തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം നിലവിൽ വന്ന് ഒരുവർഷമായി. ഗതാഗത മാർഗങ്ങളിൽ വിലക്കേർപ്പെടുത്തിയും, അയൽരാജ്യങ്ങൾ വഴിയുള്ള ചരക്കുനീക്കം തടഞ്ഞുമാണ് ഉപരോധ രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. എന്നാൽ പ്രതിസന്ധിയിലും തളരാതെ ഇരട്ട ചങ്കോടെ ഖത്തർ അമിർ നടത്തിയ നയതന്ത്ര നീക്കങ്ങളും നിലപാടുകളും ഉപരോധിച്ചവരെ തകർത്തു. ഖത്തറിനോട് മനുഷ്യത്വപരമായ സമീപനം പുലർത്തി അന്താരാഷ്ട്ര സമൂഹവും രംഗത്തെത്തി. ഉപരോധ രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതിസന്ധിയിലും തളരാതെ രാജ്യം നേടിയത് വൻ സാമ്പത്തികലാഭം, ഖത്തറിന്റെ തളരാത്ത ആ മുന്നേറ്റത്തെ കുറിച്ച് ജയ്ഷ ടി കെ മലയാളം ന്യൂസ്പ്രസ്സിൽ എഴുതുന്നു.
തിരിച്ചടികളില്‍ പതറാതെ സ്വന്തം പാത വെട്ടിത്തെളിച്ച നേട്ടവുമായി ഖത്തര്‍
എല്ലാത്തരത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഗള്‍ഫ് പ്രതിസന്ധിയിലേക്ക് വഴിവെച്ച ഈ ഉപരോധത്തിന് പക്ഷെ ഖത്തറിനെ തകര്‍ക്കാനായില്ലെന്ന് മാത്രമല്ല, ഉപരോധം ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തമാക്കുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉപരോധം നിലവില്‍ വന്ന് ഒരു വര്‍ഷമാകുമ്പോള്‍, അപ്രതീക്ഷിതമായി തങ്ങള്‍ക്ക് നേരെയുണ്ടായ പ്രഹരത്തെ മറികടക്കാന്‍ ഖത്തര്‍ നടത്തിയ നയതന്ത്ര നീക്കങ്ങളും നിലപാടുകളും പ്രശംസിക്കാതെ തരമില്ല. ആഭ്യന്തര ഭക്ഷ്യ ഉത്പാദനം വര്‍ധിപ്പിക്കാനും, അയല്‍ രാജ്യങ്ങളെ ആശ്രയിക്കുന്നതില്‍ കുറവ് വരുത്താനും ഖത്തറിന് സാധിച്ചു. ഇതിലൂടെ മുമ്പുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായി സമ്പത്തികമായ സ്ഥിരതയിലേക്കും, സ്വയം പര്യാപ്തതയിലേക്കും പുതിയൊരു പാതയൊരുക്കുകയാണ് ഖത്തര്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷം മെയ് 23നായിരുന്നു ഗള്‍ഫ് പ്രതിസന്ധിക്ക് കാരണമായ സംഭവങ്ങള്‍ ആരംഭിച്ചത്. ഖത്തറിന്റെ ഔദ്യോഗിക മീഡിയ പ്ലാറ്റ്‌ഫോമില്‍ അതിക്രമിച്ച് കടന്ന ഹാക്കര്‍ അമേരിക്കന്‍ വിദേശ നയത്തെ വിമര്‍ശിച്ച് തെറ്റായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തു. രാജ്യത്തെ അമീറിന്റെ പേരിലായിരുന്നു ഈ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നില്‍ യുഎഇ ആണെന്നും ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍(GCC) ഉള്‍പ്പെട്ട രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറുകളുടെ ലംഘനമാണ് നടന്നതെന്നുമുള്ള ആരോപണവുമായി ഖത്തര്‍ രംഗത്തെത്തി. എന്നാല്‍ സ്ഥിതിഗതികള്‍ വളരെ വേഗത്തിലാണ് വഷളായത്.
ജൂണ്‍ അഞ്ചിന്, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച് രംഗത്തെത്തി. ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കുകയും കര, കടല്‍, വ്യോമബന്ധങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ ധനസഹായം ചെയ്യുന്നുവെന്നും മധ്യേഷ്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാരോപിച്ചായിരുന്നു ഉപരോധം. ഇത് ഖത്തര്‍ എന്ന ചെറിയ ഗള്‍ഫ് രാജ്യത്തെ ഭീതിയുടെ വക്കിലെത്തിച്ചു. ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനുള്ള തിരക്ക് വര്‍ധിക്കുകയും ബാങ്കുകളില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഓഹരി വിലകള്‍ ഇടിഞ്ഞു.
രജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെങ്കില്‍ ചില വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നായിരുന്നു ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ആവശ്യം. ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ട് വെച്ച 13 വ്യവസ്ഥകളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവയൊന്നും അംഗീകരിക്കാന്‍ ഖത്തര്‍ തയ്യാറായില്ല. അടിയന്തിര സാഹചര്യം നേരിടാനും ഭക്ഷണവും മരുന്നും ഉള്‍പ്പടെ ലഭ്യമാക്കാനും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നീങ്ങുന്ന ആകസ്മിക കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. വലിയ ഒരു ദുരന്തമാകേണ്ടിയിരുന്ന പ്രതിസന്ധിയെ ശക്തമായി തന്നെ നേരിടാന്‍ ഖത്തര്‍ ഭരണകൂടത്തിന് സാധിച്ചു.
ഉപരോധം പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുന്പ് മാത്രം പണി പൂർത്തിയായ ഹമദ് രാജ്യാന്തര തുറമുഖം പൂർണ സജ്ജമായതോടെ എത്ര വലിയ കപ്പലുകൾക്കും നേരിട്ട് ദോഹയിലെത്താൻ സൗകര്യം ലഭിച്ചതും ഖത്തറിനു തുണയായി. ഉപരോധം ആഴ്ചകൾ പിന്നിട്ടതോടെ വിപണി കൈയടക്കിയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങളുമായി ജനങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ പാൽ ഉൾപെടെയുള്ള വലിയ ക്ഷാമം നേരിട്ടേക്കാവുന്ന ഭക്ഷ്യോല്പന്നങ്ങൾ രാജ്യത്ത് തന്നെ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചു.
ഇന്ധന, വാതക സ്രോതസുകളെ ഉപരോധം ബാധിച്ചില്ല എന്നതാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഖത്തറിനെ ഏറ്റവുമധികം സഹായിച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരഉത്പാദനത്തിന്റെ പകുതിയില്‍ കൂടുതലും വരുന്നത് ഇന്ധനത്തില്‍ നിന്നും വാതകത്തില്‍ നിന്നുമാണ്. ദ്രാവീകൃത പ്രകൃതി വാതകത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാണ് ഖത്തര്‍. പല വികസിത രാഷ്ട്രങ്ങളും അവരുടെ ഉപഭോക്താക്കളാണ്.
ഉപരോധത്തിലൂടെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിലുണ്ടാകാന്‍ പോകുന്ന ക്ഷാമമായിരുന്നു ഖത്തര്‍ ഭരണകൂടത്തെ ഭീതിയിലാഴ്ത്തിയ മറ്റൊരു വിഷയം. ഭക്ഷണത്തിനായി 90 ശതമാനവും ഇറക്കുമതിയെയായിരുന്നു ഖത്തര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗവും വന്നിരുന്നത് സൗദിയില്‍ നിന്നും യുഎഇ-യില്‍ നിന്നുമായിരുന്നു. എന്നാല്‍ പെട്ടെന്നു തന്നെ ഖത്തര്‍ അമീര്‍ തമിം ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃത്വത്തില്‍ സമാന്തരവിതരണക്കാരെ കണ്ടെത്താന്‍ സാധിച്ചതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാവുകയായിരുന്നു. ഇറാന്റെയും തുര്‍ക്കിയുടെയും സഹകരണം ഇക്കാര്യത്തില്‍ ഖത്തറിനെ ഏറെ സഹായിച്ചിരുന്നു.
