സമയം രാത്രി പന്ത്രണ്ടര കഴിഞ്ഞിരുന്നു.
സെക്കൻഷോ കഴിഞ്ഞ് ബസ്സ് സ്റ്റാന്റിൽ ബസ്സ്കാത്ത് നിൽക്കുകയാണ് നമ്മുടെ കഥാനായകൻ. കൂടെ സുഹൃത്തുമുണ്ട്.
രാത്രി പെട്രോളിങ്ങ് നടത്തുന്ന പോലീസ് വാഹനം അതിലെ പോയപ്പോൾ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ അവരുടെ മുന്നിലൂടെ ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
“എടാ….. ആ പോയതൊരു വെടിയാടാ!!” സുഹൃത്ത് അവൻെറ ചെവിയിൽ പറഞ്ഞു.
അവൻ അവിശ്വസനീയതയോടെ കൂട്ടുകാരൻെറ മുഖത്തേക്ക് നോക്കി. സത്യമാണെന്ന് കൂട്ടുകാരൻ തറപ്പിച്ചു പറഞ്ഞു.
“പോലീസിനെ കണ്ടപ്പോൾ അവൾ ഓടിയത് കണ്ടില്ലെ?”
ആ നഗരത്തിൽ അത് പോലുള്ള വേറേയും ഒരുപാട് വേശ്യകളുണ്ടെത്രേ. രാത്രിസമയങ്ങളിൽ ആവശ്യക്കാരെ തേടി അവർ ബസ്സ് സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും അതുപോലുള്ള മറ്റിടങ്ങളിലും കറങ്ങി നടക്കുമെന്നും സുഹൃത്ത് അവനോട് പറഞ്ഞു.
ആ നഗരത്തിൽ അവനെത്തിയിട്ട് കുറച്ച് നാളുകളേ ആയിട്ടുണ്ടായിരുന്നുള്ളൂ. ആദ്യമായിട്ടാണ് അവൻ ഒരു നഗരത്തിലെത്തുന്നത്. പ്ലസ്ടൂ പസ്സായ അവന് ഒരു പ്രൊഫഷണൽ കോഴ്സിനു അഡ്മിഷൻ കിട്ടിയത് ഇവിടെയാണ്.
താൻ ഒരു മിന്നായം പോലെ കണ്ടത് ഒരു വേശ്യയായിരുന്നു എന്നറിഞ്ഞപ്പോൾ അവനു നിരാശ തോന്നി. നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ അവളെ നേരെയൊന്നു കാണാമായിരുന്നു എന്നവനൊർത്തു.
“വേശ്യ” എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഒരെണ്ണത്തിനെ പോലും അവൻ അതുവരെ നേരിട്ട് കണ്ടിട്ടിലായിരുന്നു. എങ്കിലും അതെന്താണ് എന്നതിനെ കുറിച്ച് അവനൊരു ധാരണയൊക്കെ ഉണ്ടായിരുന്നു.
“ആർഭാട ജീവിതം നയിക്കാൻ വേണ്ടി സ്വയം പിഴച്ചവളാണ് വേശ്യ.”
“പണത്തിനു വേണ്ടി പുരുഷനെ സുഖിപ്പിക്കുന്നവളാണ് വേശ്യ.”
“തീർത്താലും തീരാത്ത കാമം കൊണ്ടു നടക്കുന്നവളാണ് വേശ്യ.”
ലൈഗീകതയെ സംബന്ധിച്ചുള്ള സങ്കല്പങ്ങളും മിഥ്യാധാരണകളും മറ്റെല്ലാ കൗമാരക്കാരിലും ഉള്ളപോലെ അവൻെറ മനസ്സിലും ഉണ്ടായിരുന്നു. ആ അനുഭൂതി അനുഭവിച്ചറിയാനും അതിനെ കുറിച്ച് കൂടുതലറിയാനുമുള്ള ആഗ്രഹം അവനുമുണ്ടായിരുന്നു. പക്ഷെ തൻെറ പുരുഷത്വം പരീക്ഷിച്ചു നോക്കാനുള്ള ഒരവസരം പോലും അവനതുവരെ കിട്ടിയിരുന്നില്ല.
