ആര്‍ത്തവം അശുദ്ധിയല്ലെന്ന തലക്കെട്ടോടെ സാനിറ്ററി നാപ്കിനുകളുമായി നില്‍ക്കുന്നത് പെണ്‍കുട്ടികള്‍ മാത്രമല്ല. പുരുഷന്മാര്ക്കിടയിലും ഇത് ചര്‍ച്ചയായി കഴിഞ്ഞു. ആര്‍ത്തവകാലത്തെ അവ്യക്തതകളെയും കാഴ്ചപാടുകളെയും കുറിച്ച് മലയാളി ഐ.എ.എസ് ഓഫീസര്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
തമിഴ്നാട്ടില്‍ സബ് കളക്ടറായ സരയു മോഹനചന്ദ്രനാണ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഇത്തരമൊരു പോസ്റ്റ് ഇട്ടത്. സ്ത്രീധന മരണങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ആത്മഹത്യകള്‍ മിക്കവയും ആര്ത്തവകാലങ്ങളിലാണ് എന്നതാണ് സരയുവിന്റെ കണ്ടുപിടുത്തം. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി ജോലിനോക്കവെ നേതൃത്വം നല്കിയ ഇന്ക്വസ്റ്റുകളെ കുറിച്ച് പറഞ്ഞാണ് സരയു ഇത് സ്ഥിരീകരിക്കുന്നത്.ൽ
പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്തു അനുഭവിക്കുന്ന സമ്മര്‍ദ്ദം ആരും മനസിലാക്കുന്നൊ കാര്യമാക്കുന്നോ ഇല്ല എന്ന് സരയു പറയുന്നു. അതിഭയങ്കരമായ കോപവും ദുഃഖവും മാനസിക സമ്മര്‍ദ്ദവും ഇതൊന്നും മനസിലാകാതെയുള്ള കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളും കാര്യങ്ങള്‍ ശെരിക്കും വഷളാക്കുന്നു. ഇവിടെയാണ് നമുക്കൊക്കെ തെറ്റുന്നത്.
ആണിനും പെണ്ണിനും അതിര്‍വരമ്പും മുള്ളുവേലിയും വെച്ച് ആര്‍ത്തവത്തിനും ആര്‍ത്തവ രക്തത്തിനും അശുദ്ധം കല്പ്പിച്ചു നമ്മള് പറയേണ്ടതൊക്കെ പറയാതിരിക്കാന്‍ ശീലിച്ചുവെന്ന് സരയു ചൂണ്ടിക്കാട്ടുന്നു. പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുന്‍പും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആര്‍ക്കും പറഞ്ഞു കൊടുത്തില്ല.ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയിയെന്നും അവര്‍ കുറിക്കുന്നു.
സരയു മോഹനചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
സബ് കലക്ടറായി ചാര്‍ജെടുത്തു മൂന്നു മാസം കഴിഞ്ഞു..അന്ന് മുതല്‍ നെഞ്ചില്‍ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും ഇന്‍ക്വിസ്റ്റും എന്ക്വയറിയുമൊക്ക.ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ 5 അസ്വാഭാവിക മരണങ്ങള് …വിവാഹം കഴിഞ്ഞു 7 വര്‍ഷത്തിനുള്ളില്‍ ഒരു യുവതി അസ്വാഭാവികമായ സാഹചര്യത്തില്‍ മരണമടഞ്ഞാല്‍ അതില്‍ സ്ത്രീധനം ഒരു കാരണമാണോ എന്ന് വിചാരണ നടത്തി റിപ്പോര്‍ട്ട് കൊടുക്കേണ്ടത്
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ന്റെ ഉത്തരവാദിത്തമാണ് …ഓരോ ഇന്‍ക്യുസ്റ് നടത്തുമ്പോഴും ഉള്ളില്‍ എന്തൊക്കെയൊക്കെയോ വികാരങ്ങളാണ് …ഒരു ഓഫീസര്‍ എന്ന നിലയില്‍ ഡിറ്റാച്ഡ് ആയി നിന്ന് കൊണ്ട് ചെയ്യേണ്ട ജോലിയാണിതെന്നു എല്ലാവരും പറഞ്ഞുതന്നിട്ടുണ്ട്.എങ്കിലും മോര്‍ച്ചറിയില്‍ എത്തുമ്പോള്‍ ഞാന്‍ എന്തൊക്കെയോ ചിന്തിച്ചു പോവുന്നു..
