Breaking News
Home / Lifestyle / ശ്രീഹരി കാട്ടിലേക്ക് പോയില്ല; പേരാമ്പ്രയിലെത്തി വവ്വാലിനെ പിടിച്ചു..!!

ശ്രീഹരി കാട്ടിലേക്ക് പോയില്ല; പേരാമ്പ്രയിലെത്തി വവ്വാലിനെ പിടിച്ചു..!!

നിപ വൈറസ് ബാധിച്ച പ്രദേശത്തെ കിണറ്റില്‍ താമസമാക്കിയ വവ്വാലുകളെ ആരു പിടിക്കും എന്നൊരു ചോദ്യംവന്നപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പറയാന്‍ ഒരുപേരേ ഉണ്ടായുള്ളൂ. ശ്രീഹരി രാമന്‍.

കൊല്ലം മണ്‍ട്രോത്തുരുത്ത് കൃഷ്ണവിലാസത്തില്‍ ശ്രീഹരി എന്ന മുപ്പതുകാരന് വവ്വാലുകള്‍ ഹരമാണ്. വവ്വാലുകളെക്കുറിച്ചുള്ള ഗവേഷണത്തിനായി ഇദ്ദേഹം കയറാത്ത ഉള്‍ക്കാടുകളില്ല. ഒരു കൊല്ലത്തിനിടെ അന്‍പതോളം വവ്വാലുകളെ പിടിച്ച്‌ പഠിച്ച്‌ പറത്തിവിട്ടിട്ടുമുണ്ട്. ചൈനയിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സില്‍ ഗവേഷകവിദ്യാര്‍ഥിയാണ് ശ്രീഹരി. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാടുകളിലെ വവ്വാലുകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് പഠനവിഷയം.

പാലക്കാട് വാളയാര്‍ വനത്തിലേക്ക് വവ്വാലുകളെ തേടിയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയത്. പതിവുപോലെ കാറില്‍ നിറയെ വവ്വാല്‍ പിടിത്ത ഉപകരണങ്ങള്‍. ഒപ്പം സ്റ്റൗ, വനയാത്രക്കുള്ള സാമഗ്രികള്‍ എന്നിവയും.

എറണാകുളത്ത് എത്തിയപ്പോഴാണ് വനംവകുപ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ ഫോണ്‍ വരുന്നത്. വവ്വാലെന്നു കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല.

നിപ ബാധിച്ച സ്ഥലത്തേക്ക് പോവുകയാണെന്ന് വീട്ടില്‍ പറഞ്ഞതുമില്ല. വവ്വാലുകളെ അത്രമേല്‍ സ്‌നേഹിക്കുന്നതിനാല്‍ പേരാമ്പ്രയ്ക്കുപോകാന്‍ തീരുമാനിച്ചു. അപ്പോള്‍ സമയം ഉച്ചകഴിഞ്ഞു. പേരാമ്പ്ര എത്തുമ്ബോഴേക്കും രാത്രിയാവും. കിണറ്റില്‍നിന്ന് വവ്വാലിനെ രാത്രി പുറത്തെത്തിക്കുക പ്രയാസവും.

തൃശ്ശൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് എത്തിയപ്പോള്‍ ശ്രീഹരിയെ കാത്ത് വനംവകുപ്പുകാരും വെറ്ററിനറിക്കാരും ഉണ്ടായിരുന്നു. ഉറങ്ങുകയായിരുന്ന വവ്വാലിനെ ശബ്ദം കേള്‍പ്പിച്ച്‌ ഉണര്‍ത്തിയശേഷം മുകളിലേക്ക് വരുത്തി. പൊങ്ങിവന്നപ്പോള്‍ വനത്തില്‍ ശ്രീഹരി സ്ഥിരം ഉപയോഗിക്കുന്ന കെണികളിലൊന്നുപയോഗിച്ച്‌ പിടികൂടി.

വെറ്ററിനറി ഡോക്ടര്‍മാര്‍ വവ്വാലിന്റെ രക്തവും ഉമിനീരും സാമ്ബിളായെടുത്തു. വവ്വാലുകളെ പിടിക്കാന്‍ നിലവില്‍ മിസ് നെറ്റ് എന്ന് സംവിധാനമാണുള്ളത്. എന്നാല്‍, അതില്‍ വീഴുന്നവ വലയില്‍ക്കുരുങ്ങി ചാവാനിടയുണ്ട്. വിദേശത്ത് ഹാര്‍പ് എന്നൊരുതരം കെണിയുണ്ട്. ഇന്ത്യയില്‍ ഇതെത്തിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ ചെലവാകും. അത്തരമൊന്ന് നാട്ടിലെ വര്‍ക്ഷോപ്പിന്റെ സഹായത്തോടെ 20,000 രൂപ ചെലവാക്കി ശ്രീഹരി ഉണ്ടാക്കി. നാലെണ്ണം രാജ്യത്തെ പക്ഷിനിരീക്ഷകര്‍ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുമുണ്ട്. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ഫോറസ്ട്രിയില്‍ എം.എസ്സി. രണ്ടാം റാങ്കോടെ ജയിച്ചശേഷമാണ് ചൈനയില്‍ പിഎച്ച്‌.ഡി.ക്കു ചേര്‍ന്നത്.

വവ്വാലുകള്‍ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ശ്രീഹരി ഓര്‍മിപ്പിക്കുന്നു. പ്രാണികളെ തിന്നുന്നതും പഴങ്ങള്‍ തിന്നുന്നതുമായി രണ്ടുതരം വവ്വാലുകളുണ്ട്. ശരീരഭാരത്തിന്റെ അത്രയും ഭക്ഷണം ഇവ ഉള്ളിലാക്കും.

കൊതുകുകളെ അടക്കം നിയന്ത്രിക്കുന്നതില്‍ നല്ല പങ്കുണ്ട്. പഴങ്ങള്‍ തിന്ന് കാഷ്ഠിക്കുന്നതുമൂലം വിത്തുകള്‍ കാട്ടില്‍ പലയിടത്തും വിന്യസിക്കപ്പെടുന്നുമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുന്‍പ് എബോള വൈറസ് പടര്‍ന്നത് വവ്വാലുകളെ കൊന്നുതിന്നതുമൂലമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ടെന്നും ശ്രീഹരി പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *