അമ്മയാകാനുള്ള കഴിവ് സ്ത്രീയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്തരമായ അനുഗ്രഹമാണ്. പുതിയൊരു ജീവന് ഭൂമിയിലേക്ക് പിറന്നു വീഴുന്ന നിമിഷം, വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. ഏറ്റവും വലിയ വേദനക്കിടയിലും കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുമ്പോള്‍ അവള് പുഞ്ചിരിക്കും.
കുഞ്ഞിന്റെ ജനനം നേരിട്ട് കണ്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ യുവാവിന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഷബീര്‍ മുസ്തഫയാണ് തന്റെ ലേബര്‍ റൂമിലെ ആദ്യഡ്യൂട്ടിയെ കുറിച്ച് കുഞ്ഞിന്റെ ജനനമെന്ന
അപൂര്‍വനിമിഷത്തിനു ദൃക്സാക്ഷിയായെന്ന് കുറിച്ചത്.
പാകിസ്താനിലെ ആഗാ ഖാന് സര്‍വകലാശാലയില്‍ നാലാം വര്‍ഷ മെഡിസിന് വിദ്യാര്‍ത്ഥിയാണ് 23കാരനായ ഷബീര്‍ മുസ്തഫ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഞ്ഞിന്റെ ജനനം നേരിട്ട് കണ്ടത്. മുമ്പ് ജനനത്തെക്കുറിച്ച് ഏറെ കഥകള്‍ കേട്ടിട്ടുണ്ടായിരുന്നു,
പുസ്തകങ്ങളില്‍ വായിച്ചിട്ടുമുണ്ട്. വല്ലാത്ത ഒരു പേടിയും ആശങ്കയുമാണ് ആ നിമിഷത്തെക്കുറിച്ച് തോന്നിയിട്ടുള്ളതെന്നും ഷബീര്‍ പറയുന്നു.
ഷബീറിന്റെ കുറിപ്പിലേക്ക്:
കാത്തിരുന്ന നിമിഷമെത്തി. ജീവിതത്തില്‍ ഇങ്ങനെയൊരു നിമിഷം ആദ്യം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആ നിമിഷം. ലേബര്‍ റൂമില്‍ ഒരു ജനനത്തിനു ദൃക്സാക്ഷിയാവുക എന്ന അപൂര്‍വനിമിഷം. ഇപ്പോള്‍ എനിക്കു സ്ത്രീകളോട് മുമ്പത്തേതിലും ബഹുമാനമുണ്ട്. ആദരവുണ്ട്. പേടിപ്പെടുത്തുന്ന, ആശങ്കപ്പെടുത്തുന്ന അനുഭവമാണ് പ്രസവം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഒരു സ്ത്രീയുടെ അപാരമായ ത്യാഗത്തിന്റെ നിമിഷമാണതെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. രണ്ടാഴ്ച ഗൈനക്കോളജി വാര്‍ഡിലെ ഡ്യൂട്ടിക്കു ശേഷം ഒരു വസ്തുത ഞാന്‍ തിരിച്ചറിയുന്നു: ഓരോ സ്ത്രീയും കടന്നുപോകുന്ന അനുഭവത്തിന്റെ തീവ്രത. അവര്‍ പ്രദര്‍ശിപ്പിക്കുന്ന ധീരത. മനസാന്നിധ്യം. ഞാന്‍ പരിചയപ്പെട്ട ഓരോ സ്ത്രീയോടും എനിക്കു ബഹുമാനം മാത്രം.
മരുന്നുകൊടുത്തു മയക്കിയതിനുശേഷമാണു പ്രസവം നടക്കുന്നത്. എങ്കിലും ആ പ്രക്രിയയ്ക്കിടെ അവര്‍ ഉണരാം. അപ്പോള്‍ അവര്‍ അനുഭവിക്കുന്ന ആകാംക്ഷയും വേദനയും. കുട്ടിയെ പുറത്തെടുത്തുകഴിഞ്ഞാല്‍ വേദനയ്ക്കും ആശങ്കയ്ക്കും കഷ്ടപ്പാടിനുമെല്ലാമിടയിലും സ്ത്രീയില്‍ ഒരു വികാരമേ ഉള്ളൂ- തന്റെ കുട്ടിയുടെ ക്ഷേമം. ആരോഗ്യം. സന്തോഷം. സ്വയം വേദന അനുഭവിച്ചുകൊണ്ട് കുട്ടിയുടെ പുഞ്ചിരി കാണാന്‍ ശ്രമിക്കുന്ന ത്യാഗത്തെ ഏതു വാക്കുകളിലാണു വിവരിക്കേണ്ടതെന്ന് എനിക്കറിയില്ല.
കഴിഞ്ഞദിവസം ഡോക്ടര്‍ കുട്ടിയെ പുറത്തെടുത്ത നിമിഷത്തിനു ഞാന്‍ സാക്ഷിയായി. കുട്ടി കരഞ്ഞപ്പോള്‍ എനിക്കു വല്ലാത്ത അദ്ഭുതമാണ് തോന്നിയത്. അതുവരെ അബോധാവസ്ഥയില്‍ കിടന്ന യുവതി കുട്ടിയുടെ കരച്ചില് കേട്ട് ഉണര്‍ന്നു. വേദന മറന്ന് തല തിരിച്ച് അവര്‍ ചോദിച്ചു-എന്റെ കുട്ടി സുഖമായിരിക്കുന്നോ ?
ആ നിമിഷത്തില്‍ എന്റെ തൊണ്ട അടഞ്ഞു. കണ്ണുകളില്‍ കണ്ണിര് നിറഞ്ഞു. തേങ്ങിപ്പോയി ഞാന്‍. കണ്ണീര് ആരും കാണാതിരിക്കാന്‍ മുഖംതിരിച്ചുകൊണ്ട് കുട്ടി സുഖമായിരിക്കുന്നുവെന്നു പറഞ്ഞ് ഞാന്‍ ആ യുവതിയെ ആശ്വസിപ്പിച്ചു.
ഒരു സ്ത്രീക്ക് ഇത്രവലിയ ത്യാഗത്തിനു കഴിയുമോ എന്നു നമ്മള് അദ്ഭുതപ്പെടും. ദിസ് വുമണ്‍സ് വര്‍ക് എന്ന മാക്സ്വെല്ലിന്റെ ഒരു പാട്ട് എന്റെ ഓര്‍മയില്‍ വരുന്നു:
എനിക്കറിയാം കുറച്ചു ജീവനേ നിന്നില്‍ ബാക്കിയുള്ളൂ എന്ന്;
അത്ഭുതകരമായ ധൈര്യം ബാക്കിയുണ്ടെന്നും.
പ്രസവത്തെക്കുറിച്ചും ആ നിമിഷങ്ങളില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന വേദനയെക്കുറിച്ചുമാണ് ആ വരികള്‍. ദയവുചെയ്ത് എന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ. സ്ത്രീയെ ബഹുമാനിക്കൂ. അവരുടെ വേദനകള്‍ തിരിച്ചറിയൂ. അവര്‍ വഹിക്കുന്ന അദ്ഭുതങ്ങളെക്കുറിച്ച് അറിവുള്ളവരാകൂ….