Breaking News
Home / Lifestyle / കൈ രണ്ടും ചുരുട്ടികൂട്ടി കാലുകൾക്ക് ഇടയിൽ തളളി കിളിയേ കാണാൻ ഒരുക്കം നടത്തുംനേരം വീണ്ടും കേട്ടു…”എനിക്ക് പ്രസവിക്കണം…

കൈ രണ്ടും ചുരുട്ടികൂട്ടി കാലുകൾക്ക് ഇടയിൽ തളളി കിളിയേ കാണാൻ ഒരുക്കം നടത്തുംനേരം വീണ്ടും കേട്ടു…”എനിക്ക് പ്രസവിക്കണം…

പാവം പാവം ആണുങ്ങൾ
**************************
“എനിക്ക് പ്രസവിക്കണം….”
ഒരാഴ്ചത്തെ പണിയുടെ ആലസ്യം തീർക്കാൻ ശനിയാഴ്ച വൈകീട്ട് രണ്ടെണ്ണം പൂശി..ഉറക്കത്തിന്റെ ആദ്യ പടവിലെ രണ്ട് കൂർക്കം വലീം കഴിഞ്ഞ് അടുത്ത ഗിയറിലേക്ക് വണ്ടി മാറ്റി പിടിക്കുമ്പോൾ ആണ് ആ കിളിനാദം കേട്ടത്…

കണ്ണുകൾ ഒന്ന്കൂടി പൂട്ടി കൈ രണ്ടും ചുരുട്ടികൂട്ടി കാലുകൾക്ക് ഇടയിൽ തളളി സ്വപ്നത്തില് വന്ന കിളിയേ കാണാൻ ഒരുക്കം നടത്തുംനേരം വീണ്ടും കേട്ടു…
“എനിക്ക് പ്രസവിക്കണം…”
ഹൊ ദൈവമേ…കിളി സ്വപ്നത്തില് അല്ലേ.
ജീവനോടെ മുന്നിലോ?
മുന്നിലെ കിളിയേ കാണാൻ പാതി പോയ ബോധവും പകുതി തുറന്ന കണ്ണും കൊണ്ട്
നോക്കി…

മുന്നിലതാ ഒരു കിളി…
നെറുകൻ തലയിൽ മുടി കെട്ടിവെച്ച് ചോന്ന നീളൻ കുപ്പായവും ഇട്ട് ചമ്രംപടഞ്ഞ് ഇരിക്കുന്നു..
ഒന്നുകൂടി നോക്കിയപ്പോ കിളിക്കു ബോബനും മോളിയും കഥയിലെ ചേടത്തിയുടെ ഒരു ഛായ..
ഇത് കിളിയല്ല .. മുതൂകിളവി ..തന്റെ സ്വന്തം ഭാര്യ….
“നിങ്ങള് കേൾക്കുന്നുണ്ടോ. എനിക്ക് ഇനീം പ്രസവിക്കണന്ന്…”
ഇപ്പോ കേൾക്കുന്ന സ്വരം കിളിയുടെയല്ല.
മണിചിത്രത്താഴ്‌ സിനിമയിലെ നാഗവല്ലിയെ യുടെയാണ്…
നാശം.. ഉറക്കം കളയാൻ.

മനസ്സിൽ പറഞ്ഞത് ഇങ്ങനെയെങ്കിലും പുറത്ത് വന്നത് മറ്റൊന്നാണ്..
“എന്താഡീ ഇപ്പൊ പ്രശനം..
ഇൗ രാത്രി തന്നെ നിനക്ക് പ്രസവിക്കണോ
നേരം വെളുത്തിട്ട്‌ പോരെ…അല്ല പിന്നെ..”
പെണ്ണ് സീരിയസ് ആണ്..
ഒരു കൊട്ടമോന്തയുണ്ട്…

എന്നാ പിന്നെ ഇവളുടെ പേറു എടുത്തിട്ട് തന്നെ കാര്യം. .
“എടീ..ഒരു രാത്രി കൊണ്ട് നിന്നെ പ്രസവിപ്പിക്കാൻ ഒന്നും എന്നെ കൊണ്ട് നടക്കില്ല. ഇനി നിനക്ക് നിർബന്ധം ആണെങ്കിൽ. . പത്തു മാസം കഴിഞ്ഞ് പ്രസവിക്കാൻ ഇപ്പൊ വേണേൽ നോക്കാം…”
എന്നും പറഞ്ഞ് അവളുടെ കവിളത്ത് തൊട്ടത് മാത്രം ഓർമ്മയുണ്ട്..
“നിങ്ങള് ആണുങ്ങൾക്ക് എല്ലാം കളിയാ..
ഞങ്ങള് പെണ്ണുങ്ങള്..ആരോട് സങ്കടം പറയും..?”