അന്ന് രാത്രി അവനുറങ്ങാൻ കഴിഞ്ഞില്ല. തൻെറ മനസ്സിലുള്ള രതി സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഈ നഗരത്തിനു കഴിയുമെന്ന തിരിച്ചറിവ് അവനെ കോരിത്തരിപ്പിച്ചു. അടുത്ത ദിവസം തന്നെ അവൻ തൻെറ മോഹം സുഹൃത്തിനെ അറിയിച്ചു. അവൻെറ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന് സുഹൃത്ത് വാക്കു കൊടുത്തു.
അങ്ങിനെ ആ സുഹൃത്തിലൂടെ അവനയാളെ പരിചയപെട്ടു.
ഒരമ്മാവനെ!
സിറ്റിയിലോടുന്ന ഒട്ടുമിക്ക പെണ്ണുങ്ങളേയും അയാൾക്കറിയാം. അവരിൽ പലരുടേയും ഏജന്റായി പ്രവർത്തിക്കുന്നത് അയാളായിരുന്നു. തൻെറ കമ്മീഷൻ തന്നാൻ കാര്യം ശരിയാക്കി തരാമെന്ന് അയാളേറ്റു.
അയാളോട് നാളെ വരാമെന്നേറ്റ് തിരിച്ചു പോരുമ്പോൾ പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് കിട്ടിയ വിദ്യാർത്ഥിയുടെ മാനസികാവസ്ഥയായിരുന്നവന്. നാളത്തെ എക്സാമിനു വേണ്ടി താനൊന്നും പ്രിപയർ ചെയ്തിട്ടില്ലല്ലൊ എന്നോർത്തപ്പോൾ അവൻെറയുള്ളിൽ പരാജയഭീതി ഉടലെടുത്തു.
“നല്ല തയ്യാറെടുപ്പ് നടത്തിയാലേ നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കൂ!!”
അവൻെറ മനസ്സ് പറഞ്ഞു.
ബസ്സ്സ്റ്റാന്റിലെ പെട്ടി കടയിൽ നിന്ന് അവനാ ബുക്ക് വാങ്ങി അരയിൽ തിരുകി. അതവിടെ തൂങ്ങിയാടുന്നത് അവൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ലൈഗീകയെ കുറിച്ച് ഒരു പുരുഷൻ അറിഞ്ഞിരിക്കേണ്ടതെല്ലാം അതിലുണ്ടെന്ന് അതിൻെറ പുറംചട്ടയിൽ തന്നെ എഴുതിയിട്ടുണ്ടായിരുന്നു.
ഹോസ്റ്റ്ലിലെത്തിയ ഉടനെ അവനത് വായിച്ച് പഠിക്കാൻ തുടങ്ങി. തുടക്കകാർക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു ലേഖനം തന്നെ അതിലുണ്ടായിരുന്നു. ആദ്യമായി ഒരു സ്ത്രീയെ സമീപ്പിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും അവളുമായി രതിയിൽ ഏർപ്പെടേണ്ട രീതികളും ഘട്ടം ഘട്ടമായി അതിൽ പ്രതിപാദിച്ചിട്ടുണ്ടായിരുന്നു.
പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് നാണം കൂടുതലാണ്. അതുകൊണ്ട് അവളുടെ ലജ്ജയും ഭയവും മാറ്റിയെടുക്കുകയാണ് പുരുഷൻ ആദ്യം ചെയ്യേണ്ടത്. അതിനുള്ള വഴികളാണ് ഒന്നാം ഘട്ടത്തിൽ പറഞ്ഞിരിക്കുന്നത്.
സ്റ്റേജ് വൺ സക്സ്സസായാൽ പിന്നെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. അവളുടെ ശരീരത്തിൽ മെല്ലെ സ്പർശിക്കുകയാണ് സ്റ്റേജ് റ്റ്യൂവിൽ ചെയ്യേണ്ടത്. അവളുടെ അനുവാദം അറിയാൻ വേണ്ടിയാണിത്. അവൾ എതിർപ്പ് പ്രകടിപ്പിക്കുകയാണ് എങ്കിൽ ബലം പ്രയോഗിക്കരുത്. നേരെ സ്റ്റേജ് വണ്ണിലേക്ക് തിരിച്ചു പോകണം. അവൾക്ക് എതിർപ്പോന്നുമില്ലെങ്കിൽ ധൈര്യമായി സ്റ്റേജ് ത്രീയിലോട്ട് കടക്കാം.
