രാജ്യത്തെ നടുക്കുന്ന പീഡന പരമ്പരകള്‍ അവസാനിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ ഒരു അധ്യാപിക ട്യൂഷന് പഠിക്കാന്‍ എത്തിയ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്തയാണ് സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നത്. സംഭവത്തെ തുടര്‍ന്ന് 34കാരിയായ ശാസ്ത്ര അധ്യാപിക അറസ്റ്റിലായി.
സര്‍ക്കാര്‍ സ്കൂളിലെ അധ്യാപിയായ ഇവര്‍ പത്തും എട്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമാണ് എന്നതാണ് ശ്രദ്ധേയം. അധ്യാപികയില്‍ നിന്നുണ്ടായ ദുരനുഭവം മാതാപിതാക്കള്‍ അറിഞ്ഞതോടെ അവര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പോക്സോ വകുപ്പിലെ സെക്ഷന്‍ ആറ് പ്രകാരമാണ് അധ്യാപികയെ അറസ്റ്റു ചെയ്തത്.
അധ്യാപിക പഠിപ്പിക്കുന്ന അതേ സ്കൂളില്‍ തന്നെയാണ് പീഡനത്തിന് ഇരയായ കുട്ടിയും പഠിക്കുന്നത്. ഇവര്‍ അയല്‍വാസികളുമാണ്. ഇരുകുടുംബങ്ങളും തമ്മില്‍ നല്ല ബന്ധവുമാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയും ഇളയ സഹോദരിയും 2017 സെപ്തംബര്‍ മുതല്‍ ഈ അധ്യാപികയുടെ വീട്ടില്‍ ട്യൂഷന് പോകുന്നുണ്ട്. പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി ഇരുവരേയും വ്യത്യസ്ത സമയങ്ങളില്‍ ട്യൂഷന് അയക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നു.
അങ്ങനെ വിദ്യാര്‍ത്ഥിയെ ഒറ്റയ്ക്ക് കിട്ടിയതോടെയാണ് അധ്യാപിക ചൂഷണം ചെയ്യാന്‍ ആരംഭിച്ചത്. പരസ്പരം കൂടുതല്‍ അടുക്കുന്നതിന് കുട്ടിക്ക് ഒരു സിം കാര്‍ഡും ഇവര്‍ നല്കി. പഠനത്തില്‍ താഴെപ്പോയ വിദ്യാര്‍ത്ഥി മാര്‍ച്ചിലെ പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു. ഇതോടെ ട്യൂഷന് അയക്കുന്നത് വീട്ടുകാര്‍ അവസാനിപ്പിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥിയെ വിട്ടുപിരിയാന്‍ കഴിയാതെ വന്ന അധ്യാപിക അവനെ വീണ്ടും ട്യുഷന് അയക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മാസത്തില്‍ മാതാപിതാക്കളെ സമീപിച്ചു. തിങ്കളാഴ്ച മകനെയും കൂട്ടി തന്നെ വന്നുകാണാന്‍ അവര്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളുടെയും സ്വന്തം ഭര്‍ത്താവിന്റെയും പെണ്മക്കളുടെയും മുന്നില്‍വച്ച് അവര്‍ കുട്ടിയെ തന്റെ മുറിയിലിട്ട് പൂട്ടി.
പിന്നീട് അയല്‍വാസികള്‍ ഇടപെട്ടാണ് കുട്ടിയെ മോചിപ്പിച്ചത്. മകനേയും കൂട്ടി മാതാപിതാക്കള്‍ മടങ്ങിയതിനു പിന്നാലെ അധ്യാപികയും അവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് കയ്യിലിരുന്ന കഫ് സിറപ്പ് എടുത്തുകഴിച്ചു. ഇതോടെ ഭയന്നുപോയ മാതാപിതാക്കള്‍ പോലീസിനെ വിളിക്കുകയും അവര്‍ എത്തി അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരു ദിവസം അവര്‍ ആശുപത്രിയില്‍ കഴിഞ്ഞു. മാതാപിതാക്കള്‍ നല്കിയ പരാതിയിന്മേല് അറസ്റ്റിലായ അധ്യാപികയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. പിന്നീട് റിമാന്‍ഡ് ചെയ്തു. കടപ്പാട് ബിഗ് ന്യൂസ്