അവള് കണ്ണുനീർ ടാങ്ക് തുറന്ന് കഴിഞ്ഞൂ..ഫയർ എൻജിന്റെ ഓസ് പോലെയാ ..ഇനി പിടിച്ചാൽ രക്ഷയില്ല…
“ഞാൻ ഇനീം പ്രസവിക്കാൻ പൂവ്വാ…
ഇങ്ങനെ പോയാൽ ശരിയാവില്ല…”അവള് എണ്ണി പെറുക്കി കൊണ്ടിരുന്നു..
“എങ്ങനെ പോയാല്..?”
ഇവള് എന്ത് കുന്ത്രാണ്ടം ആണ് ഇൗ പാതിരാത്രി പറയണത്..
“എന്നോട് ഇവിടെ ആർക്കെങ്കിലും സ്നേഹമുണ്ടോ..? മക്കൾക്ക് ഇപ്പൊ എന്നെ വേണ്ടാ. ..എന്നെ അവർക്ക് ഒരു വെലയുമില്ല. ”
അമ്പമ്പാ…. .

അപ്പോ അതാണ് കാര്യം..
തലേന്ന് മക്കളുമായി വഴക്കുണ്ടാകിയിരുന്നു..അവൾക്ക് സീരിയൽ വെക്കണം…മക്കൾക്ക് ഫുട്ബോൾ കാണണം…
തലേന്ന് എന്നല്ല… അമ്മേം മക്കളും ഇടിപിടി പതിവാണ്.
ഇന്നലത്തെ ഇടിപിടിത്തം കഴിഞ്ഞപ്പോ പിള്ളേർ ചോദിക്കണ കേട്ടു.
“അമ്മക്ക് നാണമില്ലേ ഇങ്ങനെ മക്കളോട് തല്ലുണ്ടാക്കാൻ…
ഒരു നാലഞ്ചു മക്കൾ വേണമായിരുന്നു എന്നാലെ ..അമ്മ പഠിച്ചെനെ….
അമ്മയാണെന്നും പറഞ്ഞ് നടന്നോളും വല്ല ബോധമുണ്ടോ…”
ഇന്നലത്തേക്ക് അത് മതി..

നാൾ കുറച്ചായി അവളുടെ കംപ്ലൈന്റ ബോക്സ് ഇച്ചിരി കൂടുതലാ.
മക്കൾക്ക് സ്നേഹമില്ല പോലും….
പണ്ട് രണ്ടെണ്ണം കൂടി ആവാം എന്ന് കാലു പിടിച്ച് പറഞ്ഞ് നോക്കി..അന്നേരം കേട്ടില്ല..
ഇപ്പൊ എന്തായി എല്ലായിടത്തും ഒരെണ്ണം രണ്ടെണ്ണം.. ഒന്ന് സ്നേഹം പോലും പങ്കു വെക്കാൻ പോലും മക്കൾക്ക് മടി..
മാതാപിതാക്കളെ നോക്കാൻ ആളുണ്ടോ ..? ഒരു ആവശ്യം വരുമ്പോ ആണ് നെട്ടോട്ടം…
പ്രായപൂർത്തി ആവാൻ ആയ മക്കളാണ്.. പഴയ കുട്ടികളല്ല … എന്നോക്കെ പറഞ്ഞിട്ട് ആര് കേൾക്കാൻ!
പതിയെ ഒന്ന് ആശ്വസിപ്പിക്കാൻ നോക്കി..
“എടീ.. അതിന് നീ പ്രസവം നിർത്തിയില്ലേ.. ഇനി എങ്ങനാ..”
“അതൊക്കെ ഇന്നത്തെ കാലത്ത് വീണ്ടും തൊറക്കാൻ പറ്റും…
ചുമ്മാ അവരു കെട്ടി ഇട്ടിട്ടല്ലെ ഉള്ളൂ..

ഞാൻ ചോദിച്ചല്ലോ അന്ന് ഡോക്ടറോട്… തീയേറ്ററിൽ വെച്ച്.. ”
അത് നേരാ…
അവള് പറയണത്…
ഓപ്പറേഷൻ തീയേറ്ററിൽ പ്രസവം നിർത്താൻ അവളെ കേറ്റിയ നേരത്ത്. .കെട്ടി വെച്ച കണ്ണും കൊണ്ട്… കാത് കൂർപ്പിച്ചു പിടിച്ച് .. മെഡിക്കൽ സ്റ്റുഡന്റ്സിനോട് ഡോക്ടർ പറയുന്നത് ചെവി വട്ടം പിടിച്ച് കേട്ട്…ഒരൊറ്റ ചോദ്യം ആയിരുന്നു..
“അപ്പോഴേ. ഡോക്ടറെ… ഇങ്ങനേ ട്യുബ് മുറിച്ച് കളഞ്ഞാലു…ഇൗ ബീജവും അണ്ഡവും ഇനി എവിടെ പോകും..
അത് ഇൗ ട്യുബ് വഴി അല്ലേ യാത്ര…?”
ചോദ്യം കേട്ട ഡോക്ടറും കുട്ടികളും ഞെട്ടി..

