Breaking News
Home / Lifestyle / എനിക്ക് ഔട്ടാണ് ഞാൻ ചോപ്പ് കൊടിനാട്ടി യുവതിയുടെ കുറിപ്പ് വൈറലാകുന്നു

എനിക്ക് ഔട്ടാണ് ഞാൻ ചോപ്പ് കൊടിനാട്ടി യുവതിയുടെ കുറിപ്പ് വൈറലാകുന്നു

ആർത്തവം എന്ന വാക്ക് പോലും പറയാൻ മടിച്ചിരുന്നതൊക്കെ പഴയ കഥ. ഇന്ന് സ്വന്തം അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുതന്നെ ആർത്തവത്തെക്കുറിച്ച്പല സ്ത്രീകളും യാതൊരു മടിയുംകൂടാതെ തുറന്നെഴുതുന്നുണ്ട്. പെൺകുട്ടികളുടെ ഓരോ ആർത്തവവും സ്വകര്യമായിരിക്കണം എന്ന കാഴ്ചപ്പാടൊക്കെ ഇന്ന് മാറിയിരിക്കുന്നു. വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ എന്നും എനിക്ക് പിരീഡ്സ് ആണെന്ന് തന്നെ വെളിപ്പെടുത്തിക്കോളൂമെന്നും പെൺകുട്ടികളോട് നിർദേശിക്കുകയാണ് മലപ്പുറം സ്വദേശിനിയായ ഷംന എന്ന യുവതി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഷംന പറയുന്നതിങ്ങനെ;

‘പത്താം ക്ലാസിൽ വെച്ചാണ് ആദ്യമായി ആർത്തവമുണ്ടായത്. അന്ന് വയറ് വേദനിച്ചിട്ട് ഓഫീസ് റൂമിലിരുന്നപ്പോൾ അങ്ങോട്ട് കടന്നു വന്ന ഒരധ്യാപകന്റെ ചോദ്യത്തിന് ഞാനുത്തരം പറയും മുന്നേ തലവേദനയെന്ന് പറഞ്ഞത് ഒരു ടീച്ചറായിരുന്നു.പ്ലസ് ടുവിന് പഠിക്കുമ്പോൾ ക്ലാസിൽ ഫോൺ കൊണ്ടുവരുന്നവരെ പൊക്കാൻ ഇടക്കിടക്ക് ബാഗ് ചെക്കിംഗ് ഉണ്ടാവുമായിരുന്നു. പെൺകുട്ടികളുടെ ബാഗ് ചെക്ക് ചെയ്യാൻ അധ്യാപികമാർക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. കാരണം “അതിഗൂഢമായി സൂക്ഷിക്കേണ്ട” പാഡുകൾ ആരും കാണാനിടവരാതെ,അതുവഴി സ്ത്രീത്വത്തിന്റെ അടയാളമായ ആർത്തവകാരിയാണ് ഈ ബാഗിനുടമ എന്നും അധ്യാപകരിൽ നിന്നും മറച്ച് അവരുടെ “മാനം” കാക്കുക എന്നത് ഇതു കാണുന്ന ഏതൊരു സ്ത്രീയുടെയും കടമയാണ്.

വീട്ടിലുള്ളപ്പോൾ തുണി ഉപയോഗിച്ചിരുന്ന എന്നോട് അവയൊക്കെ വിറകുപുരയിൽ കൊണ്ടിടാനും ഇനി മറന്നെങ്ങാനും മുൻവശത്തൊക്കെ ഇട്ടാൽ അതിനു മോളീൽ കൂടി മറ്റു തുണികൾ വലിച്ചിട്ടതും വീട്ടിലെ സ്ത്രീകളായിരുന്നു. ഒരിക്കൽ ഇരുന്നിടത്ത് നിന്നെ എണീറ്റപ്പോൾ പുറകിലൊരു ചോന്നപുള്ളി കണ്ടതിന് ആദ്യം ശ്ശ്ശ്ശ്ശ് ശബ്ദമുണ്ടാക്കി എല്ലാരേം അറിയിച്ചത് ക്ലാസിലെ കട്ടക്കലിപ്പ് പെമ്പിള്ളേരായിരുന്നു.

