‘ഇരുപത്തിയെട്ടു വയസ്സുള്ള വിവാഹിതയാണ് ഞാന്‍. ഒരു പെണ്‍കുട്ടിയുടെ മാതാവുമാണ്. കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം വിദേശത്താണ്. ഒന്‍പതു വയസ്സുള്ള മകള്‍ സ്‌കൂളില്‍ പോകും. പിന്നെ താമസസ്ഥലത്ത് ഞാന്‍ ഒറ്റയ്ക്കാണ്. ആ സമയത്ത് എന്റെ വീട്ടില്‍ ഒരു അതിഥി വരാറുണ്ടായിരുന്നു. അയാള്‍ എന്റെ നാട്ടുകാരനും അയല്‍ക്കാരനുമായിരുന്നു. നേരം കളയാനായി ഇയാളുമായി വര്‍ത്തമാനം പറഞ്ഞിരിക്കുമായിരുന്നു.
ഭര്‍ത്താവ് അത്രയധികമൊന്നും സംസാരിക്കുന്ന പ്രകൃതമല്ല. നാട്ടുകാരന്‍ നല്ല തമാശയൊക്കെ പറയുന്നയാളായിരുന്നു. ക്രമേണ ഞാന്‍ അയാളുമായി സ്‌നേഹബന്ധത്തിലായി. എല്ലാ വിധത്തിലുമുള്ള അടുപ്പവുമുണ്ടായി. ഭര്‍ത്താവില്‍നിന്ന് ലഭിക്കാത്ത സുഖവും സന്തോഷവും ഇയാള്‍ തന്നു. അയാളെ ഒരു ദിവസംപോലും കാണാതിരിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയിലായി. ഒപ്പം ഞാന്‍ എന്റെ ഭര്‍ത്താവിന്റെ കൂടെയും ജീവിച്ചു. അതുകൊണ്ട് അപ്പോഴൊന്നും ഒരു സംശയവുമുണ്ടായിരുന്നില്ല.
എങ്ങനെയോ ഭര്‍ത്താവ് ഈ അടുപ്പത്തെക്കുറിച്ചറിഞ്ഞു. ഒരു ദിവസം അദ്ദേഹം ജോലിസ്ഥലത്തുനിന്ന് വന്ന് വീടിന്റെയടുത്ത് പതുങ്ങിനിന്ന് ആളെ കണ്ടുപിടിച്ചു. അങ്ങനെയൊരു ബന്ധം ഇല്ലെന്നു പറയാന്‍ പറ്റാത്തവിധത്തിലുള്ള സാഹചര്യത്തില്‍ ഞങ്ങളെ കാണുകയും ചെയ്തു. ഞാന്‍ വലിയ പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, അദ്ദേഹം ഒന്നുമറിയാത്തപോലെയാണ് പെരുമാറിയത്. എന്നോടു കൂടുതല്‍ സ്‌നേഹം കാണിച്ചു. രണ്ടുമൂന്നു മാസം അങ്ങനെ കടന്നുപോയി.
ഒരു ദിവസം കുടുംബക്കാരെ കാണാന്‍ തോന്നുന്നുവെന്ന് എന്നോടു പറഞ്ഞു. നിനക്കും നിന്റെ വീട്ടുകാരെ കാണണ്ടേയെന്നു ചോദിച്ചു. ഞാന്‍ സമ്മതം മൂളി. എനിക്കും മകള്‍ക്കും ധാരാളം വസ്ത്രങ്ങള്‍ വാങ്ങി. വീട്ടുകാര്‍ക്കു കൊടുക്കാനുള്ള സാധനങ്ങളും വാങ്ങി. ഈ ദിവസങ്ങളിലൊക്കെ ഞങ്ങള്‍ സന്തോഷകരമായ ലൈംഗികജീവിതം പുലര്‍ത്തുകയും ചെയ്തിരുന്നു.
അങ്ങനെ ഒരു ദിവസം ഞങ്ങള്‍ എല്ലാവരുംകൂടി നാട്ടിലേക്കു പുറപ്പെട്ടു. നാട്ടിലെ വിമാനത്താവളത്തിലെ ചെക്കിങ്ങും ക്ലിയറന്‍സും കഴിഞ്ഞ ശേഷം അദ്ദേഹം ഇപ്പോള്‍ വരാമെന്നും പറഞ്ഞ് എങ്ങോട്ടോ പോയി. പതിനഞ്ചു മിനിറ്റിനകം വരികയും ചെയ്തു. നാട്ടില്‍നിന്ന് കാറു വരുന്നുണ്ടെന്നും അതുവരെ എയര്‍പോര്‍ട്ടില്‍ത്തന്നെ കാത്തിരിക്കാമെന്നും പറഞ്ഞു. ഞങ്ങള്‍ ഭക്ഷണം കഴിച്ച് വിശ്രമിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാറു വന്നു. അതില്‍ എന്റെ ഉമ്മയും ഉപ്പയും സഹോദരനും ഉണ്ടായിരുന്നു. അവിചാരിതമായി അവരെ കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു.
