Breaking News
Home / Lifestyle / രാത്രി തനിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്ന സമയത്ത് ഒരു പെണ്‍കുട്ടി കൈ കാണിച്ചാല്‍ എന്ത് സംഭവിക്കും

രാത്രി തനിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്ന സമയത്ത് ഒരു പെണ്‍കുട്ടി കൈ കാണിച്ചാല്‍ എന്ത് സംഭവിക്കും

ഒരുത്തി റോഡിന്റെ നടുക്കോട്ട് കയറി നിന്നു എന്റെ വണ്ടിക്കു കൈ കാണിച്ചു രാത്രി തനിച്ച് ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് യുവാവ്

അമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ ആണ് പെണ്ണ് കാണാൻ വരുന്നത് അവസാനത്തെ ഒറ്റ വണ്ടിയും പോകുന്ന വരെ കാൾ അറ്റൻഡ് ചെയ്യാതെ പിടിച്ചു നിന്നെങ്കിലും ഫോൺ എടുത്തതേ അമ്മ പറഞ്ഞ വാക്കുകൾ എന്നെ തളർത്തി കളഞ്ഞു
“ബസ് പോയെങ്കിൽ വല്ല ചരക്കു ലോറിടെ മുകളിൽ കേറിയിരുന്നിട്ടാണേലും നാളെ ഇങ്ങു വന്നിലേൽ നിന്നെ അച്ഛൻ ഇനി വെച്ചേക്കും എന്നു തോന്നുന്നില്ല ”
നാളെ ചെല്ലാമെന്നു അച്ഛൻ അവർക്കു വാക്ക് കൊടുത്തതാണ് !!!

“നിന്റെ അച്ഛൻ ആള് ദുർവാസാവ് ആണെന്ന് നിനക്ക് ഞാൻ പറയാതെ അറിയാല്ലോ
“അച്ഛന്റെ കൂടേ പണ്ട് സർവീസിൽ ഉണ്ടായിരുന്നതാണ് പെണ്ണിന്റെ അച്ഛൻ !!”
ഒടുവിൽ രാത്രി വണ്ടി മാറി മാറി കയറാൻ ഉള്ള തീരുമാനം ഉപേക്ഷിച്ചു ബുള്ളറ്റിൽ പോരാൻ ഉള്ള തീരുമാനം ആയി

പോരുന്ന വഴി അന്തോണീസ് പുണ്യാളന്റെ പള്ളി കണ്ടപ്പോൾ “കാണാൻ പോണ പെണ്ണിന് മിനിമം ഒരു കോങ്കണ്ണ് എങ്കിലും കാണണമേ എന്റെ പുണ്യാളാ ”

എന്നു പറഞ്ഞു പുള്ളിക്ക് പത്തു രൂപ കൈക്കൂലി കൊടുത്തു
അല്ലേലും എനിക്ക് പുള്ളിയെ വല്യ വിശ്വാസമാ.. കോൺവെന്റ് സ്കൂളിൽ പഠിച്ച കാലം തൊട്ടു അങ്ങനെ പുള്ളി കൈവിടില്ല എന്ന ഉത്തമ വിശ്വാസത്തോടെ വണ്ടി വിട്ടു പോരുമ്പോഴാണ്.. ഏകദേശം പത്തു മണി കഴിഞ്ഞിരിക്കുന്നു
കറുത്ത പാന്റും ഷർട്ടും തലയിൽ ഒരു കറുത്ത മങ്കി ക്യാപ്പും വെച്ച പുറകിൽ ചന്ദ്രനിലേക്ക് പോകാൻ നിൽക്കുന്ന പോലുള്ള വലിയ ഭാണ്ഡവും ആയി
ഒരുത്തി റോഡിന്റെ നടുക്കോട്ട് കയറി നിന്നു എന്റെ വണ്ടിക്കു കൈ കാണിച്ചു
സഡൻ ബ്രേക്കിട്ടു നിർത്തിയ എന്റെ പിറകിലേക്ക് ചാടി കയറിയ അവൾ
“അവൾ അളിയാ എന്നെ ഒന്ന് ബസ് സ്റ്റാൻഡ് വരെ വിടണം, എന്റെ വണ്ടി പത്തരയ്ക്ക് പോകും ”

പെണ്ണല്ലേ ??!!!ഞാൻ സൂക്ഷിച്ചു നോക്കി
പെണ്ണ് തന്നെ !!മൂക്കിൽ ഒരു മൂക്കുത്തിയും, ചന്തമുള്ളൊരു മുഖവും
“ഇങ്ങോട്ട് നോക്കിയിരിക്കാതെ വണ്ടി എടുക്കെന്റെ പൊന്നളിയാ” എന്നു പറഞ്ഞു അവളെന്റെ പുറത്തിനിട്ടു രണ്ടു അടി അടിച്ചു