മരവിക്കാൻ കൊടുത്ത ഇഞ്ചക്ഷൻ പണി തുടങ്ങിയിട്ടില്ല…
അതുക്കും മേലെ ആണ്… ടേബിളിൽ കിടക്കുന്ന രോഗിടെ സംശയം..
ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പൊഴാണ് ബോധം ഉണ്ടായത് എങ്കിൽ…നുമ്മടെ ഭാര്യക്ക് കത്തി വെച്ചപ്പോഴാണ് തലയില് ബൾബ് കത്തിയത്..

പിന്നൊന്നും നോക്കിയില്ല..
ഡോക്റ്റർ ഒരു വലിയ കുത്ത് കൂടി കൊടുത്തു..ബോധം പോവാൻ..
അതോടെ പോയ ബോധം… ഒരു ദിവസം കഴിഞ്ഞാണ് വന്നത്…
അല്ലേലും ഇൗ പെണ്ണുങ്ങൾക്ക് ഇച്ചിരി ബോധം കുറവാ…
ഇനി ഇപ്പൊ വല്ല സൂത്രപ്പണി ഒപ്പിക്കാൻ ആണേൽ ഇവറ്റകൾ കഴിഞ്ഞേ ഉള്ളൂ..
ഇതെവിടെന്നു കിട്ടുന്നത് ആവോ.. ഓരോരോ വഴികൾ…
എന്തായാലും പ്രശ്നം പ്രസവകേസ് ആണ്
അതിന് കാരണം അവളെ മക്കള് സ്നേഹിക്കുന്നില്ല എന്ന തോന്നലും.
ഇൗ തോന്നൽ സ്വാഭാവികം..

ഇത്ര നാളും അമ്മയുടെ വാലിൽ തൂങ്ങി. നടന്ന മക്കള്…അവർക്ക് ഇപ്പൊ സ്വന്തം അഭിപ്രായം ആയി ..പുതിയ കൂട്ടുകാർ..പുതിയ ലോകം..പുതിയ ചിന്തകൾ..ആദർശങ്ങൾ..കാഴ്ചപ്പാടുകൾ..
പഴയ തലമുറയ്ക്ക് അത് ഉൾകൊള്ളാൻ പാടാണ്.
ഏതു കാലഘട്ടത്തിലും ഇൗ അന്തരം ഉണ്ടായിരുന്നു…
പഴമയും പുതുമയും തമ്മിൽ ഉള്ള സംഘർഷം…
ഒന്ന് നേരം വെളുക്കട്ടെ..മക്കളെ കാണണം..അവരെ മനസ്സിലാക്കി കൊടുക്കണം…
അമ്മമാരുടെ നിഷ്‌കളങ്കസ്നേഹത്തെ പറ്റി .. നിസാര പിടിവാശികൾ ഒക്കെ പറഞ്ഞ് കൊടുക്കണം..
ഒരു കണക്കിന് അവളെ പിടിച്ചു കിടത്തി..

പെണ്ണ് കരച്ചിൽ ആണ്..ആരോ ചത്ത മട്ടിൽ..
ഇൗ പെണ്ണുങ്ങൾക്ക് മാത്രം ഇതെവിടുന്നാ ഈശ്വരാ ഇത്രേം കണ്ണീർ…
കണ്ണും അടച്ച് വീണ്ടും ഉറങ്ങാൻ നോക്കി..
പൂശിയതിന്റെ പറ്റ് മുഴുവൻ പ്രസവം കൊണ്ട് ഇറങ്ങി പോയി..
ക്യൂ നിന്ന് വാങ്ങിയ മുതലാണ്..
മാവേലി സ്റ്റോറിൽ പോലും ഇന്നേവരെ വരി നിന്നിട്ടില്ല…അത്രേം കഷ്ടപ്പെട്ട് വാങ്ങിയ സാധനം കൊണ്ട്..ഒരു രാത്രി പോലും സ്വാസ്ഥായി ഉറങ്ങാൻ സമ്മതിക്കില്ല എന്ന് വെച്ചാ…
ഇൗ ആണുങ്ങള ്എന്തോരം സഹിക്കണം…
ആണുങ്ങളുടെ കഷ്ടപ്പാട് ഓർത്ത് ഓർത്ത് ..ചിന്തകളുടെ ഭാരം കൊണ്ടാണെന്ന് തോന്നുന്നു….കിടന്ന ഉടനെ വീണ്ടും ഉറങ്ങി പോയി..
ഉറക്കത്തിൽ ദ്ദേ കാണുന്നു..
ഒരു പ്രസവമുറി…

