ഫോണിന്റെ അങ്ങേ തലയ്ക്കൽ മീരയുടെ ഗാഭീര്യമേറിയ ശബ്ദം കേട്ട് അരവിന്ദമേനോൻ പാതിയുറക്കത്തിൽ നിന്നും ഞ്ഞെട്ടിയുണർന്നു… കണ്ണുകളുയർത്തി ക്ലോക്കിലേക് നോക്കിയപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു …… തന്റെ നാശം കാണാൻ കാത്തിരുന്ന മീര തന്നെയാണോ ഈ സംസാരിക്കുന്നതെന്ന വിശ്വാസം വരാതെ അയാൾ ഫോൺ ഒന്നുകൂടെ ചെവിയോടടുപ്പിച്ചു….
അവളുടെ വാക്കുകളിൽ ചുട്ടു പൊള്ളുന്ന തീക്കനലിന്റെ ചൂട് പടർന്നു വ്യാപിച്ചിരുന്നെന്നു അയാൾക്ക് തോന്നി…
മറുത്തെന്തെലും പറയുന്നതിന് മുൻപേ മീര ഫോൺ കട്ട് ചെയ്തിരുന്നു…..
ഉറക്കം നഷ്ട്ടപെട്ട അരവിന്ദ് മേനോൻ സിറ്റൗട്ടിൽ ചെന്നിരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി….ചുണ്ടുകളാൽ ഊറ്റിയെടുക്കുന്ന നിക്കോട്ടിനിൽ അയാൾ അൽപ്പം ആശ്വാസം കണ്ടെത്തിയിരുന്നു….. എങ്കിലും ഉത്തരം കിട്ടാത്ത ചോദ്യ ശരമേറ്റു അയാൾ തെല്ലൊന്നു സംശയം പൂണ്ടു…. അതിലുപരി ഭയവും…
നാളെയാണ് വിചാരണ… ഇത്രനാൾ വാദി ഭാഗം വക്കീൽ തനിക്കു വേണ്ടി വാദിച്ചു പിടിച്ചു നിന്നത് നാളെത്തെ സുപ്രഭാതത്തോടുകൂടി ഇല്ലാതാകുകയാണ്. അതിന്റെ അമർഷവും ദുഃഖവും മീരയുടെ മനസ്സിനെ വല്ലാതെ അലട്ടികൊണ്ടേയിരുന്നു…..
ഡൈൽഡ് കോളിൽ നിന്നും അരവിന്ദ്മേനോന്റെ നമ്പർ എടുത്തു വിരലുകൾക്കിടയിൽ ചേർത്ത് വെച്ച്, ഡിലീറ്റ് ബട്ടൺ അമർത്തിയപ്പോൾ നീറ്റലുകൾ മാറാത്ത മുറിവുകളോടെ അവളൊന്നു അമർഷം കൊണ്ടു……
തൊട്ടപ്പുറത്തെ മുറിയിൽ കിടന്നിരുന്ന ക്ഷയം രോഗം ബാധിച്ച അമ്മയുടെ അടുത്ത് പോയിരുന്നു മീര പൊട്ടി കരഞ്ഞു…. ചെറുപ്പം മുതൽ അനുഭവിക്കാൻ തുടങ്ങിയ ദുരിതത്തെ വിധിയെന്ന ഓമന പേരിട്ടു വിളിക്കാനായിരുന്നു മീരയ്ക്കിഷ്ടം….. എങ്കിലും ജീവിതമാകുന്ന നിഘണ്ടുവിൽ നിരാശയെന്ന പദത്തിനവൾ പ്രാധാന്യം കൽപ്പിച്ചില്ല….. കരഞ്ഞു കലങ്ങിയ കണ്ണുകളെ കരങ്ങൾ കൊണ്ടു ആശ്വസിപ്പിക്കാനേ അവൾക്കായുള്ളു…. നാളത്തെ പുലരിയെ ശപിച്ചുകൊണ്ട് വർണ്ണങ്ങൾ ചാലിച്ചിട്ടില്ലാത്ത സ്വപ്നങ്ങളെയും കൂട്ടുപിടിച്ചു മീര നിദ്രയിലേക് വഴുതി വീണു……
രാവിലെ കോടതി വളപ്പിൽ മീര എത്തിയപ്പോളേക്കും പരിസരം മാധ്യമപ്രവർത്തകരാൽ തിങ്ങി നിറഞ്ഞിരുന്നു….അല്ലേലും പീഡനകേസിനു ഇരയായ ഒരു പെൺകുട്ടിക്ക് പബ്ലിസിറ്റി നേടിക്കൊടുക്കാൻ മാധ്യമപ്രവർത്തകർ ഒന്ന് മനസ്സ് വെച്ചാൽ മതിയല്ലോ….. ചൂടേറുന്ന വാർത്തകളെ ഒപ്പിയെടുക്കാൻ ക്യാമറയും തൂക്കിക്കൊണ്ടു നിൽക്കുന്ന പ്രവർത്തകരെ കണ്ടപ്പോൾ മീര പുച്ഛഭാവത്തോടെ മുഖം തിരിച്ചു….