മൂന്നാം ഘട്ടത്തിൽ അവളെ ചുംബിക്കാൻ ശ്രമിക്കണം. അവിടെയും ബല പ്രയോഗം പാടില്ല. അവൾക്ക് എതിർപ്പുണ്ടെങ്കിൽ രണ്ടാം ഘട്ടത്തിലേക്ക് തന്നെ തിരിച്ചു പോകണം. എതിർപ്പില്ലെങ്കിൽ ധൈര്യമായി അടുത്ത സ്റ്റേജിലേക്ക് പോകാം.
ഇങ്ങനെ അവസാനം വരെയുള്ള ഓരോ കാര്യങ്ങളും വളരെ ലളിതമായി അതിൽ വിശദീകരിച്ചിട്ടുണ്ടായിരുന്നു.
അവനതെല്ലാം വായിച്ച് മനഃപാഠമാക്കി. എല്ലാം പഠിച്ചു കഴിഞ്ഞപ്പോൾ അവന് അൽപ്പം ആത്മ വിശ്വാസം തോന്നി. വലിയ മാർക്കൊന്നും കിട്ടിയില്ലെങ്കിലും തോൽക്കാതെ രക്ഷപെടാൻ കഴിയുമെന്ന് അവനു തോന്നി.
നാളെയാണല്ലോ തൻെറ ആദ്യരാത്രി എന്നോർത്തപ്പോൾ അവൻ കോരി തരിച്ചു പോയി. അവൻ തൻെറ മണവാട്ടി ആകാൻ പോകുന്ന വേശ്യയുടെ രൂപവും ഭാവവും മനസ്സിൽ സങ്കൽപ്പിച്ചു നോക്കി.
അടുത്ത ദിവസം രാത്രി ഒരു ഓട്ടോയിൽ അവൻ അയാൾ പറഞ്ഞ സ്ഥലത്തെത്തി. അവനെത്തുമ്പോൾ അമ്മാവൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. അവനേയും കൂട്ടി അയാൾ ഒരു ഊടുവഴിയിലൂടെ മുന്നോട്ട് നടന്നു.
ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണുമായി സ്വകാര്യ നിമിഷങ്ങൾ പങ്ക് വെക്കാൻ പോകുന്നതിൻെറ പരിഭ്രമവും ആകാംക്ഷയും അവൻെറ മുഖത്ത് കാണാമായിരുന്നു. ഉള്ളിൽ ചെറിയൊരു ഭയവുമുണ്ടായിരുന്നു.
തലേ ദിവസം മനഃപാഠമാക്കിയ കാര്യങ്ങൾ മനസ്സിൽ ഉരുവിട്ട് കൊണ്ട് അവൻ അയാളുടെ പുറകെ നടന്നു. ടെൻഷൻ കാരണം ചിലതെല്ലാം മറന്നിട്ടുണ്ട്. അതെല്ലാം ഓർത്തെടുക്കാൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു.
ഒരു ചെറിയ വീടിനടുത്തെത്തിയപ്പോൾ അമ്മാവൻ നടത്തം നിർത്തി ചുറ്റുമൊന്ന് കണ്ണോടിച്ചു. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അയാൾ അവനേയും കൊണ്ട് ആ വീടിൻെറ മുറ്റത്തേക്ക് ചെന്നു.
ആ ചെറിയ പുരയും വൃത്തിഹീനമായ പരിസരവും ആ വീട്ടിലെ ദാരിദ്ര്യം വിളിച്ചോതുന്നുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഇതുപോലുള്ള വീടുകളിൽ ആളുകൾ താമസ്സിക്കാറുണ്ടോ എന്നവൻ അത്ഭുതപെട്ടു.
