Breaking News
Home / Lifestyle / നാട്ടിൽ ഇക്കണ്ട പെങ്കുട്ട്യോളൊക്കെ ഉണ്ടായിട്ടും ന്റെ മോന് ഇങ്ങനൊരു പെണ്ണിനെ മാത്രേ കിട്ടിയുള്ളോ “.

നാട്ടിൽ ഇക്കണ്ട പെങ്കുട്ട്യോളൊക്കെ ഉണ്ടായിട്ടും ന്റെ മോന് ഇങ്ങനൊരു പെണ്ണിനെ മാത്രേ കിട്ടിയുള്ളോ “.

വൈകുന്നേരം പെണ്ണ് കാണാൻ പോയി വന്നയുടനെ ഉമ്മ പറഞ്ഞ വാക്കാണിത്…
ഉമ്മ പറഞ്ഞത് ചങ്കിലാണ് കൊണ്ടതെങ്കിലും മറുത്തൊന്നും പറഞ്ഞില്ല….
നേരെ പോയി മുറിയിൽ കയറി വാതിലടച്ചു…
ഉമ്മ പിന്നെയും പുറത്തുനിന്നും എന്തൊക്കെയോ പിറുപിറുക്കുന്നതും ആരെയൊക്കെയോ ഫോണിൽ വിളിച്ചു രോധിക്കുന്നതും കേട്ടെങ്കിലും ഒന്നും മിണ്ടിയില്ല….

അറിയാതൊന്ന് മയങ്ങിപ്പോയി…
വാതിലിൽ മുട്ടു കേട്ടാണ് ഉണർന്നത്…
എണീറ്റു സമയം നോക്കിയപ്പോൾ രാത്രി ഒൻപതു മണി….
പോരാത്തതിന് നല്ല കത്തുന്ന വിശപ്പും…

“മോനെ സജീ…. എണീച്ചു വാ….
ന്നട്ട് എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നോ…
ഉമ്മാന്റെ പൊന്നുമോനല്ലേ വാതിലു തുറക്കെടാ…. ”

ഓ… ഇപ്പോഴത്തെ പുന്നാരവും സ്നേഹവും ഒക്കെ കണ്ടാൽ പാവം തോന്നും…
ഈ തള്ള തന്നെ ആയിരുന്നോ വൈകുന്നേരം ഭദ്രകാളിയെപ്പോലെ ഉറഞ്ഞു തുള്ളിയതെന്ന്‌ സംശയിച്ചു പോയി…

മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും വാതിലിന്റെ വിടവിലൂടെ നല്ല അയക്കൂറ പൊരിച്ചതിന്റെ മണം മുറിക്കുള്ളിലേക്ക് അടിച്ചുകയറിയതോടെ ഇരിക്കപ്പൊറുതി ഇല്ലാതായി…
എന്നാലും ആത്മാഭിമാനം വിട്ടുള്ള കളിയില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു മേശപ്പുറത്തിരുന്ന വെള്ളമെടുത്തു മടമടാന്നു കുടിച്ചു മൊബൈലും ഓണാക്കി ഫേസ്ബുക്കിൽ കേറി തപസ്സിരുന്നു…

വാതിലിനുള്ള മുട്ടും വിളിയും കൂടിക്കൂടി വന്നു…
ഉമ്മാന്റെ വിളിയിൽ വല്ലാത്തൊരു പരിഭ്രമം ഉള്ളതുപോലെ…
അപ്പോഴേക്കും വാതിലിന്റെ അടുത്തു നിന്നും ഉപ്പയുടെയും ഇക്കയുടെയും ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി…
ഇനി ഞാനെങ്ങാനും ആത്മഹത്യ ചെയ്തെന്നു കരുതി എല്ലാരുംകൂടി വാതിലും പൊളിച്ചു അകത്തു കേറി വന്നാലോ എന്നൊരു പേടി വേറെയും…

ഏതായാലും ചത്തിട്ടില്ലെന്ന് അറിയിക്കാൻ വേണ്ടി ഉറക്കെ എല്ലാരോടുംകൂടി
“എന്താ ” എന്ന് വിളിച്ചു ചോദിച്ചു….
അത് കേട്ടതോടെ പുറത്തുനിന്നുള്ള മുട്ടും കലപില ശബ്ദങ്ങളും ഒന്ന് ഒതുങ്ങി…

അല്പനേരത്തെ നിശബ്ദതയുടെ ശേഷം മൂത്തച്ചിയാണ് സംസാരിച്ചത് (ഇക്കാന്റെ ഭാര്യ )…
അല്ലെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടായി ഞാൻ കലിപ്പിൽ ആണെന്ന് തോന്നിക്കഴിഞ്ഞാൽ സന്ധിസംഭാഷണത്തിനായി മൂത്തച്ചിയെയാണ് എല്ലാവരുംകൂടി ചുമതലപ്പെടുത്തുക…
മൂപ്പത്തിയോട് ഞാൻ ചൂടാവുകയോ എന്തേലും പറഞ്ഞാൽ അതിനു സൗമ്യമായി മറുപടി കൊടുക്കാതിരിക്കുകയോ ചെയ്യില്ലെന്നുള്ളത് എല്ലാർക്കും ഉറപ്പാണ്…

“ഇത്താന്റെ കുട്ടി ഒന്നിങ്ങോട്ട് പുറത്തിറങ്ങിവാ…
നിന്നോടൊരു കാര്യം പറയാനുണ്ട് ”
മൂത്തച്ചിയുടെ പാലും തേനും പഞ്ചാരയും കൂട്ടിക്കുഴച്ചുള്ള മധുരസ്വരം അകത്തേക്ക് ഒഴുകി എത്തിയപ്പോൾ മറുപടി കൊടുക്കാതിരിക്കാൻ പറ്റിയില്ല…

“ഞാൻ പിന്നെ വന്നോളാം ഇത്താ… ” എന്ന് പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും മൂപ്പത്തി വിടാതെ വെറുപ്പിച്ചു മുറിയിൽ നിന്നും പുറത്തിറക്കി എന്തൊക്കെയോ പറഞ്ഞു തീൻമേശ വരെ എന്നെ എത്തിച്ചു..

മനസ്സില്ലാ മനസ്സോടെ ഭക്ഷണം കഴിച്ചു തുടങ്ങുന്നതിനിടയിൽ ഉമ്മയും ഇത്തയും ഞാൻ കേൾക്കാൻ എന്ന വണ്ണം
“ഷബ്‌നയെ” പുകഴ്ത്തി എന്തൊക്കെയോ പറയുന്നുണ്ട്…
സംഗതി എന്നെ സുഖിപ്പിക്കാൻ വേണ്ടി മനപ്പൂർവം പറയുന്നതാണെന്ന് മനസ്സിലായെങ്കിലും അത് കേട്ടപ്പോൾ എനിക്ക് നന്നായി സുഖിച്ചു…

ഷബ്‌നയുടെ ചിരി, മുടി, കണ്ണ്, മൂക്ക്, തുടങ്ങിയവയെപ്പറ്റി മൂത്തച്ചി ഓരോന്ന് പറയുന്നതിനനുസരിച്ചു ഉമ്മ
“ശരിയാ മോളേ ഞാനും അത് ശ്രദ്ധിച്ചിരുന്നു ”
എന്ന് പറഞ്ഞു ശരി വെക്കുന്നുണ്ട്…
ഇതൊക്കെ കണ്ട്‌ ഇക്കയും ഉപ്പയും മേശയുടെ അങ്ങേത്തലക്കൽ ഇരുന്നു എന്നെ ഇടംകണ്ണിട്ടു നോക്കി ഒരുമാതിരി ഒരു ഇളിഞ്ഞ ചിരിയും…

ഏതായാലും ആ വട്ടമേശ സമ്മേളനത്തിനൊടുവിൽ എന്നെ നോക്കുകുത്തിയാക്കി ഇരുത്തിക്കൊണ്ട് ശബ്ന എനിക്കുള്ളതാണെന്ന് ഉമ്മയും മൂത്തച്ചിയും കൂടി തീരുമാനിച്ചു…
ഇക്കയും ഉപ്പയും കൂടി അത് കയ്യടിച്ചു പാസാക്കിയ സന്തോഷത്തിൽ നാല് കഷ്ണം അയക്കൂറ അധികം മുണ്ങ്ങി നാണത്താൽ കുനിഞ്ഞ ശിരസ്സോടെ അടക്കാനാവാത്ത സന്തോഷവും പേറി ഞാൻ മെല്ലെ മുറിയിലേക്ക് മുങ്ങി..