തന്നെ തീക്ഷ്ണതയോടെ ഉറ്റു നോക്കുന്ന നോട്ടങ്ങളെ വക വെയ്ക്കാതെ അവൾ കോടതി മുറിക്കുള്ളിൽ പ്രേവേശിച്ചു….
ജസ്റ്റിസ് വന്നു ഇരിപ്പുടമുറപ്പിച്ചപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു വണങ്ങി…..
അരവിന്ദ് മേനോൻ എന്ന കോടീശ്വരനായ ബിസ്സിനെസ്സ്ക്കാരനുവേണ്ടി വാദിക്കാൻ,പണത്തിന്റെ കൊഴുപ്പിൽ ഉന്നത വക്കീലന്മാർ പലരും രംഗത്തുവന്നിരുന്നു. അതിൽ സൈമൺ സ്റ്റീഫനെയാണ് തനിക് വാദിക്കാൻ വേണ്ടി അരവിന്ദ് മേനോൻ ഏർപ്പാടാക്കിയത്…..
സൈമൺ സ്റ്റീഫൻ വാദിച്ച കേസുകളൊന്നും ഇന്നേവരെ വിജയം കാണാതിരുന്നിട്ടില്ല… അതിന്റെയൊരു ആത്മവിശ്വാസം പ്രതികൂട്ടിൽ കേറി നിന്നിരുന്ന അരവിന്ദ് മേനോന്റെ മുഖത്തു പ്രതിഫലിച്ചിരുന്നു…..
കഴിഞ്ഞ ദിവസം വരെ തന്നെ കാണുമ്പോൾ ക്രോധ ഭാവത്തോടെനോക്കിയിരുന്ന മീരയുടെ കണ്ണുകളിൽ അനുകമ്പത്തിന്റെ അടങ്ങാത്ത തിരമാല ഉയർന്നു വരുന്നത് കാണാമായിരുന്നു….ഇന്നലെ രാത്രി അനുഭവിച്ച അതെ ഉത്കണ്ഠ അരവിന്ദ് മേനോനെ വിടാതെ പിന്തുടർന്നു കൊണ്ടേയിരുന്നു…..
വാദിഭാഗവും പ്രതിഭാഗവും ഒന്നിനൊന്നു മെച്ചത്തോടെ ആവേശകരമായി വാദിക്കുകയാണ്….. വിജയം എന്നത് തന്റെ കൂടെപ്പിറപ്പാണ് എന്ന് അഹങ്കരിക്കുന്ന സൈമൺ സ്റ്റീഫന്റെ പരാജയം അടുത്തെത്തി എന്നുറപ്പിച്ചപ്പോൾ എല്ലാവരെയും ഞ്ഞെട്ടിച്ചു കൊണ്ട് കോടതിക്കുള്ളിൽ മീരയുടെ ശക്തമായ വാക്കുകൾ അലയടിച്ചു…..
“ബഹുമാനപെട്ട കോടതി എന്നോട് ക്ഷമിച്ചാലും….കോടീശ്വരനായ അരവിന്ദ് മേനോന്റെ ഗുഡ്‌വിൽ തകർക്കാൻ വേണ്ടിയാണ് ഞാനിങ്ങനെയൊരു പരാതി കോടതിക്ക് മുൻപാകെ സമർപ്പിച്ചത്… മാർച്ച് 27 നു ‘
“”ഹൈലൈറ്റ്”” നഗരത്തിലുള്ള ഫിനാൻസ് കമ്പനിയിൽ വെച്ച് മിസ്റ്റർ അരവിന്ദ് മേനോൻ എന്നെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു എന്നുള്ളത് വെറും കേട്ട് കഥ മാത്രമായിരുന്നെന്നും, അയാളോടുള്ള വ്യക്തിവൈര്യാഗ്യം തീർക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു കുറ്റം അയാൾക്കുമേൽ കെട്ടിച്ചമച്ചതെന്നും കോടതി മുൻപാകെ സാക്ഷ്യപ്പെടുത്തുന്നു….”
പൊടുന്നെനെയുള്ള മാറ്റം കണ്ടിട്ടെല്ലായിരുന്നു ജഡ്ജി മീരയെ തുറിച്ചു നോക്കിയത്… 23 വയസ്സുകാരി എന്തിനു വേണ്ടി ഇങ്ങനെയൊരു നാടകം അരങ്ങേറി എന്ന അടങ്ങാത്ത ചിന്ത എല്ലാവരെയും പോലെ ജസ്റ്റിസിനെയും അമ്പരപെടുത്തിയിരുന്നു…..
വിധി കാത്തു നിന്ന കാണികൾ മാത്രമല്ല പ്രതി കൂട്ടിൽ നിന്ന അരവിന്ദ് മേനോനും ഒരു നിമിഷം സ്തംഭിച്ചു പോയി…. ഇന്നലെ മീര ഫോണിലൂടെ സംസാരിച്ചതിന്റെ പൊരുൾ തേടിയുള്ള അരവിന്ദ് മേനോന്റെ ചിന്തകൾ ഒരു നിമിഷം പട്ടം പോൽ കാറ്റിൽ പടർന്നു….
സമൂഹത്തിൽ തന്റെ പേരിനു കളങ്കം വന്നില്ലല്ലോ എന്നോർത്ത് അരവിന്ദ് മേനോൻ ഉള്ളിൽ അട്ടഹാസം കൊണ്ട് ആഹ്ലാദ പ്രകടനം നടത്തി….
മീരയുടെ കത്തി ജ്വലിക്കുന്ന കണ്ണുകൾ അരവിന്ദ് മേനോനെ ഉറ്റു നോക്കുന്നുണ്ടായിരുന്നു…..
മാധ്യമങ്ങളിൽ കാട്ടു തീ പോൽ ആളിപടർന്ന പീഡനക്കേസിന്റെ അവസാന വിധി, കേട്ട് നിന്നവരെ ഒരു പോലെ അമ്പരപ്പിച്ചു….
കഴിഞ്ഞ ദിവസത്തെ പത്രങ്ങളിൽ വരെ അരവിന്ദ് മേനോൻ എന്ന ബിസ്സിനെസ്സുകാരനെ കരിവാരി തേച്ചുകൊണ്ടിരുന്ന വാർത്തകൾ പൊടുന്നനെ മാറി മറിയാൻ തുടങ്ങി….
” യുവറോണർ എന്റെ വാദി തെറ്റായി തന്ന ഇൻഫർമേഷൻ കാരണമാണ് എനിക്ക് ഇങ്ങനെയൊരു കേസ് ഏറ്റെടുക്കേണ്ടി വന്നത്…. ബഹുമാനപെട്ട കോടതി ഇതിനെതിരെ തക്കതായ ശിക്ഷ എന്റെ വാദിക്കു നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു…..”
വാദി ഭാഗം വക്കീൽ അമർഷം കടച്ചമർത്തി കൊണ്ട് മീരയെ തുറിച്ചു നോക്കി…..
എന്തിനു വേണ്ടി തന്നെ ഈ നാടകത്തിനു കൂട്ടുപിടിച്ചു എന്ന ചോദ്യ ചിഹ്നം ആ നോട്ടത്തിനു പിന്നിലായി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു….
“ഓർഡർ ഓർഡർ…. അരവിന്ദ് മേനോൻ എന്ന ബിസ്സിനെസ്സുകാരനു മേൽ ഇല്ലാ കഥ കെട്ടിച്ചമയ്ക്കുകയും കോടതിയുടെ വിലപ്പെട്ട സമയം ഇങ്ങനെയൊരു നാടകത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയും ചെയ്ത മീര എന്ന യുവതിക്ക് രണ്ടു വർഷം തടവും ഒന്നര ലക്ഷം രൂപ പിഴ അടയ്ക്കുവാനും കോടതി ഉത്തരവിടുന്നു….”
ജഡ്ജിയുടെ വിധിയിൽ മീര പുഞ്ചിരിച്ചു നിന്നു….
മനസാക്ഷിക്ക് മുൻപിൽ വിജയസ്ഥാനം കൈവരിച്ച മീര കോടതിക്ക് വെളിയിൽ വന്നപ്പോൾ മാധ്യമങ്ങൾ അവളെ നോക്കി കാർക്കിച്ചു തുപ്പി….
അരവിന്ദ് മേനോനെ വാഴ്ത്തി പാടാൻ പുറത്തു കുറെ വമ്പൻ സ്രാവുകൾ കാത്തു നിൽപ്പുണ്ടായിരുന്നു…. അവരുടെ ഇടയിൽ വിജയശ്രീ ലാളിതനായി ചെല്ലുമ്പോൾ അരവിന്ദ് മേനോൻ ഉത്തരം കിട്ടാതെ പിടയുകയായിരുന്നു….
അന്ന് മാർച്ച് 27 നു അരവിന്ദ് മേനോന്റെ ഫിനാൻസ് കമ്പിനിയിൽ ജോലി ചെയ്തിരുന്ന മീര ഒഴികെ 21 സ്റ്റാഫുകളും ജോലി കഴിഞ്ഞു വീട്ടിലേക്കു പോയിരുന്നു… ആ ദിവസത്തെ തിരക്കേറിയ ജോലി കാരണം മീര കമ്പിനിയിൽ നിന്നിറങ്ങാൻ ഇത്തിരി വൈകി… ആ അവസരം മുതലെടുത്തായിരുന്നു യവ്വനം തുളുമ്പി നിൽക്കുന്ന മീരയെ രമിക്കാൻ അരവിന്ദ് മേനോൻ ശ്രമം നടത്തിയത്… കുതറി മാറിയും വാവിട്ടു കരഞ്ഞും രക്ഷാ പ്രവർത്തനം നടത്തിയപ്പോൾ മീര അതിൽ വിജയിച്ചു… അരവിന്ദ് മേനോന് പകുതി വഴിയിൽ തന്റെ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു…
അവിടുന്നങ്ങോട്ട് കേസും വക്കീലുമായി ഒരുപാട് നാളായി കോടതി കേറിയിറങ്ങാൻ തുടങ്ങിയിട്ട്… കോടതിയുടെ അവസാനത്തെ വിധി നിർണായകത്തിൽ താൻ കുറ്റക്കാരനെന്നു തെളിയും എന്ന് മനസ്സിലുറപ്പിച്ചു നിന്നപ്പോളാ മീരയുടെ ഇങ്ങനെയൊരു മൊഴിമാറ്റം….
എവിടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞതെന്നു മനസിലാകാതെ അയാൾ മീരയെ ചൂഴ്ന്നു നോക്കികൊണ്ട് ശിങ്കിടികളോടൊപ്പം കാറിൽ കേറി പോയി…..
കോടതി വളപ്പിന്റെ തെക്കേ അറ്റത്തു മീരയെയും കാത്തു കൊണ്ട് അരവിന്ദ് മേനോന്റെ ഒരേ ഒരു മകൾ സ്വാതി അരവിന്ദ് നിൽപ്പുണ്ടായിരുന്നു….
തന്നെ ഒരു കുറ്റവാളിയെ പോൽ കോടതി വരാന്തയിലൂടെ നടത്തിക്കൊണ്ടു പോകുന്ന പോലീസുകാരോട് അനുവാദം ചോദിച്ച ശേഷം മീര സ്വാതിയുടെ അടുത്തേക് നടന്നു നീങ്ങി…..
” ചെയ്തു തന്ന ഉപകാരത്തിനു എങ്ങനെ നന്ദി പറയണം എന്നറിയില്ല… സുഖമില്ലാത്ത ചേച്ചിയുടെ അമ്മയെ കുറിച്ചോർത്തു വിഷമിക്കണ്ട… ഒരാഴ്ചക്കുള്ളിൽ നിങ്ങളെ ഞാൻ പുറത്തിറക്കിയിരിക്കും….”
സ്വാതിയുടെ പക്വതയാർന്ന ശബ്ദത്തിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്നു മനസിലാക്കാൻ മീരയ്ക്ക് സാധ്യമായിരുന്നു… എന്നാൽ മറുത്തൊന്നും അവൾ ചോദിക്കാൻ നിന്നില്ല….
മീരയുടെ പ്രായത്തേക്കാൾ രണ്ടു വയസ്സിനു ഇളയവളായ സ്വാതി എൽ എൽ ബി ക്കു പഠിച്ചു കൊണ്ടിരിക്കുകയാണ്… തന്റെ അച്ഛനെതിരായ കേസ് പിൻവലിക്കണമെന്ന് പറഞ്ഞു കൊണ്ട് സ്വാതി ഒരുപാട് തവണ മീരയെ സമീപിച്ചിരുന്നു…. അമ്മയെയും സഹോദരിയെയും തിരിച്ചറിയാൻ കഴിയാത്ത അരവിന്ദ് മേനോൻ എന്ന ക്രിമിനലിനെ നിയമത്തിനു വിട്ടു കൊടുക്കാൻ തീരുമാനിച്ച മീര സ്വാതിയുടെ യാചന പ്രകാരം അരവിന്ദ് മേനോന് എതിരെ നൽകിയ പരാതി പിൻവലിക്കാൻ മനസ്സ് കാണിക്കുകയായിരുന്നു… മൊഴി മാറ്റത്തിനെതിരെ കോടതി നൽകുന്ന ഏതു ശിക്ഷയിൽ നിന്നും മീരയെ പുറത്തിറക്കും എന്ന വാക്ക് മാത്രമായിരുന്നു സ്വാതി മീരയ്ക്ക് നൽകിയത്.
ഒരു പെൺകുട്ടിയുടെ കണ്ണീരിനു മുന്നിൽ സ്വയം കുറ്റമേൽക്കാൻ മീര തയ്യാറായി … അല്ലേലും അരവിന്ദ് മേനോനെ പോലെയുള്ളവർക്കു നിയമക്കുരുക്കിൽ നിന്നും രക്ഷ പ്രാപിക്കാൻ വലിയ ചിലവൊന്നും വേണ്ടി വരില്ലെന്ന് മീരയ്ക്ക് ബോധ്യമായിരുന്നു….
അടുത്താഴ്ച ചേച്ചിയെ പുറത്തിറക്കാൻ ഞാൻ വന്നിരിക്കും, അന്ന് വീണ്ടും കാണാം എന്നും പറഞ്ഞു സ്വാതി മീരയിൽ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് യാത്ര പറഞ്ഞു….
രണ്ടു ദിവസത്തെ ഇടവേളയ്ക്കു വിരാമമിട്ടുകൊണ്ട് പത്ര മാധ്യമങ്ങളിൽ വീണ്ടും ചൂടേറിയ വാർത്ത പ്രചരിക്കാൻ തുടങ്ങി…
.””” അപ്രതീക്ഷിതമായി സംഭവിച്ച അരവിന്ദ് മേനോന്റെ മരണം സ്ഥീതീകരിച്ചിരിക്കുന്നു……… മരണ കാരണം വ്യക്തമല്ല… പോസ്റ്റുമാർട്ടത്തിൽ ആശയകുഴപ്പം തുടരുന്നു….’””
കുറച്ചു ദിവസം ഈ വാർത്തയെ എല്ലാവരും ഏറ്റെടുത്തു അങ്ങ് വളർത്തി… സർവ്വസാധാരണം ! ആളി കത്തിയ തീ കെട്ടടങ്ങിയ പോലെ അരവിന്ദ് മേനോന്റെ മരണവും കൃത്യമായ കാരണങ്ങൾ ഇല്ലാതെ എഴുതി തള്ളപ്പെട്ടു…..
ഏത് കുറ്റവാളിയെയും നിയമത്തിനു മുന്നിൽ നിന്നും നിഷ്പ്രയാസം ഊരിയെടുക്കാൻ സാധിക്കും എന്ന് തെളിയിച്ചു കൊണ്ട് ഒരാഴ്ചയ്ക്ക് ശേഷം മീരയെ ജയിലിൽ നിന്നും സ്വാതന്ത്രയാക്കാൻ സ്വാതി അരവിന്ദ് വന്നു…..
വാക്കു പാലിച്ച സ്വാതിയെ മീര ആകാംക്ഷയോടെയാണ് ഉറ്റു നോക്കിയത്…. ഒപ്പം കൗതുകമുണർത്തുന്ന പല ചോദ്യങ്ങളും മീരയെ വേട്ടയാടി….
” ചേച്ചിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി ഇന്നെന്റെ കൈയ്യിലുണ്ട്… കേൾക്കാൻ തയ്യാറെങ്കിൽ കുറച്ചു നിമിഷം നമുക്കൊന്ന് സംസാരിക്കാം… ” കാറിൽ കയറുന്നതിനിടയിൽ മീരയെ നോക്കികൊണ്ട് സ്വാതി പറഞ്ഞു…
ആകാംഷയോടെ അതെ എന്ന് മീര തലയാട്ടി…..
മീരയെയും കൂട്ടി സ്വാതി പോയത് അച്ഛനായ അരവിന്ദ് മേനോന്റെ ഫിനാൻസ് കമ്പനിയിലേക്കാണ്…. ഒഴിഞ്ഞ ചെയറിലുള്ള ആ മാനേജർ പദവിയിലേക് മീരയെ ഇരുത്തിയ ശേഷം സ്വാതി പറഞ്ഞു തുടങ്ങി….
” ഇനി അച്ഛന്റെ സാമ്രാജ്യം മുഴുവൻ എന്റെ കാൽകീഴിലാണ്…. എന്റെ അച്ഛൻ കാരണം നിങ്ങൾ അപമാനിക്കപ്പെട്ട ഈ സ്ഥാപനം ഇനി നിങ്ങൾക്കാണ്… ഇതൊരു പ്രായ്ശ്ചിത്യമായി കരുതണ്ട…”
സ്വാതി പുഞ്ചിയോടെ പറഞ്ഞു…..
“നിന്റെ ഔദാര്യം എനിക്ക് വേണ്ട കുട്ടി… നിന്റെ അച്ഛന്റെ നാശമായിരുന്നു ഞാൻ ആഗ്രഹിച്ചത്.. എന്നാൽ ഒരു അനിയത്തിയെ പോലെ നീ എനിക്ക് മുന്നിൽ വന്നു യാചിച്ചപ്പോൾ, മനസ്സില്ലാ മനസോടെയാണേലും അരവിന്ദ് മേനോനെ ഞാൻ രക്ഷിച്ചത് ഇത്തരം പദവിയോ പണമോ മോഹിച്ചിട്ടല്ല… അങ്ങനെയാണ് നീ കരുതിയത് എങ്കിൽ നിനക്ക് തെറ്റ് പറ്റി സ്വാതി….”
മീരയുടെ അട്ടഹാസം ആ മുറിക്കുള്ളിൽ തങ്ങി നിന്നു…..
“സ്വാതി എനിക്കറിയാം നീ നിന്റെ അച്ഛനെ തിരികെ വേണമെന്ന് അപേക്ഷിച്ചത് സ്നേഹം കൊണ്ടല്ല… ഒന്നുല്ലെങ്കിലും നിന്നെക്കാൾ രണ്ടു വയസ്സിനു മൂത്തതാണ് ഞാനെന്നു നീ മറക്കണ്ട…. ആർക്കുമറിയാത്ത അരവിന്ദ് മേനോന്റെ മരണകാരണം നിനക്കറിയാം…” പറയു നിന്റെ അച്ഛൻ എങ്ങനെയാണ് കൊല്ലപ്പെട്ടത്…” രൗദ്ര ഭാവത്തോടെ മീര സ്വാതിയുടെ നേരെ ചീറി പാഞ്ഞു….
” എന്റെ അച്ഛന്റെ പണവും പദവിയും മറ്റാരെ പോലെ നിങ്ങൾക്കുമറിയാലോ…. പണം കൊടുത്തു മനുഷ്യരെ വരെ വിലക്ക് വാങ്ങാൻ കഴിവുള്ള എന്റെ അച്ഛനെതിരെ നിങ്ങൾ കേസ് കൊടുത്തത് തന്നെ മണ്ടത്തരമാണ്… ഏത് നിയമവും മാറ്റിമറിക്കാൻ അച്ഛന് കഴിയും… വിലപേശി പുറത്തു വരുന്ന അരവിന്ദ് മേനോൻ വീണ്ടും തന്റെ ചെയ്തികൾ പിന്തുടരും… രണ്ടു ദിവസം ആൾക്കാർ ഇതും പറഞ്ഞു നടക്കുമെങ്കിലും കാലകൊഴുപ്പിൽ അരവിന്ദ് മേനോന്റെ മോശം പ്രവർത്തിയെ എല്ലാവരും മറക്കും…
എന്നാൽ പീഡനത്തിനിരയായ ഒരു പെൺകുട്ടിയെ ലോകാവസാനം വരെ എല്ലാവരും ഒരേ കണ്ണിലാണ് ഉറ്റു നോക്കുക…ആ ചീത്ത പേര് മാറ്റാൻ സാധാരണക്കാരിയായ ചേച്ചിക്ക് സാധ്യമല്ലെന്നെനിക്കറിയാമായിരുന്നു… അരവിന്ദ് മേനോന്റെ പീഡനത്തിനിരയായ പെൺകുട്ടി എന്ന അപമാനം നിങ്ങൾക്കുണ്ടാകരുത് എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് മൊഴി മാറ്റി പറയാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെട്ടത്…”
സ്വാതി നെടുവീർപ്പോടുകൂടി പറഞ്ഞു നിർത്തി…..
എന്നിട്ടും മീരയുടെ സംശയങ്ങൾ നിലച്ചില്ല എന്ന് തോന്നിയപ്പോൾ സ്വാതി വീണ്ടും തുടർന്നു…..
” ഇനിയൊരു പെൺകുട്ടിയും എന്റെ അച്ഛൻ കാരണം നശിക്കപ്പെടരുത് എന്ന് നിർബന്ധമുള്ളത് കൊണ്ട് ഞാൻ തന്നെയാണ് അരവിന്ദ് മേനോൻ എന്ന എന്റെ അച്ഛനെ കൊന്നത്….ദാ ഈ കൈക്കൊണ്ടാണ് പാലിൽ വിഷം ചേർത്ത് നൽകിയത്…. ഞാനും ഒരു പെണ്ണാണ് ഏതു നിമിഷവും ആ കരങ്ങൾ എനിക്ക് നേരെ തിരിയും എന്ന് ഞാൻ ഭയന്നിരുന്നു… നമ്മുടെ നിയമം നേരയാകും വരെ നമ്മളെ നാം തന്നെ സംരക്ഷിക്കണം….. എന്റെ അച്ഛന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ മരണമായിരുന്നു… ഒരു നിയമത്തിനും അത് നടപ്പിലാക്കാൻ കഴിയില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ജന്മം തന്ന പിതാവിനെ ഞാൻ തന്നെ കൊന്നത്…..”
ഇനി പറയു ഞാൻ ചെയ്തത് തെറ്റായിരുന്നുവോ…..????
അമർഷവും കോപവും സ്വാതിയുടെ വാക്കുകളിൽ ആളിപടർന്നിരുന്നു…..
കത്തിയെരിയുന്ന തീജ്വാല സ്വാതിയുടെ കണ്ണുകളിൽ ഉയർന്നു വന്നപ്പോൾ മീര ഒരു നിമിഷം മൗനത്തെ തേടി പിടിച്ചു…തിരിച്ചെന്തു പറയണമെന്ന് മീരയ്ക്ക്
നിശ്ചയമില്ലായിരുന്നു…… സ്വാതി എന്ന ഇരുപത് വയസ്സുകാരിയുടെ പക്വതയാർന്ന തീരുമാനത്തിൽ മീര ആത്മാർത്ഥമായി അഭിമാനിച്ചു…. തനിക്കൊരു പുതു ജീവൻ സമ്മാനിച്ച സ്വാതിയെ പിറക്കാതെ പോയ സഹോദരി എന്ന പോൽ മാറോടു ചേർത്ത് വാരിപുണർന്നപ്പോൾ സ്വാതിയുടെ നിയമം പിന്തുടരാൻ എല്ലാവർക്കും കഴിയട്ടെ എന്ന് മീര മൗനമായി പ്രാർത്ഥിക്കുകയായിരുന്നു….