അതൊരു വേശ്യയുടെ വീടാണെന്ന് അവനു തോന്നിയില്ല. “മിനുറ്റുകൾക്ക് വില പറഞ്ഞ് കാശ് വാങ്ങിന്നവളാണ് വേശ്യ” എന്നവൻ കേട്ടിട്ടുണ്ട്. അങ്ങിനെയൊരുത്തി ഇങ്ങിനെയൊരു വീട്ടിൽ കഴിയുമോ?
പരിസരം ഒന്നുകൂടി വീക്ഷിച്ച ശേഷം അയാൾ വീടിൻെറ കതകിൽ മുട്ടി. കുറച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് വാതിൽ തുറന്ന് കൊടുതു. അലക്ഷ്യമായി കെട്ടിവെച്ച മുടിയും മുഷിഞ്ഞ വസ്ത്രവും ക്ഷീണിച്ച മുഖവുമായി നിൽക്കുന്ന ആ സ്ത്രീ വേശ്യയുടെ അമ്മയായിരിക്കും എന്നവൻ ഊഹിച്ചു.
അവനെ അകത്തേക്കാക്കിയിട്ട് കൂടെ വന്നയാൾ പുറത്തെ ഇരുട്ടിൽ മറഞ്ഞു. അപരിചിതയാ ആ സ്ത്രീയുടെ കൂടെ അവൻ തനിച്ചായി.
തൻെറ കന്യകാത്വം കവരാൻ പോകുന്ന സുന്ദരിയായ വേശ്യക്കു വേണ്ടി അവൻ ചുറ്റും കണ്ണോടിച്ചു നോക്കി. അവളെ കാണാൻ അവനു തിടുക്കമായി. പക്ഷെ തൻെറ മുന്നിൽ നിൽക്കുന്ന വാർദ്ധ്യക്യം ബാധിച്ചു തുടങ്ങിയ ആ സ്ത്രീയല്ലാതെ വേറൊരു പെണ്ണിനേയും അവനവിടെ കണ്ടില്ല.
താൻ തേടിവന്ന വേശ്യ തൻെറ മുന്നിൽ നിക്കുന്ന സ്ത്രീ തന്നെയാണെന്ന് അവൻ ഞെട്ടലോടെ മനസ്സിലാക്കി. പക്ഷെ അതൊരു വേശ്യയാണെന്ന് വിശ്വസിക്കാൻ അവൻെറ മനസ്സ് വിസമ്മതിച്ചു. കാരണം അവൻെറ മനസ്സിലെ വേശ്യയുടെ ചിത്രം വേറൊന്നായിരുന്നു.
“വലിയ മുലകളും കൊഴുത്തുരുണ്ട ചന്തികളുമുള്ള തുടുത്തൊരു ശരീരം!”
“ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച ചുണ്ടുകളിൽ ശൃഗാരവും കണ്മഷിയിട്ട വിടർന്ന കണ്ണുകളിൽ കത്തിജ്വലിക്കുന്ന കാമവും!”
ഇതൊക്കെയായിരുന്നു അവൻെറ മനസ്സിലെ വേശ്യാ സങ്കല്പം. അങ്ങിനെയുള്ള ഒരാളെയായിരുന്നു അവനവിടെ പ്രതീക്ഷിച്ചത്.
എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുന്ന അവനെ അവൾ അകത്തെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി. മനസ്സില്ലാമനസ്സോടെ അവൻ അവളുടെ കൂടെ ചെന്നു.
ചെറിയൊരു മുറി. അവിടെ ചെറിയൊരു കട്ടിലും ഒരു കസേരയും. കട്ടിൽ ഒരു പായ വിരിച്ചിട്ടുണ്ട്. ഇതായിരുന്നു ആ മണിയറയിൽ ആകെ ഉണ്ടായിരുന്ന സജ്ജീകരണങ്ങൾ.