സാമ്പത്തികമായി വന്‍ പ്രതിസന്ധികള്‍ ഖത്തറിനുണ്ടായേക്കാമെന്ന കണക്കു കൂട്ടലുണ്ടായിരുന്നുവെങ്കിലും അവയൊന്നും ഭീമന്‍ സാമ്പത്തികസ്ഥിതിയുള്ള രാജ്യത്തെ ബാധിച്ചില്ല. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ വേണ്ട ആസ്തികളും സുരക്ഷയും തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കി ഖത്തര്‍ ധനകാര്യ മന്ത്രി അലി ഷെരീഫ് അല്‍ എമാദി രംഗത്തെത്തിയിരുന്നു. ‘ഞങ്ങളുടെ വിദേശ നിക്ഷേപങ്ങളും വിദേശ ആസ്തികളും ജിഡിപിയുടെ 250 ശതമാനമാണ്. ഞങ്ങളുടെ സാമ്പത്തിക രംഗത്തെയും നാണയത്തെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും’- എന്നായിരുന്നു അദ്ദേഹം സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
തിരിച്ചടിയുടെ ആദ്യഘട്ടത്തിലുണ്ടായ പതര്‍ച്ചയ്ക്കു ശേഷം വളരെ പെട്ടെന്നു തന്നെ സര്‍ക്കാര്‍ പ്രതികരിക്കുകയും ആവശ്യമെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള ഉപരോധത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഉപരോധത്തിന്റെ ആദ്യ മാസങ്ങളില്‍, ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഖത്തര്‍ രണ്ട് ബില്ല്യണ്‍ ഡോളര്‍ വീതം അധികം ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു ഉപരോധത്തിന്റെ പേരില്‍ നടന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പല കുടുംബങ്ങളുടെയും വിഭജനത്തിനും, ആരോഗ്യ സേവനങ്ങള്‍ തടസപ്പെടുന്നതിനും ഇത് കാരണമായി. മാത്രമല്ല സാധാരണക്കാരായ പല പ്രവാസി ജോലിക്കാരും ഇത് മൂലം ഗതികേടിലായെന്നും ഇവര്‍ പറയുന്നു.
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ കൊണ്ടുവന്ന ഉപരോധം ഏകപക്ഷീയവും മേഖലയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത് ഈ വര്‍ഷമാധ്യമായിരുന്നു. ഖത്തറിനെതിരായ ഉപരോധത്തിനെതിരെ ശക്തമായ ഭാഷയിലായിരുന്നു റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നത്. ഉപരോധം ഖത്തറിലെ സ്വദേശികളുടെയും പ്രവാസികളുടെയും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അതെസമയം, ഉപരോധം പ്രവാസി തൊഴിലാളികള്‍ക്ക് മേല്‍ കാര്യമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നതാണ് വാസ്തവം. ഖത്തറിലെ ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം തുടങ്ങിയ എല്ലാ രംഗങ്ങളിലും വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ചലിപ്പിക്കുന്നതിന് വിദേശ പൗരന്മാരെ വലിയ രീതിയില്‍ ആശ്രയിക്കുന്ന ഒരു രാജ്യം കൂടിയാണ് ഖത്തര്‍. ഉപരോധം വന്നതിന് പിന്നാലെ തങ്ങളുടെ തൊഴിലാളികള്‍ ഖത്തറിലേക്ക് പോകുന്നതിന് ഫിലിപ്പീന്‍സ് നിരോധനം കൊണ്ട് വന്നിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു.
ഇതിനിടെ ഖത്തര്‍ ഉപരോധം മൂലം ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സംവിധാനം തന്നെ തകരുമെന്ന് മുന്നറിയിപ്പുമായി കുവൈറ്റ് രംഗത്തെത്തിയിരുന്നു. ഖത്തര്‍ ഉപരോധത്തിന് ശേഷം ജിസിസി യോഗങ്ങള്‍ നിലച്ചതോടെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട പൊതു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയില്ലെന്ന സാഹചര്യമാണ് ഉണ്ടായരിക്കുന്നതെന്നും,
ഇത് വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ മേഖലയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് പ്രശ്‌നം സങ്കീര്‍ണമാവുകയും ലോകരാജ്യങ്ങളുമായുള്ള ഗള്‍ഫ് നാടുകളുടെ വ്യാപാര ബന്ധങ്ങളെ അത് ബാധിക്കുകയും ചെയ്യുമെന്ന് കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് അല്‍ ജാറല്ല പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളെയും കുവൈറ്റ് മന്ത്രി പ്രശംസിച്ചിരുന്നു.
അതെസമയം നിലവിലുള്ള സാഹചര്യത്തില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യതകള്‍ കാണുന്നില്ലെന്നാണ് ഖത്തര്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി ഈ മാസം ആദ്യം ഒരു പൊതുപരിപാടിക്കിടെപറഞ്ഞത്. പ്രശ്‌ന പരിഹാരത്തിന് ഖത്തര്‍ എല്ലായ്‌പ്പോഴും സന്നദ്ധമാണെന്നും എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന യാതൊന്നിനും വഴിപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.