“പൊട്ടിയ ചട്ടുകമോ ചിരട്ട കയ്യിലോ ഉപയോഗിച്ച് അടുപ്പു ചാലിൽ നിന്ന് വെണ്ണീറ് ഒരു പാളയിലേക്കോ അല്ലെങ്കിൽ പഴയ കിണ്ണത്തിലേക്കോ വാരി കളയുമ്പോൾ പൊടിയോടൊപ്പം വമിക്കുന്ന ക്ഷാരഗന്ധമുണ്ട്. ചിലപ്പോൾ അത് മൂക്കിൽ കയറി ചെറിയ അസ്വാരസ്യം ഉണ്ടാക്കും. ചുണ്ടു നനച്ചാൽ വെണ്ണീറിന്റെ രുചിയറിയും. കോരിയെടുത്ത വെണ്ണീര് വിറകുപുരയുടെ ഒരു മൂലയിൽ നിക്ഷേപിക്കാൻ ചെല്ലുമ്പോൾ ആ ചാരകുന്നിനു മുകളിൽ ഗാഢസുഷുപ്തിയിലാണ്ട പൂച്ചയുടെ കൂർക്കം വലി കേൾക്കാം. ആ ദിവസാരംഭങ്ങൾ എത്ര സംഭവ ബഹുലമായിരുന്നു ”
പത്യേം പുറം..
അടുക്കളയിലെ അടുപ്പ് വെച്ചിരുന്ന ഉയരമുള്ള തറകൾക്ക് തൃശ്ശൂർകാർ അങ്ങനെയാണ് പറഞ്ഞു പോന്നിരുന്നത്.
വീടിന്റെ വടക്കേപ്പുറത്താവും എപ്പോഴും അടുക്കള അതിന്റെ കിഴക്കേ ചുമരിൽ ചൂട്ടഴി എന്നു പേരുള്ള വാതിൽ ഇല്ലാത്ത ഒരു നീളൻ ജനൽ ഉണ്ടാകും
അതിനോട് ചേർന്നാണ് പാത്യേം പുറം ,
ഒരാളുടെ അരക്കൊപ്പം ഉയരത്തിൽ കെട്ടി ഉയർത്തിയ ഒരു തറ
അതിൽ ഇടതോരം ചേർന്ന് ഏതാനും അടുപ്പുകൾ ,ചിമ്മിനിക്കട്ട എന്ന് ഞങ്ങൾ പറഞ്ഞ് പോന്നകമ്പനി ഇഷ്ടികകൾകൊണ്ട് ഉണ്ടാക്കിയവ
വലത്തേ ഭാഗം വെറുതേ ഒരു പ്ലാറ്റ്ഫോം ആണ്
അടുപ്പിൽ വെന്ത സാധനങ്ങൾ ഇറക്കിവെക്കാനും,വെള്ളക്കലം ഉപ്പുഭരണി ,പഞ്ചസാരപാത്രം തുടങ്ങിയവ വെക്കാനുള്ള സ്ഥലമാണത്,കഴുകിയ പാത്രങ്ങൾ അടുക്കുന്നതും.
അവിടെ തന്നെ,പഴക്കം ചെന്ന ഒരു മേശ ഒരു ബെഞ്ച് ഇതായിരുന്നു അന്നത്തെ ഡൈനിങ്ങ് ടേബിൾ അതിനു മുകളിൽ മങ്ങിയ തുണികൊണ്ടു വായ്ഭാഗം കെട്ടിയ ചീനാ ഭരണിയിൽ നിറയെ വെളിച്ചെണ്ണയുടെ മണമുള്ള കായ വറുത്തത്, പിന്നെ മുകളിൽ തൂങ്ങിയാടുന്ന ഒരു ചെറിയ പഴക്കുല.
പാത്യേമ്പുറത്തിന് മുകളിലുള്ള ഫോയർ ആണ് ‘പറം'(അട്ടം)
മഴക്കാലത്തേക്ക് വേണ്ട വിറകുകൾ അടുക്കുന്നത് അവിടെയാണ്………. താഴെയുള്ള അടുപ്പിലെ പുകയും കരിയും ചെന്നടിഞ്ഞു അവിടെ എണ്ണമയമുള്ള ഒരുതരം കരികൊണ്ടു നിറയും……. ഒരു യൂണിവേഴ്സൽ ഹീലിംഗ് ഏജന്റ് ആണ് ആ കരി, മൃഗങ്ങൾക്കു പ്രത്യകിച്ചും പശുക്കൾക് എന്തു മുറിവുണ്ടായാലും ആ കരി തേക്കും. ഇല്ലട കരി എന്നും ഉള്ളട കരി എന്നും അതറിയപ്പെട്ടു.