രണ്ടു ദിവസമായി ശെരിക്കുറങ്ങിയിട്ട് ..ഗായത്രിയുടെ മരണം എന്റെ പന്ത്രണ്ടാവതു 174 കേസ് ആണ് …ആ കഥയും അതെന്തു കൊണ്ട് എന്നെ ഇത്രയും വേദനിപ്പിക്കുന്നു എന്നുള്ളതും ഞാന്‍ വേറൊരു നാളിലേക്കു മാറ്റിവെക്കുന്നു..
ഇന്നലെ രണ്ടും കല്പ്പിച്ചു ഫോറന്‍സിക് സര്‍ജനെ വിളിച്ചു’..ഡോ.രാംകുമാര്‍ എന്നെ ഓരോ കേസിലും സഹായിക്കാറുണ്ട്.
‘എന്ത് പറ്റി ഡോക്ടര്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ?’ ഞാന്‍ അസ്വസ്ഥതയോടെ ചോദിച്ചു …’എന്ത് ചെയ്യാനാണ് മാഡം ….ഞാനും ഓരോ ദിവസവും ഇതേ ഞെട്ടലിലാണ് ..’ ഗായത്രിയുടെ മരണത്തെ പറ്റിയും അതിലെ ദുരൂഹതകളെപ്പറ്റിയും സംസാരിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ഡോക്ടറോട് ചോദിച്ചു..എന്തെങ്കിലും എനിക്ക് ചെയ്യാനാവുമോ..കൗണ്‍സിലിങ് അറേഞ്ച് ചെയ്തോ,ബോധവല്‍ക്കരണത്തിലൂടെയോ ഒക്കെ..എന്നേക്കാള്‍ ഇളയ വയസില്‍ വിവാഹം ചെയ്തു രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി ജീവിതം മതിയാക്കി ‘ഇനിയെങ്കിലും എനിക്ക് നീതി തേടി തരൂ ‘ എന്ന് ഫോര്‍മാലിന്‍ ഗന്ധം നിറഞ്ഞ മോര്‍ച്ചറിയില്‍ ആരും കാണാതെ ആരും കേള്‍ക്കാതെ എന്നോട് പറഞ്ഞ ഗൗരിയും,രേവതിയും ഒക്കെ എന്റെ മനസിലൂടെ മിന്നി മറഞ്ഞു..’
അമ്മ പോയതറിയാതെ ആര്‍ത്തലച്ചു കരയുന്ന കുഞ്ഞുങ്ങള്‍ എന്റെ സ്വപ്നങ്ങളില്‍ വന്നു പോവാന്‍ തുടങ്ങിയിട്ടു കുറച്ചു നാളുകളായി …
ഡോക്ടര്‍ തുടര്‍ന്നു :’മാഡം ശ്രെദ്ധിച്ചിട്ടുണ്ടോന്നറിഞ്ഞൂടാ …നമ്മള് കണ്ട ഭൂരിഭാഗം കേസിലും പെണ്‍കുട്ടികള്‍ അവരുടെ ആര്‍ത്തവ ദിവസത്തിനിടയിലാണ് ഇത് ചെയ്തിരിക്കുന്നത്.ഞാന്‍ കൈകാര്യം ചെയ്ത തൊണ്ണൂറു ശതമാനം കേസുകളിലും ഇത് ശെരിയാണ് …പെണ്‍കുട്ടികള്‍ ആ സമയത്തു അനുഭവിക്കുന്ന സമ്മര്‍ദ്ദം ആരും മനസിലാക്കുന്നൊ കാര്യമാക്കുന്നോ ഇല്ല എന്നതാണ് സത്യം .
അതിഭയങ്കരമായ കോപവും ദുഖവും മാനസിക സമ്മര്‍ദ്ദവും ഇതൊന്നും മനസിലാകാതെയുള്ള കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളും കാര്യങ്ങള്‍ ശെരിക്കും വഷളാക്കുന്നു …മാത്രമല്ല,നിറയെ കേസുകളില്‍ ഈ പെണ്‍കുഞ്ഞുങ്ങള്‍ കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരുമാണ് …പ്രസവശേഷം വരുന്ന ഡിപ്രെഷന് പലരും മനസിലാക്കുന്നില്ല എന്നുള്ളതാണ് സത്യം.
