മലയാള സിനിമയിലെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാർ സിനിമാ രംഗത്ത് കാര്യമായി പ്രശസ്തി നേടുന്നതിന് മുന്പുതന്നെ ആദ്യ വിവാഹം കഴിഞ്ഞിരുന്നു. കോളേജിൽ പ്രണയകാലത്തിന് ഒടുവിലായിരുന്നു മല്ലികയെ ജഗതി ജീവിത സഖി ആക്കിയത്.
അന്ന് മാർ ഇവാനിയാസ് കോളേജിലെ സകലകലാ വല്ലഭനായിരുന്നു ജഗതി. രാഷ്ട്രീയവും, നാടകവും മറ്റ് കലാപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാലം. മല്ലിക ആകട്ടെ വിമൺസ് കോളേജിലെ മിന്നുന്ന താരവും. കല തന്നെയായിരുന്നു ഇവരെ പരസ്പ്പരം അടുപ്പിച്ചതും. യുവജനോത്സവ വേദികളിലെ കണ്ടുമുട്ടലും പരിചയവും പ്രണയത്തിന് വഴിമാറി.
“വിമൻസ് കോളേജിൽ പഠിയ്ക്കുന്ന മല്ലികയുമായി ആദ്യകാഴ്ചയിൽ തന്നെ പ്രണയത്തിലായി. അസ്ഥിയിൽ പിടിയ്ക്കുന്ന പ്രണയവുമായി ഞങ്ങൾ ഒളിച്ചോടുകയായിരുന്നു. നാഗർകോവിൽ വഴി മദിരാശിയിലേയ്ക്ക്. പത്ത് വർഷത്തേയ്ക്ക് ഞങ്ങൾ പിന്നെ തിരുവനന്തപുരത്ത് വന്നില്ല. ഞങ്ങൾ രണ്ടു സമുദായത്തിൽ പെട്ടവരായിരുന്നു. പ്രബല സമുദായത്തിലെ അംഗമായിരുന്നു മല്ലിക. അന്നെനിക്ക് 21 വയസ്സാണ്. കല്യാണം കഴിയ്ക്കാൻ പ്രായപൂർത്തിയാക്കണമെന്ന് ഞങ്ങൾക്ക് അറിയാം.
അതിനു ശേഷം എങ്ങനെ ജീവിയ്ക്കണം എന്നതിനെ കുറിച്ച ഞങ്ങൾക്ക് വലിയ അറിവൊന്നും ഇല്ലായിരുന്നു. ആഹാരം കഴിയ്ക്കുന്നത് പോലെ തത്ക്കാലം കഴയ്ക്കുക എന്നതായിരുന്നു ചിന്ത. സമുദായപ്രശനം ഓർത്തു എനിയ്ക്കു ഭയമായിരുന്നു. സിനിമ സാമ്രാജ്യം വെട്ടിപ്പിടിയ്ക്കാനുള്ള ഒരു യാത്രകൂടി ആയിരുന്നു അത്. ഒരു പിടിയുമില്ലാതെ ആയിരുന്നു പോക്ക്.
ഒരു പെട്ടി മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. ചങ്ങമ്പുഴയുടെ രമണനൊക്കെ വായിച്ച് രണ്ടുപേർക്കും ഒരേ ദിക്കിലേക്ക് തുഴയാം ഒരേ തോണിയിൽ ഒഴുകാം എന്നൊക്കെയുള്ള കാൽപ്പനിക ചിന്തയിലായിരുന്നു യാത്ര പുറപ്പെട്ടത്” എന്നാണ് ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തെക്കുറിച്ച് ജഗതി തന്നെ മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ജഗതി കെ എൻ ആചാരിയുടെ മകനാണ് ജഗതിയെന്നും കൈനിക്കര കുമാരപ്പിള്ളയുടെ ബന്ധുവാണ് മല്ലികയെന്നും മദിരാശിയിലെ ചിലർക്കൊക്കെ അറിയാമായിരുന്നു. ഇവർ രണ്ടുപേരുടെയും പേരിൽ ഒരു സ്ഥാനമൊക്കെ ഇരുവർക്കും മദിരാശിയിൽ കിട്ടി. നാടുമായി യാതൊരു ബന്ധവുമില്ലാത്ത പത്തുവർഷങ്ങൾക്കിടയിൽ രണ്ടുപേർക്കും സിനിമയിൽ ചില വേഷങ്ങളും കിട്ടി. ഏകദേശം പത്തുവർഷത്തോളം ഒരു കൊച്ചു വാടക വീട്ടിലായിരുന്നു രണ്ടുപേരുടെയും ജീവിതം.
ഒടുവിൽ പത്തുവർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞതും ഇരുവരുടെയും ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു. രണ്ടുപേർക്കും ആവശ്യത്തിന് വിദ്യാഭാസമുള്ളത് കൊണ്ട് ഒരുപാട് പ്രശ്ങ്ങളൊന്നും ഇല്ലാതെ പിരിയാൻ തീരുമാനിക്കുകയും ആ വിവരം ജഗതി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയോട് പറയുകയും ചെയ്തത്രേ. ഹൃദയഭേദകമായ രംഗങ്ങൾ അവസാനിപ്പിക്കുന്നതിൽ നിന്നും നല്ല രീതിയിൽ മല്ലിക വിവാഹം കഴിയ്ക്കുന്നതിനു ശ്രീകുമാരൻ തമ്പി മീഡിയേറ്ററായി നിൽക്കുകയും അങ്ങനെ മല്ലിക സുകുമാരനൊപ്പം താമസിച്ച് തുടങ്ങുകയും ചെയ്‌തെന്നാണ് ജഗതി അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.