അടുപ്പിന് നേരെ മുകളിലായി ഒരു അഡീഷണൽ പറം(അട്ടം ) കൂടിയുണ്ടാകും
തൂങ്ങിക്കിടക്കുന്ന ഒന്ന് ,ചെറിയ മുളയോ അടക്കാവാരിയോ കൊണ്ട് നിർമ്മിച്ചത്
കുടം പുളി ,ഉണക്കമീൻ എന്നിവയും,പയർ വഴുതനങ്ങ തൂടങ്ങിയവയുടെ അടുത്തവർഷത്തേക്കുള്ള വിത്തുകളുമൊക്കെ സൂക്ഷിക്കുന്നത് അവിടെയാണ്
ഒരു മണ്ണെണ്ണ വിളക്ക്,തീപ്പെട്ടി ,തീയുതാനുള്ള ഒരു കുഴൽ എന്നിവ പാത്യേം പുറത്തെ സ്ഥിരം സംവിധാങ്ങളാണ്.തൂങ്ങിയാടുന്ന ഉറികൾ, ഉപ്പു സൂക്ഷിക്കുന്ന മരപാത്രം, ചിരട്ട തവികൾ, മണ്കലങ്ങൾ ഇതൊക്കെയാണ് അനുബന്ധ ഉപകരണങ്ങൾ.
അടുപ്പ് /തീ കൂട്ടുക എന്നാണ് ദിവസവും രാവിലെ അടുപ്പിൽ തീ കത്തിച്ച് തുടങ്ങുന്നതിനെ പറയുക
സാമാന്യം കഠിനമായ ഒരു ചടങ്ങാണത്
തലേന്ന് കെടാതെ കിടന്ന ചില കനലുകളിൽ നിന്ന് തീ ഊതിയുണർത്തുകയാണ് ചെയ്യുക,
ഓലക്കുടി,കോഞ്ഞാട്ട,ചെറിയ ചുള്ളിവിറകുകൾ എന്നിവ ആ കനലുകൾക്ക് മുകളിൽ അകറ്റിയടുക്കി ഊതിയൂതി തീയായി വരുമ്പോഴേക്കും അമ്മമാരുടെ സ്പോഞ്ച് പോലെയൂള്ള ശ്വാസകോശം പുകകൊണ്ട് ഏതാണ്ട് പൂരിതമായിട്ടുണ്ടാവും. കനം കുറഞ്ഞ ഓലക്കുടി ചാരം കൊണ്ട് മുടിയിഴകളും
വല്ലാതെ മടുക്കുമ്പോൾ ഒരു സൂത്രപ്പണിയുണ്ട് ചിമ്മിണിവിളക്കിന്റെ മൂടി തുറന്ന് ഇത്തിരി മണ്ണെണ്ണ അടുപ്പിലൊഴിക്കുക
പക്ഷേ മണ്ണെണ്ണ പെണ്ണുങ്ങളെ ചതിക്കും അതിന്റെ മണം ചൂട്ടഴിയിലൂടെ ചോർന്ന് ഉമ്മറത്തിരിക്കുന്ന കാർന്നോമ്മാരിലേക്കും
അയൽപക്കത്തെ കുശുമ്പത്തി പെണ്ണുങ്ങളിലേക്കുമെത്തും
അഹങ്കാരിയും മടിയത്തിയുമായി ആ സാധു മുദ്രചെയ്യപ്പെടും
അടുപ്പിൽ കനലില്ലാത്ത നേരങ്ങളിൽ അയൽ വക്കങ്ങളിൽ നിന്ന് തീ കടം വാങ്ങലും പതിവുണ്ട്
കുട്ടികളാണ് അതിന് നിയോഗിക്കപ്പെടുക
ഉണങ്ങിയ ചകിരിപ്പൊളിയിലോ ചിരട്ടയിലോ ആണ് തീ പകർത്തിക്കൊണ്ടു വരിക.
പുതിയ തലമുറയിലെ കുട്ടികൾ എന്തറിഞ്ഞു അല്ലേ
എത്രയോ ചെറുപ്പത്തിലേ തന്നെ തീ കൊണ്ട് കളിച്ചവർ നമ്മൾ
അടുപ്പിലെ ചാരമെന്താ നിസാരക്കാരനായിരുന്നോ
എന്തൊക്കെ റോളുകളായിരുന്നു അവന് അന്നത്തെ ജീവിതത്തിൽ
ഇളംചൂടോടെ അതിനെ വാരി വിതറി അമ്മ കൂട്ടം കൂടാൻ തുടങ്ങിയ ഉറുമ്പുകളെ പായിച്ചു
ഇലകളിൽ കീടനാശിനിയായും കടക്കൽ വളമായും കറിവേപ്പില മുതൽ സകല ചെടികളേയും അത് സംരക്ഷിച്ചു.
ഒന്നാന്തരം ഡിഷ്വാഷിങ് പൌഡർ കൂടിയായിരുന്നു ആ ചാരം
വൃശ്ചിക മാസമാകുമ്പോൾ അടുക്കള വീടിന് പുറത്തേക്കിറങ്ങും.
വൃശ്ചികമാസത്തിൽ ധാരാളമായി കൊഴിയുന്ന ഉണങ്ങിയ ഇലകളെ(ചവർ) ഉപയോഗപ്പെടുത്താനുള്ള ഒരു ഉപായമാണ് ഈ രണ്ടാം അടുക്കള
മണ്ണ് കിളച്ച് അടിച്ച് ഒതുക്കി
വരമ്പുകൾ പിടിപ്പിച്ച് ഭംഗിയായി മെഴുകി എടുക്കുന്നതാണ് പുറത്തെ കുഞ്ഞടുക്കള
സദാ വീശിക്കൊണ്ടിരിക്കുന്ന വൃശ്ചിക കാറ്റിനെ തടുക്കാൻ നാല് മടൽ ഉയർത്തിൽ ഓല വേലിയുമുണ്ടാവും കളത്തിനെ ചുറ്റി
കുട്ടികളുടെ ആദ്യത്തെ പാചകപരീക്ഷണങ്ങളൊക്കെ തുടങ്ങുന്നത് ഈ ടെമ്പററി അടുക്കളയിൽ നിന്നാണ്
കശുവണ്ടി ,പച്ചക്കായ,കൊള്ളി എന്ന് വിളിക്കുന്ന മരച്ചീനി ഒക്കെ ചുട്ടെടുക്കുന്നതും ആ അടുപ്പിൽ നിന്നു തന്നെ
പാചകത്തിന് മാത്രമല്ല വാചകത്തിനും ഒരു കുറവുമില്ല അവിടെ
സന്ധ്യ മുതൽ അത്താഴം വരെയും അവിടെയാണ് സദസ് ആ അടുക്കള പൊളിക്കും വരേയും
എന്തിനാണാവോ അടുക്കളയെക്കുറിച്ചുള്ള ഈ പഴം പുരാണങ്ങൾ???ഈയിടെ ലുലു മാളിൽ നാടൻ ചായക്കട എന്നൊരു സ്റ്റാൾ കൂടി ആരംഭിച്ചു എന്നു വായിച്ചപ്പോഴാണ് പണ്ടത്തെ അടുക്കളയെ ഓർത്തത് !!!
പലരുടെമനസിലുമുണ്ട് ഈ അടുക്കളയോർമ്മകൾ എന്ന് തോന്നുന്നു
അതിന്റെ അടയാളങ്ങൾ അവരുടെ പുതിയ വീടുകളാണ്
ഒരിക്കൽ പോലും ഉപയോഗിക്കാൻ ഇടയില്ല എന്ന് ഉറപ്പുണ്ട് എങ്കിലും ഏതാണ്ട് എല്ലാ പുതിയ വീടുകളിലുമുണ്ട് വിറകടുപ്പുകൾ ഉള്ള ഒരുടുക്കള
എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആധുനിക അടുക്കളക്ക് പുറമേയാണത്. ,നാളിതുവരെ ഉപയോഗിച്ചു കണ്ടിട്ടില്ല എങ്കിലും അത് അവിടെയുണ്ട്
പണ്ടത്തെ അടുക്കളയുടെ ഏറ്റവും വലിയ ഐശ്വര്യം രാപകലോളം അവിടെകിടന്നു പണിയെടുത്തു വിയർപ്പിൽ മുങ്ങി പുഞ്ചിരിയോടെ ചോറ്റുപാത്രം നീട്ടി സൂക്ഷിച്ചുപോണം എന്നോര്മപെടുത്തുന്ന അമ്മമാരാണ് ഒരിക്കൽപോലും വിവാഹമോചനത്തെ പറ്റിയോ സ്ത്രീസമത്വത്തെ പറ്റിയോ ഒരിക്കൽപോലും ഓർക്കാത്തവർ.
ജോലികഴിഞ്ഞു വരുമ്പോൾ അരച്ച പാക്കറ്റ്മാവും, നുറുക്കിയ പച്ചക്കറികളും, ഇൻസ്റ്റന്റ് കറിക്കൂട്ടുമായി വരുന്ന ഭർത്താവ് ഒരുചായ ചോദിച്ചാൽ “ലൈറ്റ് വരട്ടെ ചേട്ടാ എന്നാലല്ലേ ഇൻഡക്ഷൻ സ്റ്റോവ് വർക്ക് ചെയ്യുള്ളു “എന്നു മൊഴിയുന്ന ഇന്നത്തെ കുടുംബിനികൾക്കു എന്തറിയാം ??? “””നൊസ്റ്റാൾജിക്””” എന്ന ഒറ്റ പദത്തിൽ ഇതെല്ലാം അവർ ഒതുക്കിക്കളയും …