എന്തു വേണമെന്ന ചോദ്യത്തിന് പാഡെന്ന് പറഞ്ഞപ്പോൾ അടുത്ത് നിന്നവന്റെ മോത്ത് നോക്കി അളിഞ്ഞ ചിരി പാസാക്കി ആദ്യം പേപ്പറിലും പിന്നെ ബ്രൗൺ കവറിലും അത് കഴിഞ്ഞത് പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ് തന്നത് ആ കടയിലെ ചേച്ചിയായിരുന്നു. നീ എന്തേ ഇന്നലെ വരാഞ്ഞതെന്ന് ചോദിച്ചപ്പോൾ ” എനിക്ക് ഔട്ടാണ്, ഞാൻ ചോപ്പ് കൊടിനാട്ടി” എന്നൊക്കെ കോഡുഭാഷയിലല്ലാതെ എന്നോടാരും സംസാരിച്ചിട്ടില്ല.

തുടയുരഞ്ഞ് പൊട്ടി നീറിയാലും ഞരമ്പ് വലിഞ്ഞു മുറുകി കടഞ്ഞാലോ വയറുവേദനയെടുത്ത് പഞ്ചറായാലോ കുടിച്ച വെള്ളം പോലും ശർദ്ദിച്ച് പോന്നാലോ ലീവ് ലെറ്ററിൽ അത് പനിയും തലവേദനയുമൊക്കെയായി മാറ്റിയെഴുതിയത് നമ്മുടെ വീട്ടുകാർ തന്നെയായിരുന്നു. ആർത്തവ സമയത്ത് രാത്രി ഇറങ്ങി നടന്നാൽ മണമടിച്ച് പാമ്പു വന്ന് തുണിയിൽ ചുറ്റി ആ പാമ്പ് നമ്മളെ കടിച്ച്.. ഹൗ.. ഈ കഥകളൊക്കെ നമ്മള് കേട്ടത് നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നു തന്നെയാണ്.

ആർത്തവ ദിനങ്ങളിൽ അടങ്ങിയിരിക്കണമെന്നും എണീക്കുമ്പോഴൊക്കെ അതീവ ജാഗ്രത പുലർത്തുന്നമെന്നുമൊക്കെ നമ്മളെ പഠിപ്പിച്ചതും ഇപ്പറഞ്ഞവർ തന്നെയാണ്.
എന്തിന് പാഡിന്റെ കവർ പോലും ഉമ്മറത്ത് കാണരുതെന്നാണ് ശാസന.

ആർത്തവമെന്നു കേൾക്കുമ്പോഴോ ആർത്തവക്കാരികളെ കണ്ടാലോ പാഡ് കണ്ടാലോ അതിനെക്കുറിച്ച് പറഞ്ഞാലോ നാണക്കേട് തോന്നുന്നൊരു സമൂഹം വളർന്നു വന്നതിൽ ഒരൽഭുതവും തോന്നുന്നില്ല. മേൽപാഞ്ഞവർക്കൊക്കെ അതിൽ പങ്കുണ്ട്. ഇതിനോടൊക്കെ പഴകി പഴകി ഇതാണ് ശരിയെന്ന് ശീലിച്ചു വരുന്ന സ്ത്രീകൾ ഒരുപാടുണ്ട്.ഇവയൊക്കെ കണ്ട് സ്ത്രീകളേക്കാൾ കനത്തിൽ ആർത്തവത്തെക്കുറിച്ച് തെറ്റായ ബോധം ഉടലെടുക്കുന്നത് പുരുഷൻമാരിലുമാണ്.

പരസ്യത്തിൽ കാണാറുള്ള നീലക്കളറ് ദ്രാവകം കിനിഞ്ഞിറങ്ങുന്ന പഞ്ഞിക്കഷ്ണം എന്താണെന്ന് ചോദിക്കമ്പോൾ നമ്മളെന്താണ് കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കാറുള്ളത്.? വല്യ ആൾക്കാരുടെ സ്നഗ്ഗി, കർച്ചീഫ്, സോക്സ്, അതു മല്ലെങ്കിൽ നിനക്കിതറിയാൻ പ്രായമായിട്ടില്ല എന്നൊക്കെയല്ലേ, സ്വാഭാവികമായും വളർന്നു വരുന്ന കുട്ടിയുടെ മനസിൽ ഈ സാഹചര്യത്തിലൂടെ കടന്നുപോവുന്നതിനു മുന്നേ തന്നെ ഇതെന്തോ വല്യ രഹസ്യമാണപ്പാ എന്ന ചിന്ത കയറിക്കൂടും.കുട്ടിയത് രഹസ്യമായി കൊണ്ട് നടക്കും. പുറത്തു പറയാൻ കൊള്ളാത്ത എന്തോ ഒന്നാണിതെന്ന് കുഞ്ഞിലേ മനസിലുറക്കും.

