ദിവസങ്ങളായി കേരളത്തെ ഒന്നടങ്കം ഭീതിയിലാഴിത്തിയിരിക്കുകയാണ് നിപ്പാ വൈറസ്. ദിവസങ്ങള്‍ക്കുള്ളില്‍ 12 പേര്‍ക്കാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ ഇതിനകം രോഗികളെ ശ്രുശൂഷിച്ച നഴ്‌സടക്കം 10 പേര്‍ മരണത്തിന് കീഴടങ്ങി, രണ്ട് പേര്‍ ഗുരുതരാവസ്ഥയിലുമാണ്.
അതേസമയം, നിപ്പാ വൈറസ് ബാധയുള്ളവരെ ഏതു തരത്തില്‍ പ്രതിരോധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിപ്പാ വൈറസിന് പ്രതിരോധമരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് അമേരിക്കയിലെ മലയാളി ഡോക്ടര്‍ ഷമീര്‍ ഖാദര്‍. അതേസമയം, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിനെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ‘നിപ്പാ വൈറസിന് മരുന്നുണ്ടെന്ന വാദവുമായി മലയാളി ഡോക്ടര്‍ എന്നു പറഞ്ഞ് വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
‘ഞങ്ങളുടെ പക്കല്‍ എഫ്ഡിഎ അംഗീകരിച്ച നിപ്പാ വൈറസ് പ്രതിരോധ ചികിത്സ ഉണ്ട്. നിപ്പാ വൈറസ് ബാധയുള്ള കേരളത്തിലെ പേരാമ്പ്ര ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ ആണ് ഞാന്‍ തേടുന്നത്. ആ മേഖലയില്‍ ഉള്ളവരോ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം പറയുന്നു.’ എന്നു പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.