കിടന്നിട്ട് ഉറക്കം വന്നില്ല….
മനസ്സ് മുഴുവൻ ശബ്ന ആയിരുന്നു…
കോഴിക്കോട് ഫോക്കസ് മാളിൽ വച്ചു എന്നെ നോക്കി പുഞ്ചിരിച്ച ഒടുക്കത്തെ മൊഞ്ചുള്ള സുന്ദരിക്കുട്ടി…

ഷുക്കൂറിനോടൊപ്പം ഫുഡ്കോർട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടക്കാണ് എന്നെത്തന്നെ നോക്കുന്ന ആ വെള്ളാരംകണ്ണുകൾ എന്റെ ശ്രദ്ധയിൽ പെട്ടത്…
കഴിപ്പു നിർത്തി ആ കണ്ണുകളുടെ മന്ത്രികതയിലേക്ക് നോക്കി ഞാനും അങ്ങനെത്തന്നെ ഇരുന്നുപോയി…
പിന്നീടവൾ എന്നെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചപ്പോൾ ഹൃദയം പറിച്ചെടുത്തു ആ കണ്ണുകളിലെ അഗാധമായ ചുഴികളിലേക്ക് വലിച്ചെറിഞ്ഞതാണ്…
പിന്നീടൊരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തവണ്ണം എന്റെ ഹൃദയം ആ കണ്ണുകളിലെ അഗാധ ഗർത്തത്തിലേക്ക് ആഴ്ന്നിറങ്ങി…

എത്ര നേരം അവളെത്തന്നെ നോക്കി നിന്നു എന്നറിയില്ല….
പന്തം കണ്ട പെരുച്ചാഴിയെപ്പോലുള്ള എന്റെ നോട്ടം കണ്ടിട്ടാവണം…
ആരെയാണ് ഞാൻ നോക്കുന്നതെന്നറിയാൻ അവൻ പുറകോട്ടു തിരിഞ്ഞു നോക്കി…

“ഡാ മച്ചാനെ… അത് വിട്ടു പിടിച്ചോ “…

ഷുക്കൂർ പറഞ്ഞത് കേട്ടപ്പോഴാണ് എനിക്ക് പരിസരബോധം തന്നെ വന്നത്…
“അതെന്താ മച്ചാനെ… ആദ്യായിട്ടാ ഒരുത്തി ഇങ്ങോട്ട് നോക്കുന്നത്… എനിക്ക് ഇതിപ്പോ അങ്ങനെ വിടാൻ പറ്റില്ല ”
ഞാൻ അൽപ്പം സീരിയസ് ആണെന്ന് തോന്നിയപ്പോൾ ആണ് ഷുക്കൂർ അക്കാര്യം പറഞ്ഞത്…

“ആ കുട്ടിയെ എനിക്ക് അറിയാം…
പേര് ശബ്ന എന്റെ ഫ്രണ്ട് അദ്നാന്റെ പെങ്ങളാണ് “…

ഷുക്കൂർ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ ഞാൻ ഇടയിൽ കേറി…
“നിന്റെ ഫ്രണ്ടിന്റെ പെങ്ങളാണെങ്കിൽ നീ നോക്കണ്ട…
ഞാൻ നോക്കുന്നതിനു നിനക്കെന്താ “…

“അതല്ലെടാ പൊട്ടാ ഞാൻ പറഞ്ഞു വന്നത്…
അവൾ നിന്നെ നോക്കിയതല്ല…
അതിന് കണ്ണ് കാണില്ല… ഒരു പാവമാണ് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും… ”

ഷുക്കൂർ പറഞ്ഞത് കേട്ടപ്പോൾ അവിശ്വസനീയമായാണ് തോന്നിയതെങ്കിലും…
അധികം വൈകാതെ തന്നെ അവൻ പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി…

ഉപ്പയുടെ കയ്യും പിടിച്ചു അവൾ നടന്നകലുന്നത് നിറകണ്ണുകളോടെയാണ് നോക്കിക്കണ്ടത്…

അന്ന് രാത്രി ഉറങ്ങാൻ പറ്റിയില്ല….
മനസ്സ് മുഴുവൻ അവളായിരുന്നു…
അവളോട്‌ തോന്നിയത് സഹതാപമായിരുന്നോ പ്രണയമാണോ എന്നൊന്നും അറിയില്ലെങ്കിലും എന്റെ മനസ്സ് അവളെ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലായി…

അങ്ങനെയാണ് ഷുക്കൂറിനോട് കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്…

“നിനക്കിപ്പോ ഇതൊക്കെ തോന്നും…
അവളെ കെട്ടിക്കഴിഞ്ഞു ജീവിച്ചു തുടങ്ങുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് നിനക്ക് മനസ്സിലാവൂ… ”
എന്ന് പറഞ്ഞു ഷുക്കൂർ ആദ്യം പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ പിന്മാറുന്നില്ലെന്ന് കണ്ട്‌ അവൻ അവളുടെ വീട്ടുകാരോട് എന്റെ കാര്യം സംസാരിച്ചു…

അവർക്ക് വലിയ എതിർപ്പൊന്നും ഇല്ലായിരുന്നെങ്കിലും അൽപ്പം ഭയം പ്രകടിപ്പിച്ചിരുന്നു…
ഉത്തരവാദിത്തങ്ങളെല്ലാം സ്വന്തം തലയിൽ ഏറ്റുവാങ്ങി ആ ഭയം ഇല്ലാതാക്കിയത് ഷുക്കൂർ ആയിരുന്നു…

അങ്ങനെയാണ് ഷുക്കൂറിന്റെ ഫോണിലൂടെ അവളുടെ ശബ്ദം എന്നെ തേടി എത്തിയത്…

“എനിക്ക് കണ്ണ് കാണാൻ പറ്റൂലാന്ന് ശരിക്കും അറിഞ്ഞിട്ട് തന്നെയാണോ” എന്നായിരുന്നു അവളുടെ ആദ്യത്തെ ചോദ്യം..
“കണ്ണ് കാണാത്ത ഒരു പെണ്ണിനെ കെട്ടിയാൽ ഉള്ള ബുദ്ധിമുട്ട് നിങ്ങള് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ”
“നിങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം ഉണ്ടാക്കിത്തരാൻ എന്നെക്കൊണ്ട് പറ്റിയെന്നു വരില്ല…
എന്തിന് എന്റെ സ്വന്തം വസ്ത്രങ്ങൾ അലക്കണമെങ്കിൽ പോലും എനിക്ക് മറ്റൊരാളുടെ സഹായം വേണ്ടി വരും…
ഒറ്റക്കൊന്ന് പുറത്തിറങ്ങാൻ പോലും പറ്റില്ല…
എന്തിനാ മാഷേ എന്നെ കെട്ടി വെറുതെ നിങ്ങടെ ജീവിതം നശിപ്പിക്കുന്നത്… ”

അവൾ പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഞാൻ എല്ലാം മൂളിക്കേൾക്കുക മാത്രമാണ് ചെയ്തത്..
കാരണം ആദ്യമായി കേൾക്കുകയായിരുന്ന അവളുടെ ശബ്ദത്തെയും ഞാൻ ആ നിമിഷം മുതൽ പ്രണയിച്ചു തുടങ്ങുകയായിരുന്നു…
ഞാൻ കണ്ണുകളടച്ചുപിടിച്ചുകൊണ്ട് ആവോളം ആ ശബ്ദം ആസ്വദിച്ചു…

പിന്നെ ഉണ്ടായ കാര്യങ്ങളൊന്നും പറയണ്ടല്ലോ…
അവള് പറഞ്ഞതൊക്കെ ഒരുതവണ ഉമ്മയും എന്നെ പിടിച്ചിരുത്തി പറഞ്ഞിരുന്നു…
പക്ഷേ എന്റെ തലയിൽ അതൊന്നും കേറിയില്ല…
എന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു..
അവളുടെ ചിരി ശബ്ദം വെള്ളാരംകണ്ണുകൾ നുണക്കുഴി കവിളുകൾ…
അതിനുള്ളിൽ എവിടെയോ ഉള്ള ആരും കാണാത്തൊരു മനസ്സ്..
ആ മനസ്സിനെ കീഴ്‌പ്പെടുത്താനുള്ള അടങ്ങാത്ത അഭിനിവേശം…

കാഴ്ചയില്ലെങ്കിലും അവൾ ഇന്നെന്റെ ഭാര്യയാണ്…

ചിലപ്പോൾ ജോലി കഴിഞ്ഞു വരുമ്പോൾ എവിടെയെങ്കിലും തടഞ്ഞുവീണു മുറിഞ്ഞ നെറ്റിയും പൊത്തിപ്പിടിച്ചു നിൽക്കുന്നതാവും കാണുക…
അത് കണ്ട്‌ സഹിക്കാൻ പറ്റാതെ നെഞ്ചുനീറി നിൽക്കുന്ന എന്നെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാൻ വരുന്ന അവളാണിന്നെന്റെ എല്ലാം…

ഉമ്മയുടെ കാര്യമാണ് ലോക കോമഡി..
അവളുടെ അടിവസ്ത്രം വരെ അലക്കിക്കൊടുക്കാൻ ഉമ്മക്ക് യാതൊരു മടിയും ഇല്ല…
പോരാത്തതിന് അവളെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അത് ഉമ്മാക്ക് തീരെ സഹിക്കൂല…
മൂപ്പത്തി വീണ്ടും ആ പഴയ ഭദ്രകാളിയുടെ സ്വഭാവം പുറത്തെടുത്തുകളയും….

ഒരു വാക്ക് കൊണ്ടുപോലും നോവിക്കാതെ എപ്പോഴും നിഴലുപോലെ അവളോടൊപ്പം തന്നെ നടക്കാനാണ് ഉമ്മാക്കിഷ്ടം…
അവൾ എവിടേലും തട്ടിത്തടഞ്ഞു വീണാൽ പിന്നെ ഉമ്മാന്റെ നോട്ടക്കുറവുകൊണ്ട് പറ്റിയതാണെന്ന് സ്വയം കുറ്റം ഏറ്റെടുത്തു രണ്ടു ദിവസത്തേക്ക് ഭക്ഷണം പോലും കഴിക്കില്ല…
അവളുടെ ആവശ്യങ്ങളെല്ലാം പറയാതെ തന്നെ തിരിച്ചറിയാൻ എന്നെക്കാൾ നന്നായി ഉമ്മക്ക് കഴിയും….

ഉമ്മയും മൂത്തച്ചിയും അവളെ ഒരു രാജകുമാരിയെപ്പോലെ നോക്കുന്നത്..
അവളെ ഒരുക്കാനും ഊട്ടാനും രണ്ടുപേരും പരസ്പരം മത്സരിക്കുന്നത് കാണുമ്പോൾ പലപ്പോഴും കണ്ണ് നിറയാറുണ്ട്…

ശബ്നയെപ്പോലൊരു പെണ്ണിനെ കെട്ടാൻ പറ്റുക എന്ന് പറയുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്…
അങ്ങനെ എല്ലാർക്കും ആ ഭാഗ്യം കിട്ടിയെന്നു വരില്ല…
നിങ്ങളീ സ്വർഗ്ഗത്തിലേക്കുള്ള പാത എന്ന് കേട്ടിട്ടില്ലേ….
അവരും ഞാനുമൊക്കെ ഇപ്പോൾ ആ പാതയിലൂടെയുള്ള പ്രയാണത്തിലാണ്

Saleel Bin Qasim

About Intensive Promo

Leave a Reply

Your email address will not be published.