‘.
ഇവിടെയാണ് നമുക്കൊക്കെ തെറ്റുന്നത്..ആണിനും പെണ്ണിനും അതിര്‍വരമ്പും മുള്ളുവേലിയും വെച്ച് ആര്‍ത്തവത്തിനും ആര്‍ത്തവ രക്തത്തിനും അശുദ്ധം കല്പ്പിച്ചു നമ്മള് പറയേണ്ടതൊക്കെ പറയാതിരിക്കാന്‍ ശീലിച്ചു …പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുന്‍പും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആര്‍ക്കും പറഞ്ഞു കൊടുത്തില്ല.
.ഓരോ പെണ്‍കുഞ്ഞും അത് സ്വയം അറിയുന്നു..ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി…ഇതൊന്നും മനസിലാക്കാതെ പോവുന്നതില്‍ ഞാന്‍ ഒരാണിനെയും കുറ്റപ്പെടുത്തില്ല ..അവര്‍ക്കും ഉണ്ടായിരുന്നു വേദനിക്കുന്ന ആ ദിവസങ്ങളില്‍ കോപം നിയന്ത്രിക്കാനാവാത്ത അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെ..അവനൊന്നു കാരണം ചോദിച്ചപ്പോള്‍ കടിച്ചു കീറിക്കൊണ്ട് അവനെ ആട്ടിയോടിച്ചത് നമ്മളാണ് …പറയേണ്ടതും പറഞ്ഞു മനസിലാക്കേണ്ടതും ആ ദിവസങ്ങളില്‍ നമുക്ക് എന്ത് വിധ സമ്മര്‍ദങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതും എന്നും തുറന്നു പറയേണ്ടത് നമ്മള് തന്നെയാണ്..
എല്ലാവരും ഈ ബുദ്ധിമുട്ടിലൂടെ കടന്നു പോവുന്നു എന്നല്ല ,അത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവരെ സഹായിക്കാന്‍ ഇത്തരം അറിവുകള്‍ ഏറെ സഹായിക്കും..ഐഎഎസ് പ്രിപ്പറേഷന്‍ ടൈമിലെ കടുത്ത സമ്മര്‍ദ്ദത്തിനിടെയിലാണ് ഞാന്‍ ഇതേക്കുറിച്ചു മനസിലാക്കുന്നത്..
അമ്മയെയും അനിയത്തിയേയും കൂട്ടുകാരിയേയും കൂടുതല്‍ അറിയുന്നത് അവരെ കൂടുതല്‍ സ്നേഹിക്കാന്‍ സഹായിക്കും..പതിവില്ലാതെ അവള് ദേഷ്യപ്പെടുമ്പോള്‍ മനസിലാക്കാവുന്നതേ ഉള്ളു അവളെ ഹോര്‍മോണ്‍ കഷ്ടപ്പെടുത്തുകയാണെന്നു..’എനിക്ക് പിരീഡ്സ് ആണ് ..വല്ലാതെ സങ്കടവും ദേഷ്യവും വരുന്നു’ എന്ന് തുറന്നു പറയുന്നതില്‍ ഒരു സദാചാരവും ഇടിഞ്ഞു വീഴുന്നില്ല…
..ആര്‍ത്തവവും പിസിഓഡി പോലുള്ള രോഗങ്ങളും പോര്സ്റ്റ്പാര്ട്ടം ഡിപ്രെഷനും ആ സമയങ്ങളില്‍ എങ്ങനെ സമചിത്തതയോടെ അതിനെ കൈകാര്യം ചെയ്യണം എന്നതുമൊക്കെ സ്ത്രീയും പുരുഷനും ഒരു പോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്…ഇതൊന്നും അവരോടു പറഞ്ഞിട് കാര്യമില്ലെന്നുള്ള എസ്ക്യൂസ്കള്‍ ദയവു ചെയ്തു വിചാരിക്കരുത്..മനസിലാക്കാനും സഹായിക്കാനും സ്നേഹിക്കാനും നമ്മുടെ ഓരോ കൂട്ടുകാരനും ചേട്ടനും അച്ഛനും ഒക്കെ തയ്യാറാണ്