അവര്‍ വന്ന ഉടനെ എന്റെ ഭര്‍ത്താവ് അവരുടെ മുന്‍പിലേക്ക് എന്നെ പിടിച്ചുതള്ളി. നിങ്ങടെ പുന്നരമോള്‍ക്ക് ഒരാളെക്കൊണ്ട് തൃപ്തിയാകുന്നില്ലെന്നും എവിടേക്കെങ്കിലും കൊണ്ടുപോയ്‌ക്കോ എന്നും ആക്രോശിച്ചു. അവരോടു കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്ന് തോന്നുന്നു. അവരുടെ മുഖം വല്ലാതെ വിളറി. ഞാന്‍ ഉണ്ടായതെല്ലാം എന്റെ വീട്ടുകാരോടു സമ്മതിച്ചു. ഇതിനിടയില്‍ ഭര്‍ത്താവ് മകളെയുംകൊണ്ട് സ്ഥലംവിട്ടിരുന്നു. ഞാന്‍ എന്റെ മാതാപിതാക്കളോടൊപ്പം എന്റെ വീട്ടിലേക്കു പോന്നു.
കുടുംബക്കാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ വീട്ടുകാരും ഒത്തുതീര്‍പ്പിനു തയ്യാറല്ലായിരുന്നു. മകളെ ഒടുവില്‍ വിട്ടുതന്നു. അങ്ങനെ ഈ ബന്ധം വേര്‍പിരിഞ്ഞു. ഒരു മാസത്തിനു ശേഷം ഞാന്‍ മറ്റൊരു വിവാഹം കഴിച്ചു. കുട്ടികളില്ലാത്തതിന്റെ പേരില്‍ ഭാര്യ ഉപേക്ഷിച്ചുപോയ ഒരാളായിരുന്നു. എന്റെ മകളുടെ സംരക്ഷണച്ചുമതല എന്റെ മാതാപിതാക്കള്‍ ഏറ്റെടുത്തു.
എനിക്ക് എന്റെ പഴയ കാമുകനെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല. എന്റെ പുതിയ ഭര്‍ത്താവിനോടൊപ്പം ജീവിക്കുമ്പോള്‍ ഞാന്‍ അയാളെ വഞ്ചിക്കുകയാണെന്ന കുറ്റബോധം തോന്നുന്നു. ഞാനാകെ അസ്വസ്ഥയാണ്. ഉറക്കം കിട്ടാത്ത സ്ഥിതി വന്നപ്പോള്‍ ഗുളിക കഴിക്കാന്‍ തുടങ്ങി. ഇപ്പോഴത്തെ ഭര്‍ത്താവിന് എന്റെ അവസ്ഥ മനസ്സിലായിട്ടില്ല.
ജീവിതമവസാനിപ്പിച്ചാലോയെന്നൊക്കെ തോന്നുന്നു. എന്റെ ഈ അവസ്ഥ മറ്റുള്ളവരോടു തുറന്നുപറഞ്ഞാല്‍ അവര്‍ എന്നെ കുറ്റപ്പെടുത്തും. നല്ലൊരു കുടുംബജീവിതം തുലച്ചവളെന്ന ചീത്തപ്പേരുണ്ട്. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്ക് ഇനി ഒരു സന്തോഷമുള്ള ദാമ്പത്യജീവിതത്തിന് അര്‍ഹതയുണ്ടോ?’
ഒരു യുവതി മാനസികാരോഗ്യ വിദഗ്ദ്ധന് എഴുതിയ കത്താണിത്. കത്തില്‍ സൂചിപ്പിക്കുന്നതിന് സമാനമായ പലതരം മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരിലേക്ക് അവരുടെ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പുസ്തകമാണ് ഡോ. സി.ജെ. ജോണിന്റെ മനസ്സിന്റെ കാണാക്കയങ്ങള്‍. സാമൂഹ്യവും മനശാസ്ത്രപരവുമായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പുസതത്തിലൂടെ അദ്ദേഹം.
വ്യക്തികള്‍ എഴുതിയ കത്തുകളെയോ ഇ-മെയിലുകളെയോ ആധാരമാക്കിയുള്ള ലേഖനങ്ങളാണ് ഡോ. സി.ജെ. ജോണ്‍ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നത്. പ്രശ്‌നങ്ങളുടെ സാമൂഹിക പശ്ചാത്തലം കൂടി ഉള്‍പ്പെടുത്തിയാണ് ചര്‍ച്ചകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മാനസികാരോഗ്യ തലത്തിനൊപ്പം പ്രശ്‌നങ്ങളുടെ സാമൂഹിക ശാസ്ത്രപരമായ മാനങ്ങള്‍ കൂടി അതിനാല്‍ തന്നെ പുസ്തകത്തില്‍ വിലയിരുത്തുന്നുണ്ട്.
വെറുതെ വായിക്കുന്നവര്‍ക്കും സമാന ദു:ഖങ്ങള്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്നവര്‍ക്കും ഉപകരിക്കാവുന്ന തരത്തിലാണ് പുസ്തകത്തിന്റെ രചന. ശാസ്ത്ര തത്ത്വങ്ങളെ മുന്‍നിര്‍ത്തി കാര്യകാരണ സഹിതം വിഷമതകളെ അതിജീവിക്കാനുള്ള വഴികള്‍ നിരത്തിയാണ് പുസ്തകം സംസാരിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരക്കാര്‍ക്ക് ഗുണകരമാകും ഈ പുസ്തകം.