വിവാഹത്തിന് മുന്‍പ് ഗര്‍ഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ കൂടുകയാണ്. ഈ വിഷയത്തില്‍ പഠനം നടത്തിയ ഒരു ഡോക്ടറുടെ കണ്ടെത്തലുകൾ കണ്ടെത്തലുകള്‍.
വിചാരിക്കുന്നതിനെക്കാള്‍ വേഗം ശരീരം വളരുകയും വികാരം വിവേകത്തെ കീഴടക്കുകയും ചെയ്യുന്ന കാലമാണ് കൗമാരം. ടെക്നോളജിയുടെ വികാസവും കൂട്ടുകാരുടെ സ്വാധീനവുംമൂലം ലൈംഗികപരീക്ഷണത്തിനു മുതിരുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ലൈംഗികതയെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ്, കുട്ടികള്‍ക്ക് മാതാപിതാക്കളില്‍നിന്നോ സ്കൂളില്‍നിന്നോ ലഭിക്കുന്നില്ല. കൂട്ടുകാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വികലമായ അറിവുമായി കുട്ടികള്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേക്കു നീങ്ങുകയാണ്.
എന്തൊക്കെയാണ് അപക്വമായ ലൈംഗികബന്ധത്തിന്റെ ദൂഷ്യഫലങ്ങള്‍?
ദില്ലിയിലും മുംബൈയിലും ചെന്നൈയിലുമൊക്കെ നടത്തിയ പല പഠനങ്ങളും തെളിയിക്കുന്നത് 15-30 ശതമാനം കൗമാരക്കാരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നാണ്. അനാവശ്യഗര്‍ഭം, ലൈംഗികരോഗങ്ങള്‍, എയ്ഡ്സ് തുടങ്ങിയവയാണ് ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. ചെറുപ്രായത്തിലെ ലൈംഗികബന്ധംവഴി ഗര്‍ഭാശയഗള ക്യാന്‍സര്‍, ഗര്‍ഭാശയസംബന്ധമായ അവയവങ്ങളിലെ അണുബാധ, നീര്‍ക്കെട്ട്, മാനസിക-സാമൂഹികപ്രശ്നങ്ങള്‍ തുടങ്ങിയവയും ഉണ്ടാവാനിടയുണ്ട്.
ഇന്ത്യയില്‍ അവിവാഹിത കൗമാര ഗര്‍ഭം കൂടുതലാണോ?
ഇന്ത്യയില്‍ 1972-ലെമെഡിക്കല് ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്ടി(M.T.P. Act) നു ശേഷം കൗമാരക്കാരുടെ ഗര്‍ഭച്ഛിദ്രത്തിന്റെ എണ്ണം വളരെ കൂടിയിട്ടുണ്ട്.
ഗര്‍ഭച്ഛിദ്രത്തിനായി നല്ലൊരുശതമാനം പെണ്‍കുട്ടികളും ആശ്രയിക്കുന്നത് സ്വകാര്യ ആസ്പത്രികളെയാണ്. ഇതിന്റെയൊന്നും കണക്ക് അവിടെ ആരും സൂക്ഷിക്കാറില്ല. ദില്ലിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഗര്‍ഭച്ഛിദ്രത്തിനു വേണ്ടി എത്തുന്ന 20 ശതമാനം പേരും അവിവാഹിതരായ കൗമാരക്കാരാണ്.
കൗമാരഗര്ഭച്ഛിദ്രം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ?
