Breaking News
Home / Lifestyle / സമ്പാദ്യങ്ങൾ ഒന്നുമില്ല സ്വന്തമായിട്ടെന്ന് പറയാൻ ഭർത്താവും കുട്ടികൾക്കും വേണ്ടി ഓരോന്ന് ചെയ്യുമ്പോൾ തനിക്കെന്ന് കരുതി ഒന്നും വാങ്ങിയിട്ടില്ല

സമ്പാദ്യങ്ങൾ ഒന്നുമില്ല സ്വന്തമായിട്ടെന്ന് പറയാൻ ഭർത്താവും കുട്ടികൾക്കും വേണ്ടി ഓരോന്ന് ചെയ്യുമ്പോൾ തനിക്കെന്ന് കരുതി ഒന്നും വാങ്ങിയിട്ടില്ല

രാത്രി എച്ചിൽ പാത്രങ്ങളും കഴുകി, അടുക്കളയും തുടച്ചിട്ട് ബെഡ്റൂമിലേക്ക് വന്നപ്പോൾ മക്കൾ ഉറങ്ങിയിരുന്നു . അടുത്ത് നന്ദേട്ടൻ ഫോണിലും കുത്തിയിരിക്കുന്നു . എന്താണോ പോലും ഇതിൽ ഇത്ര നോക്കിയിരിക്കാൻ എന്ന് താൻ അത്ഭുതം കൂറി .

തനിക്കും ഉണ്ടല്ലോ ഒരു സ്മാർട്ട് ഫോൺ ഒരു കാൾ വന്നാൽ എടുക്കുമെന്നല്ലാതെ മറ്റൊന്നും നോക്കിയിട്ടേയില്ല, അല്ല നോക്കാൻ സാധിച്ചിട്ടില്ല, സമയം കിട്ടിയിട്ടില്ല . ഓഫീസും അടുക്കളയുമായി ഓടുന്നതിന്റെ ഇടയിൽ എവിടെ സമയം .

“നന്ദേട്ടാ…. ഒരു കാര്യം പറയാനുണ്ടായിരുന്നു ?”

“എന്താ ?” – ഫോണിൽ നിന്നും മുഖം ഉയർത്താതെ അദ്ദേഹം ചോദിച്ചു .

“എനിക്ക് മാലയൊന്നു മാറ്റണമായിരുന്നു . വൈകിട്ടു ബസിൽ വരുമ്പോ പൊട്ടി വീണു .”

” വിളക്കിച്ചാൽ പോരെ ?”

“വർഷങ്ങളായില്ലേ വാങ്ങിയിട്ട്. മാറ്റി വാങ്ങണം .”

” പിന്നീട് ആവട്ടെ ”

“ഏട്ടാ പ്ലീസ് . ഏട്ടന് തിരക്കണേൽ ഞാൻ നാളെ പോയി വാങ്ങിക്കോളാം .”

” അതിനു നിനക്ക് എന്തുണ്ടടീ സമ്പാദ്യം .”

ഇടിവെട്ടേറ്റത്‌ പോലെ, തളർന്നു പോവാതെയിരിക്കാൻ കട്ടിലിൽ പിടിച്ചിരുന്നു. ഒരടിയായിരുന്നു ഇതിലും നല്ലതെന്ന് തോന്നി.ശരിയാണ്. സമ്പാദ്യങ്ങൾ ഒന്നുമില്ല സ്വന്തമായിട്ടെന്ന് പറയാൻ. ഭർത്താവും കുട്ടികൾക്കും വേണ്ടി ഓരോന്ന് ചെയ്യുമ്പോൾ തനിക്കെന്ന് കരുതി ഒന്നും വാങ്ങിയിട്ടില്ല.

തന്റെ ഓഹരിയും സ്വർണവും ചേർത്ത് വീട്‌ പണിതപ്പോൾ നാത്തൂൻ ചോദിച്ചതാ രണ്ടുപേരുടെ കൂടെ പേരിൽ പോരെ എന്നു , അന്ന് നന്ദേട്ടന്റെ എല്ലാം എന്റെയും അല്ലെ എന്നു ചോദിച്ചു നാത്തൂന്റെ വായടപ്പിച്ച തന്നോടാ നന്ദേട്ടൻ ചോദിച്ചത് സമ്പാദ്യം എന്തെന്ന് . കഴിഞ്ഞ മാസം ഏട്ടൻ ഐഫോൺ വാങ്ങിയപ്പോഴും ഞാൻ എന്തിനെന്ന് ചോദിച്ചില്ല.

അറവുമാടിനെ പോലെയുള്ള ജീവിതം നിർത്തി. ഇനി എനിക്കും സമ്പാദിക്കണം. സാലറി ഏട്ടന്റെ കൈയ്യിൽ കൊടുക്കുന്ന പതിവ് ഒക്കെ നിർത്തണം . ക്ഷീണം കൊണ്ടാവാം പെട്ടന്നു തന്നെ ഉറങ്ങിപ്പോയി.

പതിവിനു വിപരീതമായി അലാറം ഓഫ് ചെയ്തു മൂടിപ്പുതച്ചു കിടക്കാൻ തുടങ്ങിയപ്പോഴേക്കും നന്ദേട്ടൻ കുലുക്കിവിളിച്ചു .

“എണീക്കുന്നില്ലേ നീ സമയം വൈകി?. എനിക്ക് നേരത്തെ പോണം.”

“ഇല്ല . സമ്പാദ്യം ഒന്നുല്ലാത്തവൾ ആണല്ലോ ഞാൻ . എനിക്ക് നേരത്തെ എഴുന്നേൽക്കണ്ട കാര്യമില്ല . നിങ്ങൾക്ക് നേരത്തെ പോകാൻ വേണ്ടിയാണല്ലോ ഞാൻ എഴുന്നേൽക്കുന്നത് . ആ പതിവ് ഇന്നലത്തോടെ നിന്നു. സ്വന്തം കാര്യം സ്വയം ചെയ്തു സമ്പാദിച്ചാൽ മതി.”

“ഞാൻ ഇന്നലെ ദേഷ്യത്തിന് പറഞ്ഞത് ഓർത്തിരിക്കുകയാണെല്ലേ ? ഓഫീസിലെ ടെൻഷനും ഓരോ കാര്യം കൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു. ആ മൂഡിൽ നീ ഓരോന്ന് പറഞ്ഞു വന്നപ്പോൾ , അറിയാതെയാടോ നീ ഏട്ടന് പോയി ഒരു ചായ എടുത്തേ .

വൈകിട്ട് നമുക്ക് പോയി മാല മാറ്റി വാങ്ങാം പോരെ ” എന്റെ കവിളിൽ നുള്ളി ചിരിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞപ്പോൾ പതിവ് തെറ്റിക്കാതെ അടുക്കളയിലേക്ക് നടന്നു. എന്തുണ്ട് നിനക്ക് സമ്പാദ്യം എന്ന് ഇനിയും ചോദിച്ചേക്കാം. ഒരു നല്ല കുടുംബത്തിന് ഒരാൾ ജീവിക്കാതെ മരിച്ചല്ലേ പറ്റൂ .

രചന: അപർണ വിജയൻ

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *