ബലാത്സംഗ കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ കുറ്റാരോപിതനായ വ്യക്തി ജഡ്ജിമാര്‍ക്ക് മുന്നില്‍ തന്റെ ലൈംഗിക അവയവം പ്രദര്‍ശിപ്പിച്ചു. ബലാത്സംഗം ചെയ്യപ്പെട്ട ഇരയുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ബന്ധിതരായത്.
തന്നെ ബലാത്സംഗം ചെയ്ത പുരുഷന്റെ ലൈംഗിക അവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളം നിറത്തിലുള്ളതാണെന്നായിരുന്നു ഇരയുടെ വാദം. ഈ വാദത്തെ പ്രതിരോധിക്കാനാണ് കുറ്റാരോപിതനായ ഡെസ്മണ്ട് ജയിംസിന് തന്റെ ലൈംഗിക അവയവം ജഡ്ജിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത്.
ന്യുഹാവനിലെ കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സത്യം തെളിയിക്കാന്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നതിനാലാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്ന് പ്രതിഭാഗം വക്കീല്‍ ടോഡ ബുസ്സര്‍ട്ട് പറഞ്ഞു.
2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ബലാത്സംഗം ചെയ്തയാളെ സ്ത്രീ തിരിച്ചറിഞ്ഞു. എന്നാല്‍ പിടിയിലായ ഡെസ്മണ്ട് ജയിംസിന്റെ ലൈംഗികാവയവം ഇര നല്‍കിയ കുറ്റവാളിയുടെ ലൈംഗികവയവത്തിന്റെ വിവരണവുമായി ചേര്‍ന്നു പോവുന്നില്ല, ബുസ്സാര്‍ പറഞ്ഞു.
‘കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ തന്റെ കക്ഷിയുടെ ലൈംഗികാവയവത്തിന്റെ നിരവധി ഫോട്ടോകള്‍ ഹാജരാക്കേണ്ടി വന്നു. എന്നാല്‍ ഒരു ഫോട്ടോയില്‍ ഫ്ലാഷ് ലൈറ്റിന്റെ അതിപ്രസരം വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അതിനാലാണ് കോടതി മുറിയില്‍ വെച്ച് തന്റെ കക്ഷിക്ക് പാന്റഴിക്കേണ്ടി വന്നത്, പ്രതിഭാഗം വക്കീലായ ബുസ്സര്‍ട്ട് പറഞ്ഞു.