25 ശതമാനം പെണ്‍കുട്ടികളും ഒരു മാസത്തെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്തന്നെ ഗര്‍ഭിണികളാകും. ചിലപ്പോള്‍ ഒരു തവണത്തെ ബന്ധംകൊണ്ടുപോലും ഗര്‍ഭമുണ്ടാകാം. ഗര്‍ഭിണി ആയിക്കഴിഞ്ഞ് മിക്കവാറും പെണ്‍കുട്ടികള്‍ ഗര്‍ഭച്ഛിദ്രത്തിനു വേണ്ടി എത്തുന്നത് വൈകിയായിരിക്കും. താന്‍ ഗര്‍ഭിണിയാണെന്നറിയാന്‍ വൈകുന്നതുകൊണ്ടും മാതാപിതാക്കളെ അറിയിക്കാനുള്ള വൈമുഖ്യവും ഭയവും മൂലമാണിത്. ഗര്‍ഭം വളരുന്നതോടെ സങ്കീര്‍ണതകളും കൂടും. 10- 15 ശതമാനം പേര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിനിടയില്‍ അണുബാധയുണ്ടാകാം. ഇതിന് സെപ്ടിക് അബോര്ഷന് എന്നു പറയും. ഗര്‍ഭച്ഛിദ്രം അണുവിമുക്ത അന്തരീക്ഷത്തില്‍ ചെയ്യാത്തതുമൂലവും വിദഗ്ധരല്ലാത്തവര്‍ ചെയ്യുന്നതു മൂലവുമാണിത്. ചിലപ്പോള്‍ അണുബാധയെത്തുടര്‍ന്ന് മരണംവരെ സംഭവിക്കാം.
കൗമാരപ്രായക്കാരായ ഗര്‍ഭിണികള്‍ നേരിടുന്ന മറ്റു പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
നിയമം അനുസരിച്ച് ഗര്‍ഭം അലസിപ്പിക്കല്‍ 20 ആഴ്ചവരെയേ അനുവദിക്കുകയുള്ളൂ. ചില പെണ്‍കുട്ടികള്‍ ഈ കാലയളവ് കഴിഞ്ഞായിരിക്കും എത്തുന്നത്. പക്വതയെത്താത്ത മനസ്സും ശരീരവും പ്രത്യുത്പാദന അവയവങ്ങളും ഇടുപ്പെല്ലിന്റെ വികാസക്കുറവും മൂലം പല സങ്കീര്‍ണതകളും ഇവര്‍ക്കുണ്ടാകാം. രക്താതിമര്‍ദം, പോഷകാഹാരക്കുറവുമൂലമുള്ള വിളര്‍ച്ച, മാസം തികയാതെയുള്ള പ്രസവം, പ്രസവസമയത്തെ ബുദ്ധിമുട്ട്, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍, കുഞ്ഞിന്റെ മരണം തുടങ്ങിയവ സംഭവിക്കാം.
ഇത്തരം ഗര്‍ഭം മൂലം എന്തൊക്കെ സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാകാം?
പങ്കാളിയില്‍ നിന്നുള്ള അംഗീകാരമില്ലായ്മ, അവഗണന, വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍, ഒറ്റപ്പെടല്‍, പഠനം ഇടയ്ക്ക് മുടങ്ങുക, മനഃപ്രയാസം, കുറ്റബോധം, ആത്മഹത്യാപ്രവണത, ലൈംഗികരോഗങ്ങള്‍, എയ്ഡ്സിനുള്ള സാധ്യത, ഗര്‍ഭാശയഗള ക്യാന്‍സര്‍, ഗര്‍ഭാശയ അണുബാധ, ഭാവിയില്‍ കുട്ടികളുണ്ടാകാതിരിക്കുക, കൂടെക്കൂടെ ഗര്‍ഭം അലസുക എന്നിവയ്ക്കിടയാക്കാം.
കേരളത്തില്‍ അവിവാഹിത കൗമാരഗര്‍ഭത്തിന്റെ എണ്ണം കൂടുന്നുണ്ടോ?
പഠനങ്ങള്‍ തെളിയിക്കുന്നത് കേരളത്തിലും അവിവാഹിത കൗമാരഗര്‍ഭങ്ങള്‍ കൂടുന്നുണ്ട് എന്നുതന്നെയാണ്. കൗമാരഗര്ഭത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്താനായി കേരളത്തിലെ മൂന്ന് പ്രധാന മെഡിക്കല്‍കോളേജുകളില്‍ (തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് താഴെ.
ഒക്ടോബര്‍ 2004 മുതല്‍ ജൂലായ് 2006 വരെയുള്ള 22 മാസ കാലയളവില്‍ ഈ മൂന്നു മെഡിക്കല്‍കോളേജുകളില്‍ മാത്രം 13-നും 24- നും ഇടയ്ക്കു പ്രായമുള്ള 181 അവിവാഹിതര്‍ ഗര്‍ഭം അലസിപ്പിക്കാന്‍ എത്തി. ഇവരില്‍ 90 പേര് 19 വയസ്സില്‍ താഴെയുള്ളവര്‍. ഏറ്റവും കുറഞ്ഞ പ്രായം 13-ഉം കൂടിയ പ്രായം 24-ഉം. കൗമാരഗര്ഭത്തിലേക്കു നയിച്ച ഏറ്റവും പ്രധാന കാരണം കുടുംബപ്രശ്നങ്ങളായിരുന്നു.