ആ അടിയുടെ ശക്തിയിൽ നിന്നു എനിക്ക് മനസിലായി ഇവൾക്ക് കളരി, അല്ലെങ്കിൽ മർമ്മാണി വിദ്യകളിൽ ഏതോ ഒന്ന് പരിചയം ഉണ്ട് !!
വെറുതെ അല്ല രാത്രി ഒറ്റക്കിറങ്ങി പുറപ്പെട്ടിരിക്കുന്നതു !!!
ഞാൻ വണ്ടി വിട്ടു. ചെല്ലുമ്പോൾ ബസ് പുറപ്പെടാൻ തയാറായി നില്കുന്നു.
അടുത്ത കടയിലേക്ക് വെള്ളം വാങ്ങാൻ ചാടി കയറിയ അവൾ ഒറ്റ ചാട്ടത്തിനു വണ്ടി സ്റ്റാർട് ചെയ്തു കൊണ്ടിരുന്ന എന്റെ മുൻപിലേക്ക് വന്നു
“അളിയാ ഒരു ഇരുന്നൂറു രൂപ ഉണ്ടെങ്കിൽ താ ചില്ലറ ഇല്ലാഞ്ഞിട്ടാ ”

തുറിച്ചു നോക്കിയ എന്നോട് “അളിയൻ ഫോൺ നമ്പർ പറ, ഞാൻ വിളിക്കാം, അക്കൗണ്ട് നമ്പർ തന്നാൽ മതി ക്യാഷ് തിരിച്ചു തന്നേക്കാം ”
ഇപ്പോൾ സമയം ഇല്ല !
എന്നും പറഞ്ഞു എന്റെ ഇരുന്നൂറു രൂപയും വാങ്ങി വെള്ളം കുപ്പിയും ആയി ബസിലേക്ക് ഒരു അഭ്യാസിയെ പോലെ ചാടി കയറുന്നതു കണ്ടിട്ട്

ഹോ ഈ ജന്തു സർക്‌സിൽ നിന്നു ചാടി പോന്നതാണ് എന്നു മനസിൽ പറഞ്ഞു ഞാൻ ഉള്ള വേഗം വണ്ടി വിട്ടു
അത്രയും ദൂരം ബുള്ളറ്റിൽ വന്നതിനു ചീത്ത പറയാൻ ഒരുങ്ങിയ അമ്മയെ ഇനി മിണ്ടിയാൽ ഞാൻ വന്ന പോലെ അങ്ങ് പോയി കളയും എന്നു ഭീഷണി പെടുത്തി
രാവിലെ പോത്തു പോലെ കിടന്നുറങ്ങിയ എന്നെ പത്തു മണി ആയിട്ടും എന്നെ ആരും വിളിച്ചില്ലല്ലോ എന്ന അദ്‌ഭുതത്തോടെ എഴുന്നേറ്റു ചെന്നപ്പോൾ അമ്മയുണ്ട് ഒരു മൂലക്കു താടിക്കു കൈയും കൊടുത്തിരിക്കുന്നു
“എന്നാലും എടാ ചേട്ടാ നിന്റെ ഒരു ഭാഗ്യം പെണ്ണ് കാണുന്നതിന് മുൻപേ പെണ്ണ് ഒളിച്ചോടി പോയിരിക്കുന്നു “!!!പെങ്ങളാണ്
ഞാൻ ഞെട്ടി !

അച്ഛൻ എനിക്ക് മുഖം തരാതെ മുറിക്കകത്തേക്കു വലിഞ്ഞു
“എന്നാലും ആ പെങ്കൊച്ചിന്റെ ഒരു കാര്യം കണ്ടവന്റെ കൂടേ ഓടി പോകുമ്പോൾ വീട്ടിൽ ഉള്ളവരെ പറ്റി ഓർത്തില്ലല്ലോ”

അതിന്റെ മുഖം കണ്ടാൽ അങ്ങനെ ഒന്നും തോന്നുകയുമില്ല
“അതിന്റെ അമ്മ ബോധം കെട്ടു വീണിട്ടു ആശുപത്രിയിലേക്ക് കൊണ്ട് പോയെന്നാ പറഞ്ഞെ ”
എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല !!!അന്തോണീസ് പുണ്യാളൻ പുലി ആണ് !!!”
എനിക്കവളെ ഒന്ന് കാണണം എന്നു തോന്നി. മൊബൈലിൽ പെങ്ങൾ അയച്ചു തന്നിട്ടു ഡൌൺലോഡ് ചെയ്യാതെ ഇട്ടിരുന്ന ഫോട്ടോ ഞാൻ ഡൌൺലോഡ് ചെയ്തു നോക്കി
ഇവളോ ??!!!എന്റെ ചോദ്യം കുറച്ചു ഉറക്കെ ആയി പോയി
നീയിതിനെ കണ്ടിട്ടുണ്ടോ ???അമ്മയും ഞെട്ടി“ ഇന്നലെ രാത്രി ഞാനാണ് ഇതിനെ ബാംഗ്ലൂർ വണ്ടിയിൽ കയറ്റി വിട്ടത് “ഇതിന്റെ കൂടേ ഒന്നും ആരുമില്ലായിരുന്നു

ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു

ഇപ്പോൾ ചിരി നിർത്താൻ പറ്റാത്തത് പെങ്ങൾക്കാണ്
“അതേയ് നിങ്ങൾ വേണമെങ്കിൽ കൂട്ടുകാരനെ ഒന്ന് വിളിച്ചു പറഞ്ഞോളൂ മകൾ ബാംഗ്ലൂർ ബസിൽ പോയിട്ടുണ്ടെന്ന്
കുട്ടൻ ആണത്രേ ഇതിനെ വണ്ടി കയറ്റി വിട്ടത് !!”
എന്നെ ഒന്ന് തുറിച്ചു നോക്കിയ ശേഷം അച്ഛൻ ലാൻഡ് ലൈനിന്റെ അടുത്തേക്ക് നീങ്ങി
ഞാൻ ഒന്ന് കൂടി ഉറങ്ങാൻ ബെഡ്‌റൂമിലേക്കും
കൃത്യം മൂന്നാമത്തെ മണിക്കൂറിൽ വന്ന ഫോൺ വിളി ആണെന്റെ ഉറക്കം കളഞ്ഞത്
മറുതലക്കൽ ഇന്നലത്തെ സർക്കസ് കാരിയുടെ ശബ്ദം !!!

തന്നോട് ആരാണെടോ ഞാൻ ഓടി പോയത് എങ്ങോട്ടാന്നു വിളമ്പാൻ പറഞ്ഞത് എന്നു തുടങ്ങി
കല്യാണം വേണ്ടാന്ന് പറഞ്ഞാൽ മനസിലാകാത്ത വീട്ടുകാരുടെ അടുത്തുന്നു ഓടി പോകാം എന്നു വെച്ചാൽ കൂടി ഇങ്ങനെ പറഞ്ഞു കൊടുക്കാൻ കുറെ പേരും എന്നു ശകാരവർഷം പുരോഗമിച്ചു കൊണ്ടിരുന്നു,
ഇടയിൽ എന്നാലും ഞാൻ എങ്ങനാടോ തന്റെ മുൻപിൽ തന്നെ വന്നു പെട്ടതു എന്റെ ദൈവമെന്നു, ദൈവത്തിനും കിട്ടി ഡോസ്

ഞാനും വിട്ടു കൊടുത്തില്ല “നിന്നെ ഓർത്തല്ലെടി മരം കേറി ബോധം കെട്ടു ആശുപത്രിയിൽ കിടക്കുന്ന നിന്റെ അമ്മയെ ഓർത്തിട്ടാണ് പറഞ്ഞത് ”
നീ ഇങ്ങു തിരിച്ചു പോരെ നിന്നെ കെട്ടാൻ വയ്യെന്ന് ഞാൻ പറഞ്ഞോളാം എന്നും കൂടി പറയുന്നതിന് മുൻപേ ഫോൺ കട്ടായി
രണ്ടു ദിവസം കഴിഞ്ഞു സോറി പറയാൻ അവൾ വിളിച്ചു
ഇടക്കിടക്ക് ഇരുന്നൂറു രൂപക്ക് ഞാനും
എന്തായാലും കൂട്ടുകാരന്റെ മകൾ ആയതു കൊണ്ട് ആദ്യത്തെ ഒളിച്ചോട്ടം അച്ഛനും അമ്മേം ക്ഷമിച്ചു
ഇപ്പോഴും വഴക്കുണ്ടാക്കുമ്പോൾ ഞാൻ പറയും എന്നോടിയ ഓട്ടതിനിടയിൽനിന്നെ ഞാൻ കാണാതിരുന്നാൽ മതിയായിരുന്നെന്നു

വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല ബുള്ളറ്റും ഓടിച്ചു വരുമെന്ന് അവളും
കൂടുതൽ മിണ്ടാൻ ഞാൻ പോകാറില്ല. പട്ടാളക്കാരനേം ഭാര്യയേം അവൾ സർക്കസ് കാണിച്ചു മയക്കിയിട്ടുണ്ട്
പിന്നെ പണ്ട് പുറത്തു കിട്ടിയ അടിയുടെ ചൂടും

രചന : Sabaries RK Kjipmer

About Intensive Promo

Leave a Reply

Your email address will not be published.