Breaking News
Home / Lifestyle / ബസ്സുകളിലും ഓട്ടോയിലും അടക്കം അയിത്തം കല്‍പ്പിച്ചിട്ടും രോഗം ബാധിച്ച നാട്ടില്‍ സ്വന്തം രക്ഷ മറന്ന് സേവനം ചെയ്യുന്ന നേഴ്സുമാര്‍ ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ബസ്സുകളിലും ഓട്ടോയിലും അടക്കം അയിത്തം കല്‍പ്പിച്ചിട്ടും രോഗം ബാധിച്ച നാട്ടില്‍ സ്വന്തം രക്ഷ മറന്ന് സേവനം ചെയ്യുന്ന നേഴ്സുമാര്‍ ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

കോഴിക്കോട്: ബസ്സുകളിലും ഓട്ടോയിലും അടക്കം അയിത്തം കല്‍പ്പിച്ചിട്ടും രോഗം ബാധിച്ച നാട്ടില്‍ സേവനം ചെയ്യുന്ന നേഴ്സുമാര്‍ ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ.

നേഴ്‌സ് ലിനിയുടെ വിയോഗവും മറ്റൊരു നേഴ്സിങ് വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധ സ്ഥിഥീകരണവും ഒക്കെ ഉണ്ടായിട്ടും മാലാഖമാര്‍ ഊണും ഉറക്കവും സ്വയരക്ഷയും മറന്ന് സമൂഹത്തിന്റെ ആകെ നന്മക്ക് വേണ്ടി പ്രയത്‌നിക്കുകയാണ്.

നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടരാതിരിക്കാനും പ്രതിരോധിക്കാനും ബോധവത്കരണവും മാസ്‌ക് വിതരണവുമായി യുഎന്‍എയുടെ നേതൃത്വത്തില്‍ നേഴ്സുമാര്‍ നാട് മുഴുവന്‍ പ്രചാരണത്തില്‍ ആണ്

അതേസമയം, പ്രദേശത്തെ ചില ആളുകള്‍ തങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്ന പരാതിയും നേഴ്സുമാര്‍ ഉന്നയിക്കുന്നുണ്ട്. ഈ സങ്കടകരമായ ദുരവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നത്, സ്വന്തം സുരക്ഷ എന്ന വ്യക്തിപരമായതും കുടുംബത്തിന്റെയും ആകുലതകയും മാറ്റി വെച്ച് കൊണ്ട് നിപ്പ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ആണ് എന്നതാണ് ഏറ്റവും വിഷമകരം.

തങ്ങള്‍ ബസില്‍ കയറിയാല്‍ മറ്റ് ആളുകള്‍ക്ക് അടുത്തുവരാന്‍ ബുദ്ധിമുട്ടാണെന്നും ഓട്ടോയില്‍ പോലും കയറ്റാന്‍ മടിക്കുകയാണെന്നും ചില നഴ്സുമാര്‍ പരാതിപ്പെടുന്നു.ഭീതിയൊന്നും ഇല്ലാതെ നിപ്പാ വൈറസ് ബാധയേറ്റ് വരുന്ന രോഗികളെ പരിചരിക്കുന്ന തങ്ങളോട് നാട്ടുകാര്‍ ഇത്തരം സമീപനം സ്വീകരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലും അമര്‍ഷം പുകയുന്നുണ്ട്. പൊതു സമൂഹത്തിനു വേണ്ടി സ്വന്തമെന്ന വാക്ക് വിസ്മരിച്ചു കൊണ്ട് ത്യാഗപൂര്‍ണ്ണമായ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഈ നേഴ്സുമാര്‍ ദൈവത്തിന്റെ മാലാഖമാര്‍ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ സന്ദേശങ്ങളും ഇതിന്കാരണമാണ്. അകാരണമായ ഭീതിയാണ് നാട്ടുകാരില്‍ ചിലരുടെ ഇത്തരം പെരുമാറ്റത്തിന് കാരണമെന്നാണ് മെഡിക്കല്‍ ഓഫീസര്‍മാര്‍ വിലയിരുത്തുന്നത്. ഇതിന് ബോധവത്കരണം നടത്തുമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍ കരുതല്‍ ആവശ്യമാണെങ്കിലും അനാവശ്യമായി ഭയപ്പെടുന്നവര്‍ ധാരാളമുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

മൃതദേഹത്തില്‍ നിന്ന് പോലും വൈറസ് ബാധ പടരാമെന്ന സാഹചര്യവും ആളുകളെ വെറുതെ ഭയപ്പെടുത്തുന്നുണ്ട്.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ പോലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സാധാരണ ഗതിയില്‍ അറുന്നൂറിനടുത്ത് രോഗികളാണ് ഇവിടെ എത്താറുള്ളത്. എന്നാല്‍ ബുധനാഴ്ച എത്തിയത് 54 രോഗികള്‍ മാത്രമാണ്. കഴിഞ്ഞ രണ്ടു, മൂന്ന് ദിവസങ്ങളിലായി ഇതേ അവസ്ഥയാണ്. കിടത്തി ചികിത്സയ്ക്ക് കഴിഞ്ഞ നാലുദിവസത്തിനിടെ ആരും എത്തിയിട്ടില്ല. വൈറസ് ബാധയേറ്റവര്‍ ചികിത്സയിലുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും രോഗികള്‍ കുറഞ്ഞിട്ടുണ്ട്.

പേരാമ്പ്രയില്‍ മാത്രമല്ല, നിപ്പാ വൈറസ് ബാധയുടെ ഭീതിയില്‍ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സക്കെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. അസുഖം പകരുന്നത് സംബന്ധിച്ച് വ്യാപിക്കുന്ന തെറ്റായ സന്ദേശത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും ഒപിയില്‍ ചികിത്സ തേടുന്നത് നിര്‍ത്തി. പലരും സമീപത്തെ സ്വകാര്യ ക്ലിനിക്കുകളെയും മറ്റുമാണ് ആശ്രയിക്കുന്നത്.

ലാബുകളിലും തിരക്ക് നാലിലൊന്നായി കുറഞ്ഞു. ഇവിടെ പരിശോധനയ്ക്കും ഫലം ലഭിക്കാനുമായി എത്തുന്നവര്‍ മുഖത്ത് മാസ്‌ക് ധരിച്ചാണ് എത്തുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും നന്നേ കുറഞ്ഞിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒപിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം നേര്‍പകുതിയായി. നിപ്പാ വൈറസ് ബാധ സംശയിക്കുന്നവര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. സാധാരണ രണ്ടായിരത്തിനടുത്ത് രോഗികള്‍ ദിനം പ്രതി എത്താറുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച 1,084 പേര്‍ മാത്രമാണ് ചികിത്സ തേടിയത്. ചൊവ്വാഴ്ച 1,609 രോഗികള്‍ എത്തിയ സ്ഥാനത്താണ് അടുത്ത ദിവസം വീണ്ടും എണ്ണം കുറഞ്ഞത്.

അത്യാഹിത വിഭാഗത്തിലും സമാന സാഹചര്യമാണ്. ശരാശരി നാനൂറിനടുത്ത് കേസുകളുണ്ടാവുന്ന ഇവിടെ, കഴിഞ്ഞ നാല് ദിവസങ്ങളിലായി പരമാവധി 80 പേരാണ് എത്തിയത്. അതേസമയം ചെറിയ ക്ലിനിക്കുകളില്‍ തിരക്ക് ഏറിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയാല്‍ രോഗം പടരുമെന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്ന നാട്ടുകാര്‍ ധാരളമുള്ളതാണ് ഇതിന് കാരണം. അസുഖമായി ആശുപത്രിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷയോ ടാക്സി വാഹനങ്ങളോ വിളിച്ചാല്‍ വരാത്ത നിരവധി സംഭവങ്ങളുണ്ടെന്നും പരാതികളുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *