Breaking News
Home / Lifestyle / മനസ്സിൽ തട്ടിയ വരികൾ നിന്നെക്കുറിച്ച് രണ്ടക്ഷരം എഴുതാതെ എങ്ങനെയാ പെണ്ണെ എനിക്ക് ഉറങ്ങാൻ കഴിയുക ..?

മനസ്സിൽ തട്ടിയ വരികൾ നിന്നെക്കുറിച്ച് രണ്ടക്ഷരം എഴുതാതെ എങ്ങനെയാ പെണ്ണെ എനിക്ക് ഉറങ്ങാൻ കഴിയുക ..?

മനസ്സിൽ തട്ടിയ വരികൾ

നിന്നെക്കുറിച്ച് രണ്ടക്ഷരം എഴുതാതെ എങ്ങനെയാ പെണ്ണെ
എനിക്ക് ഉറങ്ങാൻ കഴിയുക
എഴുതുന്ന വരികൾക്കിടയിൽ നിനക്ക് വേണ്ടി രണ്ട് തുള്ളി കണ്ണീർ പൊഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ
ഞാനെങ്ങനെയാ പെണ്ണെ ഒരു മനുഷ്യനാവുക

പ്രിയപ്പെട്ടവർക്ക് വേദന നൽകി നീ സ്വർഗ്ഗ ലോകത്തേക്ക് പാറി പറന്ന് പോയപ്പോൾ
തിളങ്ങി നിന്നിരുന്ന നിന്റെ മുഖം
ഒരു നോക്ക് കാണാൻ പറ്റാതെ
ഹൃദയം പൊട്ടുന്ന വേദന കടിച്ചമർത്തുന്ന എന്റെ സ്നേഹിതന്റെ ദുഃഖത്തിൽ പങ്ക് ചേരാതെ എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും

ആശ്വാസ വാക്കുകളുമായി നിങ്ങളെ കാണാൻ ഒഴുകി എത്തുന്നവരുടെ കൂട്ടത്തിൽ
തങ്ങളുടെ അമ്മയുടെ മുഖവുമുണ്ടോ
എന്ന് ഏന്തി നോക്കുന്ന മക്കളുടെ മുഖം മനസ്സിൽ കണ്ട് രണ്ട് തുള്ളി കണ്ണീർ അവർക്ക് വേണ്ടി പൊഴിച്ചില്ലെങ്കിൽ
എനിക്കെങ്ങനെയാ മുത്തെ
ഒരു പിതാവാക്കാൻ കഴിയുക

പറക്കമുറ്റാത്ത പൈതങ്ങളെ വീട്ടുകാരെ ഏൽപ്പിച്ചു ദൈവത്തിന്റെ മാലാഖയുടെ കുപ്പായവുമിട്ട് വീട്ടിൽ നിന്നും പോവാൻ ഇറങ്ങുമ്പോൾ എന്തെല്ലാം പറഞ്ഞായിരിക്കും നീ അവരുടെ കരച്ചിൽ മാറ്റിയിട്ടുണ്ടാവുക

നിന്റെ വരവും കാതോർത്ത് ഇനിയെത്രകാലമവർ കാത്തിരിക്കണം

എന്തൊക്കെ കള്ളങ്ങൾ കൂട്ടി പറഞ്ഞാലും ഇടക്കിടക്ക് അവര് ചോദിക്കില്ലേ
ഞങ്ങടെ അമ്മയെന്താ ഇനിയും വരാത്തതെന്ന്

ഞങ്ങടെ അമ്മയിനി ഒരിക്കെലും തിരിച്ചു വരില്ലെന്ന് തിരിച്ചറിയാൻ
ഇനിയത്ര നാളവർ കാത്തിരിക്കണം

നിറവയറും താങ്ങി പിടിച്ച് എന്റെ പെണ്ണും പേരാമ്പ്ര ഹോസ്‌പിറ്റലിൽ
ഒരുപാട് തവണ വന്നിട്ടുണ്ട്
തീർച്ചയായും ഞാൻ ഉറപ്പിക്കുന്നു നിന്റെ കര സ്പർശം ഏറ്റ എന്റെ പെണ്ണ് ഭാഗ്യവതിയാണെന്ന്

അറിഞ്ഞൂട പ്രിയ സജീഷ് ഭായ് എന്ത് പറഞ്ഞു നിങ്ങളെ ആശ്വസിപ്പിക്കും എന്ന് എന്റെ സുഹൃത്തായ സമീർ ഭായിന്റെ കൂടെ നിങ്ങളെ ഞാൻ കണ്ടതായി ഓർക്കുന്നു

എന്തെങ്കിലും രണ്ട് വാക്ക് നിങ്ങളോട് പറയാതെ എനിക്ക് പോവാൻ കഴിയില്ല

ഗൾഫിലേക്ക് വിമാനം കയറുമ്പോൾ ഞാനടക്കമുള്ള എല്ലാ പ്രവാസികളും
പ്രിയതമ മാരെ ഇട നെഞ്ചിൽ ചേർത്ത് ഒരു പിടുത്തമുണ്ട്
എന്നിട്ട് അവരോട് നമ്മളൊരു കള്ളം പറയും
ഈ പോക്കും കൂടി ഇനി പോവൂലാന്ന്

അത് പോലെ നിന്റെ പെണ്ണും ഒരു യാത്ര പോയതാണ് എന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കുക

എന്നിട്ട് നിന്റെ മാലാഖക്ക് കൊടുക്കാൻ വെച്ച ബാക്കി സ്നേഹവും കൂടി
നിനക്ക് തന്നിട്ട് പോയ മക്കൾക്ക് കൊടുക്കുക

വളർന്ന് വലുതായവർ പേരാമ്പ്ര അങ്ങാടിയിലൂടെ പോവുമ്പോൾ
മരിക്കാതെ ബാക്കിയുണ്ടെങ്കിൽ ഞാനടക്കമുള്ള പേരാമ്പ്രക്കാർ ഉച്ചത്തിൽ വിളിച്ച് പറയും സ്വന്തം ജീവൻ നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ നോക്കി
സ്വർഗ്ഗത്തിലേക്ക് പറന്ന് പോയ മാലാഖ കുട്ടിയുടെ മക്കളത പോവുന്നു എന്ന്

എല്ലാം സഹിക്കാൻ ദൈവം നിങ്ങൾക്ക്
മനസ്സിന് ശക്‌തി തരട്ടെ എന്ന പ്രാർത്ഥനയോടെ
തളരാതെ മുന്നോട്ട് പോവുക
ഞങ്ങൾ കൂടെയുണ്ട് 😥

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *