കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യമായി തിരിച്ചറിഞ്ഞ നിപ്പ വൈറസ് രോഗാണു ഇതിനോടകം അഞ്ച് ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും രോഗത്തെക്കുറിച്ചുള്ള അവബോധവും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
അതിനിടയിലും ഇങ്ങനെയൊരു രോഗമില്ലെന്നും ഇതിന് ചികിത്സയല്ല പ്രാര്‍ത്ഥനയാണ് വേണ്ടതെന്നുമൊക്കെ പ്രചരിപ്പിച്ച് പ്രകൃതി ചികിത്സകരും ആള്‍ദൈവങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുകയാണ് സന്ദീപാനന്ദ ഗിരി.
‘തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചും കെട്ടിപ്പിടിച്ചും തലോടിയും രോഗശാന്തി വരുത്തുന്നവരെയെല്ലാം ഞാന്‍ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന ഈ അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സ്വതന്ത്ര ചിന്തകര്‍ ഏറ്റെടുത്ത ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പരോക്ഷമായി കേരളത്തിലെ ആള്‍ദൈവങ്ങളെ വിമര്‍ശിച്ചിരിക്കുകയാണ് സന്ദേപാനന്ദ ഗിരി.