കുടുംബപ്രശ്നങ്ങള്‍ ഇതിന് എത്രത്തോളം കാരണമാവുന്നുണ്ട്?
ഗര്ഭച്ഛിദ്രത്തിനെത്തിയ 65 ശതമാനംപേരും പ്രശ്നകുടുംബങ്ങളില് നിന്നുള്ളവരായിരുന്നു. ഇത്തരം കുടുംബത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് വീട്ടില്‍നിന്ന് സ്നേഹവും സുരക്ഷിതത്വവും പിന്തുണയും കിട്ടുകയില്ല. ഇങ്ങനെയുള്ള കുട്ടികള്‍ പെട്ടെന്ന് പ്രലോഭനങ്ങളില്‍ വീഴും. ഇവര്‍ നല്ലൊരു വിവാഹജീവിതം വാഗ്ദാനംചെയ്യുന്നവരെയും ഭാവി സുരക്ഷിതമാക്കാമെന്ന് ഉറപ്പു കൊടുക്കുന്നവരെയും കൂടുതല്‍ സഹതാപം കാണിക്കുന്നവരെയും വിശ്വസിക്കും.
ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് എന്തൊക്കെ ചെയ്യാനാവും?
കുട്ടികളുടെ ജീവിതവിജയത്തിനും ഭാവിസുരക്ഷിതമാകാനും മാതാപിതാക്കളുടെ സ്നേഹവും ശ്രദ്ധയും സൂക്ഷ്മനിയന്ത്രണവും പിന്തുണയും ആവശ്യമാണ്. കൗമാരത്തില്‍ മാതാപിതാക്കള്‍ അവരുടെ വഴികാട്ടിയായിരിക്കണം.
കുട്ടികള്‍ക്ക് അമിതസ്വാതന്ത്ര്യം കൊടുക്കലും അമിതമായ നിയന്ത്രണവും നല്ലതല്ല. ഈ പഠനത്തില്‍ 74 ശതമാനം കുട്ടികളും മാതാപിതാക്കളുടെ സൂക്ഷ്മനിയന്ത്രണവും ശ്രദ്ധയും കിട്ടാതെ വളര്‍ന്നവരായിരുന്നു. ഇവരില്‍ 18 ശതമാനം പേര് പഠനം, ജോലി, വീട്ടുജോലി, ബന്ധുവീട്ടില്‍ താമസം തുടങ്ങിയ കാരണങ്ങളാല്‍ മാതാപിതാക്കളില്‍ നിന്നും വിട്ട് ശ്രദ്ധ കിട്ടാതെ ദൂരെയായിരുന്നു. മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ വളരാത്ത കുട്ടികള്‍ക്ക് മറ്റുള്ളവരെക്കാള്‍ അവിവാഹിത ഗര്ഭമുണ്ടാകാന് എട്ടുമടങ്ങ് കൂടുതല്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി.
ഏതു തരക്കാരാണ് തെറ്റായ ബന്ധങ്ങളില്‍ ചെന്നുവീഴുന്നത്?
എം.ടി.പി.ക്ക് എത്തിയിരുന്നതില്‍ 44 ശതമാനം കുട്ടികള്‍ ഒരു ജോലിയിലും മുഴുകാതെ ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്തവരായിരു ന്നു. ഇങ്ങനെയുള്ള കുട്ടികളെ ലൈംഗികചൂഷണത്തിനു വിധേയരാക്കാന്‍ എളുപ്പമാണ്. തന്നെയുമല്ല ഇവര്‍ മറ്റു കുട്ടികളെക്കൂടി ഈ രീതിയില്‍ ആകാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
അബദ്ധങ്ങളില്‍ പെടുന്ന ഈ കുട്ടികള്‍ക്ക് ലൈംഗികമായ അറിവ് ഉണ്ടായിരുന്നോ?