അവൻെറ മനസ്സിലെ വികാരവും മോഹവുമെല്ലാം കെട്ടടങ്ങിയിരുന്നു. താനിതുവരെ മനസ്സിൽ കണ്ട വേശ്യയും വേശ്യയുടെ ജീവിതവും യഥാർത്ഥമല്ലെന്ന് അവനു മനസ്സിലായി. അവിടെ നിന്ന് എങ്ങിയെങ്കിലുമൊന്ന് രക്ഷപെട്ടാൽ മതി എന്നായി അവൻെറ ചിന്ത.
“എന്താ ആലോചിച്ച് നിക്കണത്? ഒന്ന് പെട്ടെന്നാവട്ടെ.”
ശബ്ദ്ം കേട്ടവൻ ചിന്തയിൽ നിന്നുണർന്ന് അവളുടെ നേരെ നോക്കി. ആ കാഴ്ച കണ്ട് അവനൊന്ന് ചൂളി. അരുതാതെന്തോ കണ്ട പോലെ അവൻ തൻെറ നോട്ടം പിൻ വലിച്ചു.
അവൾ വിവസ്ത്രയായി കട്ടിലിൽ അവനേയും കാത്ത് കിടക്കുന്നു!!
അവളുടെ മുഖത്ത് നാണമോ മടിയോ അവൻ കണ്ടില്ല!!
അവളോട് എന്ത് പറയണം എന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോഴാണ് അടുത്ത മുറിയിൽ നിന്ന് കുട്ടികളുടെ സംസാരം കേട്ടത്. ആ വീട്ടിൽ തങ്ങൾ രണ്ടു പേരെ കൂടാതെ വേറെയും ആളുണ്ടെന്ന അറിവ് അവൻെറ അസ്വസ്ഥത വർദ്ധിപ്പിച്ചു. അവൻ പരിഭ്രമത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
“പേടിക്കേണ്ട…… അതെൻെറ മക്കളാ… അവരിങ്ങോട്ട് വരില്ല!”
“നിങ്ങൾക്ക് മക്കളുണ്ടോ….?”
അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
“അതെ… എനിക്കെന്താ മക്കളുണ്ടാവാൻ പറ്റില്ലെ?” അവൾ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.
അവൻ അത്ഭുതത്തോടെ അവളെ തുറിച്ചു നോക്കി. ഒറ്റയടിക്ക് ഒരുപാട് ചോദ്യങ്ങൾ അവൻെറ മനസ്സിലേക്ക് ഓടിയെത്തി. പക്ഷെ അവൾക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി അവനൊന്നും ചോദിച്ചില്ല.
അവൻ പോക്കറ്റിൽ കരുതിയിരുന്ന കാശെടുത്ത് കട്ടിലിൽ വെച്ചിട്ട് മെല്ലെ തിരിഞ്ഞു നടന്നു. അവൾ പുറകിൽ നിന്ന് വിളിച്ചെങ്കിലും അത് കേൾക്കാത്ത ഭാവത്തിൽ അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി.
അവൻെറ മനസ്സിൽ ചില തിരുത്തലുകൾ നടക്കുന്നുണ്ടായിരുന്നു. ജീവിക്കാൻ വേറെ മാർഗ്ഗമില്ലാതെ അന്യൻെറ മുന്നിൽ തുണിയുരിയാൻ വിധിക്കപ്പെട്ടവളെയും വേശ്യയെന്നാണ് വിളിക്കാറെന്ന് അവനു മനസ്സിലായി.
ജീവിക്കാൻ വേണ്ടി പിഴച്ചവളെക്കാൾ വലിയ പെഴകളാണ് സുഖത്തിനു വേണ്ടി അവളെ തേടി വരുന്നരെന്ന് അവനു തോന്നി.
വേശ്യ മനസ്സു തുറന്നാൽ മാന്യതയുടെ ഒരുപാട് മുഖം മൂടികൾ കൊഴിഞ്ഞു വീഴും. ഒരുപാട് കുടുംബങ്ങൾ ചിന്ന ഭിന്നമാകും. പിഴച്ചവളാണെങ്കിലും അവൾ വിശ്വസ്തയാണെന്നതാണ് ആകെയുള്ള ആശ്വാസം. തൻെറ ചൂടും ചൂരും തേടിയെത്തുന്നവരെ അവൾ വഞ്ചിക്കാറില്ല.