കിടക്കണത്…എന്റെ റോസികുട്ടി അല്ലേ..
ദ്ദേ..കൂടെ പിള്ളേര് രണ്ടെണ്ണം..
ഹേയ് രണ്ടെണ്ണം അല്ല…ഒരു നാല്..
നാല് ആൺപില്ലേർ….വേറെ.. എല്ലാം കൂടി കലപില..
തന്നെ കണ്ടതും…റോസികുട്ടി പിള്ളേരേ നോക്കി..പറയാണ്
“ദ്ദേ..നോക്കിയേ…കണ്ടാ…നമ്മടെ മക്കൾ..”
കണ്ണും തിരുമ്മി നോക്കി
ശരിയാ…നാലെണ്ണം വേറെ..
ഒക്കേത്തിനും പല്ല് മുളച്ചിട്ടുണ്ട്..
എല്ലാം കൂടി തന്നെ പോലെ തന്നെ.
കൊമ്പല്ലും വെച്ച്…. ജനിച്ച പടി ഓടിവരുന്നു..
“അപ്പച്ചാ.. ”

ആകെ കൂടി കലപില…
“ശല്യം…”
എന്നും പറഞ്ഞ് ചാടി എഴുനേറ്റു നോക്കുമ്പോ പിടി കിട്ടി ..
സംഭവം സ്വപ്നമായിരുന്നുവെന്ന്..
പക്ഷേ കലപില കേൾക്കുന്നു..
അടുക്കളയിൽ നിന്ന്…
നേരം വെളുത്തുവോ ഒരു സ്വപ്നം കൊണ്ട്…
പതിയെ തല എത്തിച്ച് നോക്കി..
ദ്ദേ.അമ്മേം മക്കളും കൂടി ചിരിച്ച് മറിയുന്നു..
ഇന്നലെ മക്കൾക്ക് നേരെ വാളും കൊണ്ട് ചെന്ന പെണ്ണാണ്…
ഇന്ന് വാലും ചുരുട്ടി…

ഇവളെ ഒക്കെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റുമോ..
“എന്താഡീ നീ പ്രസവിക്കുന്നില്ലെ .?”
പെട്ടെന്ന് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത് ..
ബാക്കി ഉള്ളവന്റെ ഉറക്കം കളയാൻ..
“പ്രസവിക്കെ ?.അമ്മയാ. .?ഇൗ പ്രായത്തിലാ?
ബെസ്റ്റാവും..”
മോള് അപ്പോ തന്നെ മൂക്കത്ത് വിരൽ വെച്ച്..ചോദിച്ചു..
“അതിനെന്താ അമ്മ പ്രസവിച്ചാലു. ?”
മോൻ ഉടൻ മോളുടെ നേരെ തിരിഞ്ഞു
“അമ്മ പ്രസവിച്ചോ അമ്മെ…”

അടുത്ത ഇടിക്കുള്ള…ഗ്രീൻ സിഗ്നൽ ആണ്.
“ദ്ദേ. നിങ്ങള്ക്ക് നാണമില്ലേ മനുഷ്യാ..
പിള്ളേരുടെ മുന്നിൽ വെച്ച് ഓരോന്ന് പറയാൻ. ”
അവള് ചാടി കേറി തന്റെ നേരെ ചാടുന്നു..
കണ്ടാ കണ്ടാ..പെണ്ണിന്റെ തനി നിറം..
ഒന്തിൻെറ സ്വഭാവം അല്ലേ..
പണ്ട് ആദാമിന്റെ വാരിയെല്ല് കൊണ്ടാണ് ഹവ്വയെ ഉണ്ടാക്കിയത് എന്ന് പറയുന്നു..
ഇൗ വാരിയെല്ല് എന്ന് പറയുന്ന സാധനം ഇനി ഇപോ റബർ കൊണ്ടാണോ ഉണ്ടാക്കിയത് തമ്പുരാൻ.. ?
അല്ലെങ്കിൽ ഇവള്മാരെ ഇങ്ങനെ കാലുമാ റുമോ
എന്നാലും പിന്നേം ചെല്ലും…..
പൂവൻ പിടയുടെ പിന്നാലെ….
എന്താലെ…
പാവം പാവം ആണുങ്ങൾ.!

About Intensive Promo

Leave a Reply

Your email address will not be published.