാധിക്കും. ബാങ്കിൽ നിന്നും കമ്മീഷൻ വിശദീകരണം ചോദിച്ചു. ഉടൻ നടപടിയുണ്ടായി. ആമിനയിൽ നിന്നും ഈടാക്കിയ 468 രൂപ വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ മടക്കി നൽകി.
ഏതായാലും ആമിനയുടെ സമരം എസ് ബി ഐ യെ വീണ്ടും മുട്ടുകുത്തിച്ചു. ആമിനക്ക് രൂപേ എ ടി എം കാർഡ് നൽകാനും ബാങ്ക് തീരുമാനിച്ചു. രൂപേ കാർഡിന് ആനുവൽ ചാർജ് ഇല്ല. ഭാവിയിൽ ശമ്പള അക്കൗണ്ട്, പെൻഷൻ അക്കൗണ്ട്, ക്ഷേമ പെൻഷൻ അക്കൗണ്ട്, 18 വയസു വരെയുള്ളവരുടെ അക്കൗണ്ടുകൾ എന്നിവക്ക് മിനിമം ബാലൻസ് പിഴ ഈടാക്കേണ്ടതില്ലെന്ന് എസ്ബിഐ സർക്കുലറും ഇറക്കി. തെറ്റായി പിഴ ഈടാക്കിയാൽ നടപടിയെടുക്കുമെന്നും ബാങ്ക് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ആമിന കിട്ടിയ പണവും കൊണ്ട് തൃപ്തിപെട്ടിരുന്നെങ്കിൽ ഇങ്ങനെയൊരു തീരുമാനം ബാങ്കിൽ നിന്നും ഉണ്ടാകുമായിരുന്നില്ല.