ഈ പഠനത്തില്‍ പങ്കെടുത്ത 63 ശതമാനം ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ക്കും ലൈംഗികമായ അറിവ് വളരെ കുറവായിരുന്നു. ഗര്ഭിണിയാകുന്നതിനെപ്പറ്റിയും ഗര്‍ഭനിരോധന മാര്‍ഗങ്ങളെപ്പറ്റിയും ലൈംഗികബന്ധത്തിന്റെ അനന്തരഫലങ്ങളെപ്പറ്റിയും അറിഞ്ഞുകൂടാത്തവര്‍. ഇതില്‍ 55 ശതമാനം പേര്‍ക്കും ആദ്യമായി മാസമുറ വന്നതിനുശേഷമാണ് അമ്മമാര്‍ അതിനെപ്പറ്റി പറഞ്ഞുകൊടുത്തത്.
39 ശതമാനംപേര്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും എവിടെനിന്ന് ലഭിക്കുമെന്ന് അറിഞ്ഞുകൂടാ. ഇവര്‍ പങ്കാളികളോട് ഗര്ഭനിരോധനമാര്ഗങ്ങളെപ്പറ്റി സംസാരിച്ചിരുന്നില്ല. മിക്കവാറുംപേര്‍ക്ക് ലൈംഗികബന്ധം അപ്രതീക്ഷിതമായ ഒരു സംഭവമായിരുന്നു. 54 ശതമാനം പേര് ലൈംഗികരോഗങ്ങളെയും എയ്ഡ്സിനെയുംപറ്റി കേട്ടിട്ടുണ്ടെങ്കിലും ഇതെങ്ങനെ പകരുമെന്നോ എങ്ങനെ തടയാമെന്നോ അറിഞ്ഞുകൂടായിരുന്നു.
ലൈംഗികകാര്യങ്ങളെപ്പറ്റി ഇവര്‍ പുലര്‍ത്തിയിരുന്ന മിഥ്യാധാരണകള്‍ എന്തൊക്കെയാണ്?
* ഒരുതവണത്തെ ശാരീരികബന്ധംകൊണ്ട് ഗര്ഭിണിയാകുകയില്ല.(61%)
* വിവാഹം കഴിഞ്ഞാലേ ഗര്‍ഭിണിയാകൂ (50%). (വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധത്തില്‍ ഗര്ഭിണിയാകുകയില്ല).
* ഗര്‍ഭിണിയായാലും മാസമുറയുണ്ടാവും (48%). ഇതില്‍ 44% പേര്‍ക്ക് നേരത്തേ ക്രമംതെറ്റിയ ആര്‍ത്തവമായിരുന്നു. ഇതുമൂലം ഇവര്‍ ഗര്‍ഭിണിയാണെന്നു കണ്ടെത്താനും അബോര്‍ഷനുവേണ്ടി എത്താനും വൈകി.
കൗമാരക്കാരെ എങ്ങനെ രക്ഷിക്കാം?
സ്കൂളിലും പുറത്തും കൗമാരക്കാര്‍ക്ക് ആരോഗ്യവിദ്യാഭ്യാസം കൊടുക്കുക. ലൈംഗികബന്ധത്തിന്റെ അനന്തരഫലങ്ങളെപ്പറ്റി കുട്ടികള്‍ അറിഞ്ഞിരിക്കണം. സുരക്ഷിതമായ ലൈംഗികബന്ധത്തെപ്പറ്റിയും അറിയണം. എതിര്‍ലിംഗത്തിലുള്ളവരോട് സമാനമായി പെരുമാറാന്‍ പഠിക്കുക. ആണ്കുട്ടികളോടിടപഴകുമ്പോള് അതിര്‍ത്തി ലംഘിക്കാതിരിക്കുക. അപകടസാഹചര്യങ്ങളില്നിന്ന് കഴിയുന്നതും ഒഴിഞ്ഞുമാറുക. മറ്റുള്ളവരുടെ നോട്ടത്തിലോ പെരുമാറ്റത്തിലോ പ്രവൃത്തിയിലോ അപാകംതോന്നിയാല് മാതാപിതാക്കളെ അറിയിക്കുക.