അതു കൊണ്ടെന്റെ പെണ്ണുങ്ങളേ…കുറേ മാറ്റം വന്നെങ്കിലും ആർത്തവം ഇന്നും നമ്മൾക്ക് എന്തോ പ്രത്യേക ദിനങ്ങളാണ്. ബുദ്ധിമുട്ടുകളുണ്ടെങ്ങിലും തികച്ചും സാധാരണയായി കടന്നുപോകേണ്ട,പുതുജീവൻ തളിർക്കുമെന്ന് ഉറപ്പാക്കുന്ന ആ നല്ല മാറ്റത്തെ എത്ര ഭീതിയോടെയാണ് നാം നോക്കിക്കാണുന്നത്..മാറ്റം ആദ്യം വേണ്ടത് നമുക്ക് തന്നെയാ..എന്റ പെണ്ണുങ്ങളേ…സ്വയം മാറി നിന്ന് സർവം സഹ ആവാതെ “ആ ദിവസങ്ങളിലും ഞാനവിടെത്തന്ന ഉണ്ടാവും മാറി നിൽക്കില്ല മാറ്റി നിർത്താനനുവദിക്കില്ല”

എന്നൊന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പൊ നമുക്കുളളൂ…ഇതൊക്കെ പുറത്ത് പറഞ്ഞോണ്ട് ഒന്നും സംഭവിക്കൂലട്ടോ.വെളിയില് വാ..പുറത്ത് കുറേ സംഭവങ്ങൾ നടക്കുന്നുണ്ട്..ഇനി ആർത്തവ പോസ്റ്റുകളെ പുക്ഞിക്കുന്നവരോട്,എന്തൊക്കെ പറഞ്ഞാലും പത്തുമാസം ഉമ്മ ചിന്താതെ സൂക്ഷിച്ച ചോര തന്നെയാ നമ്മൾ…

വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ. എനിക്ക് പിരീഡ്സ് ആണെന്ന് തന്നെ വെളിപ്പെടുത്തിക്കോളൂ.. മാറ്റിനിർത്തിയാലും ഞാനീ ദിവസങ്ങളിലും ഇവിടെത്തന്നെയുണ്ടാവുമെന്ന് കാണിച്ചു കൊടുക്കു.. മനുഷ്യരും ആർത്തവവും എന്നുവേണ്ട സകലമാന സംഗതികളെ കുറിച്ചും പരസ്പരം സംസാരിക്കൂ.. പണ്ട് ചൂണ്ടിക്കാണിച്ച് വാങ്ങിയിരുന്ന സാധനങ്ങൾ,കടയിൽ കയറിച്ചെന്ന് ഉച്ചത്തിൽ തന്നെ ചോദിക്കൂ, നിറവും കമ്പനിയും സൈസും ഡിസൈനും വിലയും എല്ലാം എടുത്ത് പറഞ്ഞ് തന്നെ പാഡുകളും കപ്പുകളും വാങ്ങൂ. പൊതിയൊന്നും വേണ്ട ചേട്ടോയ് എന്നും പറഞ്ഞങ്ങ് വാങ്ങൂ അവയെല്ലാം.. സിനിമയും നാടകവും ഒക്കെ വരട്ടെ.. ഈ ചോരക്കറ മറക്കേണ്ടതല്ലെന്ന് പഠിപ്പിക്കട്ടെ. തീണ്ടാരിത്തുണികൾ ഉമ്മറത്തു തന്നെ കിടന്നു തൂങ്ങട്ടെ.. നിങ്ങളുടെ ഓരോ വാക്കും ചോക്കട്ടെ
എന്ന്,
ആർത്തവദിനങ്ങളിൽ അലറി അമ്മാനമാടുന്നൊരു പെണ്ണ്❤❤❤

(എങ്കിൽ ഈ pad നിവർത്തി കാണിക്കാത്തതെന്തേന്ന് ചോദ്യമുണ്ടെങ്കിൽ,ഫോട്ടോക്ക് വേണ്ടി കടം വാങ്ങിയ pad ആണ്.പിൻഭാഗത്തെ സ്റ്റിക്കർ ഒരു കവർ പോലെ ഡിസൈൻ ചെയ്തിരിക്കുന്നു.പീരിയഡ് അല്ലാത്തോണ്ട് പൊളിച്ചു കളയാൻ താല്പര്യമില്ല)’

About Intensive Promo

Leave a Reply

Your email address will not be published.