Breaking News
Home / Lifestyle / ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളെ അമ്പരപ്പിച്ചു ഖത്തര്‍ തിരിച്ചടിക്കുന്നു; ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളുടെയും ഉല്‍പ്പനങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളെ അമ്പരപ്പിച്ചു ഖത്തര്‍ തിരിച്ചടിക്കുന്നു; ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളുടെയും ഉല്‍പ്പനങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ നാല് അയല്‍രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ആദ്യം ചുവടുപിഴച്ച ഖത്തര്‍ പിന്നീട് മികച്ച മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം ഒരു വര്‍ഷം പിന്നിടുന്നു. ഇപ്പോള്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണ് ഖത്തര്‍. തങ്ങളുടെ സാമ്പത്തിക മേഖല ശക്തമാണ് എന്ന് പ്രഖ്യാപിക്കുക കൂടിയാണ് പുതിയ നടപടിയിലൂടെ. ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളുടെയും ഉല്‍പ്പനങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇനി നാല് രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ വില്‍ക്കാന്‍ സാധിക്കില്ല. ഖത്തറിന്റെ പുതിയ നീക്കം സൗദിയെയും യുഎഇയെയും അമ്പരപ്പിക്കുന്നതാണ്.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും അവര്‍ക്ക് പണം നല്‍കുന്നുവെന്നും ആരോപിച്ചായിരുന്നു ഉപരോധ പ്രഖ്യാപനം. ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. ഒരു വര്‍ഷം തികയാന്‍ ഒരാഴ്ചയുള്ളപ്പോഴാണ് ഖത്തര്‍ നിലപാട് കര്‍ശനമാക്കിയിരിക്കുന്നത്.

ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ട എന്നാണ് ഖത്തറിന്റെ പുതിയ തീരുമാനം. ഖത്തര്‍ സാമ്പത്തിക മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നാല് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് പുതിയ ഉത്തരവ്.ശനിയാഴ്ചയാണ് ബന്ധപ്പെട്ട ഉത്തരവിറങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഷോപ്പുകളില്‍ പരിശോധന നടത്തും.

നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.അതേസമയം, നിരോധനത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം ലഭിക്കാന്‍ ചില മാധ്യമങ്ങള്‍ സാമ്പത്തിക മന്ത്രാലയത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തായാലും റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഖത്തറിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റു ചില രാജ്യങ്ങള്‍ വഴി ഈ രാജ്യങ്ങളുടെ ചില ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ വിപണിയില്‍ എത്താറുണ്ട്.

നേരത്തെ സൗദിയുടെ കരാതിര്‍ത്തി വഴിയും യുഎഇയില്‍ നിന്ന് കപ്പല്‍ മാര്‍ഗവുമാണ് ഖത്തറിലേക്ക് ചരക്കുകള്‍ എത്തിയിരുന്നത്. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഈ വഴികള്‍ അടഞ്ഞു. ശേഷം ഒമാന്‍ തുറമുഖം വഴിയാണ് ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നത്.

സൗദിയും യുഎഇയും വാതിലുകള്‍ അടച്ചപ്പോള്‍ ഖത്തറിന് മുന്നില്‍ ഇറാനും തുര്‍ക്കിയുമാണ് വാതിലുകള്‍ തുറന്നിട്ട് പുതിയ മേഖല വെട്ടിത്തെളിച്ചത്. ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് ഖത്തര്‍ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ ഇറക്കുന്നത്. കൂടാതെ ചില ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തിച്ച് ചരക്കുകള്‍ ദോഹയിലേക്ക് വരുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളില്‍ ഒന്നാം ഖത്തര്‍. ഗള്‍ഫിലെ കൊച്ചുരാജ്യമാണെങ്കിലും ആസ്തിയില്‍ ഇവര്‍ നമ്പര്‍ വണ്‍ ആണ്. ഉപരോധം ഖത്തറിനെ നേരിയ തോതില്‍ ബാധിച്ചിരുന്നു. എന്നാല്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലൂടെ മറികടക്കുകയായിരുന്നു.

അയല്‍രാജ്യങ്ങളേക്കാള്‍ മികച്ച വേഗതയിലാണ് ഖത്തറിന്റെ സമ്പദ് വ്യവസ്ഥ ഉപരോധങ്ങള്‍ക്കിടയിലും കുതിച്ചത്. ഈ വര്‍ഷം കൂടുതല്‍ മികച്ച സമ്പദ് വ്യവസ്ഥയാകുമെന്നാണ് വിലയിരുത്തലെന്ന് അന്താരാഷ്ട്ര നാണയ നിധി പറയുന്നു. ആയുധമേഖലയില്‍ അടുത്തകാലത്തായി ഖത്തര്‍ കൂടുതല്‍ തുക ചെലവഴിച്ചിട്ടുണ്ട്.

വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഖത്തര്‍ നടത്തിയ ചില നീക്കങ്ങളാണ് സമ്പദ് വ്യവസ്ഥ കൂടുതല്‍ ആകര്‍ഷകമാക്കിയത്. ഇറാന്‍, ഇറാഖ്, തുര്‍ക്കി, പാകിസ്താന്‍ എന്നിവിടങ്ങൡ നിന്നുള്ള നിരവധി കമ്പനികള്‍ ഖത്തറിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളെ ഖത്തറില്‍ നിക്ഷേപിക്കാന്‍ ക്ഷണിച്ചിരുന്നു. യൂറോപ്പിലെ രാജ്യങ്ങള്‍ കൂടി എത്തുന്നതോടെ ഖത്തര്‍ ഇനിയും പുരോഗതി പ്രാപിക്കുമെന്നാണ് കരുതുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.